കൈതയും പായനെയ്ത്തും ഇവര്‍ക്ക് നൊസ്റ്റാള്‍ജിയ അല്ല, ജീവിതമായിരുന്നു
ഒരുപക്ഷേ, ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ തഴപ്പായ ചന്തയായിരുന്നു എടവിലങ്ങ്. 20 വർഷം മുമ്പ് മുഹമ്മദും കൂട്ടുകാരും ചേർന്ന് ഒരു ലക്ഷം രൂപ തലക്കാശിന് തഴപ്പായച്ചന്ത ലേലം പിടിച്ചിട്ടുണ്ട്. പായ കൊടുത്ത് കാശാക്കിയ പെണ്ണുങ്ങൾ, വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാം വാങ്ങിയാണ് മടങ്ങിപ്പോയിരുന്നത്…
..
സി എം സലാം
തറയറ്റു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തെ നിലനിർത്താൻ പാടുപ്പെടുകയും അതിൽ നിന്നും
ഒരു വരുമാനം കണ്ടെത്തി ഉപജീവനം നടത്തുകയും ചെയ്യുന്ന എന്‍റെ നാട്ടുകാരൻകൂടിയായ പുഷ്ക്കരൻ പോത്തേഴുത്ത് എന്ന മനുഷ്യൻ ഏറെ വ്യത്യസ്ഥനാകുന്നത് അതുകൊണ്ട് കൂടിയാണ്.
അപൂർവ്വമായി മാത്രം പായ നെയ്ത്തുള്ള വീടുകൾ കണ്ടെത്തി അവരിൽ നിന്ന് പായകൾ സംഭരിച്ചു വെച്ചു എടവിലങ്ങ് പായ ചന്തയിൽ കൊണ്ടുപോയി കൊടുത്ത് ജീവിതോപാധി കണ്ടെത്തുകയാണ് പുഷ്ക്കരൻ.
പണ്ട്, ഗൾഫിന്റെ പച്ചപ്പ് നാട്ടിൽ അനുഭവിച്ചു തുടങ്ങുന്നതിനു മുന്ന്, ഇന്നത്തെപ്പോലെ ഉയർന്ന ജീവിത നിലവാരം കണ്ടെത്തുന്നതിനു മുന്ന്, അഞ്ചും ആറും അംഗങ്ങളുള്ള ഓരോ കുടുംബത്തിന്റെയും ചെറുതെങ്കിലും പശി മാറ്റാൻ അന്ന് തഴപായയുടെ പങ്ക് ചെറുതൊന്നുമായിരുന്നില്ലാ.
എന്റെ ഉമ്മയും നല്ലൊരു പായ നെയ്ത്തുകാരിയായിരുന്നു നല്ല ഭംഗിയോടെ ചെറു പൊളിയിൽ കീറി നല്ല നിറത്തിലും വൃത്തിയിലും നെയ്ത് ഞങ്ങൾ മക്കളെ പട്ടിണിക്കിടാതെ നോക്കിയിരുന്നത് പായ നെയ്ത്തു കൊണ്ടായിരുന്നു. ഉമ്മയുടെ പായ കാണാൻ നല്ല ഭംഗിയും വൃത്തിയുമുള്ളതിനാൽ നല്ല വിലയും കിട്ടുമായിരുന്നു. അഞ്ചും എട്ടും പായയാകുമ്പോൾ അന്നത്തെ പായയുടെ കേരളത്തിലെ തന്നെ പ്രധാന വിപണിയായ തൊട്ടടുത്തുള്ള എടവിലങ്ങ് ചന്തയിൽ കൊണ്ടുപോയി വിൽക്കും. അന്ന് ഞാൻ എറിയാട് സൈഫുക്കാടെ സൈക്കിൾ വാടകക്കെടുത്ത് സൈക്കിളിൽ പായക്കെട്ടും വെച്ച് കൊണ്ടുപോയി വിൽക്കും. വിറ്റു തിരിച്ചുപോരുമ്പോൾ എന്റെ ഉമ്മാക്കു തിന്നാനുള്ള വെത്തിലയും പുകലയും പിന്നെ കൊള്ളി കിഴങ്ങും വാങ്ങി പോരുന്ന ആ കിളിന്നു പയ്യനെ എന്നെ തന്നെ ഇടയ്ക്കിടക്ക് ഓർക്കും ഞാൻ.
