പൗരത്വ സമരം ആർ.എസ്.എസിനെതിരെയുള്ള പോരാട്ടമായി വികസിപ്പിക്കണം

എന്താണു സ്വാതന്ത്ര്യം ? തിരഞ്ഞെടുക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം. തിരഞ്ഞെടുക്കലിന്റെ ഇതര മാർഗങ്ങളെ അവനവനു വേണ്ടി സൃഷ്ടിക്കാനുള്ള അവകാശം. തിരഞ്ഞെടുക്കലിന്റെ സാധ്യതയില്ലാതെ മനുഷ്യൻ മനുഷ്യനല്ല. ഒരു അംഗമാണ്, ഒരു ഉപകരണമാണ്, ഒരു വസ്തുവാണ്.
_ ആർച്ചി ബാൾഡ് മക് ലീഷ്, പുലിസ്റ്റർ സമ്മാന ജേതാവായ അമേരിക്കൻ കവി


_ കെ.പി ഹാരിസ്

എന്താണ് ആർ.എസ്.എസ് എന്ന ചോദ്യത്തിന് വ്യത്യസ്തങ്ങളായ ഉത്തരങ്ങൾ ലഭിക്കുമെങ്കിലും ഇന്ത്യ എന്ന ബഹുത്വത്തിന് ഇണങ്ങാത്ത അഥവാ ഇന്ത്യ എന്ന ആശയത്തിന് ദഹിക്കാത്ത ഒരു പദമാണ് ആർ.എസ്.എസ് എന്നുള്ള തെളിമയുള്ള ഉത്തരം ചരിത്രത്തിൽ നിന്നും വർത്തമാന യാഥാര്‍ത്ഥ്യത്തില്‍ നിന്നും നമുക്ക് വായിച്ചെടുകാം. ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ എന്ന മഹാരാജ്യം തല ഉയർത്തി നിൽക്കുന്നത് അതിന്റെ സൈനിക ശക്തിയിലോ വ്യാവസായിക വളർച്ചയിലോ അതുമല്ലെങ്കിൽ താജ്മഹലോ ചെങ്കോട്ടയിലോ അല്ല. മറിച്ച് വ്യത്യസ്ഥ മത ജാതി ഭാഷാ വിഭാഗങ്ങൾ ഒന്നിച്ചൊരു ജനതയായി ജീവിക്കുന്നു എന്നതിനാലാണ്. മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന അനുഭവവും നമുക്കുണ്ട്. ഇവിടെയാണ് ഒരു നൂറ്റാണ്ട് മുമ്പ് സംഘടനാ രൂപം ആര്‍ജ്ജിച്ച ആർ.എസ്.എസ് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള മനുസ്മൃതിയിൽ പ്രചോദിതമായ ഒരു ആശയത്തെ മുന്നോട്ട് വെക്കുന്നത്.

മനുഷ്യ സമൂഹത്തെ പല ജാതികളായി വിഭജിച്ച് നിർത്തുന്ന വംശീയ ബോധത്താൽ നിർവചിക്കപ്പെട്ട ഈ ആശയത്തെ ഹിംസാത്മകമായ സംഘടനാ സംവിധാനം കൊണ്ട് വികസിപ്പിച്ചെടുത്തു. ഇന്ത്യ, സ്വാതന്ത്ര്യം എന്ന സമര യാഥാര്‍ത്ഥ്യത്തിന്‍റെ തീച്ചൂളയില്‍ നിൽക്കുമ്പോൾ സ്വാതന്ത്ര്യ സമരങ്ങളെ ഒറ്റ് കൊടുത്തും പിന്നിൽ നിന്ന് കുത്തിയും ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തുകൊണ്ടാണ് ഇന്ത്യാ ചരിത്രത്തിൽ ആർ.എസ്.എസ് പ്രവർത്തനമാരംഭിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം കഴിയുന്നതിന് മുമ്പേ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച് കൊണ്ട് ഹിന്ദുത്വ ഭീകര രാഷ്ട്രത്തിലേക്കുള്ള അടുത്ത ചുവട് വെപ്പ് നടത്തി. തുടർന്നങ്ങോട്ട് വർഗീയ കലാപങ്ങളുടെയും വംശഹത്യയുടെയും ഒരു തുടർ പരമ്പരയായിരുന്നു. ബാബരി മസ്ജിദ് തച്ച് തകർത്തതും ഗുജറാത്തിൽ നടത്തിയ ഭീകരമായ വംശഹത്യയും ഫാഷിസത്തിന്‍റെ വളർച്ചയിലേക്കുള്ള ചുവടുവെപ്പാണ്. ഇത്തരത്തിൽ ആർ.എസ്.എസ് വളർന്ന് വികസിച്ച് ഇന്ത്യയുടെ ഭരണ സാരഥ്യം ഏറ്റെടുത്തിരിക്കുന്നു.

