വരവര റാവു അടിയന്തരാവസ്ഥ ദിനത്തില്‍ നടത്തിയ പ്രസംഗം

തെലുഗു ഭാഷയിലെ പ്രമുഖ കവിയും പത്രപ്രവർത്തകനും സാഹിത്യ വിമർശകനുമായ വി വി എന്നറിയപ്പെടുന്ന വരവരറാവു അടിയന്തരാവസ്ഥ തടവുകാരനായിരുന്നു. വിപ്ലവകാരികളായ എഴുത്തുകാരുടെ കൂട്ടായ്മ വിപ്ലവ രചയിതല സംഘം-വിരാസം എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹമുള്‍പ്പെടെ 41 പ്രവർത്തകരെ 1974ല്‍ സെക്കന്ദരാബാദ് ഗൂഢാലോചന കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തിരുന്നു. 1975 ഏപ്രിലില്‍ ജാമ്യം ലഭിച്ചെങ്കിലും അതേവര്‍ഷം അടിയന്തരാവസ്ഥ കാലത്ത് ജൂലൈ 26ന് നക്സല്‍ അനുഭാവത്തെ തുടര്‍ന്നു അറസ്റ്റ് ചെയ്തു. നീണ്ട 15 വർഷത്തെ വിചാരണക്കു ശേഷം 1989ലാണ് വെറുതെ വിട്ടത്. വരവര റാവുവിന്‍റെ പ്രശസ്തമായ മിക്ക കവിതാ സമാഹാരങ്ങളും നേരത്തെ നിരോധിച്ചവയായിരുന്നു. ജയിലില്‍ വെച്ചെഴുതിയ സ്വേഛ, ജജ്ഞ എന്നിവയും ‘ഭവിഷ്യത്ത് ചിത്രപടം’ എന്ന പ്രശസ്തമായ കവിതാസമാഹാരവും ആന്ധ്ര സർക്കാർ നിരോധിച്ചിരുന്നു.

വരവരറാവുവിന്‍റെ പേരിൽ തുടര്‍ന്നും ഒന്നിലേറെ കേസുകള്‍ ചുമത്തിയിരുന്നു. 2004ൽ ആന്ധ്രപ്രദേശ് സർക്കാരും മാവോയിസ്റ്റുകളും തമ്മില്‍ സമാധാന ചർച്ചക്കിടയില്‍ നടന്ന രണ്ടു പൊലീസ് സ്റ്റേഷന്‍ ആക്രമ കേസുകളില്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 2013ല്‍ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിരെ പ്രതിഷേധിച്ചതിനും വരവരറാവുവിനെ അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു.

2013 ജൂണ്‍ 26ന് അടിയന്തരാവസ്ഥ ദിനത്തിലാണ് വരവര റാവു ഈ പ്രസംഗം നടത്തിയത്. കൊടുങ്ങല്ലൂരില്‍ മനുഷ്യാവകാശ കൂട്ടായ്മ സംഘടിപ്പിച്ച യു.എ.പി.എ വിരുദ്ധ കണ്‍വെന്‍ഷന്‍ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രസംഗം പ്രസിദ്ധീകരിക്കുന്ന അടിയന്തരവസ്ഥ ദിനത്തിലും അദ്ദേഹം ജയിലിലാണ്, മുംബൈ തലോജ സെൻട്രൽ ജയിലില്‍. 2018ല്‍ ദലിത് യുദ്ധ സ്മരണയായ ഭീമാ കൊറേഗാവുമായി ബന്ധപ്പെട്ട കേസിലാണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന അദ്ദേഹത്തെ, ജയിലില്‍ വെച്ചു ആരോഗ്യനില വഷളായതിനെ തുടര്‍ന്നു ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ജാമ്യത്തിനായി നിരവധി തവണ അപേക്ഷകള്‍ നല്‍കിയെങ്കിലും കോടതി പരിഗണിച്ചില്ല.

