ഫാഷിസവും ചങ്ങാത്ത മുതലാളിത്തവും ശക്തിപ്പെട്ടത് എങ്ങനെ?


ഫാഷിസവും ചങ്ങാത്ത മുതലാളിത്തവും Part -1
കെ സഹദേവൻ

2003 ഫെബ്രുവരി 6
ഗുജറാത്ത് കലാപത്തിന് ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മൂന്നാഴ്ച ബാക്കിയുള്ളപ്പോള്‍ ദില്ലിയിലെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ (CII) ഇന്ത്യയിലെ സുപ്രധാന വ്യവസായ പ്രമുഖരെല്ലാം ഒത്തുചേര്‍ന്നിരിക്കുകയാണ്. അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് മുന്നെ ‘Gujarat: The Sunshine State’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കപ്പെട്ടു. ഗുജറാത്ത് ഒരു വ്യവസായ സൗഹൃദ സംസ്ഥാനമായി മാറ്റുന്നതിന് മോദിയുടെ മുന്‍കൈയ്യില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞുകൊണ്ടാണ് ഡോക്യുമെന്ററി അവസാനിച്ചത്.

തന്റെ സ്വതസിദ്ധമായ വാക്ചാതുര്യത്തിലൂടെ, ഗുജറാത്തില്‍ പണം നിക്ഷേപിക്കാന്‍ വ്യവസായ പ്രമുഖരെ ക്ഷണിച്ചുകൊണ്ട്, മോദി കത്തിക്കയറി. എന്നാല്‍ രാഹുല്‍ ബജാജ്, ഗോദ്‌റെജ് എന്നിവരുടെ നേതൃത്വത്തിലുള്ള വ്യവസായികളുടെ കല്ലിച്ച മുഖത്തെയായിരുന്നു മോദിക്ക് നേരിടേണ്ടി വന്നതെന്ന് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ നടന്ന രീതിയിലുള്ള വര്‍ഗ്ഗീയ കലാപങ്ങള്‍ എന്തുതരം വ്യവസായ സൗഹൃദ അന്തരീക്ഷമാണ് സൃഷ്ടിക്കുകയെന്ന് വ്യവസായികള്‍ ആവര്‍ത്തിച്ചു ചോദിച്ചു. മോദിയുടെ ഉത്തരങ്ങള്‍ അവരെ തൃപ്തരാക്കിയില്ലെന്നത് വസ്തുത. വളരെ കുപിതനായാണ് നരേന്ദ്ര മോദി ദില്ലി വിട്ടതെന്നും തൊട്ടടുത്ത ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

മോദിയുടെ സിഐഐ അഭിസംബോധന പ്രസംഗത്തിന് ശേഷം ഗൗതം അദാനിയുടെയും നിര്‍മ്മ ചെയര്‍മാന്‍ കര്‍സന്‍ ഭായ് പട്ടേലിന്റെയും നേതൃത്വത്തില്‍ ഗുജറാത്തി വ്യവസായികളുടെ നേതൃത്വത്തില്‍, ‘Resurgent Group of Gujarat’ എന്ന പേരില്‍ ഒരു ഇന്‍സ്റ്റന്റ് ഗ്രൂപ്പ് ഉടലെടുക്കുകയും മോദിക്കേറ്റ അപമാനത്തിന് ക്ഷമാപണം നടത്തിയില്ലെങ്കില്‍ തങ്ങള്‍ സിഐഐ വിട്ടുപോകുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഗുജറാത്ത് വ്യവസായികളുടെ ശക്തി തിരിച്ചറിഞ്ഞ അക്കാലത്തെ സിഐഐ ഡയറക്ടര്‍ ജനറല്‍ തപന്‍ ദാസ് 2003 മാര്‍ച്ച് 6ന് ഗാന്ധിനഗറിലേക്ക് പറക്കുകയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയ്ക്കുണ്ടായ അനുഭവത്തിന് ക്ഷമചോദിക്കുകയും ചെയ്തു (TNN, MArch 7, 2003). സിഐഐയുടെ ദില്ലി കോണ്‍ഫറന്‍സില്‍ നരേന്ദ്ര മോദിയോട് കടുത്ത സ്വരത്തില്‍ സംസാരിച്ച വ്യവസായികളില്‍ പലരും ഇന്ന് ഇന്ത്യയുടെ വ്യവസായ ഭൂപടത്തില്‍ എവിടെയെന്ന് കണ്ടുപിടിക്കാന്‍ സൂക്ഷ്മ പരിശോധന നടത്തേണ്ടി വരും.

എന്നാല്‍ ഈയൊരു സംഭവം മറ്റൊരു വ്യവസായ സാമ്രാജ്യത്തിന്റെ യുഗത്തിന് തുടക്കം കുറിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. 1980കളുടെ മധ്യം വരെ മുംബൈയില്‍ വജ്രം തരംതിരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന, പിന്നീട് മൂത്ത സഹോദരന്റെ പ്ലാസ്റ്റിക് ബിസിനസില്‍ സഹായിയായി ആരംഭിച്ച് ഏറ്റവുമൊടുവില്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാമനായി വാഴ്ത്തപ്പെടുന്ന ഗൗതം അദാനി എന്ന രണ്ട് പതിറ്റാണ്ട് മുമ്പുവരെ ഇന്ത്യയില്‍ എവിടെയും അറിയപ്പെടാതിരുന്ന വ്യക്തിയുടെ കഥ കൂടിയാണത്. രാജ്യത്തിന്റെ കാവിവല്‍ക്കരണവും വര്‍ഗ്ഗീയ വിഭജനവും അതിരുകളില്ലാത്ത ചങ്ങാത്ത മുതലാളിത്തവും ശക്തിപ്പെട്ട കാലം കൂടിയായിരുന്നു ഇത്.
(തുടരും)

Follow us on | Facebook | Instagram Telegram | Twitter