കശ്മീരിലെ തടവറയില്‍ നിന്നും ഒരു പഴയ കത്ത്

മഹ്ബൂബ മുഫ്തി ഇന്ന് എവിടെയാണ് ? പി.ഡി.പി-ബി.ജെ.പി സഖ്യത്തില്‍ മുഖ്യമന്ത്രിയായിരുന്നു അവര്‍. ഒരു കശ്മീരി മുസ്‌ലിം ആയിരിക്കെ സ്വാതന്ത്ര്യം മോഹിച്ച കശ്മീരികളെ അടിച്ചമർത്തി ഭരിക്കുന്നതിൽ പങ്കുവഹിച്ച മുഖ്യമന്ത്രിമാരിൽ ഒരാൾ. അന്നും എന്നത്തെയും പോലെ വിമതശബ്ദങ്ങള്‍ തടവറകള്‍ക്കുള്ളിലമര്‍ന്നു, വെടിവെപ്പുകളും കൊലപാതകങ്ങളും നടന്നു. കശ്മീരിൽ ആർ.എസ്.എസ് അജണ്ടകൾ കൂടുതല്‍ പിടിമുറുക്കുന്നതോടെ പി.ഡി.പി-ബി.ജെ.പി സഖ്യം ഉലഞ്ഞു, മഹ്ബൂബ മുഫ്തി സ്ഥാനഭ്രഷ്ടയായി.

ഇന്ന് അവർ വീട്ടുതടങ്കലിലാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അന്ന് അവര്‍ ജയിലിലടച്ചിരുന്ന നേതാക്കളും ഇന്ന് ജയിലിലില്‍ തുടരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തു, കശ്മീര്‍ വിഭജിച്ചു. എല്ലാ മനുഷ്യാവകാശങ്ങളും പൂര്‍ണ്ണമായും ലംഘിച്ചു, ജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ എല്ലാം നിഷേധിച്ച്, പ്രതിഷേധങ്ങളെ ചോരയില്‍ മുക്കി വാര്‍ത്തകള്‍ പുറത്തുപോവാതിരിക്കാനുള്ള വഴികളും തടഞ്ഞു ഒരു നിശബ്ദ വംശഹത്യക്ക് സര്‍ക്കാര്‍ ഒരുങ്ങി കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ വിലയെന്തെന്ന് ഇന്ന് മഹ്ബൂബ മുഫ്തി അറിയുന്നുണ്ടാകും.

മഹ്ബൂബ മുഫ്തി ജമ്മു കശ്‌മീരിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോൾ തടവറയിൽ കഴിഞ്ഞിരുന്ന ഹുര്‍റിയത് നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മീര്‍വാഇസ് ഉമര്‍ ഫാറൂഖ്, ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസീന്‍ മാലിക് എന്നിവർ 2016 സെപ്തംബറിൽ അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങൾ;

“എല്ലാ മനുഷ്യജീവികളുടെയും ജന്മാവകാശമായ സ്വാതന്ത്ര്യം എന്ന ആവശ്യമുന്നയിച്ചതിന് മുഴുവന്‍ ജനസംഖ്യയെയും കൊന്നും അംഗഭംഗം വരുത്തിയും ഇന്ത്യയുടെ യുദ്ധ സംവിധാനം ആഘോഷത്തിമിര്‍പ്പിലായത് മഹ്ബൂബജിയെക്കാളും ബോധ്യമുള്ള ആരുമുണ്ടാവില്ല.

നിര്‍ഭാഗ്യവശാല്‍ കിരാതമായ ഈ സൈനിക അധിനിവേശത്തിന് അത്തിമരത്തിന്‍റെ ഇലപോലെ നല്‍കിയ സിവിലിയന്‍ മുഖംമൂടി മാത്രമാണ് നാടിന്‍റെ ശത്രുവിനെ സഹായിക്കുന്ന പി.ഡി.പി-ബി.ജെ.പി സര്‍ക്കാറിന്‍റെ രൂപത്തിലുള്ളത്.

യുദ്ധസമാനമായ കൊലകള്‍ക്കും പരിക്കുകള്‍ക്കും ശേഷവും നാണമില്ലാതെ ഇപ്പോഴും ഇരുട്ടാക്കുകയെന്ന തന്‍റെ റോള്‍ നിര്‍വഹിക്കുകയാണ് മഹ്ബൂബ. തെരുവിലിറങ്ങിയ ജനം വിളിക്കുന്ന ആസാദി മുദ്രാവാക്യം കേള്‍ക്കുന്ന, പ്ളക്കാര്‍ഡുകളിലും ചുമരുകളിലുമുള്ളത് വായിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകും.”

കടപ്പാട്_ മാധ്യമം

Leave a Reply