കോവിഡ് ഭീഷണിയിൽ നിന്ന് സിദ്ദിഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണം
കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത് ….
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
ഒരു സ്ത്രീയുടെ നിലയ്ക്കാത്ത തേങ്ങി കരച്ചിൽ കേട്ട് ഹൃദയം പൊട്ടി എഴുതുന്നതാണീ കത്ത്…
യുപി ഭരണകൂടം അന്യായമായി ജയിലിലടച്ചിരിക്കുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ കുറിച്ച് താങ്കൾക്ക് അറിവുള്ളതാണല്ലോ… അദ്ദേഹത്തിന്റെ അന്യായ തടങ്കലിനെതിരെ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ അദ്ദേഹത്തിന്റെ ഭാര്യയും സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതിയും താങ്കൾക്ക് കത്ത് നൽകിയിരുന്നു … ഏറ്റവും ഒടുവിൽ താങ്കളുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെയും സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദിഖ് തന്റെ ഭർത്താവിന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ടിരുന്നു… എന്നാൽ താങ്കളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ അനുകൂല ഇടപെടലും ഉണ്ടായില്ല…
എന്നാൽ ഇപ്പോൾ അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയം ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതി കൺവീനർ എന്ന നിലയിൽ ഞാൻ താങ്കൾക്കീ കത്തെഴുതുന്നത്… യുപിയിലെ മഥുര ജയിലിൽ പാർപ്പിച്ചിരിക്കുന്ന സിദ്ദിഖ് കാപ്പന് കോവിഡ് പോസിറ്റിവായിരിക്കുന്നു… ജയിലിലെ ലോക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വൈകുന്നേരത്തോടെ മഥുരയിലെ കെ എം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനിൽ നിന്നും അറിയാൻ കഴിഞ്ഞു… രണ്ടു മൂന്നു ദിവസങ്ങളായി പനിയുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ രാത്രിയിൽ ജയിലിൽ കുഴഞ്ഞു വീഴുകയായിരുന്നു… കടുത്ത പ്രമേഹ രോഗിയാണ് കാപ്പൻ… യുപിയിൽ കോവിഡ് രോഗികളോടുള്ള ഭരണകൂടത്തിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ ഹൈക്കോടതി പോലും രംഗത്തെത്തിയത് താങ്കൾക്കും അറിവുള്ളതാണല്ലോ. അങ്ങനെയൊരു സാഹചര്യത്തിൽ ഭരണകൂട വേട്ടയ്ക്കിരയായ സിദ്ദിഖ് കാപ്പന് വേണ്ട വിധത്തിലുള്ള മരുന്നും ഭക്ഷണവും ലഭിക്കുന്നുണ്ടാകുമോ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും… അദ്ദേഹത്തിന്റെ ഭാര്യ ഈ വിവരം അറിഞ്ഞത് മുതൽ കടുത്ത മാനസികാഘാതത്തിലാണ്…
സിദ്ദിഖ് കാപ്പന്റെ ആരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരള ഭരണകൂടത്തിനുണ്ട്. യുപിയിൽ അന്യായ തടങ്കലിലുള്ള ഒരു മലയാളി മാധ്യമ പ്രവർത്തകന്റെ ജീവൻ കോവിഡ് ഭീഷണിയിൽ നിന്ന് സംരക്ഷിക്കനാമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇടപെടൽ നടത്താൻ കഴിയും എന്ന് വിശ്വസിക്കുന്നു… സിദ്ദിഖ് കാപ്പന് ഭക്ഷണവും മരുന്നും ചികിത്സയും ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം പൗരന്റെ ജീവന് വില കല്പിക്കുന്ന ഭരണാധികാരിക്കുണ്ട്. അത് താങ്കൾ നിർവ്വഹിക്കും എന്ന പ്രതീക്ഷയോടെ താങ്കളുടെ അടിയന്തര ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകും എന്ന പ്രത്യാശയോടെ,
_ ശ്രീജ നെയ്യാറ്റിൻകര
കൺവീനർ, സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതി