ആദിവാസി ഊരുകളില്‍ സമ്പൂർണ്ണ വിലക്കിന് സാധ്യത നിലനില്‍ക്കുന്നു

ആദിവാസി ഊരുകളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനു മുന്‍‌കൂര്‍ അനുമതി നിഷ്കര്‍ഷിച്ചുകൊണ്ട് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയതിനെ തുടര്‍ന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വിവരാവകാശ നിയമപ്രകാരം കൊടുത്ത ചോദ്യങ്ങളും അതിന് വകുപ്പ് നല്‍കിയ മറുപടിയുമാണ്‌ ചിത്രത്തില്‍. B21740/22 നമ്പര്‍ സര്‍ക്കുലറില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ അനുമതി ഇല്ലാതെ വ്യക്തികള്‍ /സംഘടനകള്‍ കോളനി സന്ദര്‍ശനം, വിവര ശേഖരണം എന്നിവ നടത്തിയാല്‍ ആയവ നിര്‍ത്തി വയ്പ്പിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ് എന്ന്‍ പ്രസ്താവിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വിവരാവകാശ അപേക്ഷ നല്‍കിയത്. അതിനു ലഭിച്ച മറുപടിയില്‍ പ്രസ്തുത സര്‍ക്കുലര്‍ പ്രകാരം സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും നടത്തുന്ന ആദിവാസി ഊരു സന്ദര്‍ശനം, വിവരശേഖരണം എന്നിവയ്ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്ന് മുന്‍‌കൂര്‍ അനുമതി ആവശ്യമില്ല എന്ന് മറുപടി ലഭിച്ചിരിക്കുന്നു.

മേൽപ്പറഞ്ഞ സര്‍ക്കുലര്‍ കൊണ്ട് ഉണ്ടായിട്ടുള്ള ആശയ കുഴപ്പത്തിന് പരിഹാരമായെങ്കിലും പ്രശ്നം അപ്പോഴും മുഴുവനായും പരിഹരിക്കപ്പെടുന്നില്ല. 12.04.22 തീയതിയിലെ B21740/22 നമ്പര്‍ സര്‍ക്കുലര്‍ പുറത്തു വന്നതിനെ തുടര്‍ന്ന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ശക്തമായ വിമര്‍ശനമുയർത്തിയിരുന്നു. ആദിവാസികളുടെ മർദ്ദിതാവസ്ഥയെ ഒന്നുകൂടി ഉറപ്പിക്കുന്നതും പൊതുസമൂഹത്തില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുന്നതിനും സാമൂഹ്യവികാസത്തിന്റെ ഫലങ്ങളില്‍ നിന്ന് അവരെ അകറ്റുന്നതിനും ഈ സര്‍ക്കുലറിലെ വ്യവസ്ഥ കാരണമാകുന്നു വെന്നതായിരുന്നു പ്രധാന വിമര്‍ശനം.

എന്നാല്‍ ആ വിമര്‍ശനങ്ങളോട് പ്രതികരിക്കാനുള്ള ജനാധിപത്യ മര്യാദ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നാളിതുവരെ കാണിച്ചിട്ടില്ല. വിവരാവകാശ മറുപടിയില്‍ മുന്‍‌കൂര്‍ അനുമതി ആവശ്യമില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത് വിവാദ വ്യവസ്ഥ നീക്കം ചെയ്തുകൊണ്ട് ഒരു വിശദീകരണ സര്‍ക്കുലർ ഇറക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തയ്യാറായിട്ടില്ല എന്നത് അത്യന്തം അപലപനീയമാണ്. വാസ്തവത്തില്‍ ഇത് പട്ടികവർഗ്ഗവികസന വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ ആദിവാസി വിരുദ്ധ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

മാത്രവുമല്ല, വിവാദ സര്‍ക്കുലറില്‍ മുന്‍‌കൂര്‍ അനുമതിയില്ലാത്ത പൊതുപ്രവർത്തകരുടെ ഊരുസന്ദർശവും വിവര ശേഖരണവും നിര്‍ത്തി വയ്പ്പിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതിനാല്‍ അത് സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടി കാണിക്കുന്നത് പോലെ ആദിവാസി ഊരുകളിലെയ്ക്കുള്ള സമ്പൂർണ്ണ വിലക്കായി പിന്നീട് സൗകര്യപൂർവ്വം ഉപയോഗിക്കുന്നതിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ട B21740/22 നമ്പർ സർക്കുലറിലെ, വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ആദിവാസി ഊരു സന്ദര്‍ശനവും വിവര ശേഖരണവും നടത്താന്‍ മുന്‍‌കൂര്‍ അനുമതി ആവശ്യമാണെന്ന ജനാധിപത്യവിരുദ്ധവും അന്യായവുമായ വ്യവസ്ഥ റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കാന്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് തയ്യാറാകണം എന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെടുന്നു.
_ ഹരി, പ്രസിഡന്റ്‌
സുജഭാരതി, സെക്രട്ടറി
ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

Follow | Facebook | Instagram Telegram | Twitter