മലയാളിയുടെ കിടപ്പറകൾക്ക് നിലമൊരുക്കിയ കൈതോല പായകൾ കാലത്തിന്റെ ഗതി വേഗതയിൽ ചരിത്രമായി മാറി. അടിസ്ഥാന ജനവിഭാഗത്തിന്റെ അന്നവും സ്ത്രീ തൊഴിൽ ശാക്തീകരണത്തിന്റെ അടയാളവുമായിരുന്ന കൈതോലകൾ പാടശേഖര അതിരടയാളങ്ങിൽ വ്യാപകമായി നട്ടുനനച്ച് പോറ്റി വളർത്തിയക്കാലം കാലത്തിന്റെ കുത്തൊഴുക്കിൽ മണ്ണടിഞ്ഞു. മക്കളെ പോറ്റി വളർത്താനും പട്ടിണി മാറ്റാനും നടത്തിയ കഷ്ടപാടുകളുടെ മുൾമുനകൾ നിറഞ്ഞ ആ ജീവിതകാലമോർത്ത് കാരണവന്മാർ ആത്മഗതം കൊള്ളുകയാണിന്ന്.
പായ, സ്പഷ്യൽ പായ, അച്ചി പായ, പുതിയാപ്ല പായ , മണിയറ പായ, തുടങ്ങി കരകൗശലങ്ങൾ ചേർത്തൊരുക്കിയ നൈപുണ്യം പായ വിപണിയിൽ വൈവിധ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. പിന്നീട് കൈതോല പായകളുടെ ഇടം പുൽപായകൾ പിടിച്ചടക്കുകയും പിന്നീട് പ്ലാസ്റ്റിക് പായകൾ രംഗം കയ്യടക്കിയും കാലം സമ്മാനിച്ച ജീവിത നിലവാരത്തിന്റെ ഉയർച്ചയിൽ കൈതോല പായകൾ പുതു തലമുറക്ക് അപരിചിത വസ്തുവായി മാറാൻ അധികസമയം വേണ്ടി വന്നില്ല.
കൈതോലകൾ നിശ്ചിത മൂപ്പെത്താൻ അക്ഷമയോടെ കാത്തിരുന്ന് ഇവ ശ്രദ്ധാപൂർവ്വം വെട്ടിയെടുക്കുന്നതിനിടയിലും മേനി നിറയെ രക്തം പൊടിഞ്ഞ പരിക്കുകൾ തൊഴിലടയാളങ്ങളായി ബാക്കിവെച്ചും ദിവസങ്ങളുടെ ഉച്ചവെയിലിൽ പാകപെടുത്തിയെടുത്ത് ചീന്തി വരിഞ്ഞു കലാപരമായി നെയ്തെടുക്കുന്ന പായകൾ ചന്തകളിലെത്തിച്ച് നേരിട്ട് വില്‍പന നടത്തി ജീവിത വിഭവങ്ങൾ തരപെടുത്തിയ പിന്നിട്ട കാലത്തിന് അധികം വിദൂരതയില്ലങ്കിലും പുതിയ തലമുറക്ക് ഇതെ കുറിച്ച് ധാരണയുമില്ല.
എന്നാൽ, ഇപ്പോൾ ആരുടെയും പരിചരണമില്ലാതെ കാടു മൂടി കിടക്കുന്ന കൈതോലകൾ നിന്ന നില്‍പ്പിന് ഉണങ്ങി കൊടുത്തിട്ടും വെട്ടിയെടുക്കാനാരുമെത്തുന്നില്ല, കൈതോല കൾക്ക് പറയാനുള്ള കഥകൾക്ക് കണ്ണീരിന്റെ നനവും ജീവിതാനുഭവങ്ങളുടെ പരുപരുപ്പും ഒരു കാലയളവിന്റെ മൂർച്ചയും ആവോളമുണ്ട്.
എടവിലങ്ങിനടുത്ത് പത്താഴക്കാട് കരിനാട്ട് കൊച്ചുമോന്റെ വീടിനുചുറ്റും കൈതയാണ്. അത് ആൾപ്പൊക്കവും അതിനുമീതെയും തഴച്ചു വളരുന്നു. കൈതോല ചെത്തി, മുള്ളുനീക്കി,പൊളികീറി ഉണക്കി, തഴമടയാക്കി, പായ നെയ്താണ് കൊച്ചുമോന്റെ ഭാര്യ ശാന്ത ജീവിതത്തിന് വരിയും നിരയുമിട്ടത്.