ഈ പ്രസംഗത്തിലൂടെ വരവര റാവു യു.എ.പി.എയുടെയും മറ്റു ജനവിരുദ്ധ നിയമങ്ങളുടെയും രാഷ്ട്രീയ സാമ്പത്തിക ഉളളടക്കം പരിശോധിക്കുന്നു

“നിയമയുദ്ധത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയുടെ വാര്‍ഷികത്തിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. 1,50,000ത്തോളം പേരാണ്  ഇക്കാലത്ത് പീഡനത്തിനിരയായതും ജയിലില്‍ അടക്കപ്പെട്ടതും. ജയപ്രകാശ് നാരായണ്‍ പോലുള്ളവരും ഇതിലുള്‍പ്പെടുന്നു. നിരവധി ബഹുജന സംഘടനകള്‍ നിരോധിക്കപ്പെട്ടു. ജൂലൈ നാലിനാണ് സിപിഐ (എംഎല്‍) നിരോധിക്കപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ജീവിക്കാനുള്ള അവകാശം ഒഴിച്ച് മറ്റു എല്ലാവിധ മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ടത് ഇക്കാലത്താണെന്ന് പത്രങ്ങള്‍ പറയുന്നു.

എന്നാല്‍, ജീവിക്കാനുള്ള അവകാശം പോലുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. അത് അടിയന്തിരാവസ്ഥ കാലത്ത് മാത്രമല്ല, 1967ല്‍ യു.എ.പി.എ നിയമം കൊണ്ടുവന്നത് മുതല്‍. എന്താണ് 1967ന്റെ പ്രത്യേകത ?

1947ലെ അധികാര കൈമാറ്റത്തിന് ശേഷം വന്ന ഭരണത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ജനങ്ങള്‍ ബംഗാളിലെ നക്‌സല്‍ബാരിയില്‍ കലാപം നടത്തി. ശ്രീകാകുളം, വയനാട്, പഞ്ചാബ് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ കലാപം നടന്നു. ഭൂമി പിടിച്ചെടുക്കല്‍, സായുധസമരം എന്നിവയായിരുന്നു മാര്‍ഗങ്ങള്‍. ജനങ്ങളുടെ അധികാരം സ്ഥാപിക്കുന്നതിന് വിപ്ലവകാരികള്‍ പുതിയ പദ്ധതികള്‍ കൊണ്ടുവന്നു. ഇക്കാലം മുതലാണ് സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ കൊലകളും തുടങ്ങിയത്. അത് ഇന്നും തുടരുകയാണ്.

അടിയന്തിരാവസ്ഥ കാലത്ത് പീഡിപ്പിക്കപ്പെട്ടവരില്‍ ജയപ്രകാശ് നാരായണനെ പോലെയുള്ള മധ്യവര്‍ഗത്തില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നതിനാല്‍ അതിന് ശ്രദ്ധ ലഭിച്ചു.  എന്നാല്‍, കര്‍ഷക സമരങ്ങള്‍ക്ക് യാതൊരു ശ്രദ്ധയും ലഭിച്ചില്ല. അടിയന്തിരാവസ്ഥ തടവുകാര്‍ പുറത്തിറങ്ങി കൊലപാതകങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. കേരളത്തിലെ രാജന്‍ കേസ് ഇതിന് ഉദാഹരണമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയായ പോലിസ് ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെട്ടത്  തന്നെ ആദ്യ സംഭവമാണ്. ആന്ധ്രപ്രദേശില്‍ അടിയന്തിരാവസ്ഥ കാലത്ത് 75 പേര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് തുടങ്ങിയ പ്രദേശങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. മൗലികാവകാശങ്ങളുണ്ട്. എന്നാല്‍, യു.എ.പി.എയെ കുറിച്ച് സംസാരിക്കേണ്ടി വരുന്നു.

അതെന്തു കൊണ്ടാണ് ? ഇപ്പോളുള്ളത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ ആണെന്നതാണ് കാരണം. പ്രത്യേകിച്ചും ഇന്ദിരാഗാന്ധി രണ്ടാമത് അധികാരത്തില്‍ എത്തിയത് മുതല്‍. രാഷ്ട്രീയ സമ്പദ് വ്യവസ്ഥയും ഭരണകൂട അടിച്ചമര്‍ത്തലും ഇത് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് 1980 മുതല്‍ക്കുള്ള സംഭവങ്ങള്‍. കേരളത്തില്‍ നൂറുകണക്കിന് പേര്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തപ്പെട്ടിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും മുസ്‌ലിങ്ങളാണ്. ചിലര്‍ ജനാധിപത്യ പ്രവര്‍ത്തകരാണ്. എന്തിനാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്യുന്നത് ?

പലതരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍, യൂനിഫോമിലെത്തിയ പൊലിസ് ചടങ്ങിന്റെ വീഡിയോ എടുക്കുന്നത് ആദ്യമായാണ് കാണുന്നത് (പരിപാടി പൊലീസുകാര്‍ വീഡിയോ എടുക്കുന്നുണ്ട്). ഇങ്ങനെ ആന്ധ്രയില്‍ നടക്കില്ല. ഞങ്ങള്‍ സമ്മതിക്കില്ല. ഇത് എന്ത് ജനാധിപത്യമാണ്.  പൊതുപരിപാടിയില്‍ തന്നെ ഇങ്ങനെയാണുണ്ടാവുന്നത്. സര്‍ക്കാര്‍ ജനങ്ങളെ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. സ്വന്തം നിഴലിനെ പോലും സര്‍ക്കാര്‍ ഭയക്കുകയാണ്. സദസിലുള്ള എല്ലാവരുടെയും മുഖങ്ങള്‍ പകര്‍ത്തി അമേരിക്കയിലെ യജമാനന്‍മാര്‍ക്കു അയക്കുകയാണ്. ഇതാണ് എഡ്വേര്‍ഡ് സ്‌നോഡന്‍ ലോകത്തെ അറിയിച്ചത്. ആധാര്‍ പോലുള്ള പദ്ധതികളിലൂടെ പൗരന്റെ സ്വകാര്യത അടക്കം ചോര്‍ത്തുകയാണ്. മുന്‍കാലത്ത് നിയമവിരുദ്ധമായി ചെയ്യുന്നത് ഇപ്പോള്‍ പാര്‍ലമെന്റ് വഴി നിയമവിധേയമാക്കി ചെയ്യുന്നു എന്നു മാത്രം.

ഭഗത് സിങ്ങിന്റെ കാലം മുതലെ ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരെ പോരാടിയവരാണ് നാം. ദേശീയപ്രസ്ഥാനം റൗലത്ത് ആക്ടിനെതിരെ പോരാടി. എന്നാല്‍, അവരുടെ പിന്‍ഗാമികള്‍ (കോണ്‍ഗ്രസുകാര്‍) 1947ലെ അധികാര കൈമാറ്റത്തിന് ശേഷം, ഭരണഘടന അംഗീകരിക്കുന്നതിനും പാര്‍ലമെന്റ് രൂപീകരിക്കുന്നതിനും മുമ്പ്  തന്നെ കശ്മീരിലും തെലങ്കാനയിലും യുദ്ധം പ്രഖ്യാപിച്ചു. ഇതിനുള്ള അധികാരം അവര്‍ക്ക് എവിടെ നിന്നാണ് ലഭിച്ചത് ? ഭരണഘടന പ്രാബല്യത്തില്‍ വന്ന ശേഷം 1951ല്‍ തന്നെ കരുതല്‍ തടങ്കല്‍ നിയമം കൊണ്ടുവന്നു. എ കെ ഗോപാലന്‍ (എകെജി) അടക്കമുള്ളവര്‍ ഇതിന് ഇരയായി.

ഭരണഘടനക്ക് മനോഹരമായ ആമുഖമുണ്ട്. എല്ലാവിധ മൗലികാവകാശങ്ങളും അത് ഉയര്‍ത്തിപ്പിടിക്കും. എന്നാല്‍, ഭരണകൂടം അതിന് ഇഷ്ടമുള്ളത് ചെയ്യും. 1950 മുതല്‍ വിവിധ തരത്തിലുള്ള ജനവിരുദ്ധ നിയമങ്ങള്‍ അത് രൂപീകരിക്കുകയാണ്. പ്രത്യേകിച്ച് 1980 മുതല്‍, ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തെ ഓര്‍മിപ്പിക്കും വിധം അത് ജനങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിക്കാന്‍ തുടങ്ങി. ഭഗത് സിങ്ങിനെ പോലുള്ളവര്‍ തീവ്രവാദികളാണോ ? ജനങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിച്ച് ഭീകരവിരുദ്ധ നിയമങ്ങള്‍ ഉണ്ടാക്കുന്നത് ഭീകര ഭരണകൂടമാണ്. ജനാധിപത്യ പ്രസ്ഥാനങ്ങളെയും ദേശീയ വിമോചന പ്രസ്ഥാനങ്ങളെയും വിപ്ലവ പ്രസ്ഥാനങ്ങളെയും അടിച്ചമര്‍ത്താനാണ് ഇത്തരം നിയമങ്ങള്‍ രൂപീകരിക്കുന്നത്.

