എനിക്കറിയുന്നവർ തന്നെയാണ് എന്‍റെ ഈ വലതുകൈ വെട്ടിമാറ്റിയത്

“സംഘ്പരിവാർ പദ്ധതികൾക്ക് അരുചേർന്ന് ഭരണകൂടവും നീതിപാലകരും നിഷ്ക്രിയരായഭിനയിച്ച് ഒരു ജനതയെ എങ്ങനെയാണ് വംശഹത്യയിലേക്ക് തള്ളിവിടുന്നതെന്ന് വീണ്ടും വീണ്ടും ബോധ്യപ്പെട്ടുകൊണ്ടേയിരുന്നു. ഗുജറാത്തിൽ നിന്നത്ര ദൂരത്തല്ല ഡൽഹിയെന്നും…” സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കേരള സെക്രട്ടറി നൗഷാദ് സി എ എഴുതുന്നു…

“എനിക്കറിയുന്നവർ തന്നെയാണ് എന്‍റെ ഈ വലതുകൈ വെട്ടിമാറ്റിയത്… ” ഡൽഹി GTB ഹോസ്പിറ്റലിൽ അറ്റുപോയ വലതു കൈയുടെ വേദനയടക്കി 17 വയസ്സുള്ള ഭജൻപൂരുകാരനായ ഇക്രാം മുഹമ്മദ് പതിഞ്ഞ ശബ്ദത്തിൽ ഞങ്ങളോട് പറഞ്ഞ് തുടങ്ങി. കത്തിക്കരിഞ്ഞ മുസ്ഹഫുകൾ മാത്രമവശേഷിക്കുന്ന ഫാറൂഖിയ മസ്ജിദും കത്തിയമർന്ന ജാമിയത്തുൽ ഹുദാ മദ്രസയും കടന്ന് മുസ്തഫാബാദിലെ മെഹ്താബിന്‍റെയും സാക്കിറിന്‍റെയും ഖബറിസ്ഥാനിലേക്ക് അവരുടെ സഹോദരൻമാരോടൊപ്പം ഞങ്ങളെത്തുമ്പോൾ പോസ്റ്റുമാർട്ടം കഴിഞ്ഞെത്തിയ മറ്റൊരു മയ്യിത്ത് അടക്കുന്നവരുടെ പ്രാർത്ഥനയായിരുന്നു അവിടെ.

പുതുമണം മാറാത്ത പതിമൂന്നോളം ഖബറുകളോട് ചേർന്ന് ഇനിയും എത്തേണ്ടവർക്കായി ഖബറുകൾ കുഴിച്ചു കെണ്ടേയിരിക്കുന്നു. പഴയ ഖബറുകളിൽ നിന്ന് ലഭിച്ച എല്ലുകളും തലയോട്ടിയും കൂട്ടി വെച്ചിരിക്കുന്നു. ഖബറുകളോരോന്നായി വിശദീകരിച്ച് തരവെ ചെറുപ്പക്കാരനായ ആ ഇമാമിന്‍റെ നാവ് പതറി കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഖബറിസ്ഥാനിൽ നിന്ന് മടങ്ങിവരവേ ഞങ്ങൾക്കവർ കാണിച്ചു തന്നു ഗല്ലിയിൽ ഖബറിസ്ഥാനോട് അത്രയൊന്നും അകലെയല്ലാതെ ചെറു പോറൽ പോലുമേൽക്കാതെ അവർ സംരക്ഷിച്ച ഒരു ക്ഷേത്രകവാടം. അതിന് മുന്നിൽ ജനക്കൂട്ടത്തോട് സംസാരിച്ച് നിൽക്കുന്ന ക്ഷേത്ര പ്രമുഖനും. പോരാടാനും ചേർത്ത് പിടിക്കാനും ഇനിയുമൊരുപിടി നൻമകൾ നമുക്ക് ബാക്കിയുണ്ട്.

കറുത്തിരുണ്ട മഴമേഘങ്ങൾക്ക് താഴെ കരിപുരണ്ട ജീവിതം തിരികെപ്പിടിക്കാൻ അവശേഷിക്കുന്ന കടകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നവർ, അൽ ഇസ്‌ലാഹ് പബ്ലിക് സ്കൂളിലെ സന്ധദ്ധ സംഘടനകളുടെ ക്യാമ്പിൽ രേഖകളുമായി കാത്തിരിക്കുന്നവർ, ജി.ടി.ബി ഹോസ്പിറ്റൽ മോർച്ചറിയിലെത്തിയ അജ്ഞാത മൃതദേഹം പിതാവിന്‍റെയെന്നറിഞ്ഞ് വിതുമ്പുന്ന യുവാവ്, കരച്ചിലടക്കാൻ പാട് പെടുന്ന കുടുംബാംഗങ്ങൾ. ആദ്യം ദിനം യാത്രയിൽ കണ്ട് മുട്ടിയവരാരും കണ്ണിൽ നിന്ന് മായുന്നില്ല.

നട്ടെല്ലിന് സമീപം വെടിയേറ്റ് ഒരു കാൽ ചലനമറ്റ 11 വയസുകാരനായ അനാഥ ബാലൻ ഫൈസാനോടും കൈയറ്റുപോയവരും മുറിഞ്ഞ് വീണ കാൽ തുന്നിച്ചേർത്തവരുമൊക്കെയായ സഹോദരൻമാരോടും കുടുംബങ്ങളോടും സോളിഡാരിറ്റി കൂടെയുണ്ടാകുമെന്നുറപ്പ് നൽകി പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചുമതലകൾ ഏറ്റെടുത്ത് പുറത്തിറങ്ങുമ്പോൾ അത് വരെ കറുത്തിരുണ്ട മാനം ആശ്വാസമഴയായി പെയ്തിറങ്ങുന്നുണ്ടായിരുന്നു.

സോളിഡാരിറ്റിയുടെ ദൗത്യസംഘമായി സംസ്ഥാന നേതാക്കളായ നഹാസ് മാള, ഉമർ ആലത്തൂർ എന്നിവരുമായി ഡൽഹി ഗല്ലികളിലേക്ക് കടന്ന് ചെല്ലുന്തോറും ഈ കാഴ്ചകളുടെ ആഴം കൂടി വന്നതേയുള്ളൂ. സംഘ്പരിവാർ പദ്ധതികൾക്ക് അരുചേർന്ന് ഭരണകൂടവും നീതിപാലകരും നിഷ്ക്രിയരായഭിനയിച്ച് ഒരു ജനതയെ എങ്ങനെയാണ് വംശഹത്യയിലേക്ക് തള്ളിവിടുന്നതെന്ന് വീണ്ടും വീണ്ടും ബോധ്യപ്പെട്ടുകൊണ്ടേയിരുന്നു. ഗുജറാത്തിൽ നിന്നത്ര ദൂരത്തല്ല ഡൽഹിയെന്നും.