ചരിത്രത്തിൽ ആർ.എസ്.എസിന് സമാനതകൾ വല്ലതും ലഭിക്കുമെങ്കിൽ അത് കാണുവാൻ സാധിക്കുന്നത് ഹിറ്റ്ലറുടെ ആര്യ വംശീയ പ്രത്യയ ശാസ്ത്രത്തിനാണ്. അപര വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രം പേറുന്ന ആർ.എസ്.എസ് ജർമനിയിൽ ഹിറ്റ്ലർ നേതൃത്വം നൽകിയ ആര്യ മേൽക്കോയ്മാ വാദത്തിന്റെ ഇന്ത്യൻ പതിപ്പാണ്. ഹിറ്റ്ലർ ജർമനിയിൽ നടപ്പിലാക്കിയ ഹോളോകോസ്റ് അഥവാ ജൂത ഉന്മൂലന പ്രകിയ ഇന്ത്യയിൽ തുടക്കം കുറിച്ചിരിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഇപ്പോൾ നടപ്പിലാക്കി വരുന്ന പൗരത്വ ഭേദഗതി നിയമം. ജർമനിയിൽ ന്യൂറംബർഗ് നിയമങ്ങൾ ചുട്ടെടുകുമ്പോൾ അന്ന് ഹിറ്റ്ലർ പറഞ്ഞതെല്ലാം അതേപടി ആവർത്തിക്കുകയാണ് ഇവിടെ നിന്നുകൊണ്ട് മോദി ഭരണകൂടം ചെയ്യുന്നത്.

ഇത് കേവലം യാദൃശ്ചികമല്ല, മറിച്ച് ചരിത്രത്തിന്റെ തനിയാവർത്തനമാണ്. ജർമനിയിൽ ജൂത സമൂഹത്തെയാണ് അപരനായി ചിത്രീകരിച്ച് ശത്രുപക്ഷത്ത് നിർത്തിയതെങ്കിൽ ഇന്ത്യയിൽ അത് മുസ്‌ലിം സമൂഹമാണ്. പിന്നീട് ക്രൈസ്തവ കമ്യൂണിസ്റ്റ് സമൂഹങ്ങൾക്ക് നേരെ ഉന്മൂലനത്തിന്റെ ദണ്ഡന നിയമങ്ങൾ പുറപ്പെടുവിക്കും. പക്ഷെ മുസ്‌ലിം സമൂഹത്തെ ഉന്മൂലനം ചെയത് കഴിഞ്ഞാൽ അടുത്ത ശത്രുവിനെ ഇല്ലായ്മ ചെയ്യുവാൻ എളുപ്പമാണ്. മാത്രമല്ല മുസ്‌ലിം എന്ന അപരനെ പ്രഥമ ശത്രു സ്ഥാനത്ത് നിർത്തുമ്പോൾ ഹൈന്ദവ സമൂഹത്തിന്റെ പിന്തുണ ലഭിക്കുമെന്ന വ്യാമോഹവും അവർക്കുണ്ട്. ഹിറ്റ്ലറുടെ ആര്യമേൽകോയ്മാ വാദവും ആർ.എസ്.എസിന്റെ ബ്രാഹ്മണ മേൽക്കോയ്മാ വാദവും തമ്മിലുള്ള ചരിത്രത്തിലെ സമാനതകൾ എന്ന് പറയുന്നത് പരസ്പരം ഉൾക്കൊള്ളലിന്‍റെതും സ്വാശീകരണത്തിന്റെതുമാണ്. അഥവാ നാസിസത്തിന്റെ പ്രത്യയശസ്ത്ര പാഠവും പദാവലികളും പ്രചരണ തന്ത്രങ്ങളും എല്ലാം അതേപടി പകർത്തിയാടുന്ന ഒരു ഭീകര പ്രഥാനമായി ഇന്ന് ആർ.എസ്.എസ് വളർന്ന് വികസിച്ചിരിക്കുന്നു.

