യുപി പോലീസ് ഭീകരതയുടെ നേർകാഴ്ചകളുമായി ബുള്ളറ്റ് മാർക്

പൗരത്വ പ്രക്ഷോഭത്തിനെതിരെ യു പി പോലീസ് നടത്തിയ ഭീകരവാഴ്ചയുടെ നേർകാഴ്ചകളുമായി
മുബീൻ നദ്‌വി സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം ബുള്ളറ്റ് മാർക് റിലീസ് ചെയ്തു. വാർത്താവിനിമയ സംവിധാനങ്ങളുടെ സ്വാതന്ത്ര്യത്തെ പോലും അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയുടെ തേർവാഴ്ചക്കാലത്ത് ഓരോരുത്തർക്കും ചെയ്യാവുന്ന തരത്തിലുള്ള ഇടപെടലിന് പ്രേരണയാണ് ബുള്ളറ്റ് മാർക് എന്ന് പ്രമുഖ ഡോക്യുമെന്ററി സംവിധായകൻ ഗോപാൽ മേനോൻ പറഞ്ഞു.

വളച്ചൊടിക്കുകയും, വക്രീകരിക്കുകയും മാത്രമല്ല ശുദ്ധനുണക്കഥകൾ പോലും വാർത്തയാക്കപ്പെടുന്ന ഇക്കാലത്ത് പ്രശ്നബാധിത മേഖലകളിൽ നിന്ന് നേരിട്ട് പകർത്തിയ ഈ ഡോക്യുമെന്ററി മാധ്യമ നീതിക്ക് വേണ്ടിയുള്ള അനുകരണീയ ചുവടാണെന്ന് സീനിയർ പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ പി.അഹ് മദ് ശരീഫ് പറഞ്ഞു.

നീതിയുടെ ശവപ്പറമ്പായി മാറുന്ന ഇന്ത്യയിൽ കുഴിച്ചുമൂടപ്പെടുന്ന പച്ചയായ സത്യങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ചെറുശ്രമങ്ങൾ പോലും രാഷ്ട്രീയ പ്രവർത്തനമാണെന്ന് മനുഷ്യവകാശ പ്രവർത്തകൻ റെനി ഐലിൻ ഓർമിപ്പിച്ചു. ചലച്ചിത്ര പ്രതിരോധത്തിന്റെ സാധ്യകൾ ഫാഷിസത്തിനെതിരെ മൂർച്ചയോടെ പ്രയോഗിക്കേണ്ട കാലമാണിതെന്ന് ഫിലിം ആക്ടിവിസ്റ്റ് സുന്ദരരാജ് പറഞ്ഞു.

നിയമപാലനം ഫാഷിസ്റ്റ് ഇംഗിതത്തിന് കീഴടങ്ങിയ ഈ ദുരന്തകാലത്ത് പ്രതിരോധത്തിന്റെ പുതുവഴികൾ തുറക്കുന്ന മുബീൻ നദ്‌വിയെപ്പോലുള്ളവരുടെ ഉദ്യമം ആദരണീയമാണെന്ന് ലീഗൽ ആക്ടിവിസ്റ്റും നിയമഗവേഷകയുമായ അഡ്വ.ശാരിക പള്ളത്ത് അഭിപ്രായപ്പെട്ടു. ഡോക്യുമെൻററി, ഫിലിം നിർമാണ രംഗത്തേക്ക് ഇസ് ലാമിക കലാലയങ്ങളിൽ നിന്നുള്ളവർ കടന്ന് വരുന്നത് പ്രതീക്ഷ പകരുന്ന അനുഭവം തന്നെയാണെന്ന് ഡോക്യുമെൻററി സംവിധായകനും അഭിഭാഷകനുമായ അഡ്വ.മുഹമ്മദ് ഹാഷിർ പറഞ്ഞു.

അഡ്വ. എ എ റഹീം, വി. പ്രഭാകരൻ, സലാം കൂട്ടിലങ്ങാടി, എ എം നദ്‌വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഡയറക്ടർ മുബീനുൽ ഹഖ് നദ്‌വി എന്നിവർ സംസാരിച്ചു.