പീഡോഫീലിയക്കാരും സംഘ് പരിവാര്‍ പ്രൊപ്പഗണ്ടയും
കത്വയും പാലത്തായിയും നമ്മളെ ചിലത് പഠിപ്പിക്കുന്നുണ്ട്, രണ്ട് സന്ദർഭങ്ങളിലും പീഡിപ്പിക്കപ്പെട്ടത് മുസ്‌ലിം വിഭാഗത്തിൽപ്പെട്ട കുട്ടികൾ ആയിരുന്നു. രണ്ട് സംഭവങ്ങളിലും പൊലീസ് ഇരയെ വേട്ടയാടുകയായിരുന്നു…
_ ആയിഷ ബിന്ത് ജലീൽ
ഉപ്പ് തൊട്ട് കർപ്പൂരം വരെ സകല കാര്യങ്ങളിലും നമ്മുടെ സംസ്കാരവും മൂല്യങ്ങളും ഉയർത്തി കാണിക്കാൻ ശ്രമിക്കുന്ന രാജ്യത്ത് ഏകദേശം രണ്ട് വർഷം മുൻപ് ഒരു നാലു വയസ്സുകാരിയെ ഒരു സംഘമാളുകള്‍ തട്ടികൊണ്ട് പോയി പിച്ചി ചീന്തുകയുണ്ടായി.
ഓർമ്മയുണ്ടാവും, ആസിഫാ ബാനുവിനെ. രാജ്യസ്നേഹിയായ ഓരോ ഇന്ത്യക്കാരനെയും നാണിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ചില യാഥാർഥ്യങ്ങൾ ആണ് പിന്നീട് അരങ്ങേറിയത്.
ഒരു ഇന്ത്യക്കാരന് ഈ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും ജീവിക്കാനും അവകാശം ഉണ്ടെന്ന് നമുക്കറിയാം. പക്ഷെ കശ്മീരിലെ തീവ്ര ഹിന്ദുത്വവാദികൾ കരുതിവെച്ചിരുന്നത്, കശ്മീരിലെ ഹിരാ നഗർ അവന്റെ ഒക്കെ പിതൃ സ്വത്താണ് എന്നായിരുന്നു. ഹിരാ നഗറിൽ താമസിച്ചിരുന്ന ഒരുകൂട്ടം നാടോടികളായ ബക്കർവാളുകളെ അവിടുന്ന് ഓടിക്കാൻ ഇപ്പറയുന്ന നരാധമന്മാർ കണ്ടെത്തിയ വഴി ആയിരുന്നു, ഒരു നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊല്ലുക എന്നത്.
ഗ്രാമത്തിലെ അമ്പലത്തിൽ വെച്ച് ആ പിഞ്ചു കുഞ്ഞിനെ പിച്ചി ചീന്തുമ്പോൾ നീതിയും ദൈവവും കണ്ണടക്കുകയായിരുന്നു. ഏഴു പ്രതികളിൽ അഞ്ചു പേർ പൊലീസുകാരും ഒരാൾ ക്ഷേത്രത്തിലെ പുരോഹിതനും. അതെ, പരിപാവനമായ പ്രാർത്ഥനകൾ ഉയരേണ്ടിടത്ത് അവളുടെ പിഞ്ചു കരച്ചിൽ അവരെ ഹരം കൊള്ളിക്കുകയായിരുന്നു. എത്ര ക്രൂരമാണത് ! സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി ഒരു പിഞ്ചു ജീവൻ വിടരുന്നതിനു മുമ്പേ പറിച്ചെറിയുക എന്നത്.
അതിലും അതിശയിപ്പിക്കുന്ന സംഭവങ്ങളാണ് പിന്നെ നടന്നത്. ആ പ്രതികൾക്ക് വേണ്ടി റാലികൾ സംഘടിപ്പിക്കപ്പെട്ടു. ഭരണപക്ഷമായ ബിജെപിയുടെ രണ്ടു മന്ത്രിമാരായിരുന്നു അതിന് നേതൃത്വം നൽകിയത്.
ഇനി നമുക്ക് 2020ലേക്ക് തിരിച്ചുവരാം. കോവിഡ് പിടിമുറുക്കുന്നതിന് ഒരൽപം മുൻപ് നമ്മുടെ കേരളത്തിൽ പാലത്തായിയിൽ ഒരു പാവം നാലു വയസ്സുകാരി അധ്യാപകനാൽ പലവട്ടം പീഡിപ്പിക്കപ്പെടുന്നു. മറ്റാരും കേൾക്കാതെ അവളുടെ ശബ്ദവും തഴയപ്പെടുന്നു. മാതാ പിതാ ഗുരു ദൈവം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന നമ്മുടെ നാട്ടിൽ ഈ അവസരത്തിൽ അധ്യാപകൻ ഒരു കാമവെറിയൻ ആയിരുന്നു എന്ന് മാത്രം.