ജൂത വംശത്തെ കൊന്നൊടുക്കുമ്പോൾ കോൺസൻട്രേഷൻ ക്യാമ്പിൽ അവർ സന്തോഷത്തോടെ ജീവിക്കുകയാണ് എന്ന കള്ളക്കഥ പ്രചരിപ്പിച്ച് കൊണ്ടാണ് ഹിറ്റ്ലർ ജർമനിയിൽ ഹോളോകോസ്റ്റ് നടപ്പിലാക്കിയത്. ഇപ്പോൾ ഇന്ത്യയിൽ നിർമിച്ചു വരുന്ന കോൺസൻട്രേഷൻ ക്യാമ്പിനെ കുറിച്ച് കേരളത്തിലെ തന്നെ ഒരു യുക്തിവാദി നേതാവ് പറഞ്ഞത് നാം കേട്ടതാണ്. അഥവാ ഇത്തരത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മെഗാഫോണുകളിലൂടെ ഇന്ത്യയിൽ ഉയർന്ന് വരുന്ന കോൺസൻട്രേഷൻ ക്യാമ്പുകൾ ഡിറ്റൻഷൻ സെന്ററുകളാണെന്നും അവിടെ ആളുകൾക്ക് പരമ സുഖമായിരിക്കും എന്നുമുള്ള പ്രചരണത്തിന് തുടക്കം കുറിച്ചു എന്നർഥം. വംശം അപകടത്തിൽ എന്ന മുദ്രാവാക്യമാണ് ഹിറ്റ്ലർ ഉയർത്തിയതെങ്കിൽ രാഷ്ട്രം അപകടത്തിൽ എന്ന മുദ്രാവാക്യമാണ് ഇന്ത്യൻ ഫാഷിസം ഉയർത്തുന്നത്. അയുക്തികതയാണ് ഹിറ്റ്ലറുടെ ആയുധമെങ്കിൽ അതേ അയുക്തികതയിലും അന്ധ വിശ്വാസത്തിലും അധിഷ്ഠിതമാണ് ഇന്ത്യൻ ഫാഷിസവും.

സത്യത്തിൽ ജർമനിയിൽ നടന്ന വിപ്ലവത്തിന് ഭാവിയെ കുറിച്ച ഒരു ശുഭാപ്തി വിശ്വാസമുണ്ടായിരുന്നില്ല. ഭാവിയെ കുറിച്ച നല്ല സങ്കല്‍പ്പത്തില്‍ നിന്ന് ഉയർന്ന് വന്നതല്ല അതിന്റെ ആശയങ്ങൾ. അതുകൊണ്ടു തന്നെ ഹിറ്റ്ലർ ജർമനിയിൽ നടത്തിയത് ഒരു വിപ്ലവമല്ല എന്ന നിരീക്ഷണം പ്രസക്തമാണ്. കാരണം ഒരു വിപ്ലവത്തിൽ അനുപേക്ഷണീയമായ ചില സംഗതികൾ ഉൾച്ചേരേണ്ടതുണ്ട്. വിമോചനം, നീതി, പ്രചോദനം ഇതുമായി ഒരു പുലബന്ധം പോലുമില്ലാത്ത ഒരു അട്ടിമറിയാണ് സത്യത്തിൽ ജർമനിയിൽ നടന്നത്. അഥവാ മനുഷ്യ സമൂഹം വിമോചന സ്വപ്നമായി കൊണ്ടു നടക്കുന്ന ഒന്നും തന്നെ ഇവരുടെ പക്കലില്ല എന്നർഥം. വെൽഫയർ രാഷ്ട്രത്തെ കുറിച്ച ഒരു സങ്കല്‍പം അഥവാ നല്ല ഒരു ലോകത്തെ കുറിച്ചുള്ള സങ്കല്‍പം ഫാസിസ്റ്റുകൾക്ക് എവിടെയും ഇല്ലാത്തത് പോലെ ഇന്ത്യയിലെ ഫാസിസ്റ്റുകൾക്കും ഇല്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

