വാസുദേവ അഡിഗയുടെ മകനൊരു മറുപടി

“വാസുദേവ അഡിഗയെ ആ പ്രദേശത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും അറിയാം. വര്‍ഗ്ഗീസ് കേസ് വിധി പറഞ്ഞ കാലത്ത് ഒരു പത്രപ്രവര്‍ത്തകനോട് അഡിഗയുടെ കുടുംബത്തില്‍ തന്നെയുള്ള ഒരു മുതിര്‍ന്ന സ്ത്രീ പറഞ്ഞത് അഡിഗ ഒരു ക്രൂരനായിരുന്നു എന്നാണ്. അത് പത്രത്തില്‍ അക്കാലത്ത് അടിച്ച് വരികയുണ്ടായി. രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് പോയതുകൊണ്ട് അതൊന്നും ജനങ്ങള്‍ ഓര്‍ക്കുന്നുണ്ടാവില്ലെന്നാണ് വേണുഗോപാല്‍ കരുതുന്നത്…” വാസുദേവ അഡിഗയുടെ മകനൊരു മറുപടി…
_ എ വാസു, തിരുനെല്ലി തൃശിലേരി കേസിലെ ഒന്നാം പ്രതി

തിരുനെല്ലി തൃശിലേരി സമരത്തെ അവഹേളിച്ച് 7- 3 -2021ന് മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അസത്യങ്ങളും അർദ്ധ സത്യങ്ങളും നിറഞ്ഞ ലേഖനത്തിന് ഞാനൊരു മറുപടി എഴുതിക്കൊടുക്കുകയുണ്ടായി. മാതൃഭൂമി അത് പ്രസിദ്ധീകരിക്കാൻ കൂട്ടാക്കിയില്ല. പറഞ്ഞ കാരണം, ആ ലേഖനം സംവാദത്തിന് വേണ്ടി പ്രസിദ്ധീകരിച്ചതല്ലെന്നാണ്. അതുകൊണ്ടാണ് ഈ ലേഖനം ലഘുലേഖയായി പ്രസിദ്ധീകരിക്കുന്നത്.

വാസുദേവ അഡിഗയുടെ മകന്‍ എം കെ വേണുഗോപാലിന്റെ ഒരു ലേഖനം 7-3-2021ന്റെ മാതൃഭൂമി വാരാന്തപതിപ്പില്‍ വായിച്ചു. സംഭവം നടന്ന് അര നൂറ്റാണ്ടിന് ശേഷമുള്ള ഈ വിശദീകരണം എന്ത് ഉദ്ദേശത്തോടെയാണെന്ന് ആരും ചിന്തിച്ച് പോകും. സംഭവ സമയത്ത് എനിക്ക് 20 വയസ്സുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഈ വിശദീകരണം 5 പതിറ്റാണ്ടിലധികം നീണ്ടുപോയത്?

മാര്‍ക്‌സിസം ലെനിനിസം മാവോ ചിന്തയുടെ പേരില്‍ കേരളത്തില്‍ നടന്നിട്ടുള്ള ഇപ്പോളും നടന്ന് കൊണ്ടിരിക്കുന്ന മുഴുവന്‍ സമരങ്ങളേയും കരിവാരി തേക്കാനുള്ള സത്യങ്ങളും അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും കൂട്ടിചേര്‍ത്തുള്ള ശ്രമമാണീ ലേഖനം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു വിശദീകരണം ആവശ്യമായിരിക്കുകയാണ്. വയനാട്ടില്‍ വളരെ പ്രാകൃതമായ ഒരു അടിമ വ്യവസ്ഥ നിലനിന്നിരുന്ന കാലത്താണ് സംഭവം നടക്കുന്നത്.

അടിമവ്യവസ്ഥയില്‍ ഒരു അടിമക്കും അടിമയുടെ കുടുംബത്തിനും ജീവിതകാലം മുഴുവന്‍ ഭക്ഷണവും ജീവന്‍ നിലനിര്‍ത്താനാവശ്യമായ മറ്റു അത്യാവശ്യ കാര്യങ്ങളും ചെയ്ത് കൊടുക്കാന്‍ അടിമയുടമ ബാധ്യസ്ഥമാണ്. പക്ഷെ, 1970 വരെ വയനാട്ടില്‍ നിലവിലുണ്ടായിരുന്ന അടിമവ്യവസ്ഥ വള്ളിയൂര്‍ക്കാവില്‍ വെച്ച് ഒരു വര്‍ഷത്തേക്ക് ചില നിബന്ധനകളോടെ നടപ്പിലാക്കുന്ന വളരെ പ്രാകൃതമായ ഒരു വ്യവസ്ഥയാണ്. അടിമയടെ കുഞ്ഞുങ്ങളുമടക്കം കുടുംബാംഗങ്ങള്‍ മുഴുവന്‍ അടിമ ഉടമയുടെ വീട്ടിലും പറമ്പിലും വയലിലും രാപ്പകല്‍ ജോലി ചെയ്യണം. പശു മേക്കലടക്കം കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തികള്‍ അവര്‍ ചെയ്യണം. സ്‌കൂളില്‍ പോകുന്ന പ്രശ്‌നമേയില്ല. കൂലിയായി വൈകുന്നേരം കൊടുക്കുന്ന കുറച്ച് ധാന്യത്തിന് വല്ലി (കൂലി) എന്നാണ് പറയുക. നാണയം കൂലിയായി കൊടുക്കുന്ന സമ്പ്രദായമേയില്ല. നാണയം അടിമയെ വിമോചനത്തിലേക്ക് നയിച്ചേക്കുമെന്നാണ് ഭയം. ജോലിയില്ലെങ്കില്‍ കൂലിയുമില്ല. ഒരു ദിവസത്തെ വല്ലി ഒരാള്‍ക്ക് ഇത്ര അളവ് ധാന്യമെന്ന് ജന്മിമാര്‍ തീരുമാനിക്കും. ജോലിയില്ലാത്തപ്പോള്‍ വല്ലിയുമില്ല. തങ്ങളുടെ ഉടമകളല്ലാത്ത ജന്‍മിമാര്‍ക്ക് വേണ്ടി ജോലി ചെയ്യാനും പാടില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വിശപ്പ് മാറ്റാന്‍ മുളയുടെ ആണ്ടാറും സസ്യങ്ങളുടെ തൂമ്പുകളും വയലിലെ ഞണ്ടുകളും ഞമഞ്ഞിയും മറ്റും തിന്ന് ജീവന്‍ നിലനിര്‍ത്തണം.