1982ലെ അനന്ത്പൂര്‍ പ്രമേയത്തെ തുടര്‍ന്ന് ഇന്ദിരാഗാന്ധി സിഖുകാരെ ആക്രമിച്ചു. സിഖുകാരുടെ വിശുദ്ധമായ സുവര്‍ണ്ണക്ഷേത്രം ആക്രമിക്കുന്നതു വരെയെത്തി കാര്യങ്ങള്‍. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ഇതുപോലുള്ള ആക്രമണങ്ങള്‍ കശ്മീരിലും മണിപ്പൂരിലും മുമ്പ്  തന്നെയുണ്ട്. ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം രാജീവ്ഗാന്ധി അധികാരത്തില്‍ വന്നു. 3000ത്തോളം സിഖുകാര്‍ കൊല്ലപ്പെട്ടു.  രാജീവ് ഗാന്ധി തന്നെ ‘ടാഡ’ നിയമം കൊണ്ടു വന്നു. ഇതാണ് ആദ്യത്തെ കുപ്രസിദ്ധ ഭീകരവിരുദ്ധ നിയമം. ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന പൊതുതത്വത്തിന് വിരുദ്ധമാണ് ഇത്തരം നിയമങ്ങള്‍. കൂടാതെ, നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം ആരോപണ വിധേയന്റെ ചുമലിലാക്കി. നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ മൂല്യങ്ങളും ഇത്തരം നിയമങ്ങളിലൂടെ ഭരണകൂടം തകര്‍ത്തു. ടാഡയും സമാനമായ ‘പോട്ട’ നിയമവും പിന്‍വലിച്ചപ്പോള്‍ അതിലെല്ലാം അടങ്ങിയ എല്ലാ ജനവിരുദ്ധ ഭാഗങ്ങളും ചേര്‍ത്ത് യുഎപിഎ നിയമം ഭരണകൂടം ഭേദഗതി ചെയ്തു.

ഇതിനെല്ലാം പുറമെ ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വന്തമായ ഭീകരവിരുദ്ധ നിയമങ്ങളുണ്ട്. ചത്തീസ്ഗഡ് പബ്ലിക്ക് സെക്യൂരിറ്റി ആക്ട്, ആന്ധ്രപ്രദേശ് പബ്ലിക്ക് സെക്യൂരിറ്റി ആക്ട് തുടങ്ങിയവയാണ് ഇവ. ഡോ. ബിനായക് സെന്നിനും സീമാ ആസാദിനും ജീവപര്യന്തം തടവ് ശിക്ഷ വിധിക്കാന്‍ കാരണം യു.എ.പി.എ ആണ്. എത്രമാത്രം ജനവിരുദ്ധമാണ് ഈ നിയമങ്ങള്‍ ! ഇത്തരം നിയമങ്ങളുടെ അടിസ്ഥാനമെന്താണ് ? ഇതറിയാന്‍ രാഷ്ട്രീയ സമ്പദ് വ്യവസ്ഥ പരിശോധിക്കണം. 1984ലെ സിഖ് വംശഹത്യ,  ഭോപ്പാല്‍ വാതക ദുരന്തം തുടങ്ങിയവയില്‍ ഇത് കാണാം.

