കെ ആര് ഇന്ദിരയുടെ വംശീയവാദത്തിനെതിരെ സംയുക്ത പ്രസ്താവന
അസമില്‍ പൗരത്വം നഷ്ടപ്പെട്ടവര്‍ പെറ്റുപെരുകാതിരിക്കാന്‍ അവരെ വന്ധ്യംകരിക്കണമെന്ന് വംശീയ പ്രസ്താവന നടത്തിയ ആകാശവാണി ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ കെ ആര് ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സെപ്തംബര്‍ 1ന് അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷത്തിലേറെ പേരെ പുറത്താക്കിയ സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചു കെ ആര് ഇന്ദിര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് പ്രതിഷേധത്തിന് കാരണം.
ആകാശവാണി പോലുള്ള പൊതുമേഖലാ മാധ്യമത്തിൽ തുടരാൻ കെ ആർ ഇന്ദിരക്ക് അർഹതയില്ലെന്നും ആ പദവിയിൽ നിന്ന് അവരെ പുറത്താക്കുകയും അവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും രാഷ്ട്രീയ -സാംസ്കാരിക-മനുഷ്യാവകാശ-മാധ്യമരംഗത്ത് ഉൾപ്പെടെയുള്ളവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രസ്താവനയുടെ പൂർണ്ണരൂപം;
നരേന്ദ്രമോദി ഭരണകൂടം ആസാം ജനതയോടു ചെയ്ത മനുഷ്യത്വ രഹിതമായ നയത്തെ പിന്തുണച്ചു കൊണ്ട് മുസ്ലിങ്ങൾക്കെതിരെ വംശീയ വിദ്വേഷം പ്രചരിപ്പിച്ച കെ ആർ ഇന്ദിരയുടെ രാഷ്ട്രീയത്തിനെതിരെ നീതിബോധമുഉള്ള മനുഷ്യർ നടത്തുന്ന പ്രതികരണം.
ആർക്കും ഈ പ്രതികരണത്തോട് ഐക്യപ്പെടാവുന്നതാണ് സ്വന്തം പേര് കൂടെ ചേർത്ത് നിങ്ങളുടെ ടൈം ലൈനിൽ പോസ്റ്റ് ചെയ്യാം.
ജനാധിപത്യ മതേതര ഇന്ത്യ അതിഭീകരമായ ഫാസിസ്റ്റ് വാഴ്ചയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. തലമുറകളായി ജനിച്ചു വളർന്ന മണ്ണിൽ ഒരൊറ്റ ദിവസം കൊണ്ട് പത്തൊൻപതു ലക്ഷത്തിൽപ്പരം മനുഷ്യർ അഭയാർത്ഥികളായി മാറുമ്പോൾ നേരിയൊരു നടുക്കം കൊണ്ടുപോലും പ്രതികരിക്കാനറിയാത്ത നിസ്സംഗത നമ്മിൽ വളർന്നുവരുന്നുണ്ട്. പ്രതിഷേധിക്കുന്നവർക്ക് നേരെ ഭീഷണിയുടെ നാനാവിധമായ യുദ്ധമുഖങ്ങളാണ് തുറന്നുകൊണ്ടിരിക്കുന്നത്. അങ്ങ് വിദൂരമായ ദേശങ്ങളിൽ നടക്കുന്ന കേവല സംഭവങ്ങളായതിനാൽ ഇതൊന്നും നമ്മെ ബാധിക്കില്ലെന്ന വിശ്വാസത്തിൽ നമ്മൾ ചുരുണ്ടുകൂടുമ്പോൾ ഫാസിസം വിജയിക്കുകയാണിവിടെ.
