രാജ്യദ്രോഹവും കത്തെഴുത്തും

മെക്കാളെ പ്രഭു 1837ല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ (ഐപിസി) കരട് തയ്യാറാക്കുമ്പോള്‍ 113ാം വകുപ്പായി രാജ്യദ്രോഹകുറ്റം ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ,1860ല്‍ ഐപിസി അന്തിമമാക്കുമ്പോള്‍ ഉള്‍പ്പെട്ടില്ല. എന്തു കൊണ്ടാണെന്ന് വിശദീകരണവുമുണ്ടായില്ല. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് അറിയപ്പെടുന്ന കലാപത്തിന് ശേഷം 1858ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഇന്ത്യയുടെ അധികാരം ഏറ്റെടുത്ത ശേഷമാണ് ഐപിസി അന്തിമമാക്കുന്നത്. പിന്നീട് 1870ലാണ് രാജ്യത്തിന് എതിരായ കുറ്റങ്ങള്‍ എന്ന അധ്യായത്തില്‍ 124എ വകുപ്പായി രാജ്യദ്രോഹകുറ്റം ഉള്‍പ്പെടുത്തുന്നത്. ഇതിന് കാരണമായി പറയുന്ന ന്യായങ്ങള്‍ രസകരമാണ്.

“സാധാരണ കുറ്റങ്ങള്‍ ചെയ്യുന്ന പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഒരാള്‍ കൊലപാതകം നടത്തുകയാണെങ്കില്‍ പിടിക്കപ്പെടാനും ശിക്ഷിക്കപ്പെടാനും സാധ്യതയുണ്ട്. പഴ്‌സ് കവരുന്ന കള്ളന്‍ പിടിക്കപ്പെടാം. പക്ഷെ, സര്‍ക്കാരിനെ അട്ടിമറിച്ചു കഴിഞ്ഞാല്‍ കലാപകാരി സുരക്ഷിതനാണ്. ശിക്ഷാ നിയമങ്ങള്‍ക്ക് അയാളെ ഒന്നും ചെയ്യാനാവില്ല. അതിനാല്‍ കലാപത്തിന്റെ ആരംഭത്തിലോ പദ്ധതികള്‍ തയ്യാറാക്കുമ്പോഴോ അവരെ ശക്തമായും കര്‍ശനമായും നേരിടണം.”

രാജ്യദ്രോഹ കുറ്റം ഐപിസിയില്‍ ഉള്‍പ്പെടുത്തിയ അന്നു മുതല്‍ തന്നെ ജനാധിപത്യവാദികള്‍ അതിന് എതിരെ രംഗത്തുണ്ട്. വകുപ്പിനെ കുറിച്ച് പുനരാലോചന വേണമെന്ന് 2018ല്‍ ലോ കമ്മീഷന് പറയേണ്ടിവന്നു. പക്ഷെ, വകുപ്പ് യുക്തിസഹമായേ ഉപയോഗിക്കൂയെന്ന് ഉറപ്പുനല്‍കപ്പെട്ടു. എന്നാൽ, വകുപ്പിന്റെ ഉപയോഗം തന്നെ ദുരുപയോഗമായതിനാല്‍ നിരവധി പേര്‍ ഇപ്പോളും ജയിലില്‍ കഴിയുന്നു. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്കു കത്ത് അയച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, അപര്‍ണ സെന്‍ തുടങ്ങിയ 50 പേര്‍ക്കെതിരെ കേസെടുത്ത സംഭവം. എന്തെങ്കിലും ചെയ്യാതെ വെറുതെ രാജ്യദ്രോഹകുറ്റമൊക്കെ ചുമത്തുമോയെന്ന ചോദ്യങ്ങള്‍ക്ക് ഇനി പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.

തുര്‍ക്കി ഭരണകൂടം കുര്‍ദ് ന്യൂനപക്ഷ പ്രദേശങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരായ സമാധാന ഹര്‍ജിയില്‍ ഒപ്പിട്ട കോളേജ് അധ്യാപകന്‍ മൂന്നു വര്‍ഷത്തിന് ശേഷം 2019ലാണ് കുറ്റവിമോചിതനാക്കപ്പെട്ടത്. ഹര്‍ജിയില്‍ ഒപ്പിട്ട 200 പേരും കേസില്‍ പ്രതികളായിരുന്നു. നോം ചോംസ്‌കി, സ്ലാവേജ് സിസോക്ക് തുടങ്ങിയവര്‍ ഒപ്പിട്ട പ്രസ്താവനയായിരുന്നു അത്.

Leave a Reply