അതായത്, രാജ്യത്തേക്ക് ബഹുരാഷ്ട്ര കുത്തകകള്‍ വന്‍തോതില്‍ വരാന്‍ തുടങ്ങിയ കാലം. സാമ്രാജ്യത്വ ആഗോളവല്‍ക്കരണം ശക്തിപ്പെടാന്‍ തുടങ്ങിയത് ഇക്കാലത്താണ്. സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സമ്പദ് വ്യവസ്ഥയും അതിനെ പിന്താങ്ങുന്ന ഹിന്ദുത്വയുമാണ് ഇത്. ഹിന്ദ് കരേഗാ ഹിന്ദൂ രാജ് (This country will be ruled by Hindus) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് രാജീവ്ഗാന്ധി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ച് അധികാരത്തില്‍ വന്നത്. സാമ്രാജ്യത്വാശ്രിത വികസനം ഒരു കൈയ്യിലും മറുകൈയ്യില്‍ ഹിന്ദുത്വയും. ഇതുതന്നെയാണ് നരേന്ദ്രമോദിയുടെ മോഡല്‍.

വികസനത്തിന്റെ പേരില്‍ ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്. പ്രത്യേകിച്ചും  1991 മുതല്‍. രാജീവ്ഗാന്ധിയുടെ കാലത്താണ് എല്‍ കെ അദ്വാനി ഏകാത്മകതാ യാത്ര നടത്തിയത്. എന്താണ് ഏകാത്മകതാ യാത്ര ? രാജ്യം മുഴുവന്‍ ഒരു വിപണിയായി കാണുന്ന സംവിധാനത്തിന് പിന്തുണ തേടലായിരുന്നു അത്. ഇതൊക്കെയാണ് 1930കളില്‍ ഇറ്റലിയിലും ജര്‍മനിയിലുമെല്ലാം നടന്നത്. ഇന്ത്യയെ 21ാം നൂറ്റാണ്ടില്‍ എത്തിക്കുമെന്നാണ് 1985ല്‍ രാജീവ്ഗാന്ധി പറഞ്ഞത്. അദ്വാനിയുടെ ഏകാത്മകതാ യാത്രയാണ് 21ാം നൂറ്റാണ്ട്. 1991ല്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതോടെ 1992ല്‍ ബാബരി മസ്ജിദ് തകര്‍ന്നു.

ഗുജറാത്ത്, കാണ്ഡ്മഹല്‍, കര്‍ണാടകം, കേരളം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വര്‍ഗീയ കലാപങ്ങളും പ്രകൃതി വിഭവങ്ങളുടെ കൊള്ളയും. കേരളത്തിലെ അടിച്ചമര്‍ത്തലിനെ ഒറ്റപ്പെട്ടതായി കാണാനാവില്ല. കേരളത്തിലെ സര്‍ക്കാര്‍(യുഡിഎഫ്) കോണ്‍ഗ്രസ് പാരമ്പര്യം തന്നെയാണ് കാണിക്കുന്നത്. എന്തുകൊണ്ടാണ് ആദിവാസികളും ദലിതുകളും മുസ്‌ലിങ്ങളും ആക്രമണത്തിന് ഇരയാവുന്നത്. ലോകത്തെല്ലായിടത്തും പെട്രോളിയം മുസ്‌ലിങ്ങളുടെ കൈവശമാണ്.

ഈസ്റ്റ് ഇന്ത്യാ കമ്പനി ചെയ്ത കാര്യങ്ങളൊക്കെ നമുക്കറിയാം. ഓരോ വിഭാഗങ്ങളെയും ഒന്നൊന്നായാണ് ആക്രമിച്ചത്. ക്രിസ്റ്റഫര്‍ കൊളംബസിന്റെ കാലം മുതല്‍ മൂലധനം വനങ്ങളിലേക്ക് പോവുകയാണ്. അമേരിക്ക, ആസ്‌ത്രേലിയ തുടങ്ങി എല്ലായിടത്തും ഇത് തന്നെയാണ് നടന്നത്. ആദിവാസികളെ കൊന്നൊടുക്കി. ഇന്നും ഇത് തന്നെയാണ് നടക്കുന്നത്. ഇപ്പോള്‍ ഇവര്‍ ഇന്ത്യയിലെത്തി. പക്ഷെ, ആദിവാസികള്‍ പോരാട്ടത്തിലാണ്. ഇത് രണ്ടു വികസന മാതൃകകള്‍ തമ്മിലുള്ള പോരാട്ടമാണ്. സാമ്രാജ്യത്വാശ്രിത വികസന മാതൃകയും ആദിവാസി-ദലിത് വിഭാഗങ്ങളുടെ മാതൃകയും തമ്മിലാണ് പോരാട്ടം. മധ്യ, കിഴക്കന്‍ ഇന്ത്യയില്‍ അടിസ്ഥാന വര്‍ഗങ്ങളുടെ ‘ജനതനാ’ സര്‍ക്കാരാണ് വികസന മാതൃക മുന്നോട്ട് വെച്ചിരിക്കുന്നത്. ഇവിടത്തെ പ്രകൃതി വിഭവങ്ങളില്‍ കുത്തകകള്‍ കണ്ണുവെച്ചിരിക്കുകയാണ്. ജനങ്ങള്‍ എതിര്‍ത്താല്‍ ജനവിരുദ്ധ നിയമങ്ങള്‍ ഉപയോഗിക്കുന്നു.