അരിച്ചരിച്ചെത്തുന്ന ഫാസിസം കേരളത്തിൻെറ കാലടിയോളം വന്നിരിക്കുന്നു. അസമിലെ പൗരത്വ പട്ടികയുടെ മാതൃകയിൽ കേരളത്തിൽ ഹോളോകോസ്റ്റ് സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. പെട്ടെന്നൊരു നാൾ പൊട്ടിമുളച്ചവരല്ല അവരെന്ന് നമുക്കിപ്പോൾ തിരിച്ചറിയാനാവുന്നുണ്ട്. കാലങ്ങളായി മനസ്സിൽ പേറി നടന്ന, മറച്ചുപിടിച്ചിരുന്ന വർഗീയ – വംശീയ വിദ്വേഷം പൊട്ടിയൊലിക്കാൻ പാകമായ സാഹചര്യം രാജ്യത്ത് ഉരുത്തിരിഞ്ഞിരിക്കുന്നുവെന്നവർ തിരിച്ചറിഞ്ഞിരിക്കുന്നു. ആരാണ് തങ്ങളെ ചോദ്യം ചെയ്യാൻ എന്ന മൃഗീയ ഭൂരിപക്ഷത്തിൻെറ ധാർഷ്ട്യത്തിലാണവർ.
വംശഹത്യ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത് ആകാശവാണിയുടെ തലപ്പത്ത് ഇരിക്കുന്ന ഒരു മലയാളി സ്ത്രീയാണ്. ഈ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും നൽകുന്ന നികുതി പണത്തിന്റെ ഗുണഭോക്താവായി ജനസേവകയായിരിക്കേണ്ട ഒരുദ്യോഗസ്ഥയാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് വർഗീയ ലഹളയ്ക്ക് ആഹ്വാനം നൽകുന്നത്.അവർ വഹിക്കുന്ന പദവിയിൽ ഒരു നിമിഷം പോലും തുടരാൻ അർഹതയില്ലെന്ന് അവർ ആവർത്തിച്ചു വമിപ്പിക്കുന്ന വിഷലിപ്തമായ വാക്കുകൾ നിരന്തരം സാക്ഷ്യപ്പെടുത്തുമ്പോഴും അവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ ഭരണകൂടം തയ്യാറാവുന്നുമില്ല.
ആകാശവാണി പോലുള്ള പൊതുമേഖലാ മാധ്യമത്തിൽ തുടരാൻ അവർക്ക് യാതൊരു അർഹതയുമില്ലെന്ന് പകൽ പോലെ തെളിഞ്ഞിരിക്കെ ആ, പദവിയിൽ നിന്ന് അവരെ പുറത്താക്കുകയും അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍
ലതികാ സുഭാഷ്, വി പി സുഹ്റ, കെ കെ ബാബുരാജ്, ഡോ ജെ ദേവിക, സി എസ് ചന്ദ്രിക, സി കെ ജാനു, കെ എസ് ഹരിഹരൻ, ശാരദക്കുട്ടി, അംബിക, ഡോ രേഖരാജ്, കെ കെ രമ, ശ്രീജ നെയ്യാറ്റിൻകര,ശീതൾ ശ്യാം, തനൂജ ഭട്ടതിരി, ലാലി പി എം, റെനി ഐലിൻ, വിനീത വിജയൻ, സോണിയ ജോർജ്ജ്, മൃദുലദേവി ശശിധരൻ, പ്രമീള ഗോവിന്ദ്, അഡ്വ മായാ കൃഷ്ണൻ, കെ പി പ്രകാശൻ, അഡ്വ കെ കെ പ്രീത, രശ്മി, കെ ജി ജഗദീശൻ. ഭൂമി ജെ എൻ, ഷമീന ബീഗം., വീണ ജെ എസ്, മഞ്ജു ഉണ്ണി, മുഹമ്മദ് ഉനൈസ്, സുജാ ഭാരതി, സഫിയ പി.എം, മാനസി പി കെ, ഹൈറുന്നിസ, അഡ്വ നന്ദിനിനാസർ മാലിക്, വഹീദ ഷംസുദ്ദീൻ, അമലാ ഷഫീക്ക്, റീനാ പി റ്റി, അഡ്വ സുജാത വർമ്മ , ഉഷാ കുമാരി, നജ്മാ ജോസ്, സേതു ലക്ഷ്മി, ഷഫീഖ് സുബൈദ ഹക്കിം, ഹസീനാ മുജിബ്, ആശാ റാണി, ഹണി ഭാസ്കരൻ, പ്രശാന്ത് സുബ്രമഹ്ണ്യൻ, സംഗീത ജയ, അപർണ ശിവകാമി, പ്രസന്ന ആര്യൻ, സ്മിത എൻ, ബി എസ് ബാബുരാജ്, മൃദുല ഭവാനി…