മോദിയുടെ കയ്യിലകപ്പെട്ട ശാസ്ത്രം!
“ഇന്ത്യന്‍ പാഠ്യപദ്ധതിയെ സമ്പൂര്‍ണ്ണമായും പൊളിച്ചടുക്കിക്കൊണ്ട്, യാതൊരു സംവാദവും പൊതുചര്‍ച്ചയും കൂടാതെ നടപ്പിലാക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഭാരതീയ വിദ്യാഭവന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പരിഗണിച്ചാൽ, രാജ്യത്തെ ഏതാണ്ടെല്ലാ എഞ്ചിനീയറിംഗ് കോളേജുകളിലും ഈ പാഠ്യപദ്ധതികള്‍ നടപ്പിലാക്കും. രാജ്യത്തെ പരിണതപ്രജ്ഞരായ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ അടങ്ങുന്ന പാഠപുസ്തക / ഗവേഷണ സമിതികള്‍ക്ക് പകരം ഭാരതീയ വിദ്യാഭവനും ദീന്‍ദയാല്‍ ഉപാധ്യായ് റിസര്‍ച്ച് സെന്ററും പോലുള്ള സ്ഥാപനങ്ങളിലെ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സമിതികള്‍ പാഠ്യപദ്ധതികള്‍ തയ്യാറാക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടു…”
_ കെ സഹദേവന്‍
ഹിന്ദു ദേശീയതയും ആധുനിക ശാസ്ത്രവും: Part – 3
വാജ്‌പേയില്‍ നിന്നും മുരളീ മനോഹര്‍ ജോഷിയില്‍ നിന്നും അധികാരം നരേന്ദ്ര മോദിയിലേക്ക് എത്തുമ്പോഴേക്കും ആരും ചോദ്യം ചെയ്യാനില്ലാത്ത നാഥനില്ലാക്കളരിയായി ശാസ്ത്രമേഖല അധഃപതിച്ചു കഴിഞ്ഞിരുന്നു. രാജ്യത്തെ പാഠപുസ്തക കമ്മിറ്റിയെയും ശാസ്ത്ര-സാങ്കേതിക വകുപ്പുകളെയും തങ്ങളുടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഉപകരണങ്ങളാക്കി മാറ്റുന്നതില്‍ യാതൊരു വൈമനസ്യവും മോദി സര്‍ക്കാര്‍ കാണിച്ചില്ല. ഭാരതീയ വിദ്യാഭവന്‍ പോലുള്ള ആര്‍.എസ്.എസ് സ്‌പോണ്‍സേര്‍ഡ് സംഘടനകള്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ പോലുള്ള ഔദ്യോഗിക സംവിധാനങ്ങളെ മറികടന്ന് പാഠപുസ്തകം തയ്യാറാക്കുന്നതിലും മറ്റും മുന്‍കൈയ്യെടുക്കാനാരംഭിച്ചു. ‘ഇന്ത്യന്‍ വിജ്ഞാന സമ്പ്രദായം’ (Indian Knowledge Systems) എന്ന പുസ്തകം ഭാരതീയ വിദ്യാഭവന്റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെടുകയും എ.ഐ.സി.ടിയുടെ നിയന്ത്രണത്തിലുള്ള ഏതാണ്ടെല്ലാ സ്ഥാപനങ്ങളിലും പഠിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഭാരതീയ വിദ്യാഭവന് കീഴിലുള്ള ഭവന്‍സ് സെന്റര്‍ ഫോര്‍ സ്റ്റഡീ ആന്റ് റിസര്‍ച്ച് ഇന്‍ ഇന്‍ഡോളജി തയ്യാറാക്കിയ പഠന കോഴ്‌സുകളില്‍ ‘ഇന്ത്യന്‍ വിജ്ഞാന വ്യവസ്ഥയുടെ അടിസ്ഥാന ഘടന’, ‘ആധുനിക ശാസ്ത്രവും ഇന്ത്യന്‍ വിജ്ഞാന വ്യവസ്ഥയും’, ‘യോഗയും സമഗ്ര ആരോഗ്യ സംരക്ഷണവും’, എന്ന് തുടങ്ങി ‘തത്വശാസ്ത്ര പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ വിജ്ഞാന പാരമ്പര്യത്തിന്റെ സത്ത; ഇന്ത്യന്‍ ഭാഷാ പാരമ്പര്യം’ എന്നിവ ഉൾപ്പെടുത്തപ്പെട്ടു. ഇന്ത്യന്‍ പാഠ്യപദ്ധതിയെ സമ്പൂര്‍ണ്ണമായും പൊളിച്ചടുക്കിക്കൊണ്ട്, യാതൊരു സംവാദവും പൊതുചര്‍ച്ചയും കൂടാതെ നടപ്പിലാക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഭാരതീയ വിദ്യാഭവന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പരിഗണിച്ചാൽ, രാജ്യത്തെ ഏതാണ്ടെല്ലാ എഞ്ചിനീയറിംഗ് കോളേജുകളിലും ഈ പാഠ്യപദ്ധതികള്‍ നടപ്പിലാക്കും. രാജ്യത്തെ പരിണതപ്രജ്ഞരായ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ അടങ്ങുന്ന പാഠപുസ്തക / ഗവേഷണ സമിതികള്‍ക്ക് പകരം ഭാരതീയ വിദ്യാഭവനും ദീന്‍ദയാല്‍ ഉപാധ്യായ് റിസര്‍ച്ച് സെന്ററും പോലുള്ള സ്ഥാപനങ്ങളിലെ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സമിതികള്‍ പാഠ്യപദ്ധതികള്‍ തയ്യാറാക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടു.
ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും, പ്രതിഷേധ പ്രസ്താവനകളില്‍ ഒപ്പിടുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് സര്‍ക്കുലറുകള്‍ ഇറക്കപ്പെട്ടു. ശാസ്ത്രത്തിന്റെ ഏറ്റവും അടിസ്ഥാന സ്വഭാവങ്ങളിലൊന്നായ ‘എന്തുകൊണ്ട്?’ എന്ന ചോദ്യം തന്നെ അപ്രഖ്യാപിതമായ രീതിയില്‍ നിരോധിക്കപ്പെട്ട അവസ്ഥ സംജാതമായി.
ഒരൊറ്റ ഉദാഹരണം കാണുക:
ശാസ്ത്രസാങ്കേതിക മേഖലയിലെ സംഭാവനകള്‍ക്ക് ഇന്ത്യയില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന അവാര്‍ഡാണ് ശാന്തി സ്വരൂപ് ഭട്‌നാഗര്‍ പ്രൈസ്. 1958 മുതല്‍ നല്‍കപ്പെടുന്ന ഈ അവാര്‍ഡ് 2022-ല്‍ ആര്‍ക്കും നല്‍കുകയുണ്ടായില്ല. എന്തുകൊണ്ട് ഈ അവാര്‍ഡ് വിതരണം നിര്‍ത്തിവെച്ചു എന്നതിന് പ്രത്യേക കാരണങ്ങളൊന്നും തന്നെ ബന്ധപ്പെട്ടവര്‍ നല്‍കിയതുമില്ല. ബന്ധപ്പെട്ട മേഖലയില്‍ നിന്ന് ഇതു സംബന്ധിച്ച കാര്യമായ ചോദ്യങ്ങളും ഉയര്‍ന്നു വന്നില്ല. ശാന്തിസ്വരൂപ് ഭട്‌നാഗര്‍ പ്രൈസ് നല്‍കാത്തതിനോടൊപ്പം തന്നെ ശാസ്ത്ര മേഖലയിലെ 300-ഓളം അവാര്‍ഡുകളുടെ വിതരണവും നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കുകയുണ്ടായി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എര്‍ത് സയന്‍സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, ആറ്റമിക് റിസര്‍ച്ച് തുടങ്ങി നിരവധി മേഖലകളിലെ 317ഓളം അവാര്‍ഡുകളാണ് നിര്‍ത്തിവെക്കാന്‍ തീരുമാനമായത്.
ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കപ്പെടുന്ന പ്രോത്സാഹനങ്ങള്‍ ഏകപക്ഷീയമായി നിര്‍ത്തിവെക്കപ്പെട്ടതിന് പിന്നില്‍ യുക്തിഭദ്രമായ കാരണങ്ങളൊന്നും നിരത്താന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ലെങ്കിലും മോദിയുടെ പ്രതിച്ഛായാ നിര്‍മ്മിതിയുടെ ഭാഗമായി അടുത്തുതന്നെ ഒരു പ്രഖ്യാപനം ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. ഭാരത രത്‌ന, ഖേല്‍ രത്‌ന എന്നിവയ്ക്ക് തുല്യമായി ശാസ്ത്രമേഖലയില്‍ ഒരു ‘വിഗ്യാന്‍ രത്‌ന’ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് വേണം കരുതാന്‍. രാഷ്ട്രീയ പ്രചരണങ്ങള്‍ക്കും പ്രതിച്ഛായാ നിര്‍മ്മിതികൾക്കും അപ്പുറം ശാസ്ത്രസാങ്കേതിക വിദ്യകളുടെ വികാസത്തിനും വളര്‍ച്ചയ്ക്കും വേണ്ടി ഒരു ഗവണ്‍മെന്റ് എന്തുചെയ്യുന്നു എന്നത് വളരെ സുപ്രധാനമായ സംഗതിയാണ്. ‘ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തി’, ‘ലോകത്തിലെ മൂന്നാമത്തെ സയന്റിഫിക് ഫോഴ്‌സ്’ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ക്കപ്പുറത്ത് ശാസ്ത്ര ഗവേഷണമേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ എന്ന ബൃഹദ് രാജ്യം നീക്കിവെക്കുന്ന തുക തുലോം തുച്ഛമാണെന്നതാണ് യാഥാര്‍ത്ഥ്യം.
