മാതാപിതാക്കൾ കണ്ടത് അവന്റെ വെടിയേറ്റു ചിതറിയ ശരീരമാണ്

ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തിന്റെ ഹിജാബ് നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു മഹ്സ അമിനി എന്ന യുവതിയെ ഗൈഡൻസ് പട്രോൾ മർദ്ദിച്ചു കൊലപ്പെടുത്തിയത്. 2022 സെപ്തംബർ 16നായിരുന്നു ന്യൂനപക്ഷ വിഭാഗമായ കുർദിഷ് യുവതി മഹ്സ അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. തുടർന്ന് സ്ത്രീകളുടെ നേതൃത്വത്തിൽ ഇറാനിലെമ്പാടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. സ്ത്രീകൾക്കെതിരായ ഇസ്‌ലാമിക ഭരണകൂടത്തിന്റെ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും എതിരെ Mahsa Amini, Jin Jiyan Azadi – Woman Life Freedom തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം നടക്കുന്നത്. ഹിജാബ് കത്തിച്ചും മുടിമുറിച്ചും നഗ്നരായും മതപുരോഹിതരെ വെല്ലുവിളിച്ചും അവർ തെരുവുകളിൽ നിറഞ്ഞു.

പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ച ഫാഷിസ്റ്റ് ഭരണകൂടം സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധരും ഉൾപ്പെടെ 500ലേറെ പൗരന്മാരെയാണ് ഇതുവരെ കൊലപ്പെടുത്തിയത്. 18,000ലേറെ പേർ അറസ്റ്റിലാവുകയും ചെയ്തു. അമിർ നസർ അസദാനി എന്ന മുൻ നിര ഫുട്‍ബോൾ താരം ഉൾപ്പെടെ നിരവധിപേർ വധശിക്ഷ കാത്ത് ജയിലുകളിൽ കഴിയുന്നു. കലാ-കായിക- ശാസ്ത്രരംഗത്ത് തുടങ്ങി വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച, രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളും ലോകത്തിന് വലിയ സംഭാവനകൾ നൽകേണ്ടവരുമായ കുട്ടികൾ മുതൽ മുതിർന്നവരെ വരെ ഭരണകൂടം കൊലപ്പെടുത്തി.


ഹരിത ഇവാൻ

കുർദുകളെ കുറിച്ച് നിരന്തരം എഴുതുന്ന ഹരിത ഇവാൻ ഇറാനിലെ സ്ത്രീകളുടെ സമരത്തിൽ രക്തസാക്ഷികളായവരെ കുറിച്ച് നടത്തിയ രേഖപ്പെടുത്തലുകൾ ഏഷ്യൻ സ്പീക്സ് പ്രസിദ്ധീകരിക്കുന്നു.

അബുൾ ഫാസിൽ അദിനെസാദഹ്

ഒക്ടോബർ 8ന് പ്രകടനത്തിൽ പങ്കെടുക്കാൻ പോയ പതിനാറു വയസ്സുകാരനെ വിളിച്ചു കൊണ്ട് പോകാൻ ആവശ്യപ്പെട്ടു കൊണ്ട് പോലീസ് സ്റ്റേഷനിൽ നിന്ന് അടുത്ത ദിവസം ഫോൺ വരുന്നു. കുട്ടിയെ കൂട്ടികൊണ്ട് വരാൻ പോയ രക്ഷകർത്താക്കൾ കണ്ടത് അവന്റെ വെടിയേറ്റു ചിതറിയ ശവശരീരമാണ്.

“Damage to liver and right kidney as a result of shotgun’s birdshot.” ഡോക്ടറുടെ റിപ്പോർട്ടാണ്. കുട്ടിയുടെ വയറിൽ ഇറാനിയൻ പോലീസ് ഷോട്ട്ഗൺ പ്രയോഗം നടത്തിയിരിക്കുന്നത് ഒരു മീറ്റർ ദൂരത്തിനുള്ളിൽ നിന്നാണ്. തന്റെ പതിനാറാം പിറന്നാൾ ആഘോഷിക്കുന്ന അബുൾഫാസിലിനെയും അവന്റെ സംസ്കാരച്ചടങ്ങിൽ പൊട്ടിക്കരയുന്ന അമ്മമാരെയും വീഡിയോകളിൽ കാണാം.

ആർതിൻ റഹ്മാനി

“ഈ മണ്ണ് എനിക്ക് വേണ്ടി ഇതുവരെ ഒന്നും ചെയ്തില്ല. എന്നിട്ടും അതിനു വേണ്ടി മരിച്ചു വീഴാൻ ഞാൻ തയ്യാറാണ്.” പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കാൻ ഇറങ്ങും മുൻപ് പതിനാല് വയസ്സുകാരൻ ആർതിൻ റഹ്മാനി ചെയ്ത ട്വീറ്റാണ്. പുറപ്പെടും മുൻപ് തന്റെ അമ്മയ്ക്കായി ഒരു പേപ്പറിൽ ഇങ്ങനെ കുറിക്കാനും അവൻ മറന്നില്ല.
“I’m sorry mom, I want to walk through a path where you may not see my youth.”

വായിക്കാനും എഴുതാനും ഇഷ്ടപ്പെട്ടിരുന്ന, ഫുട്ബോൾ ആരാധകനായിരുന്ന ആർതിൻ നവംബർ 18ന് ഇസെഹ് നഗരത്തിൽ ഒരു പ്രതിഷേധ പ്രകടനത്തിന് നേരെ ഇറാനിയൻ പോലീസ് നടത്തിയ ആക്രമണത്തിൽ തലയ്ക്ക് വെടിയേറ്റ് മരിച്ചു. ആർതിൻ റഹ്മാനിയുടെ ശവസംസ്കാര ചടങ്ങുകൾ വീഡിയോയിൽ കാണാം.
അവന്റെ അമ്മയെ കേൾക്കാം.

Follow us on | Facebook | Instagram Telegram | Twitter