തിരുനെല്ലി തൃശിലേരി കേസില്‍ ഞങ്ങളുടെ കൂടെ ജയിലിലുണ്ടായിരുന്ന എട്ടോളം ആദിവാസി സഖാക്കള്‍ ഇക്കാര്യങ്ങളെ സംബന്ധിച്ച് വിശദമായി ഞങ്ങളോട് സംസാരിക്കാറുണ്ട്. 1967ല്‍ വല്ലി വര്‍ദ്ധിപ്പിക്കാനുള്ള ഒരു പോരാട്ടം സഖാവ് വര്‍ഗ്ഗീസിന്റെയും സഖാവ് പി എസ് ഗോവിന്ദന്റെയും നേതൃത്വത്തില്‍ തിരുനെല്ലി തൃശിലേരി ഭാഗങ്ങളില്‍ നടക്കുകയുണ്ടായി. വയനാട്ടില്‍ ആദ്യമായി നടന്ന ആദിവാസി സമരമായിരുന്നു അത്. അന്ന് അവര്‍ ചില ജന്മിമാരെ ഘരാവോ ചെയ്യുക പോലുമുണ്ടായി. സഖാവ് വര്‍ഗ്ഗീസും സഖാവ് ഗോവിന്ദനും അന്ന് മാര്‍കിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്നു പ്രവര്‍ത്തിച്ചത്. തുച്ഛമായൊരു വല്ലി (കൂലി) വര്‍ദ്ധനവിലാണ് ആ സമരം അവസാനിച്ചത്. ചേക്കുവും സഖാവ് വര്‍ഗ്ഗീസും മറ്റുമായി ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അക്കാലത്താണ്. അവസാനം സഖാക്കള്‍ക്ക് ഒരു കാര്യം മനസ്സിലായി. അടിമവ്യവസ്ഥ തന്നെയാണ് പ്രശ്‌നമെന്നും അത് അവസാനിക്കാതെ ആദിവാസികളുടെ കൊടിയ ദുരിതം അവസാനിക്കാന്‍ പോകുന്നില്ലെന്നും. പക്ഷെ അത്തരം ഒരു പോരാട്ടം മാര്‍കിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് സാധ്യമാവില്ലെന്നും.
അപ്പോഴേക്കും നക്‌സല്‍ പോരാട്ടത്തിന്റെ തീപ്പൊരികളും മാര്‍ക്‌സിസം ലെനിനിസം മാവോചിന്തയും കേരളത്തിലേക്ക് കടന്നുവന്ന് കഴിഞ്ഞിരുന്നു. വയനാട്ടിലെ വലിയൊരു വിഭാഗം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി അണികളും നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് ഒഴുകി. സഖാവ് വര്‍ഗ്ഗീസും സഖാവ് പി എസ് ഗോവിന്ദനും അവരുടെ മുന്നണിയിലുണ്ടായിരുന്നു. കണ്ണൂരിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വമ്പിച്ച ധ്രുവീകരണങ്ങളുണ്ടായി. അങ്ങനെയാണ് തലശ്ശേരി പുല്‍പ്പള്ളി ആക്ഷനും തിരുനെല്ലി തൃശിലേരി ആക്ഷനും ഉണ്ടാകുന്നത്.

