സ്തുതി പാടും മുമ്പ്, ബൈഡൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല!

യഥാർത്ഥത്തിൽ ഇത്രയും അഭിനന്ദിക്കാനും വാഴ്ത്താനും യോഗ്യനാണോ ജോ ബൈഡൻ എന്ന നേതാവ്? അമേരിക്കയുടെ അടിസ്ഥാന നിലപാടുകൾ തിരുത്താൻ ഏതെങ്കിലും ഒരു വ്യക്തിക്ക് കഴിയുമോ?

മുഹമ്മദ് മിറാഷ്

ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡൻ അമേരിക്കയുടെ പുതിയ പ്രസിഡണ്ട് ആവുമെന്ന് ഉറപ്പായി. വിദ്വേഷം പരസ്യമായ, അമേരിക്ക മിനുക്കി ഒളിപ്പിച്ച മുഖം മൂടികൾ എല്ലാം അഴിഞ്ഞുവീണ ട്രംപ് കാലത്തുനിന്നും മാറ്റത്തിന്‍റെ പുതിയ കാലമാണ് ബൈഡനു കീഴിൽ പ്രവചിക്കപ്പെടുന്നത്. ലോകത്താകെ ഒരുപാടാളുകൾ അങ്ങനെ വിശ്വസിക്കുന്നു. ഒന്നാമതായി മുസ്‌ലിം ലോകത്തോട് ബൈഡന് തന്‍റെ മുന്‍ഗാമികളുടേതിൽ നിന്നും വ്യത്യസ്തമായ വീക്ഷണമാണുള്ളത് എന്ന് പറയപ്പെടുന്നു. അടുത്തിടെ പ്രസംഗങ്ങളിൽ ബൈഡൻ തന്നെ അത് പറയുകയും ചെയ്തിട്ടുണ്ട്. കൂടാതെ ആഫ്രിക്കൻ -അമേരിക്കക്കാർ, ഹിസ്പാനിക്ക് വംശജർ തുടങ്ങിയ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന നേതാവായാണ് ബൈഡൻ അവതരിപ്പിക്കപ്പെടുന്നത്.

നാല് വർഷത്തെ ട്രംപ് ഭരണം അമേരിക്കൻ ഐക്യനാടുകൾ എന്ന ലോകത്ത് ഭരണഘടനാ ജനാധിപത്യം നിലനിൽക്കുന്ന ഏറ്റവും പഴയ രാജ്യം എത്രമാത്രം പൊള്ളയാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു. അമേരിക്കൻ ജനതയുടെ പൗരബോധം ഉണർന്നുവെന്നും അവർ ട്രംപിന്‍റെ വംശീയവും സ്വേച്ഛാധിപത്യപരവും ആയ ഭരണത്തെ തകർത്തെറിഞ്ഞു എന്നും ഇനി പുതിയ അമേരിക്കയാണെന്നുമാണ് ആഹ്ലാദ പ്രകടനങ്ങൾ. ബൈഡന്‍റെ വിജയം ട്രംപിനോടുള്ള അമർഷമാണെന്നത് ശരി തന്നെ, എന്നാൽ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് ദ്വയത്തിൽ കറങ്ങുന്ന അമേരിക്കൻ രാഷ്ട്രീയത്തെ പണമല്ലാതെ ഒന്നും നിയന്ത്രിക്കുന്നില്ല എന്നതാണ് സത്യം. എങ്കിലും ഇടതു ലിബറലുകൾ മുതൽ മുസ്‌ലിം രാഷ്ട്രീയം ഉള്ളവർ വരെ ബൈഡന്‍റെ വിജയത്തിൽ ആഹ്ലാദിക്കുന്നു. കേരളത്തിൽ നിന്നുപോലും ബൈഡൻ സ്തുതിയുമായി എഴുത്തുകൾ വരുന്നു. ബൈഡന്‍റെ രാഷ്ട്രീയവും വ്യക്തിജീവിതവും സംബന്ധിച്ച പല എഴുത്തുകളും തെറ്റിദ്ധാരണാജനകമാണ്.

