എല്ലാവരും തുല്യരാണ്, പക്ഷെ ചിലർ കൂടുതൽ തുല്യരാണ്
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ 7 ഇപ്രകാരം പറയുന്നു, എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ്, നിയമത്തിന്റെ തുല്യ പരിരക്ഷയ്ക്ക് യാതൊരു വിവേചനവുമില്ലാതെ എല്ലാവർക്കും അർഹതയുണ്ട്…
ഡോ. ഷാനവാസ് എ ആർ
അർണബിന് ജാമ്യം. അതും സുപ്രിം കോടതിയിൽ നിന്ന്. ഈ ജാമ്യഹർജി വെറും നാല് ദിവസത്തിനുള്ളിലാണ് കോടതി കേട്ടത്.
ഒപ്പം ജാമ്യം നിഷേധിക്കുന്നത് നീതിയുടെ ലംഘനമല്ലേയെന്നും ഭരണഘടനാ കോടതികൾക്ക് ഇക്കാര്യത്തിൽ ഇടപെടാതിരിക്കാനാകില്ല എന്നും സുപ്രീം കോടതി ചോദിക്കുകയും ചെയ്തു.
വളരെ നല്ലത്. ഉയർന്ന നീതിബോധം, എന്ത് സുന്ദരമായ ഇന്ത്യ
* ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് 83 കാരനായ ഫാദർ സ്റ്റാൻ സ്വാമിയെ ഒക്ടോബർ 8 ന് അറസ്റ്റ് ചെയ്യുന്നത്.
പാർക്കിൻസൺസ് രോഗം കാരണം കൈ വിറയ്ക്കുന്നു, ഗ്ലാസിൽനിന്നു വെള്ളം കുടിക്കാൻ പറ്റുന്നില്ല, അതുകൊണ്ടു സ്ട്രോ ഉപയോഗിക്കാൻ അനുവദിക്കണമെന്നുള്ള 83കാരനായ ഫാദർ സ്റ്റാൻ സ്വാമിയുടെ ഹർജി 20 ദിവസം കഴിഞ്ഞു പരിഗണിക്കാമെന്നാണ് ബഹുമാനപ്പെട്ട എൻ ഐ എ കോടതി തീരുമാനിച്ചത്.
* 30 വർഷം പഴക്കമുള്ള ഒരു കേസ് കുത്തിപ്പൊക്കിയാണ് സഞ്ജീവ് ഭട്ടിനെ ജയിലിലടച്ചത്. 2018 സെപ്റ്റംബർ 5നാണ് അദ്ദേഹത്തെ പോലീസ് കൊണ്ട് പോകുന്നത്. ജാമ്യം നിഷേധിക്കപ്പെട്ട് എന്താണ് അവസ്ഥ എന്ന് പോലുമറിയാതെ ഇപ്പോൾ രണ്ട് വർഷവും രണ്ട് മാസവും 6 ദിവസവും പിന്നിട്ടിരിക്കുന്നു.
അദ്ദേഹത്തിൻറെ മകൻ ശന്തനു വേദനയോടെ ചോദിക്കുന്നു, “നീതിക്ക് വേണ്ടി ശബ്ദിച്ച, പീഡിതർക്ക് വേണ്ടി സത്യം വിളിച്ച് പറഞ്ഞ ഒരു പോലീസ് ഓഫീസറെ ഇവ്വിധം പീഡിപ്പിക്കുമ്പോൾ അയാൾക്ക് വേണ്ടി ശബ്ദിക്കാൻ ഇന്ത്യയിൽ ആരുമില്ലേ” എന്ന്.
* സവർണ്ണ മാടമ്പിമാർ ക്രൂരമായ കൂട്ട ബലാത്‌സംഗത്തിനിരയാക്കി നട്ടെല്ല് തകർക്കുകയും പേര് പറയാതിരിക്കാൻ നാക്ക് മുറിച്ചെടുക്കുകയും ചെയ്തു കൊന്ന മനീഷ വാല്മീകി എന്ന ദളിത് പെൺകുട്ടിയുടെ നാടായ യുപിയിലെ ഹത്‌റാസിൽ പോകുന്നതിനിടെ മലയാളി മാധ്യമ പ്രവർത്തകനും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയും ‘അഴിമുഖം’ വെബ്‌പോര്‍ട്ടല്‍ പ്രതിനിധിയുമായ സിദ്ദീഖ് കാപ്പനെ ഒക്ടോബർ 5നാണ് അറസ്സ് ചെയ്തത്.
സിദ്ധിഖ് കാപ്പന് വേണ്ടി കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ഡൽഹി ഘടകം നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി ഹർജി 4 ആഴ്ചത്തേക്ക് മാറ്റിയിട്ട് ഇപ്പോൾ ഏകദേശം ഒരു മാസമായി.
* അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി പരിസരത്തുവെച്ച്, 2019 ഡിസംബർ 13ന് ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ട് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രസംഗിച്ചതിന്റെ പേരിൽ ഡോക്ടർ കഫീൽ ഖാനെ 2020 ജനുവരി 29ന് രാത്രി മുംബൈ എയർപോർട്ടിൽ വെച്ച് കഫീൽ ഖാനെ അറസ്റ്റ് ചെയ്യുന്നു.
കോവിഡ് പടർന്നു പിടിച്ച സമയത്ത് കൊടും കുറ്റവാളികൾ ഒഴികെയുള്ള വിചാരണ തടവുകാരെ പരോളിൽ വിട്ടയക്കുവാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
2020 ജൂൺ 20ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശസംരക്ഷണ ചുമതലയുള്ള സമിതി ഡോക്ടർ കഫീൽ ഖാൻ അടക്കമുള്ള സിഎഎ വിരുദ്ധ പ്രക്ഷോഭകരെ പുറത്തുവിടണം എന്ന് ഇന്ത്യ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു .
പക്ഷെ, കഫീൽ ഖാൻ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കിടന്നത് 7 മാസത്തോളമാണ്.
* ഈ ഇന്ത്യ ആരുടേതാണ്?
Article 7 of the Universal Declaration of Human Rights (UDHR) states: “All are equal before the law and are entitled without any discrimination to equal protection of the law”
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ 7 ഇപ്രകാരം പറയുന്നു: “എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ്, നിയമത്തിന്റെ തുല്യ പരിരക്ഷയ്ക്ക് യാതൊരു വിവേചനവുമില്ലാതെ എല്ലാവർക്കും അർഹതയുണ്ട്”
ശരി ആയിരിക്കും അല്ലെ?
* all are equal but some are more equal… George Orwell
എല്ലാവരും തുല്യരാണ് പക്ഷേ ചിലർ കൂടുതൽ തുല്യരാണ്… ജോർജ്ജ് ഓർവെൽ