ഞാനും അവരും ഇപ്പോഴും ‘പട്ടികജാതി’ക്കാര്‍ മാത്രമാണ് !

ദളിത്പക്ഷ ചിന്തകനും എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ദേ ജാതിയെയും ദലിത് അവസ്ഥകളെയും പറ്റി സംസാരിക്കുന്നു. ഇന്ത്യന്‍ സാമൂഹ്യാവസ്ഥയില്‍ അടിസ്ഥാനപരമായി ഒരു മാറ്റവും സംഭവിക്കുന്നില്ലെന്നും ദലിതുകളുടെ ജീവിത സാഹചര്യം മുമ്പെന്നെത്തേക്കാളും മോശമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു…

#സംഭാഷണം
ആനന്ദ് തെല്‍തുംബ്‌ദേ|ആര്‍ കെ ബിജുരാജ്
2010 May 9 | മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖം

ഞാനും അവരും ഇപ്പോഴും ‘പട്ടികജാതി’ക്കാര്‍ മാത്രമാണ്

ഒരൊറ്റ വാചകം ചിലപ്പോള്‍ നമ്മളോട് പലതും പറയാതെ പറയും. ”എന്റെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ എനിക്കുണ്ട്, എന്നാല്‍ ഞാനിപ്പോഴും ഒരു ‘പട്ടികജാതി’ക്കാരനാണ്”- ദളിത് പക്ഷ ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ദേയുടെ വാചകം അത്തരത്തില്‍ ഒന്നാണ്. ദളിതുകള്‍ക്ക് മുന്നില്‍ ജീവിതവും സമൂഹവും വെല്ലുവിളിയായി കടന്നുവരുന്നതിനെ പറ്റിയാണ് ആ വാക്കുകള്‍ രോഷംകൊള്ളുന്നത്.

ദളിത് പക്ഷ ചിന്തകന്‍ എന്നതിനു പുറമെ ആക്റ്റിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് ഡോ. ആനന്ദ് തെല്‍തുംബ്‌ദെ. ദളിത് പക്ഷത്തു തന്നെ വേറിട്ട ചിന്താധാരയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നീരിക്ഷകന്‍ (പൊളിറ്റിക്കല്‍ കമന്റേറ്റര്‍) കൂടിയായ ആനന്ദ് തെല്‍തുംബ്‌ദെയുടെ ജനനം മഹാരാഷ്ട്രയിലെ രജൂരിലാണ്. ഭൂരഹിത തൊഴിലാളി കുടുംബത്തില്‍ അംഗമായിട്ടായിരുന്നു അത്. പിന്നീട് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ബിരുദം. ഇപ്പോള്‍ മുംബൈയിലെ പെട്രോനെറ്റ് ഇന്ത്യാ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ്.

സമകാലിക സംഭവങ്ങളെപ്പറ്റി ആനുകാലികങ്ങളില്‍ പതിവായി വിശകലനവും വിമര്‍ശവും എഴുതിവരുന്നു. മുംബൈയിലാണ് താമസം. ഡോ. അംബേദ്കറിന്റെ പൗത്രി രമയാണ് ഭാര്യ. ‘അംബേദ്കര്‍ ഓണ്‍ മുസ്ലീംസ്’, ‘ഖൈര്‍ലാന്‍ജി: എ സ്‌ട്രെയിഞ്ച് ആന്‍ഡ് ബിറ്റര്‍ കോപ്പ്’, ‘ഹിന്ദുത്വ ആന്‍ഡ് ദളിത്‌സ്’, ‘അംബേദ്കര്‍ ഇന്‍ ആന്‍ഡ് ഫോര്‍ ദ പോസ്റ്റ്-അംബേദ്കര്‍ ദളിത് മൂവ്‌മെന്റ്’ എന്നിവ ഉള്‍പ്പടെ 16 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.  ഈ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ തെല്‍തുംബ്‌ദേ തന്റെ ജീവിതത്തെപ്പറ്റിയും ദളിത് അവസ്ഥകളെയും പറ്റിയുള്ള ചില തുറന്ന വിചാരങ്ങള്‍ പങ്കുവയ്ക്കുന്നു.

* താങ്കള്‍ എങ്ങനെയാണ് ജാതിവിരുദ്ധ പ്രസ്ഥാനത്തിലേക്കും ദളിത് ബോധത്തിലേക്കും എത്തിച്ചേരുന്നത് ?

ഞാന്‍ ജനിച്ചത് ഒരു ഭൂരഹിത തൊഴിലാളി കുടുംബത്തിലാണ്. അതുകൊണ്ട് സ്വാഭാവികമായി തന്നെ ഗ്രാമത്തില്‍ നിലനിന്നിരുന്ന വിവിധതരം അസമത്വങ്ങള്‍ പരിചിതമായിരുന്നു. ഞങ്ങളുടേത് സാധാരണ രീതിയിലുള്ള ഒരു ഗ്രാമമായിരുന്നില്ല. അവിടെ ഒരു റെയില്‍വേ സ്‌റ്റേഷനുണ്ടായിരുന്നു. താലൂക്ക് പട്ടണം, ചുണ്ണാമ്പുകല്ല് ഫാക്ടറികള്‍, കല്‍ക്കരി ഖനികള്‍ എന്നിവയിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം ജാതിയെപ്പറ്റി ചിന്തിക്കാനും വിപ്ലവകരമായ രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണാനും സഹായകമായി.

മാര്‍ക്‌സിസത്തിലേക്ക് ജോസഫ് സ്റ്റാലിന്റെ ജീവചരിത്രം വായിച്ച് ഞാന്‍ അടുത്തു. ആ പുസ്തകം എനിക്ക് ലഭിച്ചത് രണ്ടാം ക്ലാസില്‍ ഒന്നാമനായതിനാണ്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അംബേദ്കറെ വായിക്കുന്നത്. മാര്‍ക്‌സിസം ആരും പഠിപ്പിച്ചു തന്നതല്ല. സൈദ്ധാന്തികവും പ്രായോഗികവുമായ രീതിയിലൂടെ വൈരുദ്ധ്യാത്മകമായിട്ടാണ് ഞാനത് സ്വയം സ്വായത്തമാക്കിയത്. ഈ പ്രക്രിയ ജാതിബോധം എന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. പിന്നീട്, എനിക്ക് ജാതി, വര്‍ഗം എന്നീ അടിസ്ഥാന ദ്വന്ദങ്ങളാണ് ആദ്യകാല കമ്യൂണിസ്റ്റുകളുടെ വിഡ്ഡിത്തം എന്നു മനസിലായി. അവര്‍ ഇവിടുത്തെ സാമൂഹ്യ അവസ്ഥയെ ശരിയായ രീതിയില്‍ വര്‍ഗവിശകലനം നടപ്പാക്കുന്നതില്‍ പരാജയെപ്പട്ടുവെന്ന് മനസിലായി. അത്തരത്തിലായിരുന്നു എന്റെ ചിന്തകളുടെയും ധാരണകളുടെയും വികാസം.

* ജാതിയെ മനസിലാക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ക്ക് പാളിച്ച പറ്റി എന്നതാണോ താങ്കളെ മാറ്റി ചിന്തിപ്പിക്കുന്നത് ?

അതെ, വര്‍ഗ വികശലനം ഏതൊരു രാജ്യത്തെയും സമൂര്‍ത്ത സാഹചര്യത്തിന് അനുസരിച്ചാണ് നടത്തുക. എന്നാല്‍, കമ്യൂണിസ്റ്റുകള്‍ അതിന് ഇറക്കുമതി ചെയ്യപ്പെട്ട സിദ്ധാന്തങ്ങളാണ് ഉപയോഗിച്ചത്. ശരിയായ വിശലകനം നടത്തിയിരുന്നെങ്കില്‍ വര്‍ഗവുമായി ഉള്‍ചേര്‍ന്നിരിക്കുന്ന ജാതിയെ അവര്‍ കാണുമായിരുന്നു. അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സമാന്തരമായ ദലിത് പ്രസ്ഥാനം ആവശ്യമായി വരില്ലായിരുന്നു. ഇന്ത്യയുടെ ചരിത്രം തന്നെ മാറിപ്പോയേനെ. ജാതിയെ എതിരിടാതെ ഈ രാജ്യത്ത് ഗുണകരമായ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് എനിക്ക് ബോധ്യമായി. ഭരണവര്‍ഗങ്ങള്‍ക്ക് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശക്തിമത്തായ ആയുധമാണ് ജാതി. ഈ ആയുധം നശിപ്പിക്കുക എന്നതാണ് പ്രധാനം. അടിത്തട്ടിലുള്ള ജനവിഭാഗത്തെ മുഴുവന്‍ ഒരു വര്‍ഗമായി സംഘടിപ്പിക്കുക എന്നതാണ് ഇന്ത്യയില്‍ ഒരു വിപ്ലവപദ്ധതിക്ക് വേണ്ട ഏറ്റവും അടിസ്ഥാന പരമായ ആവശ്യം.

* ”എന്‍റെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ എനിക്കുണ്ട്, എന്നാല്‍ ഞാനിപ്പോഴും ഒരു ‘പട്ടികജാതി’ക്കാരനാണ്”-താങ്കള്‍ പറഞ്ഞതാണിത്. വിശദീകരിക്കാമോ?