ഈ രണ്ടു സമരങ്ങളും വയനാടിന്റെ സാമൂഹ്യവ്യവസ്ഥയില്‍ ഉണ്ടാക്കിയ മാറ്റം ആ തലമുറയില്‍ അവശേഷിക്കുന്ന എല്ലാവരും ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ടാവും. 1970 ഫെബ്രുവരി 18ന് സഖാവ് വർഗീസ് രക്തസാക്ഷിത്വം വരിച്ച് അടുത്ത മാർച്ച് മാസത്തിലാണ് വള്ളിയൂർകാവ് ഉത്സവം. അക്കൊല്ലം വള്ളിയൂർകാവ് ഉത്സവത്തിലെ ഒരു പ്രധാന ചടങ്ങായ “അടിമലേലം” നടന്നില്ല. ലേലം നടത്താൻ വയനാട്ടിലെ ജൻമിമാർ ധൈര്യപ്പെട്ടില്ല. പിന്നീടൊരിക്കലും വള്ളിയൂർകാവിൽ അടിമക്കച്ചവടം നടന്നില്ല. വല്ലി സമ്പ്രദായം അവസനിച്ചു. കൂലി നാണയമായി കിട്ടാൻ തുടങ്ങി. 1957ൽ കാർഷിക പരിഷ്കരണ നിയമം കൊണ്ടുവന്ന ഭരണകൂടത്തിനെ വിമോചന സമരത്തിലൂടെ മറിച്ചിട്ട കേരളത്തിലെ ഭൂസ്വാമിമാർ 1970-71 കാലത്ത് കാർഷിക പരിഷ്കരണ നിയമം അപരിഷ്കൃതമായെങ്കിലും നടപ്പിലാക്കിയപ്പോൾ അനങ്ങിയില്ല. തലവേണോ ഭൂമി വേണോ എന്ന പ്രശ്നം അപ്പോഴേക്കും മാവോയിസ്റ്റ് പ്രസ്ഥാനം ഉയർത്തിക്കഴിഞ്ഞിരുന്നു, ഇത് ചരിത്രമാണ്.

ഇത്തരം കാര്യങ്ങള്‍ എല്ലാം മറച്ചുവെച്ച് കൊണ്ടാണ് വാസുദേവ അഡിഗയുടെ മകന്‍ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഏതോ കുറച്ച് അക്രമികള്‍ വാസുദേവ അഡിഗ എന്ന ഒരു ജന്മി കുടുംബത്തിനെതിരെ അങ്ങേയറ്റത്തെ മൃഗീയതകള്‍ പ്രവര്‍ത്തിച്ചുവെന്നാണ് അര്‍ദ്ധ സത്യങ്ങളേയും ശുദ്ധ നുണകളെയും ആശ്രയിച്ച് കൊണ്ട് ശ്രീ വേണുഗോപാല്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. വാസുദേവ അഡിഗയെ ആ പ്രദേശത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും അറിയാം. വര്‍ഗ്ഗീസ് കേസ് വിധി പറഞ്ഞ കാലത്ത് ഒരു പത്രപ്രവര്‍ത്തകനോട് അഡിഗയുടെ കുടുംബത്തില്‍ തന്നെയുള്ള ഒരു മുതിര്‍ന്ന സ്ത്രീ പറഞ്ഞത് അഡിഗ ഒരു ക്രൂരനായിരുന്നു എന്നാണ്. അത് പത്രത്തില്‍ അക്കാലത്ത് അടിച്ച് വരികയുണ്ടായി. രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് പോയതുകൊണ്ട് അതൊന്നും ജനങ്ങള്‍ ഓര്‍ക്കുന്നുണ്ടാവില്ലെന്നാണ് വേണുഗോപാല്‍ കരുതുന്നത്. അരനൂറ്റാണ്ട് മുമ്പ് നടന്ന പ്രശ്‌നത്തില്‍ ഇപ്പോള്‍ എന്ത് പറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കും എന്ന ധാരണ ശരിയല്ല. അക്കാലത്തെ ജനങ്ങളില്‍ കുറച്ച് പേരെങ്കിലും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഒരു ക്രൂരനായ ജൻമിയുടെ മകന്റെ കണ്ണീരിന്റെ മറയിൽ കള്ളക്കഥകൾ സൃഷ്ടിച്ച് വയനാടിന്റെ ചരിത്രത്തിൽ മാറ്റത്തിന്റെ വിത്തുപാകിയ ഒരു വർഗസമര ചരിത്രത്തെ അവഹേളിക്കാമെന്ന തത്പര കക്ഷികളുടെയും മാതൃഭൂമി പത്രത്തിന്റെയും ശ്രമം സത്യമറിയുന്ന ജനമനസുകളിൽ വിലപ്പോവില്ല.

50 വര്‍ഷം കഴിഞ്ഞുണ്ടായ ഇപ്പോഴത്തെ ഈ വെളിപാടിന്റെ പശ്ചാത്തലമെന്തെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. സഖാവ് വര്‍ഗ്ഗീസിന്റെ കുടുംബത്തിന് നഷ്ട പരിഹാരം കൊടുക്കേണ്ടി വന്നത് മാര്‍ക്‌സിസം ലെനിനിസം മാവോ ചിന്തയുടെ ശത്രുക്കളുടെ അന്തസിന് കുറച്ച് ദോഷം വരുത്തിയിട്ടുണ്ട്. വര്‍ഗ്ഗീസിന്റെയും കുടുംബത്തിന്റെയും മാര്‍ക്‌സിസം ലെനിനിസം മാവോ ചിന്ത ഉയര്‍ത്തിപിടിച്ച് കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി രക്തം ചിന്തിയവരുടെയും, ചിന്തിക്കൊണ്ടിരിക്കുന്നവരുടെയും അന്തസ് കുറച്ച് ഉയര്‍ന്നിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ഭാവിയെ ബാധിക്കുമോ എന്ന് ഭയപ്പെടുന്ന ചിലരാണ് വേണുഗോപാലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അനുമാനിക്കാന്‍ പ്രയാസമില്ല.