സാല്‍വാജുദും നേതാവ് മഹേന്ദ്രകര്‍മയെ മാവോയിസ്റ്റുകള്‍ ഉന്മൂലനം ചെയ്തപ്പോള്‍ മാവോയിസ്റ്റുകള്‍ മത മൗലികവാദികളേക്കാള്‍ തീവ്രവാദികളാണെന്നാണ് മന്‍മോഹന്‍സിങ്, ജയറാം രമേശ്, പി ചിദംബരം, സോണിയാഗാന്ധി എന്നിവര്‍ പറഞ്ഞത്. ഇതൊരു മനശാസ്ത്ര യുദ്ധമാണ്. മുസ്‌ലിം മതമൗലികവാദികള്‍ തീവ്രവാദികളാണെന്നാണ് പറയുന്നത്. തീര്‍ച്ചയായും മധ്യവര്‍ഗം അങ്ങനെ ചിന്തിക്കും. എല്ലാ മുസ്‌ലിംകളും മതമൗലികവാദികളാണെന്നും മതമൗലികവാദികളെല്ലാം തീവ്രവാദികളാണെന്നുമാണ് അവര്‍ പറയുന്നത്. മാവോയിസ്റ്റുകള്‍ തീവ്രവാദികളാണെന്ന് ജയറാം രമേശ് പറയുന്നു.

എന്തു കൊണ്ട് മുസ്‌ലിംകള്‍ മതമൗലികവാദികളാവണം, മതമൗലികവാദികള്‍ എന്തിന് തീവ്രവാദികളാവണം തുടങ്ങിയ ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പാടില്ല. അന്തര്‍ദേശീയ മൂലധന മൗലികവാദികളാണ് ഏത് മൗലികവാദത്തേക്കാളും വലിയ ഭീഷണിയെന്ന് നമുക്ക് വ്യക്തമാണ്. പക്ഷെ, ഭരണവര്‍ഗം നമ്മെ മറ്റെന്തോ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും വിഭവങ്ങള്‍ സംരക്ഷിക്കാനും സ്വയം പര്യാപ്തക്കും വേണ്ടി പോരാടുന്നവര്‍ തീവ്രവാദികളായി ചിത്രീകരിക്കപ്പെടുകയാണ്.

