ഭരണനേതൃത്വങ്ങളെ വിലക്കെടുത്ത് അദാനി നേടിയ കാര്‍മൈക്ക്ള്‍ കല്‍ക്കരിപ്പാടം

“ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഖനികളിലൊന്നായ ആസ്‌ത്രേലിയയിലെ ഗലീലിയിലെ കാര്‍മൈക്ക്ള്‍ കല്‍ക്കരിപ്പാടം ഖനനം ചെയ്യുന്നതിനായി ഇന്ത്യയിലെയും ആസ്‌ത്രേലിയയിലെയും രാഷ്ട്രീയ ഭരണനേതൃത്വങ്ങളെ വിലക്കെടുക്കാന്‍ അദാനിക്ക് സാധിച്ചു…”


_ കെ സഹദേവൻ

2021 നവംബറിൽ ഗ്ലാസ്‌ഗോവില്‍ വെച്ച് നടന്ന കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഒരുപക്ഷേ നിങ്ങളുടെ ഓര്‍മ്മയില്‍ കാണും. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ വിവരിച്ചുകൊണ്ട് ഇന്ത്യയുടെ നെറ്റ് സീറോ ലക്ഷ്യം 2070ഓടെ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി വളരെ നാടകീയമായി ഗ്ലാസ്‌ഗോവില്‍ വെച്ച് പ്രഖ്യാപിക്കുകയുണ്ടായി. കൂടാതെ 2030ഓടെ 500 ഗിഗാവാട്ട് വൈദ്യുതി ഫോസിലേതര ഇന്ധനങ്ങളിലൂടെ ഉത്പാദിപ്പിക്കുമെന്നും ഗ്ലാസ്‌ഗോവില്‍ വെച്ച് പ്രധാനമന്ത്രി ലോകത്തെ അറിയിച്ചു. അടുത്ത മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നെറ്റ് സീറോ ലക്ഷ്യത്തിലെത്തുക എന്ന പൊതുസമ്മതിക്ക് വിരുദ്ധമായി അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രമേ അത്തരമൊരു ലക്ഷ്യം കൈവരിക്കാനാകൂ എന്ന ഇന്ത്യയുടെ നിലപാട് വികസിത രാഷ്ട്രങ്ങളെ അമ്പരപ്പിക്കുകയുണ്ടായി.

രാജ്യത്തിന്റെ ആഭ്യന്തര മൊത്തോല്‍പ്പാദനത്തിലെ കാര്‍ബണ്‍ പുറന്തള്ളല്‍ 45 ശതമാനം ആയി (2005ല്‍ നിലവാരത്തിലേക്ക്) കുറയ്ക്കാമെന്ന പ്രഖ്യാപനം നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ എന്താണെന്ന കാര്യത്തില്‍ യാതൊരുവിധ വ്യക്തതയും ഇല്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. അത്തരമൊരു നടപടിക്കാവശ്യമായ സ്ഥാപനപരമായ സംവിധാനങ്ങള്‍ (Institutional Mechanism) സംബന്ധിച്ച യാതൊരു ആലോചനയും ഇന്ത്യയില്‍ നടന്നിട്ടില്ലെന്നതും വസ്തുതയാണ്.

2030ഓടെ ഇന്ത്യയുടെ ഫോസിലേതര ഊര്‍ജ്ജോത്പാദനത്തില്‍ 50 ശതമാനം വര്‍ദ്ധനവ് സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. പുതുക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് അടുത്ത 9 വര്‍ഷത്തിനുള്ളില്‍ 500 ഗിഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ കാതല്‍. (ഹരിതോര്‍ജ്ജ ഉത്പാദന മേഖലയിലെ അദാനി റിന്യൂവബ്ള്‍സ്-ന്റെ വന്‍തോതിലുള്ള നിക്ഷേപ ഇടപെടല്‍ കൂടി ഈ പ്രഖ്യാപനത്തിന് പിന്നിലുണ്ടെന്നത് വഴിയേ മനസ്സിലാകും).

രാജ്യത്തിന്റെ നെറ്റ് സീറോ ലക്ഷ്യം 2070ഓടെ പൂര്‍ത്തീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നില്‍ തന്റെ ആത്മ സുഹൃത്തിനോടുള്ള കൂറ് പ്രകടമായിരുന്നു. കല്‍ക്കരി മേഖലയില്‍ വലിയ നിക്ഷേപസാധ്യത തിരിച്ചറിഞ്ഞിരുന്ന അദാനി ഗ്രൂപ്പ് ഇന്ത്യയിലും ഇന്തോനേഷ്യയിലും ആസ്‌ത്രേലിയയിലും കല്‍ക്കരി പാടങ്ങള്‍ ഖനനം ചെയ്യാനുള്ള കരാറുകള്‍ ഇതിനകം നേടിക്കഴിഞ്ഞിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഖനികളിലൊന്നായ ആസ്‌ത്രേലിയയിലെ ഗലീലിയിലെ കാര്‍മൈക്ക്ള്‍ കല്‍ക്കരിപ്പാടം ഖനനം ചെയ്യുന്നതിനായി ഇന്ത്യയിലെയും ആസ്‌ത്രേലിയയിലെയും രാഷ്ട്രീയ ഭരണനേതൃത്വങ്ങളെ വിലക്കെടുക്കാന്‍ അദാനിക്ക് സാധിച്ചു.