സംഭവ ദിവസമുണ്ടായ കാര്യങ്ങളെ സംബന്ധിച്ച് വേണുഗോപാല്‍ പറയുന്ന നട്ടാല്‍ മുളക്കാത്ത ചില നുണകളെപ്പറ്റി കൂടി പറയാം. ഒരു പുല്ലിനെ പോലും നോവിക്കാത്ത പാവമായിരുന്നു എന്റെ അച്ഛ എന്നാണ് വേണുഗോപാല്‍ പറയുന്നത്. എന്റെ കൂടെ വര്‍ഷങ്ങളോളം ജയിലിലുണ്ടായിരുന്ന ആദിവസികള്‍ പറഞ്ഞത് അഡിഗ അതിക്രൂരനായിരുന്നുവെന്നാണ്. ഒരു ആദിവാസിയെ അടിച്ച് കൊന്ന് കെട്ടിത്തൂക്കി തൂങ്ങി മരിച്ചതാണെന്ന് പ്രചരിപ്പിച്ച് പോലീസില്‍ നിന്ന് രക്ഷപ്പെട്ട മനുഷ്യനാണെന്നുമാണ്.

സ്വന്തം വീട്ടില്‍ നടന്ന ഒരു കാര്യവും കാണാത്ത വേണുഗോപാല്‍ അവിടെ അപ്പോള്‍ നടന്ന സംഭവങ്ങളുടെയെല്ലാം ദൃക്‌സാക്ഷി ആണെന്നാണ് പറയുന്നത്. വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സഖാക്കള്‍ അവിടെ പ്രവേശിച്ച ആദ്യ നിമിഷത്തില്‍ തന്നെ ശ്രീ വേണുഗോപാല്‍ അവിടെ നിന്ന് ചാടിപ്പോയെന്ന് അയാള്‍ക്കറിയാം അയാളുടെ കുടുംബത്തിന് അറിയാം ഞങ്ങള്‍ക്കറിയാം. താന്‍ പോലീസ് സ്‌റ്റേഷനില്‍ പോയി എന്നതും അവരെ വിവരമറിയിച്ചു എന്നതും അവിടെ രാത്രി കഴിച്ചു കൂട്ടി എന്നതും ശരിയായിരിക്കാം. വീട്ടില്‍ അയാളുടെ സഹോദരി ഭര്‍ത്താവ് (വില്ലേജ് എക്‌സിക്യൂട്ടീവ് ഓഫീസര്‍) അവരുടെ വീട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയായ നാലോ അഞ്ചോ പെണ്‍കുട്ടികളെ ഞങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി മുറിയിലിട്ട് അടച്ചുവെന്നാണ് വേണുഗോപാല്‍ പറയുന്ന വലിയൊരു നുണ. പെണ്‍കുട്ടികളെ ഒരു മുറിയിലടച്ചുവെന്നത് സത്യം. പക്ഷെ അത് ചെയ്തത് സഖാവ് വര്‍ഗ്ഗീസും സഖാവ് ബാലരാമേട്ടനുമാണ്. ബാലരാമേട്ടന്‍ ആക്ഷന്‍ കഴിയുന്നത് വരെ ആ മുറിക്ക് കാവല്‍ നില്‍ക്കുകയും ചെയ്തു. അത് അവിടുത്തെ സ്ത്രീകള്‍ക്കറിയാം, കേസന്വേഷിച്ച പോലീസിനറിയാം. മറ്റൊരു വീട്ടില്‍ സ്ത്രീകളും കുട്ടികളും ഭയപ്പെടാതിരിക്കാന്‍ ഞങ്ങള്‍ പതിനാറ് പേര്‍ ഉണ്ടായിട്ടും, രണ്ട് പേര്‍ മാത്രമാണ് ആ വീട്ടില്‍ പ്രവേശിച്ചത്. പക്ഷേ അവിടെ അപ്രതീക്ഷിതമായി നാല് പരുഷന്മാര്‍ ഉണ്ടായിരുന്നു. ഒരാള്‍ സിപിഐ നേതാവായിരുന്നു. രണ്ട് പേര്‍ പുറം പണിക്കാരും. ചില അപ്രതീക്ഷിത പ്രശ്‌നങ്ങളുണ്ടായി. പക്ഷെ സഖാക്കള്‍ അവിടെ ഉണ്ടായിരുന്ന തോക്ക് എടുത്തതിന് ശേഷമാണ് പോന്നത്.