2015-16 മുതല്‍ 2022-23 വരെയുള്ള കാലയളവിലെ ശാസ്ത്ര സാങ്കേതിക മേഖലകളിലെ ബജറ്റ് നീക്കിയയിരിപ്പ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 2015-16-ല്‍ മൊത്തം ബജറ്റ് നീക്കിയിരിപ്പ് 10,650 കോടിയ രൂപയായിരുന്നുവെങ്കില്‍ 2021-22 കാലയളവില്‍ അത് 14,793 കോടിയും 2022-23 കാലയളവില്‍ 14,217 കോടിയും 2013-24 വര്‍ഷത്തില്‍ 16,361 കോടിയുമായിരുന്നു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര മൊത്തോല്‍പ്പാദനത്തിന്റെ കേവലം 0.65% മാത്രമാണിത്. നീതി ആയോഗിന്റെ തന്നെ പഠനം വ്യക്തമാക്കുന്നത് 2008-09 കാലയളവിലെ ഗവേഷണ മേഖലയിലെ മൊത്ത നീക്കിയിരിപ്പ് ജിഡിപിയുടെ 0.8% ആയിരുന്നത് 2017-18 കാലയളവിലെത്തുമ്പോള്‍ 0.7% ആയി മാറി എന്നതാണ്. ഈ കാലയളവിലെ പണപ്പെരുപ്പത്തിന്റെ തോത് കൂടി പരിഗണിക്കുമ്പോള്‍ ബജറ്റ് നീക്കിയിരിപ്പിലെ കുറവ് ഇതിനേക്കാള്‍ വലുതായിരിക്കും. ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ തുക എത്രമാത്രം അപര്യാപ്തമാണെന്ന് മനസ്സിലാക്കാന്‍ കഴിയുക. ഇതേ മേഖലയിലെ ദക്ഷിണ കൊറിയയുടെ ബജറ്റ് നീക്കിയിരിപ്പ് അവരുടെ ജിഡിപിയുടെ 4.8% ആണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത് അമേരിക്ക, ചൈന എന്നീ രാജ്യങ്ങളിലേക്കെത്തുമ്പോള്‍ യഥാക്രമം 3.45%, 2.4% എന്നിങ്ങനെയാണ് കണക്കുകള്‍. ശാസ്ത്ര ഗവേഷണ മേഖലയിലെ ബജറ്റ് വകയിരുത്തലിന്റെ ആഗോള ശരാശരി 1.8% ശതമാനമാണെന്ന് കൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതികവിദ്യകളുടെ വികസനത്തിനായി ഫണ്ട് വിനിയോഗിക്കുന്ന ജി-20 രാജ്യങ്ങളുടെ പട്ടികയിലെ ഏറ്റവും താഴെത്തട്ടിലാണ് ജി-20 രാജ്യങ്ങളുടെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുന്ന നമ്മുടെ രാജ്യം.
ഒരു ഭാഗത്ത് വേദഗ്രന്ഥങ്ങളിലെ വെളിപാടുകളെയും പരാമര്‍ശങ്ങളെയും ഗവേഷണ വിഷയങ്ങളായി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കുകയും മറുഭാഗത്ത് സമൂഹത്തിന്റെ പൊതുവായ ഉന്നമനത്തിന് ഉപകരിക്കേണ്ട ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് തടയിട്ടുകൊണ്ടും രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് തടയിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ ശാസ്ത്രസാങ്കേതിക മേഖലകളിലെ ഗവണ്‍മെന്റ് ചെലവുകള്‍ വെട്ടിക്കുറച്ചും സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിച്ചുകൊണ്ടും പുതിയ ശാസ്ത്ര ഗവേഷണ നയങ്ങളും നിയമങ്ങളും പിന്നാമ്പുറങ്ങളില്‍ തയ്യാറാക്കപ്പെടുകയും ചെയ്യുന്നു. ‘ഈസ് ഓഫ് ഡൂയിംഗ് റിസര്‍ച്ച്’ എന്ന് ഓമനപ്പേരിട്ടു കൊണ്ട് ശാസ്ത്ര ഗവേഷണങ്ങളെ വന്‍കിട കോര്‍പ്പറേറ്റുകളുടെ കൈകളിലേക്കിട്ടു കൊടുക്കുന്ന പുതിയൊരു നിയമ നിര്‍മ്മാണം ഇക്കഴിഞ്ഞ മണ്‍സൂണ്‍ സെഷനില്‍ പാര്‍ലമെന്റില്‍ നടക്കുകയുണ്ടായി. ഇന്ത്യയുടെ ശാസ്ത്ര ഗവേഷണങ്ങളുടെ ഭാവി അവതാളത്തിലാക്കുന്ന പുതിയ നിയമനിര്‍മ്മാണത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
തുടരും…
Follow us on | Facebook | Instagram | Telegram | Twitter | Threads