“വീട്ടുജോലി ഒതുങ്ങിയാൽ പായനെയ്ത്ത് തുടങ്ങും. മൂല കുത്തി, നീളംകൂട്ടി, നിരനെയ്ത്, വക്കുവയ്ക്കും. പറഞ്ഞപ്പം എളുപ്പം തീർന്നു. പക്ഷേ, നല്ല പണിയുണ്ട്… ” വീടിന്റെ ഉമ്മറത്ത് പായനെയ്തുകൊണ്ടിരുന്ന ശാന്ത തലയുയർത്തി.
ഒരു കാലത്ത് അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള കടലോരഗ്രാമങ്ങളുടെ ജീവനും ജീവിതവും തഴപ്പായയായിരുന്നു. നാലിൽ പഠിക്കുമ്പോൾ പായ നെയ്യാൻ തുടങ്ങിയതാണ് ശാന്ത. ദിവസം രണ്ടു പായ നെയ്തിട്ടുണ്ട് ഞാൻ. തുച്ഛമായ കൂലിയേ കിട്ടൂവെങ്കിലും ഇപ്പോഴും പഠിച്ച തൊഴിൽ മുടക്കീട്ടില്ല” ശാന്ത പറഞ്ഞു. ശാന്തയുടെ മരുമകൾ പ്രീജ(30)യും പായ നെയ്യും. രണ്ടുപതിറ്റാണ്ടു മുമ്പ് പത്തിൽ ഏഴുവീട്ടിലും പായ നെയ്ത്തുണ്ടായിരുന്നു.
പ്രീജയെപ്പോലെ എടവിലങ്ങിന്റെ ചുറ്റുവട്ടങ്ങളിലേക്കെത്തിയ മരുമക്കളെല്ലാം അക്കാലത്ത് അമ്മായിയമ്മമാരിൽനിന്ന് പായനെയ്ത്ത് പരിശീലിച്ചിരുന്നു. എടവിലങ്ങിന്റെ ശീലം അതായിരുന്നു. എന്നാലിപ്പോൾ 40 വയസ്സിൽത്താഴെ ഈ തൊഴിൽ ചെയ്യുന്നവർ വിരലിലെണ്ണാവുന്നവരേയുള്ളൂ. വീടുകളുടെയും പുരയിടങ്ങളുടെയും അതിരുകളിൽ, തോട്ടിറമ്പുകളിൽ, കുളക്കരയിൽ. നിറയെ കൈതോലയായിരുന്നു പഴയകാലത്ത്. കൈതോല ചെറിയ കാശിന് വിറ്റിരുന്നു ചിലർ.
കൈതോല കൊടുക്കുന്ന വീട്ടുകാർക്ക് നെയ്ത്തുകാർ ഓണത്തിനും വിഷുവിനും പെരുന്നാളിനുമെല്ലാം ഇഴയടുപ്പമുള്ള പായ കൊടുക്കുമായിരുന്നു. എടവിലങ്ങ് പഞ്ചായത്ത് നിവാസിയായ അനിലിനും ഏറെ പറയാനുണ്ട്. അനിലിന്റെ അമ്മ രമണിയും അമ്മായി കോതക്കുട്ടിയും തഴപ്പായ നെയ്തിരുന്നു. രാവിലെ പത്തുമണി കഴിയുമ്പോൾ ഒട്ടെല്ലാ വീടുകളും പായ നെയ്ത്തിന്റെ തിരക്കിലാവും. വേഗത്തിലും താളത്തിലും തഴ നെയ്യുമ്പോൾ, ടൈപ്പ് റൈറ്റർ പ്രവർത്തിപ്പിക്കുന്ന ശബ്ദമായിരുന്നു, അനിൽ ഓർത്തു.
കച്ചവടം തഴച്ച കാലം എടവിലങ്ങ് അങ്ങാടിക്കടുത്ത് താമസിക്കുന്ന മണ്ണാറപ്പറമ്പിൽ മുഹമ്മദ് ഏഴാംക്ലാസിൽ പഠിക്കുമ്പോൾ പായക്കച്ചവടം തുടങ്ങിയതാണ്. തഴപ്പായയുടെ നല്ലകാലത്തിനും കഷ്ടകാലത്തിനുമൊപ്പം നടന്നിട്ടുണ്ട് ഈ മനുഷ്യൻ.
വീട്ടിൽ ഉമ്മയും നാലു പെങ്ങന്മാരും തഴപ്പായ നെയ്യുമായിരുന്നു. പോരാത്തതിന് അടുത്ത വീടുകളിൽനിന്നും പായ വാങ്ങും. തലച്ചുമടായി അത് വീടുകളിൽ കൊണ്ടുപോയാണ് വിറ്റിരുന്നത്. പറവൂർ, മൂത്തകുന്നം ഭാഗങ്ങളിലായിരുന്നു കച്ചവടം അധികവും, മുഹമ്മദ് പറഞ്ഞു.
