സര്‍ക്കാര്‍ ഉറങ്ങുമ്പോള്‍ കോർപ്പറേറ്റുകൾ വളരുന്നു

“ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നവരുടെ സംഖ്യ 2019ല്‍ 19 കോടിയായിരുന്നത് 2022 ആയപ്പോഴേക്കും 35 കോടിയായി വര്‍ദ്ധിച്ചു. രാജ്യത്തെ 80കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കുന്നുണ്ടെന്ന് അഭിമാനത്തോടെ പറയുന്ന മോദി, പറയാതെ പറയുന്ന കാര്യം രാജ്യത്തെ ദാരിദ്ര്യത്തിന്റെ വര്‍ദ്ധനവിനെക്കുറിച്ചാണ്…”

കെ സഹദേവൻ

“India grows at night when the government sleeps” പ്രസിദ്ധമായ ഈ വാചകം പ്രോക്ടര്‍ ആൻഡ് ഗാംബ്ള്‍ എക്‌സിക്യൂട്ടിവ് ആയിരുന്ന ഗുരുചരണ്‍ ദാസിന്റേതാണ്.

റൊണാള്‍ഡ് റീഗന്‍ തൊട്ട് ജഗദീഷ് ഭഗവതി വരെയുള്ളവര്‍ ആവര്‍ത്തിച്ച് വിശദമാക്കുന്ന, ‘ഏറ്റവും കുറഞ്ഞ സര്‍ക്കാര്‍ ഇടപെടല്‍’ എന്ന ആശയം തന്റെ സാമ്പത്തിക-വികസന കാഴ്ചപ്പാടാണെന്ന് അഭിമാനത്തോടെ വിളംബരം ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ എട്ട് വര്‍ഷങ്ങളില്‍ വാസ്തവത്തില്‍ ഉറങ്ങുക തന്നെയായിരുന്നുവെന്നും എന്നാല്‍ രാഷ്ട്ര വളര്‍ച്ചയ്ക്ക് പകരം അദാനിയെയും അംബാനിയെയും പോലുള്ള ഏതാനും ഒളിഗാര്‍ക്കുകള്‍ക്ക് മാത്രമേ വളര്‍ച്ച നേടാന്‍ സാധിച്ചുള്ളൂവെന്നുതും വസ്തുത.

സാമ്പത്തിക പുനര്‍വിതരണം എന്നതിന് പകരം സ്വകാര്യ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക എന്ന മോദിയുടെ ഗുജറാത്ത് മോഡലിന് ബൗദ്ധിക പിന്തുണ നല്‍കിയ ജഗദീഷ് ഭഗവതിയടക്കമുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ ഇന്ന് മൗനവ്രതത്തിലാണ്. ഗുജറാത്ത് മാതൃക ഇന്ത്യന്‍ വികസന മാതൃകയായി പരിണമിച്ചപ്പോള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത, ഭൂമിയും വെള്ളവും മലിനമാക്കുന്ന, തന്റെ സ്വന്തക്കാരായ വ്യവസായികള്‍ക്ക് മാത്രം അവസരങ്ങളും സൗജന്യങ്ങളും വാരിക്കോരിക്കൊടുക്കുന്ന ഒന്നാണെന്ന് തിരിച്ചറിയുമ്പോഴേക്കും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നവരുടെ സംഖ്യ 2019ല്‍ 19 കോടിയായിരുന്നത് 2022 ആയപ്പോഴേക്കും 35 കോടിയായി വര്‍ദ്ധിച്ചു. രാജ്യത്തെ 80കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കുന്നുണ്ടെന്ന് അഭിമാനത്തോടെ പറയുന്ന മോദി, പറയാതെ പറയുന്ന കാര്യം രാജ്യത്തെ ദാരിദ്ര്യത്തിന്റെ വര്‍ദ്ധനവിനെക്കുറിച്ചാണ്.