അഫ്ഗാനിസ്താനില്‍ സോവിയറ്റ് യൂനിയന്‍ ചെയ്തത്  എന്താണ് ? വിഭവങ്ങള്‍ക്കു വേണ്ടിയുള്ള യുദ്ധമായിരുന്നു. ഇറാഖിലും അഫ്ഗാനിസ്താനിലും ഇപ്പോള്‍ നടക്കുന്നതും അത് തന്നെയാണ്. എന്നാല്‍, ഇന്ത്യയില്‍ സ്ഥിതിഗതികള്‍ വ്യത്യസ്ഥമാണ്. ഇവിടെ ഭരണകൂടം സ്വന്തം ജനങ്ങള്‍ക്കെതിരെയാണ് യുദ്ധം നടത്തുന്നത്. ഭരണകൂടം സാമ്രാജ്യത്വത്തിന്റെ ദല്ലാളായതാണ് ഇതിന് കാരണം. 2009 മുതല്‍ ഈ യുദ്ധം ഭരണവര്‍ഗം ശക്തിപ്പെടുത്തി. ചരിത്രം പലപ്പോഴും ആവര്‍ത്തിക്കുന്നത് നോക്കൂ. രാമായണ കാലത്ത് ശ്രീരാമന്‍ ദണ്ഡകാരണ്യ പ്രദേശത്ത് വന്നു. ഋഷിമാര്‍ അവിടെ ധാരാളം ഭൂമി കൈയ്യടക്കിയിരുന്നു. തദ്ദേശവാസികള്‍ ഇതിനെ എതിര്‍ത്തു. ഋഷിമാരുടെ ആശ്രമങ്ങളും യഞ്ജവും സംരക്ഷിക്കാനായിരുന്നു ശ്രീരാമന്റെ വരവ്.

പ്രദേശവാസികളെ അധിനിവേശക്കാര്‍ ആക്രമിക്കുകയും രാക്ഷസന്‍മാര്‍ എന്ന് വിളിക്കുകയുമാണ് ഉണ്ടായത്. ഇത് ഇന്നും നടക്കുന്നു. രാമന്‍ തുടര്‍ന്ന് ലങ്കയിലേക്ക് പോവുകയാണുണ്ടായത്. ഇന്ത്യ ശ്രീലങ്കന്‍ ഭരണാധികാരി രജപക്ഷെയെ പിന്തുണക്കുന്നത് കാണാം. തമിഴര്‍ക്കെതിരായ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യവും പങ്കെടുത്തിരുന്നു. ഈ അനുഭവങ്ങളില്‍ നിന്നാണ് 2009ല്‍ ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടെന്ന പേരില്‍ ഇന്ത്യന്‍ ഭരണകൂടം ജനങ്ങള്‍ക്കെതിരെ യുദ്ധം വ്യാപകമാക്കിയത്. ഇത് എന്ത് ജനാധിപത്യമാണ് ? കശ്മീരും വടക്കുകിഴക്കന്‍ പ്രദേശങ്ങളും സൈനികവല്‍ക്കരിച്ചിരിക്കുന്നു. പട്ടാളം ദണ്ഡകാരണ്യ മേഖലയിലേക്ക് കടക്കുകയാണ്. ഇതിന് ഇസ്രായേലിന്റെ സഹായമുണ്ട്. യാതൊരു നിയമ ചട്ടക്കൂടുമില്ലാതെ കേരളത്തിലടക്കം പ്രത്യേക സേനകള്‍ രൂപകരിക്കുകയാണ്. ആന്ധ്രപ്രദേശില്‍ ഗ്രേഹൗണ്ട്‌സ് പോലിസിന് യൂനിഫോം പോലുമില്ല. അവരുടെ ബജറ്റ് നിയമസഭയില്‍ പോലും കാണിക്കില്ല.

ചത്തീസ്ഗഡിലെ ദണ്ഡകാരണ്യയിലെ അബുജുമാഡില്‍ 28 തരം ധാതുക്കളുണ്ടെന്നാണ് കണക്ക്. ബോക്‌സൈറ്റിന്റെ മൂല്യം മാത്രം രാജ്യത്തിന്റെ ബജറ്റിന്റെ മൂന്ന് മടങ്ങ് വരും. ടാറ്റ, ബിര്‍ള, ജിന്‍ഡാല്‍, പോസ്‌കോ തുടങ്ങിയവര്‍ ഇതിനായി സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചിരിക്കുകയാണ്. മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ ആദിവാസികള്‍ ഇതിനെ ചെറുക്കുകയാണ്. ഇത് തന്നെയാണ് പശ്ചിമഘട്ടത്തിലും നടക്കുന്നത്. ചരിത്രം അറിയുന്നവര്‍, ജനങ്ങളുടെ  കാഴ്ച്ചപാടില്‍ ജനങ്ങളുടെ പരമാധികാരം ഉയര്‍ത്തിപിടിക്കും. പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് സാകേത് രാജന്‍ ‘കര്‍ണാടകയിലെ ജനങ്ങളുടെ ചരിത്രം’ എന്ന പേരിലാണ് പുസ്തകമെഴുതിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ചരിത്രമാണ് ടിപ്പുസുല്‍ത്താനുള്ളത്. അദ്ദേഹം ഭൂപരിഷ്‌കരണം നടപ്പാക്കാന്‍ ശ്രമിച്ചു. ജനങ്ങളുടെ പരമാധികാരം ഉയര്‍ത്തിപിടിക്കാന്‍ ശ്രമിച്ചു. ഇവിടത്തെ ജനങ്ങളുടെ ചരിത്രം പോരാട്ടങ്ങളുടെ ചരിത്രമാണ്. ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മാവോയിസ്റ്റുകള്‍ ആയുധണിഞ്ഞ് പശ്ചിമഘട്ടത്തില്‍ പോയിരിക്കുന്നത്. ആദിവാസികള്‍ യുദ്ധം തുടങ്ങിയിരിക്കുന്നത്.