ഒരുപക്ഷേ, ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ തഴപ്പായ ചന്തയായിരുന്നു എടവിലങ്ങ്. ദിവസ ചന്തയായിരുന്നു. ഇപ്പോ കച്ചവടം മെലിഞ്ഞുമെലിഞ്ഞ് വെള്ളിയാഴ്ച മാത്രമായി. എന്നാലും ഉച്ച കഴിയുമ്പോ ഞാൻ അവിടംവരെ പോകും. ആരെങ്കിലും പായയുമായി വന്നാൽ വാങ്ങും, മുഹമ്മദ് കൈമലർത്തി.
20 വർഷം മുമ്പ് മുഹമ്മദും കൂട്ടുകാരും ചേർന്ന് ഒരു ലക്ഷം രൂപ തലക്കാശിന് തഴപ്പായച്ചന്ത ലേലം പിടിച്ചിട്ടുണ്ട്. 100 എണ്ണം അടങ്ങിയ ഒരു കെട്ട് പായയ്ക്ക് അഞ്ചുരൂപയായിരുന്നു ഫീസ് പിരിച്ചിരുന്നത്. ഒരുദിവസം നൂറിലേറെ കെട്ടുകൾ എത്തുമായിരുന്നു അന്ന്. പായ കൊടുത്ത് കാശാക്കിയ പെണ്ണുങ്ങൾ, വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാം വാങ്ങിയാണ് മടങ്ങിപ്പോയിരുന്നത്.
1975 മുതൽ 2,000 വരെയുള്ള കാൽനൂറ്റാണ്ട് നല്ല കാലമായിരുന്നു. മണ്ഡലകാലത്ത് പായവിറ്റ് മടുത്തിട്ടുണ്ട്. എല്ലാ വീട്ടിലും രണ്ടും മൂന്നും പായ വാങ്ങുമായിരുന്നു. കച്ചവടം മെച്ചപ്പെട്ടപ്പോൾ മലബാറിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ മലപ്പുറം തിരൂരിൽ മുഹമ്മദിന്റെ മകൻ മുഷ്താഖിന് കടയുണ്ട്.
തൊഴിലുറപ്പു ജോലിക്ക് പോകുന്നത് പായ നെയ്ത്തിനെക്കാൾ ലാഭമായപ്പോൾ സ്ത്രീകൾ ഈ രംഗത്തുനിന്ന് പിൻവാങ്ങിയതായി മുഹമ്മദ് പറയുന്നു. കൈതോല കുറയുകയും ചെയ്തു. വാടാനപ്പള്ളിയിൽനിന്നും മറ്റും തഴമടി എത്തിച്ച് നൂറിലേറെ നെയ്ത്തുകാർക്ക് നൽകി പായനെയ്ത് വാങ്ങുകയാണിപ്പോൾ മുഹമ്മദ്.
ആ കെട്ടിടത്തിനൊപ്പം പ്രതാപവും പോയി എടവിലങ്ങ് സെന്ററിലെ വലിയ തൂണുകളുള്ള ഓടിട്ട ആ വലിയ കെട്ടിടം പഴയ തലമുറയുടെ ഓർമ്മയിൽനിന്ന് മാഞ്ഞിട്ടില്ല. ഇരുപതോളം മൊത്തക്കച്ചവടക്കാർ, അത്രതന്നെ ചെറുകിട കച്ചവടക്കാർ, കൊടുങ്ങല്ലൂർ ഭരണിയുടെ തിരക്കായിരുന്നു ചന്തയിൽ, പായക്കച്ചവടക്കാരനായിരുന്ന പുന്നയ്ക്കപ്പറമ്പിൽ മോഹനൻ ഓർത്തു. ഇപ്പോഴും തഴപ്പായയുടെ മൊത്തക്കച്ചവടക്കാരനായ മാടത്തിങ്കൽ സിദ്ധാർത്ഥനും ഒപ്പം ചേർന്നു. എട്ടു ഷട്ടറുകളുള്ള കടയിലായിരുന്നു പിന്നെ ചന്ത. പ്ലാസ്റ്റിക് പായയും പടുതയും വന്നതോടെയാണ് കച്ചവടം ക്ഷയിച്ചത്, സിദ്ധാർത്ഥൻ പറഞ്ഞു.