അടിസ്ഥാനപരമായി ഇന്ത്യയില്‍ ഒന്നും മാറുന്നില്ല. അതാണ് വസ്തുത. പുരോഗമനക്കാരായ ആളുകള്‍പോലും നിങ്ങളെ ദലിത് എന്ന രീതിയില്‍ തിരിച്ചറിയുന്നത് ഞെട്ടിപ്പിക്കും. എത്ര ആഴത്തിലാണ് ജാതി എന്ന ബോധം ഓരോരുത്തരിലും പടര്‍ന്നിറങ്ങിയിരിക്കുന്നത് എന്ന് ഇത് വ്യക്തമാക്കും. ഞാനെപ്പോഴും ഏറ്റവും ഉയര്‍ന്ന റാങ്ക് മേടിച്ച വിദ്യാര്‍ത്ഥിയാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളോടും ആത്മാത്ഥയോടെ സമീപിക്കുകയും വസ്തുനിഷ്ഠമായ മത്സരങ്ങളില്‍ ആത്മവിശ്വാസത്തോടെ പോരാടി വിജയിക്കുകയും ചെയ്തയാളാണ്. എന്നാല്‍ പിഗ്മികള്‍ എന്ന നിലയില്‍ നമ്മള്‍ വിലയിരുത്തപ്പെടുന്നത് ഞെട്ടലുളവാക്കും.

ഇതെങ്ങനെയാണ് വിശദീകരിക്കുക ? ‘പ്രീമിയവും’, ‘ഡിസ്‌കൗണ്ടും’ ഉള്ള ഒരു വ്യവസ്ഥയിലാണ് ജാതി പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. സംവരണത്തിനായി യാചിക്കുന്ന ദലിതാണ് നിങ്ങളെങ്കില്‍ അവരെന്തിങ്കിലും തന്നേക്കും. പക്ഷേ, നിങ്ങള്‍ക്ക് സംവരണം വേണ്ടെങ്കില്‍ അവര്‍ നിങ്ങളെ അധിക്ഷേപിക്കും. വ്യക്തിപരമായ അനുഭവങ്ങള്‍ സാമൂഹ്യപരമായ കാര്യങ്ങളുമായി കൂട്ടിക്കലര്‍ത്തുന്നത് എനിക്ക് ഇഷ്ടമില്ല. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന കാപട്യം എന്നെ വേദനിപ്പിക്കുന്നുണ്ട്. ഞാനെന്നും പുരോഗമനവാദിയായിരുന്നു. ജാതിയെപ്പറ്റി സങ്കുചിതമായ തലത്തില്‍ സംസാരിച്ചിട്ടില്ല. എന്റെ എഴുത്തിന്റെ നല്ല പങ്കും ഈ തരത്തില്‍ നോക്കിയാല്‍ ജാതിയെ നിരാകരിക്കുന്നതാണ്. എന്നാല്‍ ഞാനിപ്പോഴും ‘ദലിത്’ എഴുത്തുകാരനായിട്ടാണ് പരിഗണിക്കപ്പെടുന്നത്. മറ്റുള്ളവരെ അവര്‍ ജാതിയുമായി ചേര്‍ത്ത് പരാമര്‍ശിക്കാറുണ്ടോ ?

എന്തുകൊണ്ട് ദലിതുകളെ മാത്രം ജാതിയുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്നു. അവരുടെ മനസിലുള്ള ജാതിവിഷമാണ് വെളിപ്പെടുത്തുന്നത്. ഞാന്‍ പങ്കാളിയായ കോര്‍പ്പറേറ്റ് മേഖലയെ വിട്ടുകളയാം. അഹമ്മദാബാദ് ഐ.ഐ.എം-ലെ പൂര്‍വ വിദ്യാര്‍ത്ഥി ഏതെങ്കിലും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവര്‍ക്ക് മാധ്യമങ്ങള്‍, പൂര്‍വ വിദ്യാര്‍ത്ഥി സമൂഹം എന്നിങ്ങനെ പല കോണുകളില്‍ നിന്ന് വലിയ അംഗീകാരങ്ങള്‍ കിട്ടും. രണ്ടു ദശാബ്ദത്തിലേറെയായി ഞാന്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ സജീവമാണ്. എന്നാല്‍ ആരും അത്തരം അഭിനന്ദനങ്ങളൊന്നും എനിക്ക് നല്‍കിയിട്ടില്ല. പകരം ദലിത് എന്ന പരാമര്‍ശമാണ് ഞാന്‍ നേരിട്ടിട്ടുള്ളത്. ഒരു ഐ.ഐ.എം.എ മുന്‍ വിദ്യാര്‍ത്ഥി ഒരു കഥാപുസ്തകം രചിച്ചു. അദ്ദേഹത്തെ എല്ലാവരും എഴുത്തുകാരനായി പുകഴ്ത്തി. ദീര്‍ഘകാല താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന 18 പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഒരാളും എഴുത്തുകാരന്‍ എന്ന പേരില്‍ എന്നെ അഭിസംബോധന ചെയ്തിട്ടില്ല. സാധാരണ ആത്മനിഷ്ഠമായ സ്വയം അവസ്ഥയെപ്പറ്റി ഞാന്‍ ചിന്തിക്കാറില്ല. എങ്കില്‍ തന്നെ ചുറ്റുപാടുമുള്ള വസ്തുനിഷ്ഠമായ അഴുക്കുകള്‍ നിങ്ങള്‍ ചിലപ്പോഴെങ്കിലും ശ്രദ്ധിക്കേണ്ടി വരുന്നു.

* എന്താണ് ദളിതുകളുടെ അവസ്ഥ ? പുരോഗന മാറ്റങ്ങള്‍ സംഭവിക്കുകയാണോ, അതോ തിരിച്ചടിയോ ?

എന്നത്തേക്കാളും, വ്യത്യസ്തവിഭാഗങ്ങള്‍ ഉര്‍ച്ചേര്‍ന്ന ഒരു വിഭാഗമാണ് ദലിതുകള്‍.  ദലിത് എന്നത് അഭിലാഷങ്ങളുള്ള വര്‍ഗം എന്ന പദമാണ്. എല്ലാ തൊട്ടുകൂടാത്തവരെയും ഉള്‍പ്പെടുത്തുന്ന പേര്. ആ പദം ആവിഷ്‌കരിക്കുന്ന സമയത്ത് ദലിതുകള്‍ക്കിടയില്‍ വര്‍ഗപരമായി നല്ലയളവില്‍ ഐക്യാവസ്ഥയുണ്ടായിരുന്നു. പക്ഷേ ഇന്ന് അത് വ്യത്യാസപ്പെട്ടിട്ടുണ്ട്. സംവരണ വ്യവസ്ഥയും സര്‍ക്കാരിന്റെ നവീകരണ പദ്ധതികളും മൂലം സമൂഹത്തിന്റെ ഓരോ തലത്തിലും അസമത്വമേറിയിട്ടുണ്ട്. ദലിതുകളില്‍ ഭൂരിപക്ഷവും, തീര്‍ച്ചയായും 90 ശതമാനത്തിലധികം, മോശാവസ്ഥയിലാണ്.

നവലിബറല്‍ നയങ്ങളുടെ ഉന്നതവര്‍ഗ സമീപനം മൂലമാണ് ഇത്. ദലിതുകള്‍ക്ക് നല്ല വിദ്യാഭ്യാസമില്ല. ജോലി കിട്ടുമെന്ന് പ്രതീക്ഷയില്ല. സംവരണം ശരിക്കും ഇല്ലാതായിട്ടുണ്ട്. ഗ്രാമീണ സാമ്പത്തിക വ്യവസ്ഥ തകരുകയും ജാതി അതിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളീകരണത്തിന്റെ രണ്ടു ദശാബ്ദങ്ങളില്‍ പുരോഗമനകരമായ എന്തെങ്കിലും മാറ്റമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ദലിതുകളില്‍ കൈവിരലില്ലെണ്ണാവുന്നവര്‍ക്കു മാത്രമേ അല്‍പമെങ്കിലും ഗുണമുണ്ടായിട്ടുള്ളൂ. എല്ലാ മേഖലയിലും ദലിതുകള്‍ക്ക് ഗൗരവമായ തിരിച്ചടികള്‍ നേരിടുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.

* ജാതി വ്യവസ്ഥയെ എങ്ങനെയാണ് ഉന്മൂലനം ചെയ്യാനാവുക ? രാഷ്ട്രീയമായി എന്താണ് താങ്കള്‍ നിര്‍ദേശിക്കുക ?

ആദ്യം ജാതിയെ നിഷേധിക്കണം. പിന്നെ അതിന്റെ അവശിഷ്ട രൂപങ്ങള്‍ക്കെതിരെ പോരാടണം. അതിനര്‍ത്ഥം ജാതിയെ ജാതിയില്‍ ഊന്നിക്കൊണ്ട് ഒരിക്കലും ഇല്ലാതാക്കാനാവില്ലെന്നാണ്. അതിനെ ഉന്മൂലനം ചെയ്യണമെങ്കില്‍ അതിനെ പരിവര്‍ത്തനപ്പെടുത്തണം. ജാതി എന്നത് ഭിന്നതകള്‍ നിറഞ്ഞതാണ്. അതിനെ ഒരുമിപ്പിക്കാനാവില്ല. എല്ലാ തൊട്ടുകൂടാത്ത ജാതികളെയും ഒന്നിപ്പിച്ചുകൊണ്ട് ദലിത് എന്നത് കേവലമായി നിര്‍മിക്കാനാവില്ല. നിങ്ങള്‍ ആളുകളെ ജാതിയില്‍ കൊണ്ടുവന്നാല്‍ അത് ജാതി ബോധവും ജാത്യാഭിമാനവും സൃഷ്ടിക്കും. അത് ഒരിക്കലും ഒന്നിപ്പിക്കില്ല.