ദണ്ഡകാരണ്യ, ജംഗള്‍മഹല്‍, ജാര്‍ഖണ്ട് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നടക്കുന്നതും ഇതെല്ലാം തന്നെയാണ്. ഏതു പാര്‍ടിയായാലും അന്തര്‍ദേശീയ മൂലധനത്തിന്റെ സേവകരാണ്. എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ എഡിബി പദ്ധതികള്‍ നടപ്പാക്കിയത്. അന്തര്‍ദേശീയ ധനമൂലധനത്തിന് മുന്നില്‍ ഇടത് വലത് വ്യത്യാസമില്ല. എല്ലാവരും അതിന്റെ ദല്ലാളാണ്. ഇപ്പോള്‍ നടക്കുന്നത് അതിന് വേണ്ടിയുള്ള അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. ഇതിനെതിരെയുള്ള പോരാട്ടത്തില്‍ മധ്യവര്‍ഗത്തിന്റെ പങ്കാളിത്തം ഇല്ലായെന്നത് ദുരന്തമാണ്. അവരെ ഭരണവര്‍ഗം ഏറ്റെടുത്തുകഴിഞ്ഞു. അതിനാല്‍, അടിസ്ഥാന വര്‍ഗങ്ങള്‍ കഠിനമായ പോരാട്ടത്തിലാണ്. ജനാധിപത്യ പോരാളികള്‍ രാഷ്ട്രീയ സമ്പദ് വ്യവസ്ഥ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഡോ. ബിനായക് സെന്‍ ആദിവാസി മേഖലയിലെ പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടറായിരുന്നു. പോഷകാഹാര കുറവ് കുട്ടികളില്‍ നിരവധി രോഗങ്ങള്‍ക്കു കാരണമാവും. ഇതാണ് സമ്പദ് വ്യവസ്ഥ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം. കുട്ടികളുടെ ആരോഗ്യപ്രശ്‌നം എന്നത് കേവലം ആരോഗ്യപ്രശ്‌നം മാത്രമല്ല. സാമൂഹിക-സാമ്പത്തിക പ്രശ്‌നം കൂടിയാണ്. കൊള്ളക്കു വേണ്ടിയുള്ളതാണ് ഈ സമ്പദ് വ്യവസ്ഥ. യുദ്ധത്തെ കുറിച്ച് പറയുമ്പോള്‍ നീതിയെ കുറിച്ച് പറയണം. പോരാടുന്നവരുടെ ഭാഗത്താണ് നീതിയുള്ളത്. പാര്‍ലമെന്റില്‍ പാസാക്കുന്ന നിയമങ്ങള്‍ ജനാധിപത്യപരമാവണമെന്നില്ല. യു.എ.പി.എക്കെതിരെയും രാഷ്ട്രീയതടവുകാരുടെ മോചനത്തിനായും സംസാരിക്കുമ്പോള്‍ വികസനമാതൃകയും നാം പരിശോധിക്കണം. നാം നീതിക്കൊപ്പം നില്‍ക്കണം.”

അടിയന്തരാവസ്ഥ; ലേഖനങ്ങൾ

Follow us on | Facebook | Instagram Telegram | Twitter

Leave a Reply