അംബികയും മറുവാക്കും കോറസും നേരിടുന്ന ഭരണകൂട വേട്ട

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ഭരണകൂട വേട്ട നേരിടുന്ന മറുവാക്ക് മാസികക്കും എഡിറ്റർ പി അംബികക്കും അടിച്ചമർത്തപ്പെടുന്ന കോറസ് മാഗസിന്റെ ഐക്യദാർഢ്യം:

മറുവാക്ക് എഡിറ്റര്‍ അംബികക്കെതിരെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു.
: കോറസ് എഡിറ്റോറിയല്‍

ഭരണകൂട ഹിംസകൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ പ്രതിഷേധിക്കുക!

ഫേസ്ബുക്കില്‍ തന്റെ നിലപാടുകൾ, നീതിയെക്കുറിച്ചുള്ള അന്വേഷണം, സാമൂഹ്യ ചുറ്റുപാടുകളിലെ അനീതികൾക്കെതിരായ പ്രതികരണം, എന്നിവ നടത്തിയതിന്റെ പേരിൽ മറുവാക്ക് മാസികയുടെ പത്രാധിപക്കെതിരെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തിരിക്കുന്നു. ഇതിനെ ഞങ്ങള്‍ അപലപിക്കുക മാത്രമല്ല, ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു.

‌തോൽപ്പിക്കപ്പെട്ട ഒരുപാടു പേർക്കുവേണ്ടി നമുക്ക് ഇവിടെ ജയിച്ചേ മതിയാവൂ…

അധികാരത്തിന്റെയും സമ്പത്തിന്റെയും വരേണ്യതയുടേയും ദല്ലാളുകളായി പ്രവർത്തിക്കുന്ന പോലീസ്, മോദിക്കെതിരെയും പിണറായിക്കെതിരേയും ഒരു വാക്ക് പറഞ്ഞാൽ, വിമർശിച്ചാൽ ചാടി വീഴുകയായി. പോലീസ് സ്വമേധയായി കേസെടുക്കുകയോ, സംഘി, സോഷ്യൽ ഫാസിസ്റ്റുകൾ എന്നിവര്‍ വ്യാജ പരാതിയോ എവിടെയെങ്കിലും നൽകും.

കോറസ് മാഗസിൻ അതിന്റെ ആദ്യലക്കം ഇറങ്ങി 15-ാം ദിവസം പോലീസ് സ്വയം കേസെടുത്ത് മിന്നൽ റെയ്ഡുകൾ നടത്തി. 20 ദിവസത്തിനകം കേസ് ചാർജ്ജ് ചെയ്തു. കോടതി ഉത്തരവിൽ വീണ്ടും റെയ്ഡുകൾ, നിയമനടപടികള്‍ തുടരുകയാണ്.

ഫാസിസ്റ്റ് ശക്തികൾ അവരുടെ കഠിനമായ വിദ്വേഷവും വിഭജന അജണ്ടയുമായി തിരക്കിലായിരിക്കുമ്പോൾ ആശങ്കാകുലരായ നാമെല്ലാവരും നമ്മുടെ ധാർമ്മിക നിലപാട് പ്രകടിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. “നിങ്ങൾ പേന എന്നിൽ നിന്ന് പിടിച്ചു വാങ്ങിയാൽ ഞാൻ കരികൊണ്ട് എഴുതും” എന്ന് പറയുന്നതിനപ്പുറം പേന തിരിച്ചു പിടിക്കാൻ നാം പരാജയപ്പെടുന്നു. ഒരു പരിധിവരെ നാം ഈ ബഹുജന ഫാസിസ്റ്റ് പരിപാടികളുടെ ഇരകളായി തീരുന്നു. ഇതിനെ ഫാസിസ്റ്റ് സങ്കേതങ്ങളുടെ സൗന്ദര്യശാസ്ത്രം എന്ന് വിളിച്ച് ഒരു ചായക്കോപ്പ ചർച്ച നടത്തുന്നു .

നിയമം അല്ല നീതി
സംസാരിക്കാനുള്ള പൗരന്റെ അവകാശത്തെ സംരക്ഷിക്കുന്ന നിയമം ഇവിടെ ലംഘിക്കപെടുന്നു എന്ന് നമ്മള്‍ വിലപിക്കുകയല്ല വേണ്ടത്. നിങ്ങൾ അനീതി ചെയ്തു എന്ന് നമുക്ക് ഉറക്കെ പറയാം. അനുവദിക്കപ്പെട്ട ഒരവകാശം ഉപയോഗിച്ച് നിയമം ഉറപ്പുതരാത്ത അവകാശങ്ങൾക്ക് വേണ്ടി പൊരുതുക.

മറുവാക്ക് പത്രാധിപ അംബികക്കെതിരെ പോലീസ് കടുത്ത അനീതിയാണ് ചെയ്തിരിക്കുന്നത്. അവരുടെ സംസാരിക്കാനുള്ള, ആത്മപ്രകാശനം നിർവ്വഹിക്കുന്ന എഴുത്തിനുള്ള അവകാശത്തെ നിഷേധിക്കുന്നതിനെതിരെ, പത്രാധിപ സ്വാതന്ത്ര്യം തിരിച്ചുപിടിക്കുന്നതിനുള്ള മറുവാക്ക് മാഗസിൻ ടീമിന്റെ പോരാട്ടത്തിൽ ഞങ്ങൾ ഒപ്പമുണ്ടാകും.
: കോറസ് ത്രൈമാസിക
പത്രാധിപ സമിതി

Follow us on | Facebook | Instagram Telegram | Twitter | Threads