നിറത്തിന്റെയും ജാതിയുടെയും പേരിൽ ആദിവാസിയെ കള്ളനാക്കി ചിത്രീകരിക്കുന്നു

“ടൗണിൽ സാധനങ്ങൾ വാങ്ങാൻ പോയാൽ കട കുത്തി തുറന്ന് മോഷ്ടിച്ചുവെന്ന് പറയും. നിർത്തിയിട്ട വാഹനത്തിൽ ചാരി നിന്നാൽ വാഹനം ഓടിക്കാൻ അറിയാത്ത ആദിവാസി യുവാവ് വാഹനം മോഷ്ടിച്ചുവെന്ന് പറയും. ഇതാ ഇപ്പോ ആശുപത്രികളിൽ പോലും മോഷണം നടത്തിയെന്ന് ആദിവാസികളുടെ മേൽ കുറ്റം…”

അമ്മിണി കെ വയനാട്

കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിയിക്കാൻ വന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലി കൊന്നിരിക്കുന്നു. ആദിവാസികൾക്ക് സ്വന്തം ജില്ലയിൽ വേണ്ടത്ര ചികിത്സ ലഭിക്കാതെ വരുമ്പോൾ ആണ് മറ്റുള്ള ജില്ലയിൽ ചികിത്സക്ക് പോകുന്നത്. വിശ്വാനാഥൻ വിവാഹം കഴിഞ്ഞ് എട്ടു വർഷം കാത്തിരുന്നിട്ടാണ് ഒരു കുഞ്ഞ് ജനിച്ചത്. ചികിത്സക്ക് എത്തുന്ന ആദിവാസി സഹോദരങ്ങൾ വിദ്യാഭ്യാസം ഇല്ലാത്തവരും സാമ്പത്തികമില്ലാത്തവരും മുഷിഞ്ഞ വസ്ത്രം ധരിച്ചവരും പട്ടിണി കിടക്കുന്നവരും ഉണ്ടാകും. പക്ഷെ വല്ലവന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് കൊണ്ട് വിറ്റു പണം ഉണ്ടാക്കേണ്ട കാര്യമില്ല.

സംസ്കാരിക കേരളത്തിൽ വിദ്യാഭ്യാസവും പണവുമുള്ള പൊതുസമൂഹവും ഭരണകൂടവും സർക്കാർ സംവിധാനങ്ങളിൽ പോലും നിറത്തിെന്റെയും ജാതിയുടെയും പേരിൽ തെരുവിൽ കള്ളനാക്കി ആദിവാസി സമൂഹത്തെ ചിത്രീകരിക്കുന്നതും കൊല്ലുന്നതും ക്രൂരമായി മർദ്ദിക്കുന്നതും ഒറ്റപ്പെട്ട സംഭവമല്ല. നിരപരാധികളായ ആദിവാസികളെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ച ശേഷം കുറ്റം ഏറ്റെടുപ്പിക്കുന്ന സംഭവം വയനാട്ടിൽ കൂടി കൊണ്ടിരിക്കുന്നു.

ടൗണിൽ സാധനങ്ങൾ വാങ്ങാൻ പോയാൽ കട കുത്തി തുറന്ന് മോഷ്ടിച്ചുവെന്ന് പറയും. നിർത്തിയിട്ട വാഹനത്തിൽ ചാരി നിന്നാൽ വാഹനം ഓടിക്കാൻ അറിയാത്ത ആദിവാസി യുവാവ് വാഹനം മോഷ്ടിച്ചുവെന്ന് പറയും. ഇതാ ഇപ്പോ ആശുപത്രികളിൽ പോലും മോഷണം നടത്തിയെന്ന് ആദിവാസികളുടെ മേൽ കുറ്റം. സംഭവത്തിൽ പ്രതിഷേധം അറിയിക്കുന്നു. സെക്യൂരിറ്റി ജീവനക്കാരനെതിരെ കൊലപാതക കുറ്റത്തിന് കേസ് എടുക്കുക: സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടുക.

_ അമ്മിണി കെ വയനാട്
ആദിവാസി വനിതാ പ്രസ്ഥാനം

Follow us on | Facebook | Instagram Telegram | Twitter