സ്വാതന്ത്ര്യത്തിന്റെ മരണ മണി മുഴക്കി ബലാൽക്കാരത്തിന്റെ ഒരു തരത്തിലുള്ള വിജയമാണ് ഫാഷിസം മുന്നോട്ട് വെക്കുന്നത് . അഥവാ മനുഷ്യ മനസ്സിനെ അടിമപ്പെടുത്തി അവജ്ഞയുടെ ഒരു പ്രവർത്തിയായി മനുഷ്യ ജീവിതത്തെ മാറ്റി തീർക്കുക എന്നുളളതാണ് ഫാസിസത്തിന്റെ ലക്ഷ്യം. ഇങ്ങിനെ അവജ്ഞയുടെ ആവിഷ്ക്കാരമായി ഒരു കുറ്റവാളിയായിരിക്കുന്നതാണ് നല്ലത് എന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. ഇത്തരത്തിലുള്ള കുറ്റവാളി സമൂഹം അഥവാ ഫാസിസത്തിന് മനുഷ്യ സമൂഹത്തിന്റെ വിമോചനത്തിന് വേണ്ടി ഒന്നും തന്നെ ചെയ്യാൻ കഴിയില്ല. എന്ന് മാത്രമല്ല നിരന്തരം കലാപങ്ങളും ഹിംസയും നടത്തി രാജ്യത്തെ സംഘർഷഭരിതമായി നിലനിർത്തുക എന്നതാണ് ഫാഷിസത്തിന്റെ ഒരു രീതിശാസ്ത്രം.

സംഘർഷത്തിന്റെയും കലാപങ്ങളുടെയും കൂട്ടക്കൊലകളുടെയും കഥ പറയുന്ന ഇന്നലെകളിലെ ജർമനി നാളത്തെ ഇന്ത്യയിൽ അല്ല, ഇന്നിന്റെയും ഇന്നലെകളുടെയും ഇന്ത്യയിൽ ആവർത്തിക്കുകയാണ്. എഴുപത് ലക്ഷത്തോളം വരുന്ന ജൂത സമൂഹത്തെ കൊന്ന് തള്ളിയത് നിയമ വിധേയമായിട്ടാണ് എന്നുള്ളത് ഇതിലെ ഒരു വിരോധാഭാസമാണ്. അഥവാ ജൂതർ രാഷ്ട്രത്തിന് ഭീഷണിയാണെന്നുള്ള നിരന്തര പ്രചരണത്തിന്റെ ഫലമായി ജർമനിയിലെ ജനതയെ തന്റെ കൂടെ നിർത്തുവാനും ജൂതർ എന്ന അപരനെ മുൻനിർത്തി പടനയിക്കാനും ഹിറ്റ്ലറിന് സാധിച്ചു. അങ്ങിനെ ജനാധിപത്യത്തിന്റെ വഴിയിലൂടെ അഥവാ ജനസമ്മിതിയിലൂടെ നിയമ വിധേയമായിട്ടാണ് ഹിറ്റ്ലർ ജർമനിയുടെ ചാൻസലർ ആയത് എന്നർഥം. പിന്നീട് ജൂത സമൂഹത്തെ കോൺസൻടേഷൻ ക്യാമ്പിലെത്തിക്കുന്നതിനുള്ള പ്രത്യേകം നിയമങ്ങൾ നിർമിച്ച് കൊണ്ടായിരുന്നു ജൂതവംശഹത്യക്ക് തുടക്കം കുറിച്ചത്.