അദ്ദേഹത്തിന്റെ അച്ഛൻ കുഞ്ഞിക്കിട്ടനും വല്ല്യച്ഛൻ സുബ്രഹ്മണ്യനും പായക്കച്ചവടം കൊണ്ട് നേടിയവരാണ്. വീടുകൾതോറും നടന്ന് തഴപ്പായ വിറ്റ് ഇരുപത്തിരണ്ടാം വയസ്സിൽ ഒന്നരയേക്കർ ഭൂമി വാങ്ങി, ആ സഹോദരന്മാർ. പതിനഞ്ചാംവയസ്സിൽ അച്ഛനൊപ്പം കണക്കെഴുതാൻ പോയി കച്ചവടത്തിലേക്കിറങ്ങിയ സിദ്ധാർത്ഥൻ മലബാറിലേക്ക് പായക്കെട്ടുകളുമായി വണ്ടികയറി. കൈയിൽ കാശ് വന്നപ്പോ തുണിക്കടയും സ്വർണക്കടയും തുടങ്ങി. പക്ഷേ, പരാജയമായിരുന്നു. വീണ്ടും പായക്കച്ചവടം ഉഷാറാക്കിയാണ് ജീവിതം തിരിച്ചു പിടിച്ചത്.
പായക്കച്ചവടം കൊണ്ട് ആരും നശിച്ചിട്ടില്ല. അതാണ് ഈ നാടിന്റെ പുണ്യം, സിദ്ധാർത്ഥൻ പറഞ്ഞു. വീടിനുചുറ്റും കൈത നട്ടുവളർത്തുന്നുണ്ട് സിദ്ധാർത്ഥൻ. ഒരിക്കലും വന്ന വഴി മറക്കരുതല്ലോ, അദ്ദേഹം ചിരിച്ചു. കൈതോല പൂർണമായും അപ്രത്യക്ഷമായിട്ടില്ല, ഈനാട്ടിൽനിന്ന്. പഠിച്ച തൊഴിൽ ഉപേക്ഷിക്കാതെ ചിലരെങ്കിലും ഇപ്പോഴും പായനെയ്ത്തിൽ തുടരുന്നു.
വാഴക്കൂട്ടത്തിൽ കുമാരി വിൽസൻ വിവാഹശേഷം അമ്മായിയമ്മ ത്രേസ്യയിൽനിന്നാണ് തഴ നെയ്യാൻ പഠിച്ചത്. പായനെയ്യുന്നത് കൊണ്ട് വലിയ കാര്യമില്ലെന്നു തോന്നിയ കുമാരി കോട്ടപ്പുറം കിഡ്സിൽ (കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പമെന്റ് സൊസൈറ്റി) പോയി തഴകൊണ്ടുള്ള വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കാൻ പഠിച്ചു. ചെന്നൈയിൽ പോയും പരിശീലനം നേടി. ഈ തഴകൊണ്ട് മൂവായിരത്തോളം ഉത്പന്നങ്ങൾ ഉണ്ടാക്കാം. പലതരം ബാഗുകൾ, കുഷ്യൻ, ഫ്ലവർവെയ്സ്. പഠിച്ചു കഴിഞ്ഞ് നാട്ടിൽവന്ന് ഒരുപാട് പേരെ പഠിപ്പിച്ചു. എന്നിട്ടും ആൾ ക്ഷാമമുണ്ട്. എറണാകുളത്ത് പ്രദർശനത്തിനും വിൽപ്പനയ്ക്കും കൊണ്ടുപോകാനുള്ള തഴപ്പായ ഉത്പന്നങ്ങൾ ഒരുക്കുന്നതിനിടെ കുമാരി പറഞ്ഞു.
അടിയാനും അടിമ സമാനനായും തലചൊറിഞ്ഞു തമ്പ്രാൻ ചമയന്നവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങാതെയും അവർക്ക് മുമ്പിൽ തല ചൊറിയാതെയും ആത്മാഭിനമാനത്തോടെ ജീവിക്കാനും മക്കളെ പഠിപ്പിച്ച് ഒരു നല്ല നിലയിലെത്തിക്കണമെന്ന വലിയ സ്വപ്നത്തിന് ചിറകടി സമ്മാനിക്കാനും ഈർച്ചവാൾ മൂർച്ച നൽകുന്ന ഈ മുൾച്ചെടി നിർവ്വഹിച്ച ദൗത്യം ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.
Photos Courtesy_ Various Media