ജാതിയുടെ അിസ്ഥാനത്തില്‍ ഒന്നിപ്പിക്കുന്നത് നിര്‍ത്തി, വര്‍ഗാടിത്തറയില്‍ ജനങ്ങളെ ഒന്നിപ്പിക്കുക. ജാതിക്കുപുറത്ത് വിശാലമായ ഐക്യം എളുപ്പത്തിലുണ്ടാക്കാനാവും. ജാതിക്കെതിരെയുളള ശക്തികളെ ക്രമേണ വളര്‍ത്തിക്കൊണ്ടു മാത്രമാണ് പ്രായോഗികമായ രീതിയില്‍ ജാതി നശീകരണം സാധ്യമാകുക. ദലിത് പ്രസ്ഥാനങ്ങള്‍ തിരിച്ചറിയേണ്ടത് സ്വയം അവര്‍ക്ക് ജാതിയെ ഇല്ലാതാക്കാന്‍ ഒരിക്കലുമാവില്ലെന്നാണ്.

* ജാതി സമരങ്ങള്‍ എങ്ങനെയായിരിക്കണം. അവ അക്രമത്തിന്റെ പാത സ്വീകരിക്കണമോ ? അതോ അക്രമരാഹിത്യത്തിന്റെയോ ?

ജാതി സമരങ്ങള്‍ ചരിത്രപരമായി വിനാശകരമാണ്. ജാതികള്‍ പോരാടിയത് തങ്ങളുടെ മേല്‍കൈയ്ക്കുവേണ്ടിയാണ്. അവര്‍ ഉയര്‍ന്ന ജാതികളുടെ ചൂഷണം ചോദ്യം ചെയ്യപ്പെടാതെ വിടുകയും ചെയ്തു. ഈ യഥാര്‍ത്ഥ ജാതിയുദ്ധങ്ങക്കെള്‍ക്കപ്പുറം ജാതി സമരം അപ്രായോഗികവും പൊളളയായ വാചോടോപമാണ്. എന്താണീ ജാതിയുദ്ധം ? ഏത് ജാതി ഏത് ജാതിക്കെതിരെയാണ് പോരാട്ടം നടത്താന്‍ പോകുന്നത് ? ചരിത്രത്തില്‍ അത്തരമൊരു യുദ്ധത്തിന്റെ ഒരു ഉദാഹരണം പോലുമില്ല. അത്തരം ഒരു കാര്യത്തെപ്പറ്റി സംസാരിക്കുന്നവര്‍ക്ക് അതിനെപ്പറ്റി ഒരു ധാരണയുമില്ല. അക്രമമോ അക്രമരാഹിത്യമോ എന്നെ സംബന്ധിച്ച് അപ്രധാനമാണ്.

ദലിത് പാന്തറുകളും സംഘടനകളും

ഒരിക്കല്‍ നമ്മള്‍ സജീവമായ ദളിത് പാന്തര്‍ മുന്നേറ്റങ്ങള്‍ കണ്ടു. അതില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ ?

സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുകയും എന്നാല്‍ ജാതി അതിക്രമങ്ങളുടെ കാലത്ത് മങ്ങിയ ഭാവി മാത്രം മുന്നിലുണ്ടാവുകയും ചെയ്ത ദളിത് യുവാക്കളുടെ സ്വാഭാവികമായ പ്രതികരണമായിരുന്നു ദളിത് പാന്തര്‍. മുഖ്യധാരണ നേതൃത്വത്തിന്റെ ഉത്തരവാദിത്വമില്ലായ്മയും ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന വിപ്ലവ മുന്നേറ്റങ്ങളുടെ ഉദയവുമാണ് അവരെ പ്രതികരിക്കുന്നതിലേക്ക് നയിച്ചത്. അമേരിക്കയിലെ ബ്ലാക്ക് പാന്തറുകളില്‍ പ്രചോദിതരായി അവര്‍ സൈനികമായ ഭാഷ സംസാരിച്ചതും സ്വഭാവികമാണ്. ദലിതുകളുടെ പൊതു ദൗര്‍ബല്യമായി 1936ല്‍ അംബോദ്കര്‍ ചൂണ്ടിക്കാട്ടിയ മൂന്ന് കാര്യങ്ങളുടെ കുറവ് ദലിത് പാന്തറുകള്‍ക്കുണ്ടായിരുന്നു. സംഘടനാപരമായ ശക്തി, സാമ്പത്തിക ശക്തി, അതോടൊപ്പം തങ്ങളുടെ സൈനികമായ ഇടപെടലുകളെ നയിക്കാനുള്ള മാനസിക കരുത്ത് (ആശയശാസ്ത്രം). അവര്‍ തങ്ങളുടെ പുരോഗമന ആശയത്തിന് മാത്രം ഊന്നല്‍ നല്‍കി. അതില്‍ ഊന്നിക്കൊണ്ട് അവര്‍ക്ക് സംഘടനാപരമായ കരുത്ത് ആര്‍ജിക്കാനാവുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനെതിരെ അംബേദ്കറിന്റെ ബുദ്ധിസ്റ്റ് പാത കൈവെടിഞ്ഞുവെന്ന് ആരോപണമുയര്‍ത്തി സംഘടന വിട്ടു. അത് ദലിത് പ്രസ്ഥാനത്തിന്റെ ആശയശാസ്ത്രപരമായ പരിമതികള്‍ എടുത്തുകാട്ടി. അങ്ങനെ ദലിത് പാന്തര്‍ യഥാര്‍ത്ഥത്തില്‍ മരിച്ചു. എന്നാല്‍ അതിപ്പോഴും അതിന്റെ പേരിലും സ്വഭാവത്താലും അതിജീവിച്ചു കൊണ്ടിരിക്കുന്നു. ഭൗതികമായി നോക്കിയാല്‍ ദലിത് പാന്തറുകള്‍ പോസ്റ്റീവ് ഫലങ്ങള്‍ നേടിയിട്ടില്ല. എന്നാല്‍ പ്രതീകാത്മകമായി നോക്കിയാല്‍ ദലിത് യുവാക്കളുടെ കലാപമെന്ന നിലയില്‍ ഈ വ്യവസ്ഥയുടെ അടിത്തറകളെ പിടിച്ചുലക്കാനായി. ദലിത് പാന്തര്‍ എന്ന പേരും പ്രശസ്തിയും വ്യവസ്ഥയ്‌ക്കെതിരെയുളള ഗുണകരമായ ഭീഷണിയായി മാറി. ദലിത് പാന്തറുകളുടെ പരാജയത്തില്‍ നിന്ന് പഠിക്കേണ്ട കാര്യം ദലിത് പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ അതിജീവനാവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ആശയശാസ്ത്രം വേണമെന്നുള്ളതാണ്.

രാജാ ദഹ്‌ലെ നയിച്ച ഒരു വിഭാഗം, അംബേദ്കര്‍ കണിച്ചു തന്ന ബുദ്ധിസമാണ് അത്യന്തികമായ പാതയെന്ന് വാദിച്ചു. അബേദ്കറുമായുള്ള ബന്ധത്താല്‍ ബുദ്ധിസത്തിന് വലിയ വൈകാരിക പിന്തുണ നേടാനായി. വളരെ പെട്ടെന്ന്, ദലിതുകള്‍ ഭിന്നിക്കാനും വീണ്ടും വീണ്ടും ഭിന്നിക്കാനും തുടങ്ങി. ഒരു ജാതി സംഘടനയില്‍ പ്രതീക്ഷിക്കാവുന്ന വിധത്തില്‍. ഭരണവര്‍ഗത്തിനുവേണ്ടി ദലിത് പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുന്ന ഒന്നായി മാറി ദലിത് പാന്തറുകളുടെ ഭിന്നിച്ച, അധ:പതിച്ച വ്യാഖ്യാനങ്ങള്‍.

മറ്റൊരു പാഠമെന്നത് ദലിതുകള്‍ ഒരിക്കലും തങ്ങളുടെ വര്‍ഗത്തില്‍പെട്ട മറ്റുളളവരുമായി കൈകോര്‍ക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ലക്ഷ്യങ്ങള്‍ നേടാനാവില്ല. മൂന്നാമത്തെ പാഠമെന്നത് സൈനികതയിലേക്കുളള വൈകാരികമായ പൊട്ടിത്തെറി ഭൗതികമായ കരുത്തിനെ പിന്തുണയ്ക്കുന്ന തന്ത്രങ്ങളുടെ അഭാവത്തില്‍ തിരിച്ചടിയാവും. കേവല വൈകാരിക പൊട്ടിത്തെറികൊണ്ട് കാര്യമില്ല. അത് വളരെ ആലോചിച്ച വിശകലനങ്ങള്‍ക്ക് പകരമാകില്ല. മുഖ്യധാാര ദലിത് പ്രസ്ഥാനങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്ന് വസ്തുനിഷ്ഠമായ വിശലകനം നടത്തിയിരുന്നുവെങ്കില്‍ അവര്‍ക്ക് ആശയശാസ്ത്രത്തിന്റെ വിഷയം ഉയര്‍ത്തിക്കൊണ്ടു വരാനാവുമായിരുന്നു.

* ഇന്ത്യയില്‍ നിലവിലുള്ള ദലിത് സംഘടനങ്ങളെപ്പറ്റി എന്തുപറയും ?

