സ്വന്തം ഭൂതകാലത്തെ വെട്ടികീറി പരിശോധിക്കാതെ ബാബരി മസ്ജിദ് പുനർനിർമ്മിക്കാനാവില്ല !
1956 ഡിസംബർ 6ന് ആയിരുന്നു അംബേംദ്ക്കർ വിടവാങ്ങിയത്. 1992 ഡിസംബർ 6ന് ആയിരുന്നു ബാബരി മസ്ജിദ് തകർക്കപ്പെട്ടത്. ഒന്ന്, ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹ്യ ചിന്തകന്‍റെ, ജനാധിപത്യവാദിയുടെ മരണം സൃഷ്ടിച്ച ശൂന്യതയായിന്നു. അതെ ദിവസമാണ് നാന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള മുസ്‌ലിം ആരാധനാലയം സംഘ് പരിവാര്‍ തകര്‍ക്കുന്നതും. ഇവ ചില ചോദ്യങ്ങൾ ഉയർത്തുന്നില്ലേ ?
ഇന്ത്യൻ ഭരണകൂടം ഭരണഘടനാപരമായ അതിന്‍റെ വാഴ്ചയുടെ ഏഴു പതിറ്റാണ്ടിനോട് അടുക്കുമ്പോൾ പ്രമുഖമായ ദലിത് സംഘടനകളും നേതാക്കളും ആർ.എസ്.എസ് കൂടാരത്തിൽ എത്തപ്പെട്ടു. അങ്ങേയറ്റത്തെ വ്യവസ്ഥാപിതത്വത്തിന്‍റെ വക്താക്കളായി മാറിയ മധ്യവർഗ ദലിത് താല്‍പര്യം അംബേദ്ക്കറെ ഒറ്റികൊടുത്തു എന്ന് ഈ അവസ്ഥയെ ആനന്ദ് തെൽതുംദെ വിശദീകരിക്കുന്നുണ്ട്. അംബേദ്ക്കർ വിഭാവനം ചെയ്ത, രാഷട്രീയ സ്വാതന്ത്ര്യം ഉപയോഗിച്ച് സാമ്പത്തികവും സാമൂഹ്യമായ സ്വാതന്ത്ര്യം നേടാമെന്ന ആഗ്രഹം സഫലമായില്ലെന്ന് മാത്രമല്ല ദലിതരും ആദിവാസികളും മുസ്‌ലിങ്ങളും സ്ത്രീകളും കൂടുതൽ ദരിദ്രരാവുന്ന വിവേചനവും ആക്രമത്തിനും കൂടുതൽ ഇരയാകുന്ന സാഹചര്യം രൂപപ്പെട്ടു.
ഈ സാഹചര്യത്തിൽ അംബേദ്ക്കർ മറ്റൊരു വഴിയിൽ വീണ്ടെടുക്കപ്പെടേണ്ടതുണ്ട്. ഉനയും ഭീം ആർമിയും ഭീമാ കോറേഗാവ് യുദ്ധവാർഷികവും മാവോയിസ്റ്റ് ഇടപ്പെടലുകളിലും ഒക്കെ ഈ വേറിട്ട വഴി കാണാം. ബ്രാഹ്മണ്യത്തിന് ഡയനാമിറ്റ് വെയ്ക്കാൻ ആഹ്വാനം ചെയ്ത അംബേദ്ക്കർ, മനുസ്മൃതി കത്തിച്ച, പ്രഭാവമുള്ളവരാവാൻ ദളിതർക്ക് പീരങ്കികൾ വേണമെന്ന് പ്രഖ്യാപിച്ച, തന്‍റെ ജീവിതത്തിന്‍റെ അവസാന കാലത്ത് മാർക്സിനേയും ബുദ്ധനേയും തുല്യപ്പെടുത്താൻ ശ്രമിച്ച, തന്‍റെ രാഷ്ട്രീയ പദ്ധതിയിൽ ഭൂപ്രശ്നം ഇല്ലാതെ പോയത് തിരിച്ചറിഞ്ഞ ഒരു അബേദ്ക്കർ ഉണ്ട്, അദ്ദേഹം വീണ്ടെടുക്കപ്പെടണം.
ഈ അംബേദ്ക്കർ പക്ഷെ അത്രയൊന്നും ഭരണഘടനാവാദിയാവുക തരമില്ല. സെപ്റ്റംബർ 2ന് പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന് എന്തുകൊണ്ട് ഇങ്ങനെ പറയേണ്ടിവന്നു എന്നതാണ് ബാബരി മസ്ജിദ് തകർച്ചക്ക് ശേഷമുള്ള പ്രധാന ചോദ്യം. “ആളുകൾ എന്നോട് എപ്പോഴും പറയുന്നു, ഓ നിങ്ങളാണല്ലോ ഭരണഘടന എഴുതിയത് എന്ന്. എന്‍റെ ഉത്തരം ഞാൻ വെറും കൂലിയെഴുത്തുകാരൻ മാത്രമായിരുന്നു എന്നാണ്. എന്‍റെ ഹിതത്തിനെതിരായി എന്നോട് ആവശ്യപ്പെട്ട പലതും ഞാൻ ചെയ്തു. എന്‍റെ സുഹൃത്തുക്കൾ പറയുന്നു ഞാനാണ് ഭരണഘടന ഉണ്ടാക്കിയതെന്ന്. പക്ഷെ അത് കത്തിച്ചുകളയുന്ന ഒന്നാമത്തെയാൾ ഞാൻ തന്നെയാകും എന്ന് പറയുവാനും ഞാനൊരുക്കമാണ്”
പെരിയാർ മുമ്പേ തന്നെ ഭരണഘടനയെ തള്ളി കളഞ്ഞതും മനുസ്മൃതി പോലെ ഒന്നായി മാത്രം അതിനെ അവതരിപ്പിച്ചതും വെറുതെ അല്ല. പ്രമുഖ മുസ്‌ലിം സംഘടനകളും വ്യവസ്ഥാപിതത്വത്തിന്‍റെ ഭാഗം മാത്രമായി കഴിഞ്ഞ ഈ കാലത്ത് ഇത്തരം വസ്തുതകൾ പ്രധാനമാണ്. ഇതിനെ തമസ്ക്കരിച്ച്, നെഹ്റു, വിവേകാനന്ദൻ, ഗാന്ധി ചിന്താപ്രയോഗ രൂപങ്ങളെ മുൻനിർത്തി നടത്തിയ ഫാസിസ്റ്റ് വിരുദ്ധ ലിബറലിസ്റ്റ് പ്രതിരോധങ്ങളേയെല്ലാം ഹിന്ദുത്വ ഭീകരത അതിജീവിച്ച് കഴിഞ്ഞു. സ്വന്തം ഭൂതകാലത്തെ വെട്ടികീറി പരിശോധിക്കാതെ ബാബരി മസ്ജിദ് പുനർനിർമ്മിക്കാനാവില്ല.
_ സി പി റഷീദ്