ഒന്ന് സൂക്ഷിച്ചു നോക്കിയാൽ കത്വയും പാലത്തായിയും നമ്മളെ ചിലത് പഠിപ്പിക്കുന്നുണ്ട്. രണ്ട് സന്ദർഭങ്ങളിലും പീഡിപ്പിക്കപ്പെട്ടത് മുസ്‌ലിം വിഭാഗത്തിൽപ്പെട്ട കുട്ടികൾ ആയിരുന്നു. രണ്ട് സംഭവങ്ങളിലും പൊലീസ് ഇരയെ വേട്ടയാടുകയായിരുന്നു.
കത്വയിൽ പെൺകുട്ടിയെ പീഡിപ്പിച്ചത് പൊലീസുകാർ ആയിരുന്നെങ്കിൽ, പാലത്തായിയിൽ ആ കുഞ്ഞു ഹൃദയത്തെ ചോദ്യങ്ങൾ കൊണ്ട് മുറിവേൽപിച്ചത് ഒരു പൊലീസുകാരൻ ആയിരുന്നു.
കത്വ പ്രതികൾക്ക് വേണ്ടി ബിജെപി നേതാക്കൾ തെരുവിൽ ഇറങ്ങിയപ്പോൾ, പാലത്തായിയിൽ വേട്ടക്കാരൻ തന്നെ ബിജെപിയുടെ നേതാവായിരുന്നു. കൂടാതെ അയാളെ ഒളിച്ചു താമസിപ്പിച്ചതും നവ മാധ്യമങ്ങളിൽ ആ കുഞ്ഞിനെ അവഹേളിക്കാൻ മുന്നിട്ട് ഇറങ്ങിയതും ബിജെപിയുടെ കൊടികുത്തിയ നേതാക്കൾ ആയിരുന്നു.
രണ്ട് സംഭവങ്ങളിലും മാധ്യമങ്ങൾ പക്ഷം ചേർന്നത് കാണാം. പാലത്തായി കേസില്‍ ഏഷ്യാനെറ്റ് ഒഴികെ മറ്റ് മാധ്യമങ്ങൾ മൗനത്തിൽ ആയിരുന്നു.
ഇനിയും ഒന്ന് ചൂഴ്ന്നു നോക്കിയാൽ, ചില അപ്രിയ സത്യങ്ങൾ നമുക്ക് കാണാൻ കഴിയും, പാലത്തായിയിൽ പീഡനം മദ്രസ അധ്യാപകന്‍റെ തലയിൽ കെട്ടിവെക്കാൻ പ്രേരിപ്പിച്ച പൊലീസുകാരനും, കത്വയിൽ റോഡിൽ ഇറങ്ങിയ സംഘ് മിത്രങ്ങളും അതി കഠിനമായ ഇസ്‌ലാം വിരോധത്തിന്റെയും വിദ്വേഷത്തിന്റെയും പ്രതീകങ്ങൾ ആയിരുന്നു.
മത സ്വാതത്ര്യം കൊട്ടി പാടുന്ന നാട്ടിൽ ഒരു വിഭാഗം മാത്രം വേട്ടയാടപ്പെടുന്നത് അത്ര സുഖമുള്ള കാഴ്ച്ചയല്ല. നമ്മുടെ നാട് പതിയെ മാറുകയാണ്, “ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ ജനങ്ങളുടെ ” എന്ന ആപ്ത വാക്യം പലപ്പഴും വേട്ടക്കാരുടെയും മത തീവ്രവാദികളുടെയും അവരുടെ മൂട് താങ്ങികളുടെയും എന്നായിട്ടുണ്ട്.
പക്ഷെ എനിക്ക് പ്രതീക്ഷയുണ്ട്. ഇനിയും സുഖമുള്ള പ്രഭാതങ്ങൾ ഉണ്ടാവട്ടെ സ്നേഹത്തിന്റെ ഒരുമയുടെ. മനുഷ്യ സ്നേഹം മാത്രം നിറം നൽകുന്ന പുലരിയിലേക്ക് നമുക്ക് ഒരുമിച്ചു നടക്കാം.
ഇൻഷ അള്ളാഹ്…