വളരെയധികം സംഘടനകളും പാര്‍ട്ടികളും ഉണ്ട്. അത് തന്നെ തങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന മുന്നേറ്റത്തെിന്റെ മോശം പ്രതിഫലനമാണ്. ഉദാഹരണത്തിന് അവര്‍ ബ്രാഹ്ണ്യത്തെ ലക്ഷ്യം വക്കും. എന്നാല്‍ അതെന്താണ് എന്നും എവിടെയാണ് കുടികൊള്ളുന്നത് എന്നും തിരിച്ചറിയാതെയാണ് അവര്‍ അത് ചെയ്യുന്നത്. രാഷ്ട്രീയ ലാഭത്തിനായി ദലിത് സംഘടനകള്‍ വൈകാരിക അഭ്യര്‍ത്ഥനകള്‍ നടത്തും. ഇവരെല്ലാം ഭരണവര്‍ഗ പാര്‍ടികളുടെ ഭാഗമാകാനാണ് ശ്രമിക്കുന്നത്. ചിലത് സ്വതന്ത്രമാണ് എന്നു പറയും. എന്നാല്‍ തെരഞ്ഞെടുപ്പ് മാര്‍ക്കറ്റിനായി കാന്‍ഷിറാം സൃഷ്ടിച്ച ‘ബഹുജന്‍’ എന്ന പദത്തിനു പിന്നാലയാണ് ഇത്. ബി.എസ്.പിയുടെ വിജയത്തിലാകൃഷ്ടരായി പലരും ഇത്തരത്തിലുള്ള വിജയസൂത്രവാക്യങ്ങള്‍ക്ക് പിന്നാലെയാണ്. അത് ഇനി ഫലവത്താവില്ല. ബി.എസ്.പിയുടെ വിജയംപോലും ഉത്തര്‍പ്രദേശിന്റെ ജാതി അവസ്ഥകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ സംഘടനകള്‍ക്കെല്ലാം ദോഷവശങ്ങളുണ്ട്. ഇതിലേറ്റവും പ്രധാനം ഈ സംഘടനകള്‍ എല്ലാം യാഥാര്‍ത്ഥ അവസ്ഥകള്‍ അറിയാമെന്ന രീതിയില്‍ പെരുമാറുന്നതാണ്.

* ഒരു വലിയ വിഭാഗം ദലിതുകളും ആദിവാസികളും ഇന്ന് മാവോയിസ്റ്റ് ക്യാമ്പിലാണ്. ഇതിനെ എങ്ങനെ കാണുന്നു ?

ദലിതുകള്‍ മാവോയിസ്റ്റുകള്‍ക്കൊപ്പമാണോ എന്നെനിക്കറിയില്ല. പക്ഷേ, അവരിലെ യുവാക്കള്‍ മാവോയിസ്റ്റ് പാതയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ക്ക് മറ്റൊരു തെരഞ്ഞെടുപ്പിന് സാധ്യതയില്ല. 1960ല്‍ ഇതേ മാനസികവസ്ഥയിലാണ് അവര്‍ ദലിത് പാന്തര്‍ തരത്തിലുളളള പ്രതിഷേധങ്ങള്‍ സ്വീകരിച്ചത്. ഇന്ന് സ്ഥിതി കൂടുതല്‍ വഷളാണ്. ദലിതരുടെ ജീവിത ദുരിതങ്ങളിലേക്ക് നോക്കിയാല്‍ അത് മനസിലാവും. അവര്‍ക്ക് മികച്ച വിദ്യാഭ്യാസമില്ല. അവര്‍ക്ക് ജോലി സമ്പാദിക്കാവുന്ന അവസ്ഥയില്ല. അവരുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും ഉയര്‍ത്താന്‍ ജനാധിപത്യപരമായ ഇടവുമില്ല. അവന്തൊണ് ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത് ?

ശബ്ദമുയര്‍ത്തിയാല്‍ അവരെ നകസ്‌ലൈറ്റുകളായി മുദ്രകുത്തി പീഡിപ്പിക്കും. യഥാര്‍ത്ഥത്തില്‍ ഭരണകൂടവും അതിന്റെ പൊലീസുമാണ് മാവോയിസ്റ്റുളുടെ എറ്റവും വലിയ റിക്രൂട്ടിംഗ് എജന്റ്. ഭൂരിപക്ഷം ദലിത് ആണ്‍കുട്ടികളും മാവോയിസം എന്തെന്ന് അറിയുന്നതിനു മുമ്പേ പൊലീസിനാല്‍ മാവോയിസ്റ്റ് എന്ന് മുദ്രകുത്തപ്പെടുന്നു. അവരെ സംബന്ധിച്ച് ഒളിവില്‍ പോയി ശരിയായ മാവോയിസ്റ്റ് ആവുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലാതാവുന്നു. വളരെയധികം ദലിത് ചെറുപ്പക്കാര്‍ മാവോയിസ്റ്റ് അണിയില്‍ ചേര്‍ന്നത് ഇതു മൂലമാണ്. ഇതേ സാഹചര്യമാണ് രാജ്യത്തെ നല്ല പങ്ക് ദലിതുകളും ആദിവാസി യുവാക്കളും നേരിടുന്നത്.

* മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കും ജാതി വിരുദ്ധ മുന്നേറ്റത്തിനും അഖിലേന്ത്യാ തലത്തില്‍ സംഘടനയില്ലാത്തത് ഒരു പ്രശ്‌നമായി തോന്നുന്നുണ്ടോ ? അതിന് എന്താണ് താങ്കള്‍ക്ക് നിര്‍ദേശിക്കാനാവുക ?

ഉണ്ട്. ജാതിക്കെതിരെയുള്ള മൂന്നേറ്റത്തിനും ജനങ്ങളുടെ പൗരാവശകാശ ലംഘനത്തിനുമെതിരെയുള്ള പോരാട്ടത്തിനും അഖിലേന്ത്യാതലത്തില്‍ സംഘടന ആവശ്യമുണ്ട്. വളരെയധികം സംഘടനകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അത് മോശം കാര്യമല്ല. പക്ഷേ ഊര്‍ജം കൂറേ അനാവശ്യമായി നഷ്ടപ്പെടുത്തുന്നു. ആശയശാസ്ത്രം മുതല്‍ പ്രവര്‍ത്തനം വരെ ജാതിവിരുദ്ധമായ ഒരു സംവിധാനം വേണം. വളരെയധികം ചെറിയ സംഘടനകളായിരിക്കുന്നത് ഗുണകരമല്ല. ഭാവിയില്‍ ചില സംഘടനകള്‍ ഈ അഭാവം പരിഗണിക്കും. കേവലം ഒരു സംഘടന ഇതിനു പരിഹാരമല്ല. ശരിയായ ആയശാസ്ത്രത്തിലൂടെ ജാതിക്കെതിരെയുളള പോരട്ടങ്ങളെ ഐക്യപ്പെടുത്താവുന്ന സംഘടന ഉയര്‍ന്നുവരും.

* ആഗോളീകരണത്തിന്റെ മുഖ്യ ഇരകള്‍ ആദിവാസികളും ദലിതുകളുമാണ്. എന്നാല്‍, സാമ്രാജ്യത്വവിരുദ്ധ സമരങ്ങളില്‍ ദലിത് ബുദ്ധിജീവികള്‍ സജീവമല്ല. ഈ വൈരുദ്ധ്യത്തെപ്പറ്റി എന്തു പറയും ?

ദലിത് ബുദ്ധിജീവികള്‍ സാമ്രാജ്യവിരുദ്ധ സമരത്തില്‍ സജീവമല്ലെന്ന് മാത്രമല്ല, അവരാണ് ആഗോളീകരണത്തെ ഏറ്റവും വലിയ രീതിയില്‍ പിന്തുണയ്ക്കുന്നവര്‍. അവരുടെ അത്തരം മനോഭാവത്തിന് കാരണമെന്തെന്ന് എനിക്ക് മനസിലായിട്ടില്ല. അവര്‍ ഭരണകൂട നയങ്ങള്‍ക്ക് സ്തുതി പാടുകയാണ്. ആഗോളീകരണത്തിന്റെ മുഖ്യ ഇരകള്‍ ദലിതുകളും ആദിവാസികളുമാണ് എന്ന് താങ്കള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. ആഗോളീകരണം അടിസ്ഥാനപരമായി ഉന്നതജാതര്‍ക്ക് വേണ്ടിയാണെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.

ദലിത് ബുദ്ധിജീവികള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത കാര്യമാണ് സാമ്രാജ്യത്വ വിരുദ്ധത. ഞാന്‍ ആ ഗണത്തില്‍ പെടുന്നില്ല. ജാതി അവസ്ഥകളില്‍ ആഗോളീകരണം എന്തുചെയ്തുവെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ജാതി അവസ്ഥകള്‍ സ്ഥിരമായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷം ദലിതുകളുടെയും സാമ്പത്തിക സാഹചര്യം തീര്‍ച്ചയായും മോശമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ബുദ്ധിജീവികള്‍ ആഗോളീകരണത്തില്‍ നിന്ന് ദലിതുകള്‍ക്ക് നേട്ടമാണുണ്ടായത് എന്ന തെറ്റായ ധാരണയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ വിഭാഗത്തിന്റെ ബൗദ്ധിക കാപാട്യം പാപ്പരത്തവും കാണുമ്പോള്‍ വേദന തോന്നുന്നുണ്ട്.