യഥാർത്ഥത്തിൽ ഇത്രയും അഭിനന്ദിക്കാനും വാഴ്ത്താനും യോഗ്യനാണോ ജോ ബൈഡൻ എന്ന നേതാവ്? അമേരിക്കയുടെ അടിസ്ഥാന നിലപാടുകൾ തിരുത്താൻ ഏതെങ്കിലും ഒരു വ്യക്തിക്ക് കഴിയുമോ? ഏതാനും വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ഇടത് ലിബറലുകളെ ആവേശം കൊള്ളിച്ച വർത്തമാനമായിരുന്നു അമേരിക്കയിലും ബ്രിട്ടനിലും സോഷ്യലിസ്റ്റ് വീക്ഷണമുള്ള രണ്ട് നേതാക്കൾ അധികാരത്തോട് അടുക്കുന്നു എന്നത്. ബെന്നി സാൻഡേഴ്‌സും ജെറമി കോർബിനും ആയിരുന്നു അവർ. 2016 യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക്ക് പാർട്ടി സ്ഥാനാർത്ഥിത്വത്തിനായി സാൻഡേഴ്‌സും ഹിലരി ക്ലിന്‍റണും തമ്മിൽ വാശിയേറിയ മത്സരം നടക്കുകയും സാൻഡേഴ്‌സ് പരാജയപ്പെടുകയും ചെയ്തു. 2020 ലും മത്സര രംഗത്ത് അദ്ദേഹം ഉണ്ടായിരുന്നു. പക്ഷെ ബൈഡനു വേണ്ടി പിന്മാറാൻ മാത്രമേ സാൻഡേഴ്‌സിന് സാധിച്ചുള്ളൂ. കുറച്ചു കൂടി മുന്നോട്ടുപോയ കോർബിൻ ആവട്ടെ ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ നേതൃത്വത്തിലും ബ്രിട്ടന്‍റെ പ്രതിപക്ഷ നേതാവിന്‍റെ പദവിയിലും എത്തി. പിന്നീട് ഉണ്ടായത് ഇസ്രായേലിന് എതിരായ നിലപാടുകളുടെ പേരിൽ ആന്‍റി-സെമിറ്റിസം ആരോപിച്ച് സ്വന്തം പാർട്ടിയിൽ തന്നെ അദ്ദേഹത്തിനെതിരെ പടയൊരുക്കം ഉണ്ടാവുകയും പാർട്ടി കോർബിനെ സസ്‌പെൻഡ് ചെയ്യുകയുമാണ്.

ജോ ബൈഡൻ പലരും കരുതും പോലെ മാറ്റത്തിന്‍റെ വക്താവാണെങ്കിൽ ആ മാറ്റം കൊണ്ടുവരാൻ അയാൾക്ക് കഴിയുമോ എന്നത് വേറെ കാര്യം, അങ്ങനെ അല്ല എന്നാണ് ബൈഡന്‍റെ 47 വർഷത്തെ രാഷ്ട്രീയ ജീവിതം കാണിച്ചു തരുന്നത്.

ബൈഡൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല!

*1993ൽ യു എസ് സൈന്യത്തിൽ സ്വവർഗ്ഗ രതി നിരോധിച്ചുകൊണ്ടുള്ള നിയമത്തിനായി ബൈഡൻ വോട്ട് ചെയ്യുന്നു. ഇതുവഴി സ്വവർഗ്ഗ രതിക്കാർക്ക് സൈന്യത്തിൽ ചേരുന്നതിന് വിലക്ക് വരുന്നു.

*1996ൽ സ്വവർഗ്ഗ വിവാഹങ്ങൾ തടയാൻ ഫെഡറൽ ഗവൺമെന്‍റുകൾക്ക് അനുമതി നൽകിയ ഡിഫൻസ് ഓഫ് മാരേജ് ആക്ടിന് വേണ്ടിയും ബൈഡൻ രംഗത്ത് വരുന്നു, റോമൻ കത്തോലിക്കാ വിശ്വാസിയായ ബൈഡൻ ഇക്കാര്യങ്ങൾ താൻ തികഞ്ഞ യാഥാസ്ഥിതികനാണെന്ന് അക്കാലത്ത് വെളിപ്പെടുത്തിയിരുന്നു. ഈ നിയമം 2013ലാണ് സുപ്രീം കോടതി റദ്ദ് ചെയ്യുന്നത്. (2012ൽ തനിക്ക് സ്വവർഗ്ഗ വിവാഹങ്ങളോട് എതിർപ്പില്ലെന്ന് ബൈഡൻ പറഞ്ഞു.)

