അനിൽ അല്ല ആദ്യം, അവസാനത്തേതും

“1960 കളുടെ അവസാനവും 1970 കളുടെ ആരംഭത്തിലുമായാണ് കൂറുമാറ്റം പാർലമെന്ററി രാഷ്ട്രീയത്തിലെ സ്ഥിരം സാന്നിധ്യമായി മാറിയത്. ഭരണകൂടത്തിന്റെ നീതീകരണ പ്രതിസന്ധിയുടെയും കോൺഗ്രസ് വ്യവസ്ഥ ദുർബലമാകുന്നതിന്റെയും ആരംഭവുമായി അതിനുള്ള ബന്ധം ഒട്ടും യാദൃശ്ചികം ആയിരുന്നില്ല…”

കെ മുരളി, മാവോയിസ്റ്റ് സൈദ്ധാന്തികൻ

ബിജെപിയിലേയ്ക്കുള്ള അനിൽ ആന്റണിയുടെ കൂറുമാറ്റം ആ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഭാഗധേയത്തിലെ ശ്രദ്ധേയമായ വഴിത്തിരിവായി പല മാധ്യമങ്ങളും നിരീക്ഷകരും വിശേഷിപ്പിച്ചിട്ടുണ്ട്. ഈ കൂറുമാറ്റം കോൺഗ്രസിന്റെ ആന്തരിക ജീർണ്ണതയ്ക്ക് തെളിവാണെന്ന് സിപിഎം നേതൃത്വം പറയുന്നു. ബിജെപിയെ തടയാൻ തങ്ങൾക്കേ കഴിയൂ എന്ന് അവകാശപ്പെടാനും അവർ ഇത് അവസരമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലും തൃപുരയിലും ദശകങ്ങളോളം സിപിഎം എംഎൽഎമാരായിരുന്നവർ തൃണമൂലിലേയ്ക്കും ബിജെപിയിലേയ്ക്കും ചേക്കേറിയ കാര്യം ഗോവിന്ദനും സംഘവും സൗകര്യപൂർവ്വം മറന്ന മട്ടാണ്. പക്ഷെ അതുകൊണ്ട് ആ ‘പാരമ്പര്യം’ ഇല്ലാതാവില്ലല്ലൊ. കേരളത്തിലും അത് സംഭവിച്ചുകൂടെന്നുമില്ല.

രണ്ടും വലതുപക്ഷ കക്ഷികളാണെന്ന ന്യായത്തിൽ കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് വിശദീകരിക്കുന്നവർ ‘ഇടതു’വേഷം കെട്ടുന്ന സിപിഎമ്മിൽ നിന്നും മറ്റുമുള്ള കൂറുമാറ്റത്തെ വ്യക്തികളുടെ സ്വാർത്ഥതയിലേയ്ക്ക്, അവസരവാദത്തിലേയ്ക്ക്, ചുരുക്കുന്നു. കൂടിവന്നാൽ പാർലമെന്ററി രാഷ്ട്രീയത്തിന്റെ ജീർണ്ണത വരെ പോകും വിശകലനങ്ങൾ. അതിനുമപ്പുറം ഭരണവർഗ ആശയശാസ്ത്രമണ്ഡലത്തിൽ വന്നിരിക്കുന്ന മാറ്റമാണ് ശ്രദ്ധിക്കേണ്ടത്. പ്രത്യക്ഷത്തിൽ രാഷ്ട്രീയ സംസ്കാരത്തിൽ വ്യത്യസ്ത പാരമ്പര്യവും സമീപനങ്ങളുമുള്ള പാർട്ടികൾക്കിടയിൽ നിഷ്പ്രയാസം നടക്കുന്ന കൂറുമാറ്റം സാധ്യമാക്കുന്നത് അതാണ്.

