ബിജെപിയും പൊലീസും മെനഞ്ഞ രാജ്യദ്രോഹകേസില്‍ ഭാവി തകര്‍ന്ന് ഒരു വിദ്യാർത്ഥി

ജെ.എൻ.യു വിദ്യാർത്ഥികളുടെ സമരം ഒടുവിൽ വിജയം കണ്ടു, ഫീസ് വർദ്ധനവ് പിൻവലിക്കാം എന്ന് M.H.R.D. ഉറപ്പ് നൽകിയതിനെ തുടർന്ന് വിദ്യാർത്ഥികൾ സമരത്തിൽ നിന്ന് പിൻമാറി. മുൻപ് വിദ്യാർത്ഥി സമരങ്ങളുടെ ഭാഗമായ ഒരു വ്യക്തി എന്ന് നിലയിൽ വളരെ സന്തോഷം നൽകുന്ന വാർത്തയാണ് ഇത്. വിദ്യാർത്ഥികൾക്ക് അവരുടെ അവകാശങ്ങൾ താലത്തിൽ വച്ച് നൽകില്ല എന്ന ബോധ്യവും, പഠനത്തിന് ഇടയിലും അക്കാദമിക് ബ്രാഹ്മണിക അധികാരി വർഗ്ഗത്തോട് നിരന്തരമായ അവകാശ പോരാട്ടവും; അങ്ങനെ സംഭവബഹുലമായ പി. ജി. പഠന കാലഘട്ടമായിരുന്നു കേരള കേന്ദ്ര സർവ്വകലാശാലയിൽ ഞങ്ങളുടേത്.

അവയിലെല്ലാം തന്നെ ഒഴിച്ചു നിർത്താൻ സാധ്യമല്ലാത്ത വ്യക്തിയാണ് അവല രാമു എന്ന റാം. സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടെയാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ അവൻ ക്യാമ്പസിൽ വന്നത്. വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവുമ്പോൾ അവനും ഞങ്ങൾക്കൊപ്പം ഉണ്ടാകാറുണ്ടായിരുന്നു. നാം സ്ഥിരം കാണുന്ന അരാഷ്ട്രീയ സിവിൽ സർവീസ് തൽപരരായ വ്യക്തികളിൽ നിന്നും വ്യത്യസ്തമായി രാഷ്ട്രീയം സംസാരിക്കുകയും അതുപോലെതന്നെ ക്യാമ്പസ് രാഷ്ട്രീയത്തിൽ ശക്തമായി ഇടപെട്ടവനും കൂടിയാണ് റാം.

അവൻ കഴിഞ്ഞ വർഷം നടന്ന പുൽവാമ തീവ്രവാദി ആക്രമണത്തെ പറ്റി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ, ഒരു പ്രാദേശിക ബി.ജെ.പി ഭാരവാഹി നൽകിയ പരാതിയിന്മേലും, ജനം ടി. വി ചാർത്തി നൽകിയ രാജ്യദ്രോഹി പട്ടത്തിന്റേയും അനന്തരഫലമായി പോലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. തുടർന്ന് അന്വേഷണ വിധേയമായി അവനെ യൂണിവേഴ്സിറ്റിയിൽ നിന്നും സസ്പെൻഡും ചെയ്തു. അക്കാഡമിക് ഇയർ അവസാനിക്കാൻ ഒരു സെമസ്റ്റർ അവശേഷിക്കെയാണ് അവനെ യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കിയത്.

IPC section 124 A കേസ്സുകളുടെ ഗൗരവം അരിയാഹാരം കഴിക്കുന്ന ഏവർക്കും അറിയാം. ഇന്നിപ്പോൾ ഏകദേശം ഒരു വർഷം പിന്നിട്ടിരിക്കുന്നു, പോലീസിന് അവന്റെമേൽ ചാർത്തിയ കുറ്റം തെളിക്കുന്ന തരത്തിലുള്ള യാതൊരു തെളിവും ലഭ്യമായിട്ടില്ല. അതിനാൽ തന്നെ ഏകദേശം കേസ് അന്വേഷണം അവസാനിപ്പിച്ച പോലെയാണ് പോലീസുകാരുടെ നിസംഗതയിൽ നിന്ന് നമുക്ക് മനസിലാക്കുവാൻ സാധിക്കുന്നത്. ഒരു പ്രാദേശിക ബി.ജെ.പി. നേതാവ് നൽകിയ പരാതിയിന്മേലുള്ള പോലീസ് കേസിന്റെ ഭാഗമായി ഒരു വർഷം പിന്നിടുമ്പോഴും അവൻ ഇന്നും അന്വേഷണ വിധേയമായി സസ്പെൻഷനിലാണ്! യൂണിവേഴ്സിറ്റിയിലെ ആരുടെയൊക്കെയോ കാവി കോണകത്തോടുള്ള വിധേയത്വത്തിൻ്റെ വ്യാപ്തി നമുക്ക് മനസ്സിലാകുന്നത് ഇവിടെയാണ്.

എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥി ആയിരുന്നിട്ടും ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തരബിരുദം ഒപ്പം സിവിൽ സർവീസ് ഇതായിരുന്നു അവന്റെ ലക്ഷ്യം. എന്നാൽ ഒടുവിൽ സംഘ പരിവാർ ശക്തികൾ ചാർത്തിയ രാജ്യദ്രോഹി ചാപ്പയെ തുടർന്ന് യൂണിവേഴ്സിറ്റി അധികാരികൾ അവൻ്റെ സ്വപ്നങ്ങൾക്ക് തന്നെ അർഥവിരാമം കുറിച്ചു. ജനാധിപത്യ, മനുഷ്യാവകാശ മൂല്യങ്ങൾ സംരക്ഷിക്കുവാനും അവ നിലനിർത്തുവാനും എന്നും വിദ്യാർത്ഥി സമൂഹം പ്രതിജ്ഞാബധരാണ്. ഈ സാഹചര്യത്തിൽ പ്രതികരണ ശേഷി നഷ്ടപ്പെടാത്ത കേരള കേന്ദ്ര സർവ്വകലാശാലയിലെ വിദ്യാർത്ഥി സമൂഹം അവൻ നേരിടുന്ന നീതി നിഷേധത്തിന് എതിരെ ശബ്ദം ഉയർത്തേണ്ടതുണ്ട്. ഈ കെട്ടകാലത്ത് അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
_ സോനു എസ് പാപ്പച്ചൻ

Click Here https://www.fb.com/asianspeaks/

Leave a Reply