നരേന്ദ്ര മോദിയുടെ സാമ്പത്തിക നയപരിപാടികളോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ ഇക്കാലയളവില്‍ രാജിവെച്ച് പോയ വിദഗ്ദ്ധരുടെ എണ്ണം ഒരു ഡസനോളം വരും. അമിതാഭ് ബച്ചനും കങ്കണ റണാവതും വാനോളം പുകഴ്ത്തുന്ന മോദിണോമിക്‌സിനെ കുറിച്ച് മനസ്സിലാക്കാനും, രാജ്യത്തെ ജനാധിപത്യ-സാമൂഹിക അന്തരീക്ഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏത് രീതിയിലാണ് കുഴമറിച്ചിലിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് അറിയാനും, പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനായ അശോക മോദിയുടെ ഏറ്റവും പുതിയ പുസ്തകമായ India is Broken: A People Betrayed, Independence to Today. എന്ന പുസ്തകത്തിലൂടെ കടന്നുപോയാല്‍ മതിയാകും.

അശോക മോദി, പ്രിന്‍സ്റ്റണ്‍ യൂണിവേര്‍സിറ്റിയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് & ഇന്റര്‍നാഷണല്‍ അഫയേര്‍സിലെ വിസിറ്റിംഗ് പ്രൊഫസറും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്. ‘വികസ്വര സമ്പദ് വ്യവസ്ഥകളിലേക്കുള്ള വിദേശ മൂലധന നിക്ഷേപത്തെ’ സംബന്ധിച്ച പഠനത്തില്‍ അദ്ദേഹം അഗ്രഗണ്യനുമാണ്.

നാല് ഭാഗങ്ങളിലായി 1947 മുതല്‍ വര്‍ത്തമാനം വരെയുള്ള ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ – സാമ്പത്തികാവസ്ഥകളെ 23 അധ്യായങ്ങളിലൂടെ അവതരിപ്പിക്കുകയാണ് അശോക മോദി ചെയ്യുന്നത്. ഇതില്‍ നാലാം ഖണ്ഡം, പ്രത്യേകിച്ചും 2014 മുതല്‍ 2021വരെയുള്ള മോദി കാലം ഏതാണ്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ സാമ്പത്തിക മേഖലയെ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചതെങ്ങിനെയെന്ന് വിശദീകരിക്കുന്നു.

Book Buy Now
India is Broken: A People Betrayed, Independence to Today

നാലാം ഖണ്ഡ(Hubris, 2005 to the present)ത്തിലെ 21 (Modi pushes to the economy to the edge, 22 (Modi breaks India’s Fractured Democracy) 23 (Covid19 Bares the Moral Decay) എന്നീ അധ്യായങ്ങള്‍ നിരന്തരമായ വര്‍ഗ്ഗീയ വിഭജനങ്ങളിലൂടെയും സാമൂഹികാസ്വസ്ഥതകളിലൂടെയും ഒരു രാഷ്ട്രത്തിന്റെ ജനാധിപത്യ വ്യവസ്ഥയെയും സാമ്പത്തികാവസ്ഥകളെയും തകര്‍ച്ചയുടെ പടുകുഴിയിലേക്ക് എത്തിച്ചതെങ്ങിനെയെന്ന് സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി വിശദീകരിക്കുന്നു.

മോദി ഭരണം ഒരു ദശകക്കാലം പൂർത്തിയാക്കാനിരിക്കെ, ‘ഹിന്ദുത്വ’ എന്ന വിഭജന മുദ്രാവാക്യമല്ലാതെ മറ്റൊന്നും സംഭാവന നൽകാൻ കഴിയാതെ, രാജ്യത്തെ സാമ്പത്തിക അസ്ഥിരതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ‘മോദിണോമിക്സി’ൻ്റെ കാണാപ്പുറങ്ങളിലേക്ക് അശോക മോദിയുടെ പുസ്തകം നമ്മെ കൂട്ടിക്കൊണ്ട് ചെല്ലുന്നു.

(1947 മുതൽക്കിങ്ങോട്ടുള്ള ഇന്ത്യൻ സാമ്പത്തിക-രാഷ്ട്രീയാവസ്ഥകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കമെങ്കിലും അവസാന ഭാഗത്തെക്കുറിച്ച് മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത്.)
_ കെ.സഹദേവൻ

Articles Fascism and Capitalism

Follow us on | Facebook | Instagram Telegram | Twitter