വീട്ടില്‍ ജോലിക്ക് വരുന്ന തൊഴിലാളിക്ക് സ്ത്രീ പുരുഷ ഭേദമന്യേ അസുഖം വന്നാല്‍ അച്ഛ അവരെ ജോലി ചെയ്യാന്‍ വിടാതെ വിശ്രമിക്കാന്‍ അനുവദിക്കുമെന്നും ഗര്‍ഭിണികളായ സ്ത്രീ തൊഴിലാളികളോട് അദ്ദേഹം കരുതലോടെ പെരുമാറി എന്നതും അസുഖമുള്ളവരെ പ്രത്യേകം മാറ്റി നിര്‍ത്തി ഭക്ഷണം കൊടുക്കുമായിരുന്നു എന്നതും അവരെ വൈകുന്നേരം വീട്ടിലേക്ക് വല്ലി കൊടുത്ത് വിട്ടിരുന്നു എന്നും വേണുഗോപാല്‍ പറയുമ്പോള്‍ ഈ അസുഖമുള്ളവരും ഗര്‍ഭവതികളും എല്ലാം പുലര്‍ച്ചെ തൊട്ട് സന്ധ്യവരെ ജോലി സ്ഥലത്ത് കഴിയേണ്ടി വന്നു എന്ന് ഭംഗ്യന്തരേണ പറയുകയാണ് വേണുഗോപാല്‍ ചെയ്യുന്നത്. ഇത് അടിമ വ്യവസ്ഥ തന്നെയാണെന്ന് വേണുഗോപാലിന് അറിയില്ലെങ്കിലും നാട്ടുകാര്‍ക്കറിയാം.

വാസുദേവ അഡിഗ ഹുണ്ടികക്ക് പണം കൊടുക്കുന്നതിനെ സംബന്ധിച്ച് മകന്റെ വിശദീകരണം അത് വായിച്ച മനുഷ്യരെ ചിരിപ്പിക്കാന്‍ പോന്നതാണ്. അത് സംബന്ധിച്ചൊന്നും പറയേണ്ടതായിട്ടില്ല. “കൃഷിയില്‍ നിന്ന് കിട്ടുന്ന ലാഭത്തില്‍ നിന്ന് ഒരു ചെറിയ പങ്ക് അച്ഛ നാട്ടിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റും സഹായമായോ കടമായോ നല്‍കിയിരുന്നു. ഇങ്ങിനെ വാങ്ങിയ കടം തിരിച്ച് നല്‍കാതിരുന്ന ചിലര്‍ അന്യായ പലിശക്ക് പണം പലര്‍ക്കും കൊടുക്കുന്നു എന്ന് പറഞ്ഞ് പരത്തി. മിക്കപ്പോഴും അത് വെറും സഹായം മാത്രമായാണ് അദ്ദേഹം കരുതിയത്.” ഇങ്ങനെയാണ് മകന്‍ അച്ഛനെ പരിചയപ്പെടുത്തുന്നത്. മഹാമനസ്‌കനായ ഒരു ഹുണ്ടികക്കാരനെ അവതരിപ്പിക്കാന്‍ മകന്‍ നന്നായി പരിശ്രമിച്ചു എന്നല്ലാതെ മറ്റെന്ത് പറയാന്‍?!

വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും മറ്റും നക്‌സലൈറ്റുകള്‍ എടുത്ത് കൊണ്ട് പോയി എന്നാണ് മറ്റൊരാരോപണം. ഒരു വീട്ടില്‍ നിന്നും ആഭരണങ്ങളോ പണമോ ആവശ്യപ്പെട്ടിട്ടില്ല, എടുത്തിട്ടില്ല. തിരുനെല്ലി – തൃശിലേരി കേസിന്റെ FIRൽ അങ്ങനെയൊരു ആരോപണമില്ല. പോലീസ് ഒരു പ്രതിയോടും സ്വർണാഭരണങ്ങൾ എടുത്തതിനെ സംബന്ധിച്ചോ, അത് എന്ത് ചെയ്തു എന്നതിതിനെ സംബന്ധിച്ചോ ചോദ്യം ചോദിക്കുക പോലും ചെയ്തിട്ടില്ല. വീട്ടുകാരികളായ സ്ത്രീകൾ അങ്ങിനെയൊരു ആരോപണം പോലീസുകാരോട് പറഞ്ഞിട്ടില്ല. പക്ഷെ അഡിഗയുടെ വീട്ടില്‍ നിന്ന് ഹുണ്ടിക റിക്കാര്‍ഡുകള്‍ വെച്ച പെട്ടി അന്വേഷിക്കുകയും കണ്ടെത്തുകയും സഖാവ് വര്‍ഗ്ഗീസ് അതെടുത്ത് മുറ്റത്തിട്ട് പൊളിച്ച് ഹുണ്ടിക റിക്കാര്‍ഡുകള്‍ പുറത്തിട്ട് തീ കൊടുക്കുകയുണ്ടായി.ആ പെട്ടിയില്‍ സുമാര്‍ 1300ഓളം രൂപയുണ്ടായിരുന്നു. ആ പണം സഖാവ് വര്‍ഗ്ഗീസ് മറ്റൊരു സഖാവിന്റെ കയ്യില്‍ ഏല്‍പ്പിക്കുകയുണ്ടായിട്ടുണ്ട്. അതല്ലാതെ ആക്ഷന്‍ നടന്ന ഒരു വീട്ടില്‍ നിന്നും പണമോ ആഭരണങ്ങളോ അവിടെ ഉണ്ടോ എന്നു പോലും അന്വേഷിച്ചിട്ടില്ല. ഇക്കാര്യം ആറ് വീടുകളിലെ സ്ത്രീകള്‍ക്കും പരുഷന്‍മാര്‍ക്കുമറിയാം. കേസന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥന്‍മാര്‍ക്കറിയാം. രണ്ട് വീടുകളിൽ നിന്നൊഴികെ എല്ലാ വീടുകളിൽ നിന്നും തോക്കുകളാണ് ആവശ്യപ്പെട്ടത്.