“1960 കളുടെ അവസാനവും 1970 കളുടെ ആരംഭത്തിലുമായാണ് കൂറുമാറ്റം പാർലമെന്ററി രാഷ്ട്രീയത്തിലെ സ്ഥിരം സാന്നിധ്യമായി മാറിയത്. ഭരണകൂടത്തിന്റെ നീതീകരണ പ്രതിസന്ധിയുടെയും കോൺഗ്രസ് വ്യവസ്ഥ ദുർബലമാകുന്നതിന്റെയും ആരംഭവുമായി അതിനുള്ള ബന്ധം ഒട്ടും യാദൃശ്ചികം ആയിരുന്നില്ല. ഈ സംഭവവികാസങ്ങളുടെ പ്രതിഫലനവും ഉൽപന്നവും ആയിരുന്നു അത്. കൂറുമാറ്റത്താടൊപ്പം ഭൗതിക ആനുകൂല്യങ്ങൾ ഉണ്ടാകാറുണ്ട്. മന്ത്രിപദം അല്ലെങ്കിൽ ചെയർപേഴ്സൺ സ്ഥാനം. പണം നിറച്ച പെട്ടികൾ ഉറപ്പാണ്. എന്നാൽ അതുമാത്രം ഈ മുഴുവൻ പ്രതിഭാസത്തിനും വിശദീകരണം ആകുന്നില്ല.

കൂട്ടത്തോടെയുള്ള കൂറുമാറ്റങ്ങൾ സുഗമമായി നടക്കുന്ന ഇന്നത്തെ രീതി കാണുമ്പാൾ ഇതിനപ്പുറം എന്തോ ഒന്നു അതിലുണ്ട് എന്നു തെളിയുന്നു. അതിനെ നമുക്ക് “തടയും തടസവുമില്ലാത്ത ആശയശാസ്ത്ര ചുറ്റുപാടുകൾ” എന്ന് വിശേഷിപ്പിക്കാം. പച്ചയായ നിന്ദാഭാവമാണ് അതിന്റെ ഒരു സവിശേഷത. തത്വാധിഷ്ഠിതം എന്ന് വിദൂരമായി പോലും വിശേഷിപ്പിയ്ക്കാൻ കഴിയുന്ന ഒന്നും തന്നെ തങ്ങളുടെ രാഷ്ട്രീയ വ്യവസ്ഥയിൽ ഇല്ല എന്ന് ഭരണവർഗത്തിന്റെ രാഷ്ട്രീയ പ്രതിനിധികൾക്കുള്ള തിരിച്ചറിവും തങ്ങളെ തെരഞ്ഞെടുത്ത് അയക്കുന്നവർക്ക് ഇതു നല്ലപാലെ മനസ്സിലാവുന്നുണ്ട് എന്ന അറിവുമാണ് ഇതിനാധാരം.

അധിനായകത്വ സർവ്വസമ്മതി പുനർസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഭരണവർഗ രാഷ്ട്രീയത്തിലെ എല്ലാ നിറഭേദങ്ങൾക്കുമുള്ള പൊതുസമ്മതമാണ് മറ്റൊരു വശം. അതായത് ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ മറയില്ലാത്ത ബ്രാഹ്മണ്യം സ്വീകരിക്കേണ്ടതുണ്ട് എന്നും സാമ്രാജ്യത്വ ആഗോളവൽക്കരണ അജണ്ടക്ക് കീഴ്പ്പെടേണ്ടതുണ്ട് എന്നുമുള്ള തിരിച്ചറിവ്. ആ നിലക്ക് ഈ പാർട്ടിയിൽ അല്ലെങ്കിൽ ആ പാർട്ടിയിൽ നിൽക്കുന്നതുകൊണ്ടു പ്രത്യേകിച്ചും ഒരു വ്യത്യാസവുമില്ല. മിക്കവാറും രാഷ്ട്രീയ നിലപാടുകളാടുള്ള കൂറിനേക്കാൾ അധികമായി നേതാക്കന്മാരാട് വോട്ടർമാർ മാനസികമായി ബന്ധിതരായതിനാൽ, മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഏതെങ്കിലും പുതിയ ബട്ടനിൽ അമർത്താൻ അവർക്കും വലിയ ബുദ്ധിമുട്ടില്ല” ( ‘ഇന്ത്യൻ പാർലമെ ൻററി വ്യവസ്ഥയിലെ അർദ്ധ- നാടുവാഴിത്തം’, പരികൽപനകളും രീതിശാസ്ത്രവും, പേജ് 153-154.)
_ കെ മുരളി(അജിത്ത്)

Follow us on | Facebook | Instagram Telegram | Twitter