ഇന്ത്യയില്‍ പരിഹാരമായി ഏതെങ്കിലും തരത്തിലുള്ള കമ്മ്യുണിസം വേണം; അംബേദ്‌കര്‍

* ജനാധിപത്യം അതിന്‍റെ മൗലിക അര്‍ത്ഥത്തില്‍ ഇന്ത്യയില്‍ അസാധ്യം
* ആരാണീ തെരഞ്ഞെടുപ്പ് ബിസിനസിനെ സംരക്ഷിക്കുന്നത്?
* ഈ സിസ്റ്റം തകരും
* പരിഹാരമായി ഏതെങ്കിലും തരത്തിലുള്ള കമ്യൂണിസം വേണം
1953ല്‍ ബി ആര്‍ അംബേദ്കറുമായി ബി.ബി.സി നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍

ബി.ബി.സി: ഇന്ത്യയില്‍ ജനാധിപത്യം കാര്യക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

അംബേദ്‌കര്‍: ഇല്ല. കേവലം ഉപരിപ്ലവമായ ഒരു ജനാധിപത്യമായിരിക്കും.

ബി.ബി.സി: എന്താണുദ്ദേശിക്കുന്നത്?

അംബേദ്‌കര്‍: നിയമവ്യവസ്ഥയില്‍ ജനാധിപത്യം നിലനില്‍ക്കും. തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും.‌

ബി.ബി.സി: തെരഞ്ഞെടുപ്പ് നടക്കുക പ്രധാനമല്ലേ?

അംബേദ്‌കര്‍: ആണ്. പക്ഷേ തെരഞ്ഞെടുപ്പ് വഴി നല്ല ആളുകള്‍ അധികാരത്തിലെത്തിയാല്‍ മാത്രം.

ബി.ബി.സി: പക്ഷേ ഇതിലെല്ലാം മാറ്റം വരിക തെരഞ്ഞെടുപ്പു വഴിയായിരിക്കില്ലേ?

അംബേദ്‌കര്‍: ശരിയാണ്. പക്ഷേ ഞങ്ങള്‍ വോട്ട് വഴി സര്‍ക്കാരുകളെ മാറ്റാമെന്ന് പോലും അറിയാത്ത എത്രയോ ആളുകളുണ്ട്. ജനങ്ങളാണ് പരമാധികാരികള്‍ എന്നറിയാത്ത എത്രയോ ജനങ്ങളുണ്ട്. കോണ്‍ഗ്രസിന്‍റെ ഉദാഹരണം നോക്കൂ. കാളക്ക് വോട്ട് ചെയ്യാന്‍ അവര്‍ പറഞ്ഞു. കാള എന്ന ചിഹ്നം ആരെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നോ? ഏതെങ്കിലും വിദ്യാഭ്യാസമുള്ള ആളുകള്‍ കാളക്കാണോ വോട്ട് ചെയ്തത്. അല്ല. കാളക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞു. കാളക്ക് വോട്ട് ചെയ്തു.

ബി.ബി.സി: എന്നുവെച്ചാല്‍, ജനാധിപത്യം അതിന്‍റെ മൗലിക അര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഫലം ചെയ്യില്ലെന്നാണോ?

അംബേദ്‌കര്‍: അസാധ്യമാണ്. ഇവിടത്തെ പ്രാതിനിധ്യ ഘടന പാര്‍ലമെന്‍ററി സമ്പ്രദായത്തിന്‌ അനുയോജ്യമല്ല.

ബി.ബി.സി: ഇത് സമത്വം, അസമത്വം എന്നിവയുമായി ബന്ധപ്പെട്ടതാണോ?

അംബേദ്‌കര്‍: അതെ, ഇത് അസമത്വവുമായി ബന്ധപ്പെട്ടതു തന്നെയാണ്.

ബി.ബി.സി: അതായത്, ജാതിവ്യവസ്ഥയില്‍ നിന്ന് മോചനം നേടാതെ മറ്റ് മാര്‍ഗമില്ലെന്നാണോ?

അംബേദ്‌കര്‍: സാമൂഹികഘടനയുടെ പ്രശ്നമാണ്. അതുകൊണ്ട് അതില്ലാതാവുക തന്നെ വേണം. ഇത് പരിഹരിക്കാന്‍ സമയമാവശ്യമാണ്. സാമൂഹികഘടന മാറ്റാന്‍ സമാധാനപരമായ പരിശ്രമം ആവശ്യമാണ്. ജാതിവ്യവസ്ഥ മാറ്റാന്‍ വേണ്ടി വീണ്ടും പ്രയത്നം ആവശ്യമായി വരും.