ഖൈര്‍ലാന്‍ജി, ബാബറി മസ്ജിദ്, സംഘ്പരിവാര്‍

* ഖൈര്‍ലാന്‍ജി സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഒരഭിമുഖത്തില്‍ ‘ഷോക്ക് ട്രീറ്റ്‌മെന്‍റ് എന്ന പദം താങ്കള്‍ ഉപയോഗിച്ചിരുന്നു. അതെപ്പറ്റി ?

ഈ പരാമര്‍ശം വലിയ ആശയക്കുഴപ്പമുണ്ടാക്കി. ആളുകള്‍ കരുതി ഞാന്‍ ബലാല്‍സംഗത്തിന് ബലാല്‍സംഗവും കൊലയ്ക്ക് കൊലയും ജാതി അതിക്രമത്തിനെതിരെ ജാതി അക്രമവും ഉപദേശിച്ചുവെന്ന്. അത് പൂര്‍ണമായി തെറ്റാണ്. ശരിക്കു പറഞ്ഞാല്‍, ഷോക്ക് ട്രീറ്റ്‌മെന്റ് എന്നു പറഞ്ഞത് ജാതിയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നവരുടെ വര്‍ഗപരമായ ഐക്യമെന്ന അര്‍ത്ഥത്തിലാണ്. ജാതി എന്നത് സാമൂഹ്യ തിന്‍മയാണ്. അത് സമൂഹം മൊത്തത്തില്‍ മനസിലാക്കണം. നിലനില്‍ക്കുന്ന അവസ്ഥയില്‍ ആളുകളെ ഒന്നിപ്പിക്കുക എന്നത് പലപ്പോഴും ഫലവത്താകില്ല.

ജാതിക്കുള്ളിലും വര്‍ഗപരമായ മേല്‍തട്ടുകള്‍ ഉണ്ട്. പിന്നോക്ക ജാതികളിലെ ഉയര്‍ന്ന വര്‍ഗക്കാരാണ് അവരിലെ താഴ്ന്ന വര്‍ഗത്തെക്കൊണ്ട് അതിക്രമങ്ങള്‍ ചെയ്യിപ്പിച്ചത്. ജാതിയുടെ നൂറ്റാണ്ടുകളായിട്ടുള്ള സംസ്‌കാരം അതിന്റെ വൃത്തിക്കെട്ട മുഖം തലപൊക്കും. ഇത്തരം മുഖങ്ങളെ ജനങ്ങളുടെ വര്‍ഗപരമായ കൂട്ടയ്മയിലൂടെ, ബലപ്രയോഗത്തിലൂടെ നിയന്ത്രിക്കണം. അക്രമികളുടെ സംസ്‌കരിക മുഖത്തിന് തിരിച്ചടി കിട്ടണം. അങ്ങനെയുളളള ഷോക്ക് ട്രീറ്റ്‌മെന്‍റ് അക്രമികള്‍ക്കെതിരെ വര്‍ഗഐക്യത്തിലൂടെ സാധ്യമായി. അതാണ് ഞാന്‍ ഉദ്ദേശിച്ചത്.

* അയോധ്യ വിധിയെ ‘ഡിസൈന്‍ ജസ്റ്റിസ്’ എന്നാണ് താങ്കള്‍ വിശേഷിപ്പിച്ചത്. ഖൈര്‍ലാന്‍ജി കേസില്‍ ബാന്ദ്ര കോടതി വിധി വന്നപ്പോഴാണ് ആദ്യം ഈ വാക്ക് താങ്ങള്‍ ഉപയോഗിച്ചത് എന്നും പറയുന്നു ?

ശരിയാണ്. നവലിബറല്‍ കാലത്ത് കോടതികളിലെ വിധികള്‍ക്കും മാര്‍ക്കറ്റിന്റേതായ താല്‍പര്യങ്ങളും അടങ്ങിയിരിക്കും. അവ നിയമപരിധികള്‍ക്ക് പുറത്തുപോയി ‘മാര്‍ക്ക്റ്റ് സ്ഥലത്ത്’ അനുപൂരകമായി ‘ഉപഭോക്തൃ പരീക്ഷണം ‘നടത്തും. ഖൈര്‍ലാന്‍ജിയില്‍ അത് ഒരു ഗൗരവമായ കേസാക്കുന്നതിനു പകരം ആറ് പേര്‍ക്ക് വധശിക്ഷ വിധിച്ചു. വിധിയില്‍ പറഞ്ഞത് ഖൈര്‍ലാന്‍ജിക്ക് ജാതി വശമില്ലെന്നാണ്. അവിടെ ഗൂഢാലോചന നടന്നിട്ടില്ലെന്നും സ്ത്രീക്കെതിരെ അതിക്രമം നടന്നിട്ടില്ലെന്നും പറഞ്ഞു. കേസ് കേവലം ഒരു കൊലപാതകക്കേസാക്കി മാറ്റി. അത് അപൂര്‍വങ്ങളില്‍ അപൂര്‍വകേസായി പരിഗണിക്കപ്പെട്ടില്ല.

പക്ഷേ കോടതി വധശിക്ഷ നല്‍കി. കാരണം ജനങ്ങള്‍ വലിയ തോതില്‍ പ്രതിഷേധം സംഘടിപ്പിച്ചുവെന്നതും ജനം ക്രിമിനലുകള്‍ക്ക് വലിയ ശിക്ഷ ആഗ്രഹിക്കുന്നുവെന്നും വ്യക്തമായിരുന്നു. എട്ട് പേരെ ഒഴിച്ച് ബാക്കിയുളളവരെ വെറുതെ വിട്ടതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. ജാതി ഗ്രാമത്തില്‍ ഭൂട്ട്മാംഗ് കുടുംബമാണ് ഈ കൊലപാതങ്ങളില്‍ പങ്കെടുത്തത് എന്നത് എല്ലാവര്‍ക്കും അറിയാം. ഹൈക്കോടതിയില്‍ ഈ കേസ് അപ്പീലിന് വരുമ്പോള്‍ നിലനില്‍ക്കില്ലെന്ന്‍ എല്ലാവര്‍ക്കും അറിയാം. അതാണ് സംഭവിച്ചതും. ദലിതുകള്‍ മറ്റെല്ലാം മറന്നുപോവുകയും വിധിയില്‍ സന്തോഷിക്കുകയും ചെയ്തു. അവര്‍ മധുരങ്ങള്‍ വിതണം ചെയ്തു. ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. അപ്പോഴേക്കും ആളുകളുടെ പ്രതിഷേധം കുറഞ്ഞിരുന്നു. അങ്ങനെ ‘മാര്‍ക്കറ്റിന്’ അനുപൂരകമായ ‘ഡിസൈന്‍ ജസ്റ്റിസ്’ വന്നു.

അയോധ്യയിലും സമാനമായത് കാണാം. മൂന്നംഗ ബെഞ്ചില്‍ രണ്ട് ഹിന്ദുവും ഒരു മുസ്‌ളീം ജഡ്ജിയുമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ തങ്ങളുടെ സ്വതന്ത്രമായ വിധികള്‍ എഴുതി. പക്ഷേ, രാമന്‍ ബാബറി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്താണ് ജനിച്ചത് എന്നു പറഞ്ഞു. വാസ്തവമെന്തെന്നാല്‍ മൂന്ന് കക്ഷികള്‍ സമര്‍പ്പിച്ച സ്വത്ത് അവകാശ ഹര്‍ജിയാണ് ഇത്. രേഖകളുടെ അഭാവത്തിലും മറ്റും എളുപ്പം തീരുമാനിക്കാവുന്ന കേസായിരുന്നു അത്. രാമന്‍ ജനിച്ചത് ബാബറി മസ്ജിദ് നിന്നിരുന്നിടത്താണോ എന്നത് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയ കേസാണ്. പക്ഷേ കോടതി അന്യായമായ കാര്യം ചെയ്തു.

അവര്‍ ആര്‍ക്കിയോളിസ്റ്റുകളെ നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചു. മസ്ജിദ് നിന്നിടത്താണ് രാമന്‍ ജനിച്ചത് എന്നു പറഞ്ഞു. അവര്‍ ഹിന്ദു താല്‍പര്യത്തെ അനുകൂലമാകന്‍ ശ്രമിച്ചു. പക്ഷേ മുഴുവന്‍ ഭൂമിയും അവര്‍ക്ക് നല്‍കിയാല്‍ മറ്റ് സമുദായങ്ങള്‍ പ്രശ്‌നം ഉണ്ടാക്കും. അതിനാല്‍ ഭൂമി മൂന്ന് തുല്യ ഭാഗങ്ങളായി വിഭജിച്ച് നല്‍കി. ഏറ്റവും പ്രധാനപ്പെട്ട ഭാഗം റാം ലല്ലാവാലകള്‍ക്ക് നല്‍കി. സംഘപരിവാര്‍ പിന്തുണയ്ക്കും, ‘അമ്പലം അവിടെ തന്നെ പണിയും’ എന്ന പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തവരാണ് അത്. ഈ നടന്നതെല്ലാം അംഗീകരിക്കപ്പെട്ട തത്വങ്ങള്‍ക്ക് പുറത്തുള്ള കാര്യങ്ങളാണ്.എല്ലാ കക്ഷികളെയും ഹ്രസ്വകാലത്തേക്ക് തൃപ്തിപ്പെടുത്തുന്നതായിരുന്നു വിധി.

* മണ്ഡല്‍കാലത്തുണ്ടായ സവര്‍ണ ഹിന്ദുവാദ മുന്നേറ്റത്തിനു തിരിച്ചടികള്‍ നേരിട്ടതായി പൊതുവില്‍ വിശ്വസിക്കപ്പെടുന്നു ? അങ്ങനെയാണോ താങ്കളുടെ വിലയിരുത്തലും ?