അഡിഗയുടെ വീട്ടിലെ സ്ത്രീകള്‍ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെ പറ്റി വേണുഗോപാല്‍ പറയുന്നുണ്ട്. അത്തരം കാര്യങ്ങളില്‍ സന്തോഷിക്കുന്നവരല്ല ഞങ്ങള്‍. അന്ന് തിരുനെല്ലി തൃശിലേരി ഭാഗങ്ങളില്‍ നടന്ന അടിമവ്യവസ്ഥക്ക് എതിരായിരുന്നു ഞങ്ങള്‍. നിലവിലുണ്ടായിരുന്ന സാമൂഹ്യ വ്യവസ്ഥക്കെതിരായിരുന്നു. 30 മിനിട്ട് സമയത്തോളം വേണുഗോപാലിന്റെ കുടുംബം മാനസിക പീഢനത്തിനിരയായി എന്നത് ഒരു വസ്തുത തന്നെ. വയനാട്ടിലെ അടിമ വ്യവസ്ഥയില്‍ ആയരിക്കണക്കിന് ആദിവസികള്‍ അവരുടെ സ്ത്രീകള്‍, കുഞ്ഞുങ്ങള്‍ നൂറ്റാണ്ടുകളോളം അവര്‍ തള്ളി നീക്കിയ ജീവിതം, അവര്‍ അനുഭവിച്ച പീഡനങ്ങള്‍, ജന്മി പോലീസ് കൂട്ടുകെട്ടില്‍ അനുഭവിക്കേണ്ടി വന്ന മര്‍ദ്ദനങ്ങള്‍, ആദിവാസി സ്ത്രീകള്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍, യാതനകള്‍ അരക്ഷിതാവസ്ഥ അതെല്ലാം ആര്‍ക്കാണറിയാത്തത്. അവരെ മനുഷ്യരായി ആരെങ്കിലും കാണുകയുണ്ടായോ? വേണുഗോപാലിന്റെ വീടിന്റെയടുത്ത് തന്നെ ഭര്‍ത്താക്കന്മാരില്ലാത്ത അനേകം ആദിവാസി അമ്മമാരുണ്ടെന്ന കാര്യം ആര്‍ക്കാണറിയാത്തത്. ഇപ്പോള്‍ വേണുഗോപാലിന്റെ വളരെ അകലെയല്ലാതെ കുറുക്കന്‍മൂലയില്‍ ഒരു ആദിവാസി സ്ത്രീയില്‍ ഒരു നാട്ടുപ്രമാണിക്ക് അവിഹിതത്തിലുണ്ടായ കുഞ്ഞിന് സ്വത്ത് കൊടുക്കേണ്ടിവരുമെന്നു ഭയന്ന് ഷോക്കുകൊടുത്ത് കൊന്നതിനെതിരായൊരു സമരം അവിടെ നടന്നുകൊണ്ടിരിക്കുന്നത് വേണുഗോപാല്‍ അറിയാതിരിക്കാന്‍ ഇടയില്ല.

ഇപ്പോഴും ആദിവാസികള്‍ക്കും ദലിതര്‍ക്കുമെതിരെ രാജ്യത്തുടനീളം നടക്കുന്ന കടുത്ത പീഢനങ്ങളെ സംബന്ധിച്ച് പത്രങ്ങള്‍ ദിനേന നമ്മുടെ മുന്നിലേക്ക് വേദനിക്കുന്ന എന്തെന്തെല്ലാം കാര്യങ്ങളാണ് കൊണ്ടുവരുന്നത്. ഈയടുത്ത് കേരളത്തെ ഞെട്ടിച്ച ഒരു സംഭവം 9ഉം 11ഉം വയസ്സുള്ള രണ്ട് കുഞ്ഞുങ്ങള്‍ ബലാല്‍കാരത്തിന് ഇരയായി മൃഗീയമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ഒരമ്മ സ്വന്തം മുടി മുണ്ഡനം ചെയ്ത് കണ്ണീരൊഴുക്കി നമ്മുടെ തെരുവില്‍ അലയുകയാണ്. പ്രസ്തുത സംഭവം നടന്ന വാളയാര്‍ പോലീസ് പരിധിയില്‍ നാല്‍പതോളം പോക്‌സോ കേസുകൾ ചാർജ്ജ് ചെയ്യപ്പെട്ടുവെന്നും അതില്‍ വിധി പറഞ്ഞ 12 കേസുകളില്‍ 12 കേസും വിട്ടുപോയെന്നും “വാളായര്‍ അമ്മ സഹായ കമ്മിറ്റി” ഇറക്കിയ നോട്ടീസില്‍ പറയുന്നു. നമ്മുടെ രാജ്യത്തിന്റെ നീതി, എന്തൊരു നീതി? ചാര്‍ജ് ചെയ്യപ്പെട്ട 40 കേസുകളില്‍ 95 ശതമാനവും ദലിതുകളും താഴ്ന്ന ജാതിക്കാരുമായിട്ടുള്ള കുഞ്ഞുങ്ങളായിരിക്കുമെന്നുള്ള കാര്യത്തില്‍ ഞങ്ങള്‍ക്ക് അശേഷം സംശയമില്ല. നമ്മുടെ രാജ്യത്തുടനീളം യുപിയില്‍, മധ്യപ്രദേശില്‍, രാജസ്ഥാനില്‍, ഗുജറാത്തില്‍, ഒറീസയില്‍, ബിഹാര്‍, തമിഴ്‌നാട് കര്‍ണാടക തുടങ്ങി ഇന്ത്യയില്‍ ഉടനീളം ഇത്തരം ക്രൂരതകള്‍ നടന്ന് കൊണ്ടിരിക്കുന്നത് മാധ്യമങ്ങളിലൂടെ നാം നിരന്തരം കേട്ടു കൊണ്ടിരിക്കുന്നു.

