നമുക്ക് നേരിടേണ്ടത് മായാ ശത്രുക്കളെയല്ല
ഒരിക്കലും പാഠശാലകൾ ജനാധിപത്യത്തിന്റെ പരിശീലനകളരി ആയിരുന്നിട്ടില്ല. 1970-80 കാലഘട്ടം കാമ്പസുകളില്‍ സര്‍ഗാത്മകമായ മുന്നേറ്റം ഉണ്ടായിരുന്നു. എന്നാല്‍ വിവിധ രാഷ്ട്രീയ പാർട്ടികളുടെ വാലായി പ്രവര്‍ത്തിക്കുന്ന വിദ്യാർത്ഥി സംഘടനകള്‍ കാമ്പസുകളെ അവരുടെ താൽപര്യം അനുസരിച്ച് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന കളരിയാക്കി മാറ്റി. പാർലമെന്ററി രാഷ്ട്രീയ താല്പര്യം മാത്രമായിരുന്നു അവരുടെ പ്രവർത്തനശൈലി. ആൾകൂട്ട ഫാഷിസമാണ് ജനാധിപത്യം എന്ന പ്രവണത ക്രമേണ സംഘടനകളിലേക്ക് പടർന്നു കയറുകയും വ്യക്തിവാദപരമായ അധികാര രൂപം ആർജിക്കുകയും ചെയ്തു.
ഒരു വ്യവസായത്തിൽ ഒരു യൂണിയൻ എന്ന വാദത്തിന് സമാനമായി ഒരു പാഠശാലയിൽ ഒരു സംഘടന എന്ന വാദം ശക്തമായി. ഫലത്തിൽ പാഠശാലകളുടെ അടുക്കളയിൽ വേവിച്ചെടുത്തത് ഫാഷിസ്റ്റ് വിഭവങ്ങളായിരുന്നു. പിണറായി വിജയന് മുതൽ കെ സുരേന്ദ്രൻ വരെ ഇത്തരം ഉത്പന്നങ്ങളാണ്. ഭരണവര്‍ഗ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും ഫാഷിസ്റ്റു രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ കാരണങ്ങളിലേക്ക് ഇറങ്ങി ചെന്നാൽ നമുക്ക് കാണാൻ കഴിയുന്നത് സാമ്രാജ്യത്വ ദാസ്യവും മതാന്മകതയും ബ്രാഹ്മണ്യവാദവും ഉളളടങ്ങിയ മൂലധനശക്തികളുടെ പിൻതുണയുമാണ്. ലോക ഫാഷിസത്തിൽ നിന്ന് ഇന്ത്യൻ ഫാഷിസത്തെ വേർതിരിക്കുന്ന ഈ ഘടകങ്ങള്‍ അതിന്റെ തീവ്ര സ്വഭാവമാര്ജ്ജിച്ചിരിക്കുകയാണ് മോദിയുഗത്തില്‍.
വർത്തമാനകാലം ഇതായിരിക്കെ ഫാഷിസത്തിനെതിരെയുള്ള പ്രതിരോധം സർവ്വകലാശാലകളിലും തൊഴിലിടത്തിലും കടുംബത്തിലും സമൂഹത്തിലൊട്ടാകെയും സമരമല്ലാതെ മറ്റു മാർഗമില്ലാത്ത അവസ്ഥയാണ്. ബ്രാഹ്മണിക്കൽ-ഹിന്ദുത്വ ഫാഷിസത്തിനെതിരെ സമരം ശക്തമാക്കുമ്പോള്‍ മാത്രമേ സോഷ്യൽ ഫാഷിസത്തിനെതിരെയുളള സമരവും ശക്തമാവുകയുളളു.
ഇന്ന് ഇന്ത്യയിലും കേരളത്തിലും വിവിധ കാഴ്ചപാടുകൾ വെച്ചുപുലർത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചു വരുന്നു. രണ്ടാം ലോക യുദ്ധകാലത്ത് പ്രവര്‍ത്തിച്ചിരുന്ന ഫാഷിസ്റ്റുവിരുദ്ധ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച് സാർവ്വ ദേശീയ ഫാഷിസ്റ്റുവിരുദ്ധ മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മധ്യവർഗ നഗരജീവികൾ മുൻകൈ നൽകുന്ന ഫാഷിസ്റ്റ് വിരുദ്ധ മുന്നണി, പാർലമെന്ററി ഇടതുപക്ഷം പ്രേംചന്ദ് തുടക്കം കുറിച്ച ഫാഷിസ്റ്റുവിരുദ്ധ മുന്നണി, ദലിത് ദാർശനികവാദികളുടെ നവ ജനാധിപത്യ പ്രസ്ഥാനം, മുസ്ലിം ന്യൂനപക്ഷ സംഘടനകളുടെ ഫാഷിസ്റ്റുവിരുദ്ധ പ്രസ്ഥാനം, നവ ഇടതു പരിഷ്കരണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റുവിരുദ്ധ സംഘടനകള്‍ ഇവ പ്രവർത്തനം ഏകീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വസ്തുനിഷ്ഠ സാഹചര്യം മനസിലാക്കി ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാഷിസത്തിനെതിരെ ഒന്നിച്ചണിനിരക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഹിന്ദുത്വ ഫാഷിസ്റ്റുവിരുദ്ധ മുന്നണിയും ഇവിടെ പ്രവർത്തിക്കുന്നു. ഒരു തിരഞ്ഞെടുപ്പിന് എല്ലാവർക്കും അവകാശമുണ്ട്, പക്ഷേ നാം സമരം ചെയ്യേണ്ടത് മായാ ശത്രുവിനെതിരെ അല്ലല്ലോ.
_ അജയന് മണ്ണൂര്‍