മണ്ഡല്‍ എന്നത് മധ്യജാതികളുടെ ഉയര്‍ച്ചയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മത്സരത്തിന്റെയും ഫലമാണ്. സവര്‍ണ ജാതികള്‍ മണ്ഡലിനെതിരെ മാത്രമല്ല സംവരണത്തിന് തന്നെ എതിരായിട്ടാണ് പ്രവര്‍ത്തിച്ചത്. ദലിതുകളെ സംവരണവുമായി ബന്ധിപ്പിച്ചു കാണുമ്പോള്‍ ഒരു കുഴപ്പമുണ്ട്. മണ്ഡലിനെ പിന്തുണച്ച് ദലിതുകള്‍ വന്നപ്പോള്‍ അവരെ മറ്റ് പിന്നോക്ക ജാതിക്കാര്‍ ആക്രമിച്ചു. കാരണം അവര്‍ തങ്ങള്‍ക്കാണ് ഗുണം കിട്ടുക എന്നു വിചാരിച്ചു. ഏതായാലും ഇത് സവര്‍ണരുടെ പിന്തുണയെ തങ്ങള്‍ക്കുനകൂലമായി ചലിപ്പിക്കാന്‍ ഹിന്ദുത്വവാദികള്‍ക്കായി.

സാഹചര്യം ഇന്ന് പഴയതുപോലെയാണ് എന്നു കരുതുന്നില്ല. ഹിന്ദുത്വ അജണ്ടയ്ക്ക് തിരിച്ചടി കിട്ടിയിട്ടുണ്ട്. അതിന് പകരം വയ്ക്കനായി മറ്റൊന്നിന് സംഘപരിവാര്‍ ശ്രമിക്കുന്നുവെങ്കിലും വിജയിച്ചിട്ടില്ല. അയോധ്യ വിധി വ്യക്തമാക്കിയത് ജനങ്ങള്‍ ഹിന്ദുത്വയില്‍ ഇനി താല്പര്യമില്ലെന്നാണ്. സംഘപരിവാറിന് ഭാവിയില്‍ ചില അവസരങ്ങള്‍ കിട്ടും. ബി.ജെ.പി ഇപ്പോഴും കോണ്‍ഗ്രസിന് ദേശീയ ബദലായി നിലനില്‍ക്കുന്നുണ്ട്. അത് അവര്‍ക്ക് ഗുണകരമാണ്.

* ദലിതുകള്‍ പലപ്പോഴും എതിര്‍ സ്ഥാനത്ത് കാണുന്ന ഗാന്ധിയെപ്പറ്റി എന്തുപറയും ? ഗാന്ധിസത്തില്‍ നിന്ന് ദലിതുകള്‍ക്ക് ഒന്നും സ്വീകരിക്കാനില്ലേ ?

ഈ നിരര്‍ത്ഥകമായ അഭ്യാസത്തില്‍ ഇടപെടാന്‍ എനിക്ക് താല്‍പര്യമില്ല. ദലിതുകളുടെ വിമോചനത്തിന് ഗാന്ധിയില്‍ എന്തെങ്കിലും പ്രയോജനകമായരിട്ടുണ്ട് എന്നു ഞാന്‍ കാണുന്നില്ല. ഗാന്ധി ദലിതുകള്‍ക്ക് എതിരായിരുന്നു എന്ന അനുമാനത്തില്‍ പങ്കാളിയാകാനും ഞാനില്ല. ഗാന്ധി അങ്ങനെയായിരുന്നില്ല. അദ്ദേഹം സ്വയം പറഞ്ഞതുപോലെ ഒരു സനാതന ഹിന്ദുവായിരുന്നു. അദ്ദേഹം അതുപോലും ജനപിന്തുണ നേടാനായി ഉപയോഗിച്ചുവെന്നു ഞാന്‍ കരുതുന്നു. അദ്ദേഹം കൂര്‍മബുദ്ധിയുള്ള തന്ത്രശാലിയാണ്. പൊതുജന പിന്തുണയ്ക്കായി ധാര്‍മിക ആവരണ തന്ത്രങ്ങളും ഉപയോഗിച്ചിരുന്നു. ഇങ്ങനെ പറയുമ്പോള്‍ തന്നെ, ജാതിയെ ഉപേക്ഷിക്കുന്ന സമൂഹത്തിന് വേണ്ടി തയ്യാറെടുക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്പ്പാടിന്റെ ഒരു വശത്തെ ഞാന്‍ വിലമിക്കുന്നുണ്ട്. അതിനെ സദാചാര-ധാര്‍മികതയുടെ തലത്തില്‍ ഞാന്‍ കാണുന്നില്ല. അതിനെ വര്‍ഗ സമരത്തിന്റെ ഭാഗമായി എടുക്കാനാണ് ഇഷ്ടപ്പെടുന്നത്.

കമ്യൂണിസ്റ്റുകളുടെ വങ്കത്തം

* കമ്യൂണിസ്റ്റുകളെപ്പറ്റി നേരത്തെ പറഞ്ഞു. ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ടികളെയും അവരുടെ നയത്തെയും എങ്ങനെയാണ് താങ്കള്‍ കാണുന്നത് ?

കമ്യൂണിസ്റ്റുകള്‍ക്ക് ശക്തമായ ഒരു ആശയശാസ്ത്രമുണ്ട്. സമൂഹ വിശകലനത്തിന് ഏറ്റവും നവീനമായ സിദ്ധാന്തം. പക്ഷേ, അവരത് ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടു. അതിന് കാരണം ആദ്യകാല കമ്യൂണിസ്റ്റുകളുടെ ബ്രാഹ്മണ്യപരമായ സമീപനമാണെന്നാണ് ഞാന്‍ സംശയിക്കുന്നത്. ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യം കാണാന്‍ അവര്‍ പരാജയപ്പെട്ടു. അസ്തമിച്ചുകൊണ്ടിരുന്ന നാടുവാഴിത്ത സംവിധാനത്തെയും അതിനുള്ളിലെ ജാതിഘടനയൊന്നും അവര്‍ കണ്ടില്ല. അവര്‍ക്ക് വര്‍ഗം, ജാതി എന്നിവയെ എങ്ങനെ നേരിടണമെന്ന് അറിയില്ലായിരുന്നു. അതിനാല്‍ ജാതി ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിന്റെ അവിഭാജ്യ ഭാഗമായി തുടരുന്നു. അവരത് മനസിലാക്കിയുരുന്നെങ്കില്‍ വളരെ മുമ്പേ വിപ്ലവം സാധ്യമാകുമായിരുന്നു, ചരിത്രം വേറൊന്നാകുമായിരുന്നു. ദൗര്‍ഭാഗ്യകരമെന്തന്നാല്‍ അവരിപ്പോഴും തങ്ങളുടെ നിലപാടില്‍ തൂങ്ങിക്കിടക്കുകയാണ്.

ഒമ്പതുവര്‍ഷത്തിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപിതമായതിന്റെ 100-ാം വര്‍ഷം ആചരിക്കും. കുറഞ്ഞപക്ഷം ആരെങ്കിലും അവരോട് പറയേണ്ടയിരിക്കുന്നു കമ്യൂണിസ്റ്റ് പാര്‍ടികള്‍ നൂറ്റാണ്ടുകള്‍ ആഘോഷിക്കാനല്ല രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്ന്. അവര്‍ വിപ്ലവം നടത്താനാണ് ബാധ്യസ്ഥരെന്ന്. മുഖ്യധാരാ ഇടതുപക്ഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അമര്‍ന്നിരിക്കുന്നു. വിപ്ലവ ഇടതുപക്ഷത്തില്‍ ചില പ്രതീക്ഷകള്‍ക്ക് വകയുണ്ട്. പക്ഷേ, സൈനിക രീതികളില്‍ അമിതമായ ആശ്രയം ദോഷകരമാണ്. അവര്‍ നിലനില നില്‍ക്കുന്ന സാഹചര്യത്തില്‍ അതൊഴിവാക്കാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ, വിപ്ലവ രാഷ്ട്രീയത്തിന് ജനങ്ങളെ തയ്യാറാക്കേണ്ടതുണ്ട്.

* കമ്യൂണിസ്റ്റുകള്‍ ജാതിയെ കണ്ടില്ലെന്ന് പറഞ്ഞു. അതേ സമയം പല ദലിത് ബുദ്ധിജീവികള്‍ വര്‍ഗമെന്ന പ്രശ്‌നം ഉയര്‍ത്തുന്നതും കണ്ടില്ല. അതിനെപ്പറ്റി എന്തുപറയും ?

ഇതാണ് രണ്ടുപക്ഷവും വരുത്തുന്ന വങ്കത്തം. കാര്യങ്ങള്‍ തിരിച്ചറിയാനായി വസ്തുനിഷ്ഠമായ ഒരു തിരിഞ്ഞുനോട്ടം രണ്ടു പക്ഷവും നടത്തേണ്ടതുണ്ട്. പക്ഷേ, അത് ചെയ്യുന്നില്ല. കമ്യൂണിസ്റ്റുകള്‍ വസ്തുനിഷ്ഠമായ വര്‍ഗ വിശകലനം നടത്താനോ വര്‍ഗ സമരത്തിലേക്ക് ജാതിവിരുദ്ധ സമരത്തെ ഉള്‍ച്ചേര്‍ക്കാനോ ശ്രമിക്കുന്നുന്നില്ല. അതിനാല്‍ വേറിട്ട ദലിത് മുന്നേറ്റം ആവശ്യമായി വരുന്നു. ദലിതുകള്‍ക്കാകട്ടെ ജാതി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം പുരോഗമന ശക്തികളുടെ പിന്തുണയില്ലാതെ സാധ്യമല്ല. ദലിതുകള്‍ ഒപ്പം ചേരാതെ ഇടതിന് തങ്ങളുടെ വിപ്ലവ ലക്ഷ്യം നേടാന്‍ സാധ്യമാവില്ല. ഈ ഒരു പ്രക്രിയയിലൂടെ രണ്ടു ഘടകവും ഒന്നിച്ചു ചേരണം.