ഈ രാജ്യത്തിന്റെ വലിയ ശാപം ജാതിയാണെന്ന് അംബേദ്കര്‍ നമ്മളോട് പറഞ്ഞിട്ടുണ്ട്. ജാതിയെ അരക്കിട്ടുറപ്പിച്ചത് സവര്‍ണ്ണ പ്രത്യയശാസ്ത്രമാണെന്നും (ശ്രുതികള്‍, സ്മൃതികള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍) സവര്‍ണ്ണ ദൈവങ്ങളാണെന്നും അദ്ദേഹം പറയുകയുണ്ടായി. ആര്യ ബ്രാഹ്‌മണര്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സമ്പത്ത് മുഴുവന്‍ സ്വായത്തമാക്കാനും തങ്ങളുടെ മേധാവിത്തം സ്ഥാപിച്ചെടുക്കാനും അത് അനാദികാലം തുടരാനും ഉന്നംവെച്ചുകൊണ്ട് ജാതിയെ ശക്തിപ്പെടുത്താനും നിലനിര്‍ത്താനും നിര്‍മ്മിച്ചതാണ് ശ്രുതികളും സ്മൃതികളും ശാസ്ത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളുമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇവയെല്ലാം ബോംബിട്ട് നശിപ്പിക്കണമെന്നു കൂടി അദ്ദേഹം പറയുകയുണ്ടായി. ഇവയെല്ലാം ദൈവങ്ങള്‍ സൃഷ്ടിച്ചുവെന്ന് പറയുക മാത്രമല്ല, പ്രസ്തുത ഉദ്ദേശങ്ങള്‍ക്ക് വേണ്ടി ആയിരക്കണക്കിന് ദൈവങ്ങളേയും ബ്രാഹ്‌മണന്‍ സൃഷ്ടിക്കുകയുമുണ്ടായി. അതുകൊണ്ടാണ് അംബേദ്കര്‍ പറഞ്ഞത് ബ്രാഹ്‌മണന്റെ ദൈവങ്ങളെ നിങ്ങള്‍ ആരാധിക്കുന്നിടത്തോളം കാലം ബ്രാഹ്‌മണന്‍ നിങ്ങളെ ഭരിക്കുന്നത് തുടരുമെന്ന്. ഭരണം തുടരുമെന്ന് മാത്രമല്ല, ഇന്ത്യന്‍ സമ്പത്ത് മുഴുവന്‍ കവരുമെന്നു കൂടിയാണ് ഇതിനര്‍ത്ഥം. ഈയിടെ പുറത്ത് വന്ന സ്ഥിതി വിവരകണക്ക് പ്രകാരം ഇന്ത്യന്‍ സമ്പത്തിന്റെ 70 ശതമാനവും ഒരു ശതമാനത്തിന്റെ കൈയിലാണ്. ആരാണ് ഈ ഒരു ശതമാനം? അതിന്റെ 99 ശതമാനവും ബ്രാഹ്‌മണ, ക്ഷത്രിയ, വൈശ്യ വിഭാഗമാണെന്ന് മനസിലാക്കാന്‍ വലിയ വൈദഗ്ധ്യമൊന്നും ആവശ്യമില്ല. അവരാണെങ്കില്‍ സമൂഹത്തിലെ വെറും അഞ്ച് ശതമാനം മാത്രമാണു താനും. പണം ഇങ്ങനെ കേന്ദ്രീകരിക്കപ്പെടുന്നത് കൊണ്ടാണ് ഇന്ത്യാ മഹാരാജ്യം ലോകത്തിലെ ഏറ്റവും വലിയ ദരിദ്ര രാജ്യമായത്. ഇന്ത്യന്‍ ജനതയിലെ 70 ശതമാനം ദാരിദ്ര്യ രേഖയ്ക്ക് താഴെ എത്തിയതും ഇതുകൊണ്ടാണ്. ദാരിദ്ര്യ രേഖക്ക് താഴെയുള്ള മനുഷ്യരുടെ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ പോഷാകാഹാര കുറവെന്ന ഓമന പേരില്‍ മരിച്ച് വീഴുന്നത് ഇതുകൊണ്ടാണ്. ഇക്കാര്യം വാസുദേവ അഡിഗയുടെ മകന് മനസ്സിലാകാന്‍ പ്രയാസമാണ്.