അദാനിയുടെ കല്‍ക്കരി യുദ്ധത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ, പത്രപ്രവര്‍ത്തകന്‍ കൂടിയായ, ക്വെന്റിന്‍ ബെറെസ്‌ഫോര്‍ഡ് (Quentin Beresford) എഴുതിയ ‘Adani and the war over coal’ എന്ന പുസ്തകം കാര്‍മൈക്ക്ള്‍ കല്‍ക്കരി കരാര്‍ അദാനി നേടിയെടുത്തതിന് പിന്നിലെ ചതിക്കഥകള്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പാരിസ്ഥിതിക നൈതികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, ഒരു തെമ്മാടി കോര്‍പ്പറേറ്റ്, ആസ്‌ത്രേലിയന്‍ ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ട് കരാര്‍ നേടിയെടുത്തതെങ്ങിനെയെന്നും ചങ്ങാത്ത മുതലാളിത്തം ഓസ്ട്രേലിയയിലും ഇന്ത്യയിലും എത്രയധികം സാമ്യമുള്ളതാണെന്നും ബെറെസ്‌ഫോര്‍ഡ് തന്റെ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.

ഫോസില്‍ ഇന്ധന ലോബികളും ലിബറല്‍/നാഷണല്‍ പാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ പരിസ്ഥിതി വിരുദ്ധതയും തദ്ദേശീയ ഗോത്ര ജനതയുടെ അവകാശ നിഷേധവും ഉള്‍ച്ചേര്‍ന്ന അധികാര പ്രയോഗമാണെന്ന് കാണാന്‍ കഴിയും. അത് ആസ്‌ത്രേലിയയിലെ സെന്‍ട്രല്‍ ക്വീന്‍സ് ലാന്റിലെ തദ്ദേശീയ ജനവിഭാഗങ്ങളായ വാന്‍ഗന്‍, ജഗലിന്‍ഗ്വൗ എന്നിവരായാലും ഝാര്‍ഘണ്ടിലെ ഗോണ്ടല്‍പൂരിലെ സാന്താളികളായാലും, ഛത്തീസ്ഗഢിലെ ഹാസ്‌ദേവ് അരന്ദിലെ ഗോണ്ട്, ഒറോണ്‍ ആദിവാസികളായാലും കോര്‍പ്പറേറ്റ് ആര്‍ത്തിക്ക് കീഴടങ്ങിയ ഭരണകൂടങ്ങളാല്‍ വേട്ടയാടപ്പെടുന്ന ജനതയായ് അവര്‍ക്ക് മാറേണ്ടിവരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശേഖരമായ ആസ്‌ത്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിനെ നാശത്തിലേക്ക് തള്ളിവിട്ടുകൊണ്ട്, ക്വീന്‍സ് ഐലന്റിലെ ഗോത്രവര്‍ഗ്ഗക്കാരെ അവരുടെ മണ്ണില്‍ നിന്ന് പിഴുതെറിഞ്ഞുകൊണ്ട്, ആഗോള കാലാവസ്ഥാ സംവാദങ്ങളെ തരിമ്പും പരിഗണിക്കാതെ അദാനിയുടെ കാര്‍മൈക്ക്ള്‍ കല്‍ക്കരി പദ്ധതിയില്‍ നിന്നുള്ള ആദ്യ കല്‍ക്കരി കയറ്റുമതി 2021 ഡിസമ്പര്‍ മാസത്തോടെ ആരംഭിച്ചു. പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ കല്‍ക്കരി ഖനനം ചെയ്യാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ സിംഹഭാഗവും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാണ് പരിപാടി.

രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകരായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന് 6.25 ദശലക്ഷം ടണ്‍ കല്‍ക്കരി നല്‍കാനുള്ള കരാറുകള്‍ അദാനിക്ക് ലഭിച്ചു. 8,308 കോടി രൂപയുടെ കല്‍ക്കരിയാണ് ഈയിനത്തില്‍ എന്‍ടിപിസി അദാനിയില്‍ നിന്നും വാങ്ങുക. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ (പ്രതി യൂണിറ്റ് 2രൂപ) കൂടിയ വിലയ്ക്കായിരിക്കും അദാനിയുടെ ഇറക്കുമതി ചെയ്ത കല്‍ക്കരിക്ക് എന്‍ടിപിസി നല്‍കേണ്ടി വരിക (പ്രതി യൂണിറ്റ് 7-8 രൂപ). ഇത് ആത്യന്തികമായി വൈദ്യുതി ഉപഭോക്താക്കളുടെ തലയിലേക്ക് യൂണിറ്റിന് 50-70 പൈസ വരെയായി ഉയരാനുള്ള സാധ്യതയുണ്ടെന്ന് തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
(തുടരും)

ഈ ലേഖനത്തിന്റെ ആദ്യഭാഗങ്ങൾ

Follow us on | Facebook | Instagram Telegram | Twitter