ബി.എസ്.പിയും ദലിത് പാര്‍ടികളും

* ഉത്തര്‍പ്രദേശിലെ മായാവതിയുടെ വിജയം ദളിതരുടെ വിജയമായിട്ടാണ് വിലയിരുത്തപ്പെട്ടത്. പക്ഷേ അഴിമതിയുള്‍പ്പടെയുള്ള പലതരം ആരോപണങ്ങള്‍ അവര്‍ക്ക് എതിരെ ഉയരുന്നു. താങ്കള്‍ അതെപ്പറ്റി എന്തുപറയും ?

നേരത്തെ പറഞ്ഞതുപോലെ മായാവതിയുടെ വിജയം ദളിതരുടെ വിജയമായി ഞാന്‍ കാണുന്നില്ല. അവര്‍ക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും എന്റെ വാദത്തെ ശരിവയ്ക്കുകയാണ്. അത് നമ്മുടെ സംവിധാനത്തിന്റെ അവിഭാജ്യ ഭാഗമാണ്. അത് അതേ രീതിയില്‍ കാണണം. എന്തിന് മായാവതി മാത്രം വ്യത്യസ്തയാവണം? എല്ലാവരും കളിക്കുന്ന കളി അവരും കളിക്കുന്നു. എല്ലാവരും ചെയ്യുന്നത് അവരും ചെയ്യുന്നു. വേര്‍തിരിക്കുന്ന ഏക വ്യത്യാസം എന്നത് അവര്‍ മറ്റുള്ളവരേക്കാള്‍ അത് നന്നായി ചെയ്യുന്നുവെന്ന് മാത്രമാവും.

* ബി.എസ്.പിയെ എങ്ങനെയാണ് താങ്കള്‍ പരിഗണിക്കുന്നത് ? ദലിത് പാര്‍ട്ടിയായോ അതോ ഒരു അധികാര വര്‍ഗ പാര്‍ട്ടിയായിട്ടോ ?

ബി.എസ്.പി തെരഞ്ഞെുടപ്പ് വിജയവുമായി ബന്ധപ്പെട്ടാണ് ചലിക്കുന്നത്. അതാണ് അതിന്റെ തന്ത്രം. അതിന് തെരഞ്ഞെുടപ്പ് രാഷ്ട്രീയത്തിലെ വലിയ കക്ഷികളെ ഒരു പാഠം പഠിപ്പിക്കാനാവും. പക്ഷേ ബി.എസ്.പയുടെ വിജയം ‘ബഹുജന്‍’ സൂത്രവാക്യത്തിന്റെ വിജയമായിട്ടോ, അവരെ ഒരു ദലിത് പാര്‍ട്ടിയായിട്ടോ ഞാന്‍ കാണുന്നില്ല. ദലിതുകള്‍ നയിക്കുന്നുവെന്നതുകൊണ്ട് മാത്രം ഒരു പാര്‍ട്ടി ദലിത് പാര്‍ട്ടി ആവില്ല. മറ്റേതൊരു ഭരണവര്‍ഗ പാര്‍ടിയെയും പോലെ അത് ജനങ്ങളെ വോട്ട് ബാങ്കിനായി ഉപയോഗിക്കുന്നു.

ബി.എസ്.പി ദലിതുകളെ തങ്ങളുടെ നിര്‍ണായക ശക്തിയായി പരിഗണിക്കുകയും മറ്റുള്ളവരുമായി ചില വിലപേശല്‍ സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. അതില്‍ കൂടുതല്‍ ഇല്ല. അവരൊരിക്കലും ദലിത് പാര്‍ട്ടിയായി അവകാശപ്പെട്ടിട്ടില്ല. നേരത്തെ അത് ‘ബഹുജനിന്‍റെ പാര്‍ട്ടിയായും ഇപ്പോള്‍ ‘സര്‍വജനി’ന്റെ പാര്‍ട്ടിയുമായിട്ടാണ് അവകാശപ്പെട്ടുന്നത്. ദലിത് അവസ്ഥകളെ അവര്‍ മാറ്റാന്‍ ശ്രമിച്ചിട്ടില്ല. യു.പിയില്‍ ദലിതുകളുടെ അവസ്ഥ മോശമാണ്. അതാണ് ഇപ്പോഴും ദലിതുകള്‍ക്കെതിരെ ആക്രമണം നടക്കുന്ന ഒന്നാമത്തെ സംസ്ഥാനം.

* അംബേദ്കറുടെ മകന്റെ മകന്‍ പ്രകാശ് അംബേദ്കര്‍ രൂപീകരിച്ച നാഷണല്‍ ബഹുജന്‍ പാര്‍ട്ടി, ഭാരിപ ബഹുജണ്‍ മഹാസംഘ് എന്നിവയെപ്പറ്റി എന്താണ് നിലപാട് ? താങ്കള്‍ക്ക് അദ്ദേഹവുമായി കുടുംബപരമായി അടുത്ത ബന്ധമുള്ളതുകൊണ്ടു കൂടിയാണ് ഈ ചോദ്യം.

പ്രകാശ് അംബേദ്കറുടെ ബാരിപ് ബഹുജന്‍ മഹാ സംഘും ‘ബഹുജന്‍’ അടിസ്ഥാനത്തിലുളള പാര്‍ട്ടിയാണ്. ‘അകോല പാറ്റേണ്‍’ എന്ന രൂപത്തിലാണ് അവര്‍ തങ്ങളുടെ വിജയം നേടിയത്. പക്ഷേ, അത് അധികം നീണ്ടു നിന്നില്ല. പ്രകാശ് അംബേദ്കറിന് ദലിതുകള്‍ക്കിടയില്‍ തന്റെ പേരിന്റെ പ്രത്യേകത കൊണ്ട് തന്നെ വലിയ സ്വാധീനമുണ്ട്. എന്നാല്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ അദ്ദേഹത്തനായില്ല. സംശയമില്ല, അദ്ദേഹത്തിന് മഹാരാഷ്ട്രയില്‍ ഒരു വലിയ ശക്തിയുമായിട്ടാണ് ഇടപെടേണ്ടിയിരുന്നത്- ശരത് പവാര്‍. പവാര്‍ തന്റെ പാവയായ രാംദാസ് അതു വാലെയെ ഉപയോഗിച്ച് പ്രകാശ് അംബേദ്കറെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചു. അങ്ങനെ മഹാരാഷ്ട്രയില്‍ പ്രകാശ് അംബേദ്കറിന് ചില തിരിച്ചടികള്‍ നേരിട്ടു. ഇവിടെ നിന്ന് ഉയര്‍ന്നു വരിക വലതും ഭാരിച്ചതുമായ ദൗത്യമാണ്.

* അംബേദ്കറുടെ നിര്‍ദേശ പ്രകാരം രൂപംകൊണ്ട റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ ഭിന്നിപ്പുകള്‍ ദലിതുകളുടെ മോചനത്തിന് ദോഷകരമായി ബാധിച്ചതായാണ് വിലയിരുത്തുന്നത്. ഈ ഭിന്നിപ്പുകളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത് ?

റിപ്പബ്ലിക്കന്‍ പാര്‍ടിയിലുണ്ടായ പിളര്‍പ്പുകള്‍ അംബേദര്‍ക്ക് പാര്‍ട്ടിയെപ്പറ്റി ഉണ്ടായിരുന്ന സങ്കല്‍പം അതിലെ അംഗങ്ങള്‍ക്ക് മനസിലാക്കാനാവാത്തതു കൊണ്ട് സംഭവിച്ചതാണ്. ഇന്ത്യയിലെ ആദ്യ ഇടതുപാര്‍ട്ടി എന്നു വിശേഷിപ്പിക്കാവുന്ന സ്വതന്ത്ര ലോബര്‍ പാര്‍ടിയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഒരു തൊഴിലാളിവര്‍ഗ പാര്‍ടി്ക്കാണ് അംബേദ്കര്‍ ശ്രമിച്ചത്.പട്ടികജാതി ഫെഡറേഷന്‍ അദ്ദേഹം രൂപവത്കരിക്കുന്നത് ക്രിപ്‌സ് മിഷന്‍ റിപ്പോര്‍ട്ട് ദലിതുകളുടെ താല്‍പര്യം പൂര്‍ണമായും നിരാകരിച്ചതുകൊണ്ടാണ്. കാരണം അവരെ പ്രതിനിധീകരിക്കാന്‍ അവരുടേതായ പാര്‍ടി ഉണ്ടായിരുന്നില്ല. അങ്ങനെയാണ് എല്ലവരെയും ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഐക്യപ്പെടുത്തുന്ന നടപടി അംബേദ്കര്‍ സ്വീകരിച്ചത്. കമ്യൂണിസ്റ്റിതര ഇടതുകളെ ഒന്നിപ്പിക്കുകയായിരുന്നു. അതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായത്. അദ്ദേഹം അതിന് ശ്രമം തുടങ്ങിയെങ്കിലും അത് ഉണ്ടായി കാണുന്നതിനു മുമ്പേ അദ്ദേഹം മരിച്ചു.

