ഭരണഘടനയാണോ പൗരത്വം നഷ്ടപ്പെടാൻ കാരണമായ സ്വത്വമാണോ പ്രധാനം?

ഭരണഘടനയാണോ പൗരത്വം നഷ്ടപ്പെടാൻ കാരണമായ സ്വത്വമാണോ പ്രധാനം ? നടനും നാടക സംവിധായകനും ആക്ടിവിസ്റ്റുമായ സ്വപ്നേഷ് ബാബു ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് “ഭരണഘടനയും ഞാനും” എന്ന ഒറ്റയാള്‍ നാടകത്തിലൂടെ. ഭരണകൂടത്തിന്‍റെ വംശീയ പദ്ധതികളായ എന്‍.ആര്‍.സി, സി.എ.എ തുടങ്ങിയ പൗരത്വ നിഷേധ നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് നാടകം രൂപപ്പെട്ടിരിക്കുന്നത്.

പുസ്തക കച്ചവടക്കാരനായ അലിയാർ എന്ന കഥാപാത്രത്തിലൂടെയാണ് പൗരത്വ നിഷേധത്തിന്‍റെ കഥ പറയുന്നത്. സൗജന്യ നിരക്കിൽ വിൽക്കുന്ന ക്ലാസിക്കുകള്‍ മാത്രമല്ല, ഭരണഘടനയും അദ്ദേഹത്തിന്‍റെ കൈവശമുണ്ട്. എന്നാൽ വിൽക്കാൻ കഴിയാത്ത “വിശ്വാസത്തിന്‍റെ പുസ്തകം” അലിയാര്‍ ആര്‍ക്കും നല്‍കാതെ എന്നത്തെയും പോലെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നു. അത് വിശുദ്ധ ഖുർആൻ ആയിരുന്നു.

കാണികളെ വൈകാരിക തലത്തിലേക്ക് കൊണ്ടുപോകുന്നതും കരഘോഷങ്ങൾക്കും എന്നതിലുമുപരി പൗരത്വനിഷേധത്തിനതിരെ നടക്കുന്ന സമരങ്ങൾക്ക് കരുത്ത് നൽകുന്ന അവതരണമാണ് സ്വപ്‌നേഷിന്‍റെ അലിയര്‍. കേരളത്തില്‍ നടക്കുന്ന എന്‍.ആര്‍.സി, സി.എ.എ വിരുദ്ധ സമരങ്ങളിലും ശാ​ഹീ​ൻ ബാ​ഗുകളിലും ഇതിനകം ശ്രദ്ധപിടിച്ചു കഴിഞ്ഞു ഭരണഘടനയും ഞാനും.

ഭരണകൂടത്തെയും ഹിന്ദുത്വത്തെയും കോർപ്പറേറ്റുകളെയും പ്രതിസ്ഥാനത്ത് നിർത്തുന്ന കലാപ്രകടനങ്ങളുമായി തെരുവുകളെ തീപിടിപ്പിക്കുന്ന സ്വപ്നേഷും ജീവിത പങ്കാളി രാഖിയും നാടകങ്ങൾക്കൊപ്പം സമരങ്ങളിലും സജീവമാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയുടെ നേതാവ് കൂടിയാണ് സ്വപ്നേഷ് ബാബു.
_ മിർസ