കടലും മക്കളും; രാജീവിന്‍റെ പെയിന്‍റിംഗ് സ്റ്റോറി

സമീപകാലത്ത് കേരളത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തമായ പ്രളയത്തിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തിയ കലാകാരനാണ് രാജീവ് മുളക്കുഴ. ആ ചിത്രങ്ങള്‍ക്ക് ലേലത്തില്‍ ലഭിച്ച മുഴുവന്‍ തുകയും സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് രാജീവ് സംഭാവന നല്‍കി.

അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിലെ ആര്‍ട്ടിസ്റ്റായ രാജീവ് ആലപ്പുഴയിലെ മുളക്കുഴ സ്വദേശിയാണ്. നാട്ടിലെ വായനശാലാ പ്രവര്‍ത്തനമാണ് രാജീവ് എന്ന യുവാവിലെ കലാകാരനെ പുറത്തുകൊണ്ടുവന്നത്. മാതാപിതാക്കളുടെ പ്രോത്സാഹനവും മാവേലിക്കര രവിവർമ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ചിത്രകലാ പഠനവും ഈ കലാകാരനെ വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ ചിത്രകലാരംഗത്ത് ജോലി ചെയ്തിരുന്ന രാജീവിന് സുഹൃത്തുക്കളും പ്രവാസി സമൂഹവും വലിയ പിന്തുണയാണ് നല്‍കിയത്.

ചിത്രകലയോടൊപ്പം ഒരു സജീവ നാടകപ്രവര്‍ത്തകനും കവിയുമാണ് രാജീവ്. ഏകാംഗ നാടകങ്ങള്‍ രചിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലും ഇന്ത്യയൊട്ടാകെയും നിരവധി നാടക സംവിധായകര്‍ക്കൊപ്പം കലാസംവിധായകനായും പ്രവര്‍ത്തിച്ചു. ആയുസിന്‍റെ പുസ്തകം എന്ന നാടകത്തിന്‍റെ കലാസംവിധാനം അദ്ദേഹത്തെ ഭരത് മുരളി പുരസ്കാരത്തിന് അര്‍ഹനാക്കി. രാജീവ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പന്തയം, സൂചിക്കുഴയില്‍ ഒരു യാക്കോബ് എന്നീ നാടകങ്ങള്‍ പ്രത്യേക ജൂറി പരാമര്‍ശം കൊണ്ടു ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനകം തന്നെ യു.എ.ഇയില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയ രാജീവ് ഒരു കവിതാ സമാഹാരത്തിന്‍റെ പണിപ്പുരയിലാണ്.  മുന്നോട്ടുള്ള യാത്രയില്‍ കൂടുതല്‍ നല്ല ചിത്രങ്ങളും നാടകങ്ങളും കവിതയും രചിക്കണമെന്നാണ് രാജീവിന്‍റെ ആഗ്രഹം.

രാജീവിന്‍റെ കടല്‍ചിത്രങ്ങളുടെ പശ്ചാത്തലം
രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് മത്സ്യതൊഴിലാളികള്‍. എന്നാല്‍ സര്‍ക്കാരും പൊതുസമൂഹവും അവരെ എന്നും അവഗണിച്ചിട്ടേയുള്ളൂ. പട്ടിണിയും കടല്‍ക്ഷോഭവും താറുമാറാക്കിയ അവരുടെ ജീവിതം കൂടുതല്‍ അരികുവത്ക്കരിക്കപ്പെട്ടു. എന്നാല്‍ പ്രളയകാലത്ത് അവരെ ഉണ്ടായിരുന്നുള്ളൂ, കേരളത്തെ കൈ പിടിച്ചുയര്‍ത്താന്‍. പ്രളയത്തില്‍ മുങ്ങിയ മൂന്നാം നിലകളിലെ നിലവിളികള്‍ കേട്ടു തങ്ങളുടെ കുടിലുകളില്‍ നിന്നും മത്സ്യതൊഴിലാളികള്‍ പങ്കായവും വഞ്ചിയും എടുത്തു പ്രളയജലത്തെ കീറിമുറിച്ച് തുഴഞ്ഞ് അവരിലേക്കെത്തി. മുങ്ങിതാഴ്ന്ന കാടും മലകളും ഹൈവേകളും കടന്നു ഓരോ പ്രാണനും രക്ഷിച്ചു. കേരളത്തിന്‍റെ സൈന്യമെന്നാണ് മുഖ്യമന്ത്രി അവരെ വിളിച്ചത്. പത്രമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അതെറ്റെടുത്ത് ആഘോഷിച്ചു. എന്നാല്‍ മത്സ്യതൊഴിലാളിയുടെ വറുതിക്കാലം അവസാനിച്ചില്ല. ഇടയ്ക്കിടെയുണ്ടാകുന്ന കടല്‍ക്ഷോഭങ്ങള്‍, കടല്‍ഭിത്തികള്‍ പറിച്ചെറിഞ്ഞ കടലേറ്റവും തകര്‍ന്ന വീടുകളും പൊളിഞ്ഞ വള്ളങ്ങളും അവരെ നിത്യദരിദ്രരാക്കി. സര്‍ക്കാരിന്‍റെ വാഗ്ദാനങ്ങള്‍ക്ക് പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. ഇന്നവര്‍ അപ്രഖ്യാപിത കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്.

മത്സ്യതൊഴിലാളികളുടെ ജീവിതവും ഉപജീവനവും പ്രക്ഷുബ്ധമായ കടലും ആര്‍ട്ടിസ്റ്റ് രാജീവ് മുളക്കുഴ ജലചായത്തില്‍ പകര്‍ത്തിയപ്പോള്‍;

Leave a Reply