* വർണ്ണ വിവേചനം അവസാനിപ്പിക്കുന്നത് ലക്ഷ്യം വച്ച് 1970കളിൽ അമേരിക്കൻ ഭരണകൂടം നിശ്ചിത എണ്ണം സ്‌കൂൾ വിദ്യാർത്ഥികളെ ബ്ലാക്ക്-വൈറ്റ് ഭൂരിപക്ഷ സ്‌കൂളുകളിൽ നിന്നും പരസ്പരം ട്രാൻസ്ഫർ ചെയ്ത് വംശീയമായ ബാലൻസിംഗ് നടത്താൻ ശ്രമിച്ചു. ബസ്സിങ് (busing) എന്നറിയപ്പെട്ട ഈ പദ്ധതിയിലൂടെ കറുത്തവരും വെളുത്തവരുമായ നിശ്ചിത എണ്ണം വിദ്യാർഥികൾ എല്ലാ സ്‌കൂളുകളിലും ഇടകലർന്നു പഠിക്കാനാണ് ലക്ഷ്യമിട്ടത്. ഈ പദ്ധതിയെ എതിർത്തവരിൽ പ്രമുഖനായ ഒരാൾ ബൈഡൻ ആയിരുന്നു. വ്യാപകമായ എതിർപ്പ് മൂലം പദ്ധതി പരാജയപ്പെടുകയും ഈ നൂറ്റാണ്ടിലും ബ്ലാക്ക്-വൈറ്റ് ഭൂരിപക്ഷ പ്രത്യേക സ്‌കൂളുകൾ അമേരിക്കയിൽ നിലനിൽക്കുകയും ചെയ്യുന്നു.

*1988 പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് ടിക്കറ്റിനായി ബൈഡൻ രംഗത്തുണ്ടായിരുന്നു. അന്ന് അദ്ദേഹം പിന്തള്ളപ്പെട്ടത് രസകരമായ കാരണങ്ങളാലാണ്. ബൈഡന്‍റെ ഒരു പ്രസംഗം ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് നീൽ കിന്നോക്കിന്‍റെ പ്രസംഗം കോപ്പിയടിച്ചതായിരുന്നു എന്നതാണ് ഒരു കാരണം. രണ്ടാമതായി തന്‍റെ വ്യക്തി ജീവിതത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് ഊതിപ്പെരുപ്പിച്ച വിവരങ്ങളും കള്ളങ്ങളും ബൈഡൻ പ്രചരിപ്പിച്ചു. തനിക്ക് മൂന്ന് ബിരുദങ്ങൾ ഉണ്ടെന്നും ഫുൾ സ്കോളർഷിപ്പോടെയാണ് നിയമപഠനം നടത്തിയത് എന്നും വർണ്ണ വിവേചനത്തിനെതിരെ നടന്ന സിവിൽ റൈറ്റ്സ് മൂവ്മെന്‍റില്‍ ചെറുപ്പകാലത്ത് പങ്കാളിയായിട്ടുണ്ടെന്നും മറ്റുമായിരുന്നു പ്രചാരണങ്ങൾ (എവിടെയോ മറ്റാരോ ആയി ചില സാമ്യങ്ങൾ കാണുന്നുണ്ടോ?)
.
*1999ൽ സെനറ്റിന്‍റെ വിദേശകാര്യ കമ്മറ്റി അംഗമായിരുന്ന ബൈഡൻ യൂഗോസ്ലാവിയയിൽ നാറ്റോ ബോംബിംഗിന് വേണ്ടി വാദിച്ചു. പൂർവ്വ യൂറോപ്പിൽ നാറ്റോയുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാൻ വേണ്ടി നിലകൊണ്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അപലപിച്ച ഈ സാമ്രാജ്യത്വ ഇടപെടലിനു പിന്നിലെ ശക്തമായ സാന്നിദ്ധ്യം ബൈഡൻ ആയിരുന്നു.

*അഫ്‌ഗാനിസ്ഥാനെതിരെ 2001ൽ ആരംഭിച്ച യുദ്ധത്തെ പിന്തുണച്ചയാൾ കൂടിയാണ് ബൈഡൻ. “എന്തുവിലകൊടുത്തും നമ്മൾ അത് ചെയ്യണം” എന്നാണ് അദ്ദേഹം പറഞ്ഞത്.

*2002ൽ സെനറ്റ് കമ്മറ്റിയിൽ വച്ച് സദ്ദാം ഹുസ്സൈൻ അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആ ഭീഷണിയെ ഉന്മൂലനം ചെയ്യണമെന്നും ബൈഡൻ പ്രഖ്യാപിച്ചു. അതേ വർഷം ഒക്ടോബറിൽ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് നിയമപരമായ അനുമതി നൽകുന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പിന്നീട് യുദ്ധത്തെ തള്ളിപ്പറഞ്ഞെങ്കിലും സൈന്യത്തെ പൂർണ്ണമായി പിൻവലിക്കാൻ ആവശ്യപ്പെട്ടില്ല.