ഇപ്പോൾ കശ്മീർ ജനതയെ എല്ലാ സ്വാതന്ത്ര്യവും തടഞ്ഞുവെച്ചു കൊണ്ട് 273 ദിവസമായി പീഡിപ്പിക്കുന്നു. വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പോലും സാധിക്കാതെ മനുഷ്യരുടെ വിനിമയ ബന്ധങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കശമീരിനെ ഒരു തുറന്ന ജയിലാക്കി മാറ്റിയിരിക്കുന്നു. ബാബരി മസ്ജിദ് തകർത്തതും അമ്പലം പണിയാൻ പോകുന്നതും സുപ്രീംകോടതി അനുമതിയോടെ അഥവാ എല്ലാം നിയമവിധേയമായി. ഇനിയിപ്പോൾ എൻ. ആർ.സിക്ക് പുറത്തായ ആസ്സാമിലെ 6 ലക്ഷം മുസ്‌ലിങ്ങള്‍ പൗരത്വമില്ലാത്തവരായി ഡിറ്റൻഷൻ സെന്‍ററുകകളിലേക്ക് മാറ്റുകയാണ്. ഇതും നിയമത്തിന് വിധേയമായിട്ടാണ് എന്നർഥം.

ഫാഷിസം ചടുല നൃത്തം ചവിട്ടിയപ്പോൾ ജർമനി സാമ്പത്തികമായും സാംസ്കാരികപരമായും തകർന്ന് തരിപ്പണമായത് നാം കണ്ടതാണ്. മറ്റൊരു ജർമനി ആവർത്തിക്കാതിരിക്കാൻ ഇന്ന് ഇന്ത്യയിലെ ആർ.എസ്.എസ് ഒഴികെയുളള മുഴുവൻ ജനതയും സമര പോരാട്ടത്തിലാണ്. പക്ഷെ ഈ സമര പോരാട്ടത്തെ തച്ച് തകർക്കാൻ ഭരണകൂടത്തിന്റെ ഒത്താശയോടെ ആർ.എസ്.എസ് നടത്തിയ മുസ്‌ലിം വംശഹത്യയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡൽഹിയിൽ നടന്ന നര നായാട്ട്. ഫാഷിസത്തിന് നിലനിൽക്കണമെങ്കിൽ എപ്പോഴും ഒരു അപരൻ വേണം. ആ അപരൻ ഇന്ത്യയിൽ മുസ്‌ലിം സമൂഹമാണ്, അതിനാൽ മുസ്‌ലിം വംശഹത്യ ആർ.എസ്.എസ് പദ്ധതിയാണ്. ഇത് തിരിച്ചറിഞ്ഞ ഇന്ത്യൻ ജനത തെരുവിലായിരുന്നു, കാമ്പസുകളിൽ വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയ സമരം ഇന്ത്യയിലെ ജനാധിപത്യവാദികളായ ജനതയും ഏറ്റെടുത്തു.

കോവിഡിനെ തുടര്‍ന്നു ലോക്ഡൗൺ പ്രഖ്യാപിക്കും മുൻപ് എല്ലാത്തരത്തിലുള്ള ഭീഷണികളെ പ്രതിരോധിച്ചും അവസാന നിമിഷം വരെ ഷഹീൻബാഗിലെ സ്ത്രീകൾ സമരത്തിലുറച്ചു നിന്നു. ഇന്ന് എൻ.ആർ.സിക്കെതിരെ സമരം നടത്തിയ വിദ്യാര്‍ത്ഥികളെയും ആക്ടിവിസ്റ്റുകളെയും യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ചുമത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. അതുകൊണ്ടു തന്നെ ഈ വെല്ലുവിളികളെയും നേരിടേണ്ടതുണ്ട്. കോവിഡ് ഒതുങ്ങിയാൽ വീണ്ടും ശക്തമാകുന്ന സമരം കേവലം ഭരണഘടനാ സംരക്ഷണം എന്ന മുദ്രാവാക്യത്തിൽ പരിമിതപ്പെടാതെ ആർ.എസ്.എസ് എന്ന ഭീകര പ്രസ്ഥാനത്തിനെതിരെയുള്ള പോരാട്ടമായി വികസിക്കേണ്ടിയിരിക്കുന്നു.

Click Here