എന്തുകൊണ്ട് “ദിവ്യാംഗ്” എതിര്‍ക്കപ്പെടേണ്ട ഒരു പദപ്രയോഗമാണ്?


ശബരി

2015 ഡിസംബര്‍ 3 ലെ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഡിസേബിള്‍ഡ് വ്യക്തികളെ വിശേഷിപ്പിക്കാന്‍ മുന്നോട്ടുവെച്ച പദം ആണ് “ദിവ്യാംഗ്”/ “ദിവ്യാംഗ്ജന്‍”. “ദിവ്യശക്തിയുള്ള അവയവങ്ങള്‍ ഉള്ളവര്‍” എന്നു സാമാന്യമായി അര്‍ഥം പറയാം.

“നമ്മള്‍ ഡിസബിലിട്ടി ഉള്ള വ്യക്തികളെ എന്നും കാണുന്നു. പക്ഷെ അവരുമായി ഇടപഴകുമ്പോള്‍ നമുക്ക് അറിയാവുന്ന ഒരു കാര്യം ആ വ്യക്തികള്‍ക്ക് അതീത ശക്തികള്‍ ഉണ്ടെന്നുള്ളതാണ്. ഇത്തരത്ത്തില്‍ അവയവങ്ങള്‍ക്ക് ദൈവീകശക്തികള്‍ ഉള്ളവരെ “ദിവ്യാംഗ്” എന്ന്‍ വിളിക്കുന്നതാണ് ഉചിതം എന്നു ഞാന്‍ കരുതുന്നു.” – Accessible India പദ്ധതി ഉത്ഘാടനം ചെയ്തുകൊണ്ടുള്ള വേദിയിലും അദ്ദേഹം ആവര്‍ത്തിച്ചു.

സാമൂഹിക നീതി, സാമൂഹിക ശാക്തീകരണ മന്ത്രാലയം മേധാവിയും മന്ത്രിയുമായ താവര്‍ചന്ദ് ഗെഹ്ലോട്ട് അന്ന് പ്രതികരിച്ചത് “പ്രധാനമന്ത്രിയദ്ദേഹം തന്നെ നേരിട്ടു മുന്നോട്ടുവെച്ച പദം അത്രയധികം ഉത്കൃഷ്ടമായ ഒന്നാണ്” എന്നാണ്. അഞ്ചു മാസത്തിനു ശേഷം മേയ് 2016 ല്‍ അന്നത്തെ പ്രസിഡന്‍റ് പ്രണബ് കുമാര്‍ മുഖര്‍ജി ആണ് ഈ പദപ്രയോഗത്തിന് അംഗീകാരം നല്‍കുന്നത്. ചില വസ്തുതകള്‍ ഇവിടെ പരിശോധിക്കേണ്ടത് അനിവാര്യമാണ്.

. ഒരു അവയവം നഷ്ടപ്പെട്ട/ പരിമിതികള്‍ ഉള്ള വ്യക്തിയുടെ മറ്റു അവയവങ്ങള്‍ക്ക് ദൈവീകശക്തികള്‍ ഉണ്ടാകും എന്നത് ഒരു മിത്ത് myth ആണ്. അഥവാ, അതില്‍ വസ്തുത ഇല്ല.

· പ്രസ്തുത വാക്ക് മുന്നോട്ടുവേക്കുന്നതിനു മുന്‍പ് ഡിസബിലിറ്റി അവകാശ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയബോധ്യമുള്ള സംഘടനകളുമായോ വ്യക്തികളുമായോ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. അത് ആധികാരികമായി സ്വീകരിക്കുന്നതിനു മുന്‍പേ മുതല്‍ പല കൂട്ടായ്മകളുടെയും ശക്തമായ എതിര്‍പ്പുകളും പ്രതിഷേധങ്ങളും പൂര്‍ണമായും അവഗണിക്കപ്പെട്ടു.

· “ദിവ്യാംഗ്” ഒരു അപമാനവീകരിക്കുന്ന പദപ്രയോഗം (dehumanising usage) ആണ്, ദിവ്യത്വം ആരോപിക്കുന്നതിലൂടെ മനുഷ്യര്‍ എന്ന നില/ അവസ്ഥ ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് നിഷേധിക്കുകയാണ് ആ പദപ്രയോഗം ചെയ്യുന്നത്. മനുഷ്യത്വം നിഷേധിക്കുന്നതിലൂടെ മനുഷ്യാവകാശങ്ങളും മനുഷ്യാവകാശങ്ങള്‍ക്കുള്ള അര്‍ഹതയും സാമൂഹിക/ അധികാര തുല്യതയും ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് നിഷേധിക്കപ്പെടുന്നത് ആ പദപ്രയോഗം തത്വത്തില്‍ പിന്തുണയ്ക്കുന്നു.

· “ഹരിജന്‍” / “സ്ത്രീ = ദേവി” തുടങ്ങിയ അതിഹിന്ദുത്വ/ ബ്രാഹ്മണികല്‍ സങ്കല്പങ്ങളെ പോലെതന്നെ “ദിവ്യാംഗ്” ഒരു ഹിന്ദുത്വ/ ദൈവീകവത്കരണ പദപ്രയോഗം ആണ്. സാമൂഹികമായി ഒരു ജനതയ്ക്കു നേരെ നടക്കുന്ന വ്യവസ്ഥാപിതമായ വിവേചനത്തെ മറച്ചുവെക്കുന്ന, അവരുടെ സ്വത്വവും കര്‍തൃത്വവും നിഷേധിക്കുന്ന അപമാനവീകരണ ഉപകരണങ്ങള്‍ ആണ് ഈ ദൈവീകവത്കരണ പദപ്രയോഗങ്ങള്‍.