ബി.ബി.സി: പക്ഷേ പ്രധാനമന്ത്രി ജാതിവ്യവസ്ഥയെ കുറിച്ച് ധാരാളം പ്രസ്തവനകള്‍ നടത്തുന്നുണ്ടല്ലോ?

അംബേദ്‌കര്‍: ഈ പ്രസംഗങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. നോക്കൂ, സ്പെന്‍സറുടെ പുസ്തകങ്ങളുടെ ശേഖരം കാര്‍‍ലൈലിന് നല്‍കിയപ്പോള്‍ പറഞ്ഞത് ഇത് ഇംഗ്ലീഷ് സംസാരിക്കുന്ന ക്രിസ്ത്യാനികളുടെ പ്രസംഗമാണെന്നാണ്. എനിക്ക് പ്രസംഗം മടുത്തു. ഇനി എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത്. എന്തെങ്കിലും പദ്ധതികള്‍ പ്രാവര്‍ത്തികമാക്കട്ടെ.

ബി.ബി.സി: ഇതൊന്നും പ്രാവര്‍ത്തികമാകുന്നില്ലെങ്കില്‍, പിന്നെ എന്ത് പരിഹാരമാണ് ഇതിനുള്ളതെന്നാണ് താങ്കള്‍ കരുതുന്നത്?

അംബേദ്‌കര്‍: പരിഹാരമായി ഏതെങ്കിലും തരത്തിലുള്ള കമ്യൂണിസം വേണം.

ബി.ബി.സി: ജനാധിപത്യം ഈ രാജ്യത്ത് ഫലം ചെയ്യില്ലെന്ന് എന്തുകൊണ്ടാണ് കരുതുന്നത്? ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടില്ലേ?

അംബേദ്‌കര്‍: ആരാണീ തെരഞ്ഞെടുപ്പ് ബിസിനസിനെ സംരക്ഷിക്കുന്നത്? ജനങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനാണാഗ്രഹം. അവര്‍ക്ക് അവരുടെ ഭൗതികസുഖങ്ങളാണ് പ്രധാനം. അമേരിക്കയില്‍ ജനാധിപത്യം ഉണ്ടല്ലോ? അവരെ സംബന്ധിച്ച് ശരിയാണ്. അവിടെ ഒരു കാലത്തും കമ്യൂണിസം വരുമെന്ന് തോന്നുന്നില്ല. ഞാനിപ്പോള്‍ അവിടെ നിന്നാണ് വരുന്നത്. അവര്‍ എനിക്ക് ഒരു ബിരുദം തരാന്‍ വേണ്ടി ക്ഷണിച്ചതാണ്. അവിടെ ഓരോ അമേരിക്കക്കാരന്‍റെയും ശബ്ദം കേള്‍ക്കപ്പെടുന്നുണ്ട്.

ബി.ബി.സി: അതിവിടെ ഇന്ത്യയിലും ആരംഭിക്കില്ലേ?

അംബേദ്‌കര്‍: എങ്ങനെ? ഇവിടെ ഭൂമിയില്ല. മഴ കുറവാണ്. കാട് കുറവാണ്. എന്തു ചെയ്യാന്‍ പറ്റും? ഇത് പരിഹരിക്കാതെ ഒന്നും നടക്കില്ല. ഭരണകൂടം ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.

ബി.ബി.സി: താങ്കള്‍ പറയുന്നത് ഈ സിസ്റ്റം തകരുമെന്നാണോ?

അംബേദ്‌കര്‍: അതെ. ഒരു കെട്ടിടത്തിന്‍റെ താഴ്ഭാഗം വീണാല്‍ കെട്ടിടം മുഴുവനായി വീഴും. അതായത്, താഴേക്കിടയില്‍ ഉള്ളവര്‍ക്കാകും കൂടുതല്‍ നാശമുണ്ടാവുക. എന്‍റെ ജനത ഇപ്പോഴും അസ്പൃശ്യരായി തുടരുകയാണ്.

പരിഭാഷ_ എസ്.എ അജിംസ്
കടപ്പാട്_ ബി.ബി.സി

Follow us on | Facebook | Instagram Telegram | Twitter

Leave a Reply