അദ്ദേഹത്തിന്റെ അഭിലാഷത്തില്‍ നിന്ന് ഭിന്നമായിട്ടാണ് അനുയായികകള്‍ 1957ല്‍ റിപബ്ലിക്കന്‍ പാര്‍ടി രൂപീകരിച്ചത്. പക്ഷേ അതൊരു പട്ടികജാതി പാര്‍ടിയായി തുടര്‍ന്നു. അംബേദ്കറുടെ രാഷ്ട്രീയം പ്രാഥമികമായി വര്‍ഗാധിഷ്ഠിതമായിരുന്നു എന്ന് അംബേദ്കറിസ്റ്റുകള്‍ എന്നറിയപ്പെടുന്നവര്‍ മനസിലാക്കാത്തത് വിഷമിപ്പിക്കുന്നുണ്ട്. ജാതിക്കെതിരെ വിശ്രമമില്ലാതെ യുദ്ധം നയിക്കുമ്പോളും അംബേദ്കര്‍ ജാതി രാഷ്ട്രീയ്യം കളിച്ചിരുന്നില്ല. നിര്‍ഭാഗ്യകരമെന്നു പറയാം, അദ്ദേഹത്തിന്റെ അനുയായികള്‍ അദ്ദേഹത്തെ ജാതി രാഷ്ട്രീയത്തിന്റെ നായകനായി ചുരുക്കി. അവരാദ്യം അംബേദ്കറെ മനസിലാക്കണം. അതുകൊണ്ട് തന്നെ ആര്‍.പി.ഐയിലെ പിളര്‍പ്പുകള്‍ അത്ഭുതമുളവാക്കുന്നില്ല.

* താങ്കള്‍ക്ക് എതെങ്കിലും സംഘടനയിലോ പാര്‍ട്ടിയിലോ അംഗത്വമുണ്ടോ? ഉണ്ടെങ്കില്‍ ആ സംഘടനകളിലെ താങ്കളുടെ പങ്ക് എന്താണ് ?

വിദ്യാര്‍ത്ഥി കാലം തൊട്ടേ അസംഘടിത തൊഴിലാളികള്‍, ചേരിനിവാസികള്‍ തുടങ്ങിയതു പോലുള്ള പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ചില പുരോഗമന സംഘടനകളുടെ ഭാഗമായിരുന്നു ഞാന്‍. പക്ഷേ, ഞാനൊരു പാര്‍ട്ടിയിലും അംഗല്ല. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സമിതി’എന്ന പൗരാവകാശ സംഘടനയിലെ അംഗമാണ്.

* ദേശീയത, ഭാഷ, സംസ്‌കാരം എന്നിവയും ദലിതുകളുമായി ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. ദലിതുകള്‍ തങ്ങളുടെ സംസ്‌കാരത്തിലേക്കു മടങ്ങിപ്പോവുകയും വിമോചനത്തിന് അടിസ്ഥാനം കണ്ടെത്തണമെന്നും കരുതുന്നുണ്ടോ ?

ഇതെല്ലാം രണ്ടാമത്തെ കാര്യങ്ങളാണ്. ഈ പ്രശ്‌നങ്ങളിലെല്ലാം പ്രാഥമികമായ വൈരുദ്ധ്യം ജാതിയും ദലിതും തമ്മിലുള്ള വൈരുദ്ധ്യമാണ്. അതാദ്യം പരിഹരിക്കണം. ദലിത് സംസ്‌കാരം എന്ന ഒന്നില്ലെന്ന് ഞാന്‍ പറയില്ല. ദലിത് സംസ്‌കാരം എന്നാല്‍ ഉയര്‍ത്തിപ്പിടിക്കാനില്ല. അംബേദ്കര്‍ ഈ വിഷയം കൈകാാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹം തന്റെ അനുയായികളോട് തങ്ങളുടെ ആചാരങ്ങളും ശീലങ്ങളും ഉപേക്ഷിക്കാനാണ് പറഞ്ഞത്. ദലിത് എന്നത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്. അത് ഇന്ത്യന്‍ തലത്തില്‍ പരിഹരിക്കണം. മറ്റു കാര്യങ്ങളുമായി അത് ആശയകുഴപ്പത്തിലാവരുത്.

* അപ്പോള്‍ കാഞ്ചഐലയ്യയുടെ എരുമ ദേശീയതപോലുള്ള നിലപാടുകളെ എങ്ങനെ കാണും ?

ഞാന്‍ കാഞ്ചാ ഐലയ്യയുടെ ദളിത് ബഹുജന്‍ പോലുള്ള പ്രയോഗങ്ങളെയും ഉയര്‍ന്ന ജാതികളേക്കാള്‍ തങ്ങളുടെ സംസ്‌കാരം മികച്ചതാണ് എന്നുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തത്തോടോ യോജിക്കുന്നില്ല. അത് ശരിക്കും വാസ്തവമല്ല. ജാതിയെ അടിസ്ഥാനമാക്കിയുള്ളതോ, ജാതി അഭിമാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നിനെയും ഞാന്‍ പിന്തുണയ്ക്കില്ല. അത് ദലിതുകള്‍ക്കുവേണ്ടി, ദലിതുകള്‍ ഉയര്‍ത്തുന്നതാണെങ്കിലും.

* കേരളത്തിലെ ജാതി അവസ്ഥകളെപ്പറ്റി എന്തുപറയും ?

എനിക്ക് കേരള സമൂഹത്തിലെ അവസ്ഥകളെപ്പറ്റി അറിവുണ്ടെന്ന് പറയാനാവില്ല. എന്റെ പൊതു നീരിക്ഷണം ദലിതുകളുടെ അവസ്ഥ ഇന്ത്യയിലെമ്പാടും ഒരേ പോലെയാണെന്നാണ്. സാക്ഷരതയുടെയും മനുഷ്യ വികസന അളവുകോലുകളും വച്ചു നോക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. കേരളത്തിന് ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൈതൃകമുണ്ട്. ഈ കാര്യങ്ങളെല്ലാം ദലിതുകളെ സംബന്ധിച്ച് കുറേ ഗുണകരമായിരിക്കും. ജാതി മര്‍ദ്ദനങ്ങള്‍ പരിശോധിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളുടെ അത്രയും മോശമല്ല. എന്നാല്‍ ജാതി മര്‍ദനങ്ങളില്ലാത്ത സംസ്ഥാനമാണ് എന്ന് അര്‍ത്ഥമില്ല. 2008ലെ ദേശീയ ക്രൈം റിക്കോഡ് ബ്യൂറോയുടെ കണക്കുപ്രകാരം 519 ജാതി അതിക്രമങ്ങളുമായി 13-ാം സ്ഥാനത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുണ്ട്. ഇതൊരിക്കലും നല്ല കണക്കല്ല. പ്രത്യേകിച്ച് വികസന അളവുകോലില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്തിന്.

* പുതിയ പുസ്തകങ്ങള്‍ ?

പുതിയ പുസ്തങ്ങള്‍ ഇപ്പോള്‍ മനസിലില്ല. ഒന്നു രണ്ടു പുസ്തകങ്ങള്‍ വന്നു കഴിഞ്ഞു. ഞാനെഴുതിയതല്ലൊം ചില സമകാലിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കനത്ത ഉള്ളടക്കമുള്ളവയാണ്. പുസ്തകമെഴുത്തുമായി തുടര്‍ന്നാല്‍ എന്റെ പ്രൊഫഷന്‍ ശരിയായ രീതിയില്‍ മുന്നോട്ടുപോകില്ല. പക്ഷേ ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് ഞാന്‍ സമയം കണ്ടെത്തുന്നുണ്ട്. അടുത്തിടെ സെഡ് ബുക്‌സ് ‘പെര്‍സിസ്റ്റന്‍സ് ഓഫ് കാസ്റ്റ്‌സ്’ പ്രസിദ്ധീകരിച്ചിരുന്നു. പാതിവഴിയില്‍ നിര്‍ത്തിയ ചില എഴുത്തുകള്‍ ഈ വര്‍ഷം പൂര്‍ത്തികരിക്കണമെന്നുണ്ട്. അംബേദ്കറെ മനസിലാക്കല്‍, ജാതിയും ആധുനികതയും’ എന്നിവയാണ് പാതിവഴിയില്‍ നില്‍ക്കുന്നത്.

* കുടുംബം ? ജീവിത സാഹചര്യങ്ങള്‍ ?

മുംബൈയില്‍ ഭാര്യ രമയ്ക്കും പ്രായമായ മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. രണ്ട് പെണ്‍മക്കളുണ്ട്. അതില്‍ മൂത്തയാളായ പ്രാചി മൂംബൈയിലെ ജി.എസ്. മെഡിക്കല്‍ കോളജില്‍ എം.ഡി. ബിരുദത്തിന് പഠിക്കുന്നു. ഇളയമകള്‍ രശ്മി അമേരിക്കയിലെ വിര്‍ജിനിയ സര്‍വകലാശാലയില്‍ അണ്ടര്‍ഗ്വാജേറ്റ് ബിരുദത്തിന് പഠിക്കുന്നു. ജൂനിയര്‍ ടെന്നീസ് കളിക്കാരില്‍ റാങ്കിംഗില്‍ മുന്നിലാണ് രശ്മി.
കടപ്പാട് _ മാധ്യമം ആഴ്ചപ്പതിപ്പ്, 2010 May 9

Click Here

Leave a Reply