. അടിച്ചമര്‍ത്തപ്പെട്ട, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ബഹുജനത നേരിടുന്ന വിവേചനത്തെയും അതിന്‍റെ സാമൂഹികമായ ഉറവിടത്തെയും (ableism) ആ വിവേചനത്തിന് എതിരായ പ്രതിരോധത്തെയും അദൃശ്യപ്പെടുത്തുകയാണ് ‘ദിവ്യാംഗ്” എന്ന വാക്ക് ചെയ്യുന്നത്.

· വിവേചനപരമായതിനാല്‍ തുല്യതയ്ക്കുള്ള അവകാശത്തിന്റെയും United Nations Convention on the Rights of Persons with Disabilitiesന്റെയും Rights of Persons with Disabilities Act of 2016 ന്റെയും ലംഘനം കൂടിയാണ് അപമാനവീകരണമുഖമുള്ള ഈ വാക്ക് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

· 2019ല്‍ ജനീവയില്‍ വെച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ Committee on the Rights of Persons with Disabilities (CRPD) “ദിവ്യാംഗ്” എന്ന പദത്തെ വിവേചനപരമായ / അപമാനകരമായ/ ആക്ഷേപകരമായ പദപ്രയോഗം (derogatory terminology) എന്നു തന്നെ മനസിലാക്കുന്നു. കൂടാതെ, Rights of Persons with Disabilities Act of 2016, the Mental Health Act 2017, the National Trust Act 1999 എന്നിവയെ എത്രയും പെട്ടന്ന് പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പിലാക്കണം എന്നും, പ്രസ്തുത നിയമങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യയുടെ നിയമ നിര്‍മ്മാണ പ്രക്രിയയില്‍ നിന്നും, പോളിസികളില്‍ നിന്നും, സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതികളില്‍നിന്നും, സര്‍ക്കാര്‍ വെബ്സൈറ്റ്കളില്‍ നിന്നും പൊതുവിടങ്ങളിലെ സംവാദങ്ങളില്‍ നിന്നും “ദിവ്യാംഗ്” പോലുള്ള derogatory terminology കള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം എന്നും എടുത്ത് ആവശ്യപ്പെടുന്നു.

എന്നിട്ടും സര്‍ക്കാര്‍ ഈ വാക്ക് ഉപയോഗിക്കുന്നത് തുടരുന്നു എന്ന കാര്യത്തെ ധാര്‍ഷ്ട്യം എന്നു പറയണമോ പ്രോപഗണ്ട എന്നു പറയണോ ഏകാധിപത്യപ്രവണത എന്നു പറയണോ എന്നത് വായിക്കുന്നവര്‍ തീരുമാനിക്കട്ടെ.

ഡിസേബിള്‍ഡ് വ്യക്തികള്‍ അടക്കമുള്ള അടിച്ചമര്‍ത്തപ്പെട്ട, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ബഹുജനത മുന്നോട്ടു വെക്കുന്ന ഓരോ ആവശ്യങ്ങളുടെയും, ഓരോ അവകാശ പോരാട്ടങ്ങളുടെയും അടിസ്ഥാന ആവശ്യം, നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, മൌലിക മനുഷ്യാവകാശങ്ങളും സാമൂഹിക-രാഷ്ട്രീയ-അധികാര തുല്യതയും ആണ്. അതിലേക്കുള്ള യാത്രയ്ക്കിടയില്‍ നമുക്കു മേല്‍ ചാര്‍ത്തപ്പെടുന്ന ഇത്തരം അബദ്ധപ്രയോഗങ്ങളെ ഉപേക്ഷിക്കെണ്ടത് അത്രയും അത്യാവശ്യമാണെന്ന് ഒരു ഡിസേബിള്‍ഡ് വ്യക്തി എന്ന നിലയില്‍ ഞാന്‍ കരുതുന്നു.

നമ്മുടെസ്വത്വവും കര്‍തൃത്വവും നിഷേധിക്കുന്ന പ്രയോഗങ്ങളെ ചോദ്യം ചെയ്യാനും ഉപേക്ഷിക്കാനും ഉള്ള അധികാരം നമുക്കുണ്ട്.

വംശഹത്യ മുഖമുദ്ര ആക്കിയ ഒരു പ്രത്യയശാസ്ത്രം തരുന്ന പൊന്നാടയും വിഷപ്പാമ്പ് ആയിരിക്കും എന്നതില്‍ എനിക്ക് സംശയമില്ല. ഒരിക്കല്‍ പറഞ്ഞത് തന്നെയാണ് വീണ്ടും പറയാനുള്ളത്: FUCK HINDUTWA!!

ചിത്രവിവരണം: നീല പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരങ്ങളില്‍ “എന്തുകൊണ്ട് “ദിവ്യാംഗ്” എതിര്‍ക്കപ്പെടേണ്ട ഒരു പദപ്രയോഗമാണ്?” എന്നു എഴുതിയിരിക്കുന്നു.

Like This Page Click Here

Telegram
Twitter