ഫാഷിസ്റ്റുവിരുദ്ധ പ്രമാണിമാരെ അലോസരപ്പെടുത്താത്ത അറസ്റ്റുകൾ

ഡോക്ടർ ദിനേശ് നിരാഹാര സമരത്തിലാണ്. പൊലീസ് കസ്റ്റഡിയിൽ. ഹെലിൻ ബോലെകിനെ പോലെ – സ്വത്വരാഷ്ട്രീയക്കാർ ആരോപിക്കുന്ന ഈ “പട്ടിണിസമരക്കാരൻ” തുർക്കിയിൽ അല്ല, കേരളത്തിൽ. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ അദ്ദേഹം പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. അന്യാമായ അറസ്റ്റിലും ക്ലിനിക്കിലെത്തി തൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിലും അവിടെയുണ്ടായിരുന്ന രോഗിയെ അപമാനിച്ചതിലും പ്രതിഷേധിച്ചാണ് ഡോക്ടർ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

കോയമ്പത്തൂരിൽ താമസിച്ച് ജോലി ചെയ്യുന്ന ദിനേശിനെ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് കേരള ATS അറസ്റ്റ് ചെയ്തത്. വീട്ടിലും ജോലി ചെയ്തിരുന്ന ക്ലിനിക്കിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മനുഷ്യാവകാശ സംഘടനയായ Center for Protection of Civil Libertiesൻ്റെ പ്രവർത്തകനാണ് ഡോ. ദിനേശ്.

അദ്ദേഹം താമസിച്ചിരുന്നത് സുഹൃത്തും ആൻ്റി ഇംപീരിയലിസ്റ്റ് മൂവ്മെൻ്റ് പ്രവർത്തകനുമായ പാർത്ഥിപൻ്റെ വീട്ടിലാണ്. കാൻസർ രോഗിയായ സഹോദരിയുൾപ്പെടെ താമസിക്കുന്ന അദ്ദേഹത്തിൻ്റെ വീട്ടിലും റെയ്ഡ് നടന്നു. ദിനേശിൻ്റെയും പാർത്ഥിപൻ്റെയും ഫോൺ, ലാപ്ടോപ്, പെൻഡ്രൈവ്, നോട്ടീസുകൾ ഇവ പൊലീസ് എടുത്തപ്പോൾ കൊണ്ടുപോകുന്ന സാധനങ്ങളുടെ വിവരം എഴുതി ഒപ്പിട്ട് തരണമെന്ന് വീട്ടുകാരും കോളനി നിവാസികളും ആവശ്യപ്പെട്ടു. എ.ടി.എസ് വിസമ്മതിച്ചു. തുടർന്ന് റെയ്ഡ് നടത്താൻ ജനങ്ങൾ സമ്മതിച്ചില്ല.

നൊദീപ് കൗർ, ഷർജീൽ ഉസ്മാനി എന്നിവർക്ക് നേരെയുള്ള ഭരണകൂട വേട്ടയിൽ പ്രതിഷേധിച്ച് “ദലിത് ക്യാമറ”, ഫാഷിസ്റ്റുകൾ നടത്തുന്ന ചില അറസ്റ്റുകളിൽ സ്വത്വരാഷ്ട്രീയക്കാർ പുലർത്തുന്ന മൗനത്തെ കുറിച്ച് പരാമർശിച്ചിരുന്നു. ഹിന്ദുത്വത്തെ ഞങ്ങളാണ് യഥാർത്ഥത്തിൽ പ്രതിരോധിക്കുന്നത് എന്നവകാശപ്പെടുന്നവരാണ് ഈ സെലക്ടീവ് നീതിബോധം പ്രകടപ്പിക്കുന്നത്.
2020 നവംബറിൽ മാത്രം 67 മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയാണ് ആന്ധ്ര പൊലീസ് UAPA ചുമത്തിയത്. അവർ മനുഷ്യാവകാശ, വനിതാ, സാഹിത്യ, ദലിത് സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ്. യുഎപിഎ ചുമത്തപ്പെട്ട സുഗുണ എന്ന അധ്യാപിക ഗോണ്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട മനുഷ്യാവകാശപ്രവർത്തകയാണ്.

ഡിസംബറിൽ ബിജാപൂരിൽ പ്രായപൂർത്തിയാവാത്ത ഒരു കുട്ടിയും 6 സ്ത്രീകളും ഉൾപ്പെടെ 16 ആദിവാസി പ്രവർത്തകരെയാണ് ജയിലിലടച്ചത്. മുഖ്യധാരാ രാഷ്ട്രീയക്കാരായ ഫാഷിസ്റ്റുവിരുദ്ധ പ്രമാണിമാരുടെ പ്രതിഷേധ വിഷയമേ ആയിരുന്നില്ല ഈ അറസ്റ്റുകൾ. ഒരാഴ്ച മുൻപായിരുന്നു കേരളത്തിൽ വിജിത് വിജയൻ എന്ന അധ്യാപകനെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഭരണകൂടം ആരോപിക്കുന്നത്.

കഴിഞ്ഞ മാസത്തിൽ അറസ്റ്റിലാവുകയും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത ജയിലിൽ കഴിയുന്ന തൊഴിലാളിപ്രവർത്തക നൊദീപ് കൗർ എന്ന യുവതിയെ കുറിച്ച് സ്വത്വരാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നവരും സംഘടനകളും കേട്ടിട്ടുണ്ടോ? കൗർ ദലിത് ആയിട്ടും? നൊദീപിനെയും ദിനേശിനെയും വിജിതിനെയുംപോലെ അറസ്റ്റിലാകുന്നവരുടെ കമ്മ്യുണിസ്റ്റ്, മാവോയിസ്റ്റ് ടാഗ് മതി, അവർ പ്രിവിലേജ് ഉളളവരെന്ന് അടയാളപ്പെടുത്തി ഫാഷിസ്റ്റുവിരുദ്ധ പ്രമാണിമാർക്ക് ആ അറസ്റ്റിനെ മൗനംകൊണ്ടു ന്യായീകരിക്കാൻ. നീമൊളറുടെ കവിതയിലെ പോലെ ഫാഷിസ്റ്റുകൾ കമ്മ്യുണിസ്റ്റുകളെ തേടി വരുന്നില്ല എന്നാണവർ സ്ഥാപിക്കുന്നത്.
_ പ്രശാന്ത് സുബ്രഹ്മണ്യൻ

Like This Page Click Here

Telegram
Twitter