*നിരവധി ബലാത്സംഗ കേസുകളും ലൈംഗിക ആരോപണങ്ങളും നേരിടുന്ന ട്രംപുമായി താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ ബൈഡനും ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്. ഈ വർഷം മാർച്ചിൽ സെനറ്റ് മുൻ എയ്ഡ് ആയിരുന്ന താറാ റീഡ് തന്നെ ബൈഡൻ ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന ആരോപണം ഉന്നയിച്ചിരുന്നു.

*ആഫ്രിക്കൻ-അമേരിക്കക്കാരുടെ കൂടെ എന്ന് പറയുന്ന ബൈഡൻ 1994ൽ കൊണ്ടുവന്ന ക്രൈം ബിൽ ആണ് കറുത്ത വർഗ്ഗക്കാരായ നിരവധി യുവാക്കളെ കൂട്ടത്തോടെ ജയിലിലടക്കുന്നതിലേക്ക് നയിച്ചത്.

*2011ൽ ലിബിയയിൽ അമേരിക്കൻ സേന അധിനിവേശം നടത്തുമ്പോൾ ബൈഡൻ വൈസ് പ്രസിഡണ്ട് ആണ്. ലിബിയൻ അധിനിവേശത്തെ ബൈഡൻ ശക്തമായി പിന്തുണച്ചു.

*സിറിയയിലെ ആഭ്യന്തര കലഹത്തിൽ ഇടപെടാനുള്ള ഒബാമ ഭരണകൂടത്തിന്‍റെ തീരുമാനത്തിലും മുൻകൈ എടുത്തത് ബൈഡൻ ആയിരുന്നു. സോമാലിയ, യമൻ എന്നിവിടങ്ങളിൽ ഉണ്ടായ ആക്രമണങ്ങളും ബൈഡന്‍റെ കാലത്തേത് തന്നെ.

*ഒബാമ-ബൈഡൻ ഭരണകാലത്ത് മാത്രം പതിനായിരക്കണക്കിന് സാധാരണക്കാരാണ് ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ, ലിബിയ, യമൻ, സോമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ യു എസ് സേന നടത്തിയ അക്രമങ്ങളിൽ, പ്രധാനമായും വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

* “ആഗോള ഭീകരവാദത്തെ” ഇല്ലായ്മ ചെയ്യാൻ മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സേനയുടെ സാന്നിധ്യം തുടരണം എന്ന് ഒബാമ ഭരണകൂടത്തിനകത്തു നിന്ന് ബൈഡൻ ശക്തമായി വാദിച്ചു.

പ്രായോഗിക രാഷ്ട്രീയത്തിന്‍റെ ട്രിപ്പീസ് കളികൾ നന്നായറിയുന്ന നേതാവായി മാത്രമേ ബൈഡനെ അദ്ദേഹത്തിന്‍റെ മുൻകാല ചെയ്തികൾ വിലയിരുത്തിക്കൊണ്ട് മനസ്സിലാക്കാനാവൂ. അമേരിക്കൻ ജനതയിലും അമേരിക്കൻ രാഷ്ട്രീയം വീക്ഷിക്കുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉള്ള മറ്റ് ആളുകളിലും തന്‍റെ ഒരു പുതിയ ഇമേജ് സൃഷ്ടിക്കാൻ ബൈഡനു സാധിച്ചു. അമേരിക്കയ്ക്കും ലോകത്തിനും കത്തോലിക്കാ സഭയ്ക്ക് പോലും വന്ന മാറ്റം മനസ്സിലാക്കി LGBT വിഷയത്തിൽ ബൈഡൻ നിലപാട് മാറ്റി. ട്രംപ് ഭരണകൂടത്തിൽ അതൃപ്തരായ, ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെട്ട ആഫ്രിക്കൻ-അമേരിക്കക്കാർ, ഹിസ്പാനിക്ക് വംശജർ, മുസ്‌ലിങ്ങൾ തുടങ്ങിയവരുടെ വലിയ പിന്തുണ നേടുന്ന തരത്തിൽ നിലപടുകൾ മയപ്പെടുത്തി. എന്നാൽ, ഒരു ‘ഇൻഷാഹ് അല്ലാഹ്’ കൊണ്ടോ, പ്രസംഗം കൊണ്ടോ ഇല്ലാതാവുന്നതല്ല ഒരാൾ 47 വർഷം ചെയ്ത പ്രവൃത്തികൾ എന്നും അമേരിക്ക എന്ന സാമ്രാജ്യത്വശക്തിയുടെ പ്രഖ്യാപിത നിലപാടുകൾ എന്നും മാത്രം ഓർക്കുക.

Follow us on | Facebook | Instagram Telegram | Twitter | Threads