ഇതാണ് എന്റെ പൗരത്വ രേഖ
പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടി എഴുതുന്നു…
ഇന്ന് ഉപ്പുസത്യഗ്രഹത്തിന്റെ തൊണ്ണൂറാം വാർഷികം. ദണ്ഡി കടൽ തീരത്തു നിന്ന് ഒരു പിടി ഉപ്പു കുറുക്കിയെടുത്ത് ഗാന്ധിജി എറിഞ്ഞപ്പോൾ വൈദേശികാധിപത്യത്തിന്റെ കടയിളക്കിയ ബോംബായി അത് മാറി. സമാനമായ ദണ്ഡിയാത്രകളും ഉപ്പുസത്യഗ്രഹങ്ങളും രാജ്യത്തിന്റെ എല്ലാ ഭാഗത്തും നടന്നു. കോഴിക്കോട് മുഹമ്മദ് അബ്ദുർ റഹ്മാന്റെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹത്തിൽ പങ്കെടുക്കാനാണ് എന്റെ പിതാവ് പി എ സൈനുദ്ദീൻ നൈനയെ കോൺഗ്രസ് നേതാവ് ഇ മൊയ്തു മൗലവി കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വിളിച്ചു കൊണ്ടുവന്നത്. അന്നേരം ബാപ്പയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് ദിവസമേ ആയിരുന്നുള്ളു.
ബാപ്പയേയും കാസർകോട്ടുകാരനായ ഒരു കോടത്ത് നാരായണൻ നായരേയും ഒന്നിച്ചാണ് ശിക്ഷിച്ചത്. ഒമ്പത് മാസം അവർ കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്നു. അവിടെ വെച്ചാണ് ബാപ്പ വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെടുന്നത്. അന്നവർ തീരുമാനിച്ചു, കൊച്ചിയിൽ ചെന്നാൽ ബ്രിട്ടീഷ് ഗവണ്മെണ്ടിനെതിരെ ഒരു പത്രം ആരംഭിക്കണമെന്ന്. ഉജ്ജീവനം ആയിരുന്നു ആ പത്രം. ബഷീർ പത്രാധിപർ,ബാപ്പ പ്രസാധകൻ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം അബ്ദുൽ ഖാദർ മാലവിയും തമ്മിലുള്ളത് പോലുള്ള സൗഹൃദമായിരുന്നു അവരുടേത്.
അന്ന് ബാപ്പയെ ശിക്ഷിച്ചു കൊണ്ടുള്ള വിധിന്യായം ഇന്നും ഞാൻ നിധിപോലെ സൂക്ഷിക്കുന്നു, ഇതാണ് എന്റെ പൗരത്വ രേഖ.