അഡിഗക്ക് 32 ഏക്കര്‍ ഭൂമി മാത്രമെ ഉള്ളു എന്നാണ് വേണുഗോപാല്‍ പറയുന്നത്. 300ഉം 3000വും 30000വും ഏക്കര്‍ ഭൂമി വ്യക്തികള്‍ കൈവശം വെക്കുന്ന ഒരു രാജ്യത്ത് പതിറ്റാണ്ടുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ടും ഇതൊരു അനീതിയായി അവര്‍ക്കോ അവരെ പിന്തുണയ്ക്കുന്നവര്‍ക്കോ തോന്നാത്ത ഒരു രാജ്യത്ത് നിങ്ങളുടെ 32 ഏക്കര്‍ ചെറുതു തന്നെ. പക്ഷെ നമ്മുടെ രാജ്യത്ത് മൂന്ന് സെന്റ് ഭൂമിക്ക് വേണ്ടി ദാഹിക്കുന്ന അനേക കോടികളുണ്ടെന്ന് ദയവ് ചെയ്ത് മനസ്സിലാക്കുക, ഇതിനൊരു പരിഹാരം വേണമെന്നും. ഇന്ത്യന്‍ ഭൂമിയും ഇന്ത്യന്‍ സമ്പത്തും ഈ മണ്ണില്‍ ജനിച്ചു വീണ എല്ലാവരുടേതുമാണെന്ന് സ്വപ്‌നം കാണാന്‍ ഞങ്ങളെ അനുവദിക്കുക. ഇന്ത്യന്‍ ജനതയിലെ 70 ശതമാനം ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നും അവരുടെ 3000 ത്തോളം കുഞ്ഞുങ്ങള്‍ ഓരോ ദിവസവും പോഷകാഹാരകുറവെന്ന ഓമനപേരില്‍ മരിച്ചു വീഴുന്നെന്നും തിരിച്ചറിയുക. അവരില്‍ ഭൂരിഭാഗവും ആദിവാസികളും ദലിതരും താഴ്ന്ന ജാതിക്കാരുമാണെന്ന സത്യം മനസ്സിലാക്കുക. ബലാത്സഗംത്തിനും കൊലപാതകത്തിനും മറ്റു നികൃഷ്ട ചെയ്തികള്‍ക്കും വിധേയരാകുന്നതില്‍ 95 ശതമാനവും ജാതിയില്‍ അടിത്തട്ടിലുള്ളവരാണെന്നും മനസ്സിലാക്കുക. ജാതി തന്നെയാണ് നമ്മളെ, ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമാക്കി മാറ്റിയ പിശാച്ചെന്നുകൂടി തിരിച്ചറിയുക. ഇത്രയെ ഞങ്ങള്‍ക്ക് നിങ്ങളോട് പറയാനുള്ളു. നിങ്ങള്‍ ഞങ്ങള്‍ക്ക് തന്ന ഉപദേശ, നിര്‍ദ്ദേശ, വിമര്‍ശനങ്ങള്‍ക്ക് നന്ദി! പക്ഷേ, ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം ജനങ്ങളോടും പത്രങ്ങളോടും പറയുന്നത് തുടരും. പ്രത്യാഘാതങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഇപ്പോള്‍ തന്നെ അതൊക്കെ അനുഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്. കൂടുതല്‍ അനുഭവിക്കാന്‍ തയ്യാറുമാണ്.

ഈ നരകീയ വ്യവസ്ഥ മാറ്റി തീര്‍ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ സ്വപ്‌നം കാണുന്നു. സഖാവ് വര്‍ഗ്ഗീസ്, ശത്രുവിന്റെ തോക്കിന്‍ മുനയില്‍ നിന്ന് ”എന്റെ രക്തത്തില്‍ നിന്ന് ആയിരം വര്‍ഗ്ഗീസുമാര്‍ ഉയര്‍ത്തെഴുന്നേല്‍ക്കു”മെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ സ്വപ്‌നമാണത്. കടുത്ത ദുരിതമനുഭവിക്കുന്ന ജനകോടികളെ സ്‌നേഹിക്കുന്ന മനുഷ്യ സ്‌നേഹികളുടെ സ്വപ്നം. രക്തസാക്ഷികളുടെ സ്വപ്നം. അതൊരു കാലത്ത് സാക്ഷാത്കരിക്കപ്പെടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മാര്‍ക്‌സും മാവോയും ലെനിനും മാത്രമല്ല, അംബേദ്കറും ഞങ്ങളോടൊപ്പമുണ്ടെന്ന് മനസ്സിലാക്കുക. ഞങ്ങളെ പൂര്‍ണമായും തകര്‍ക്കാന്‍ ഈ രാജ്യത്ത് ഒരു ശക്തിക്കും സാധ്യമല്ല. നികൃഷ്ടമായ ജാതി സമ്പ്രദായം അവസാനിക്കുന്നതുവരെ, രാജ്യത്ത് യഥാര്‍ത്ഥ ജനാധിപത്യം സ്ഥാപിതമാകുന്നതുവരെ ഞങ്ങള്‍ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം.
_ എ വാസു

Cover Photo_ Courtesy Facebook

Like This Page Click Here

Telegram
Twitter