#CAB നമ്മൾ വിചാരിക്കുന്നതിനേക്കാൾ സങ്കീർണ്ണമായ ഹിന്ദുത്വ പദ്ധതി
ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, മനുഷ്യാവകാശ സംഘടനകൾ, ന്യൂനപക്ഷങ്ങൾ, ബഹുജനങ്ങൾ തുടങ്ങിയവർ CAB(citizenship amendment bill-പൗരത്വ ഭേദഗതി ബിൽ)യെ എതിർക്കുന്നത് അത് കൃത്യമായും മുസ്‌ലിം സമുദായത്തെ പുറത്ത് നിർത്തുന്നു എന്നത് കൊണ്ടാണ്. ഈ പുറത്താക്കലുകൾ പൗരത്വം റദ്ദ് ചെയ്യപ്പെടുന്ന മുസ്‌ലിം സമുദായത്തിന്റെ വംശഹത്യകളിലേക്ക് പിന്നീട് കാര്യങ്ങളെ എത്തിക്കുമെന്ന് ജർമ്മനിയിൽ നടന്ന ജൂത കൂട്ടക്കൊലകൾ മുൻനിർത്തി നമുക്ക് സാക്ഷ്യപ്പെടുത്താൻ സാധിക്കും.
അതേസമയം നോർത്ത് ഈസ്റ്റിൽ നടക്കുന്ന CAB വിരുദ്ധ സമരം മുസ്‌ലിങ്ങൾക്ക് പൗരത്വം നൽകാത്തത് കൊണ്ട് സംഭവിക്കുന്നതല്ല. മറിച്ച് കുടിയേറി പാർത്ത വിവിധ സമുദായങ്ങളിൽപ്പെട്ട ആർക്കും തന്നെ പൗരത്വം അനുവദിക്കരുത് എന്ന കടുത്ത Xenophobia കാരണം രൂപപ്പെട്ടിട്ടുള്ളതാണ്. ഹിന്ദു, മുസ്‌ലിം, സിഖ്, ജെയിൻ തുടങ്ങി എല്ലാ വിഭാഗങ്ങളും ഇതിൽ ഉൾപ്പെടും. തങ്ങളുടെ റിസോഴ്സുകൾ, ഇടങ്ങൾ, അധികാരം എന്നിവ വിവിധ മതങ്ങളിൽപ്പെട്ട കുടിയേറ്റ ജനത കൈയ്യടക്കുമെന്ന വംശീയ ബോധത്തിൽ നിന്നാണ് നിലവിൽ CABക്കെതിരെ നോർത്ത് ഈസ്റ്റ് ജനത സമരം ചെയ്യുന്നത്. അതേസമയം നോർത്ത് ഈസ്റ്റിലെ ഇൻഡിജീനസ് വിഭാഗങ്ങൾക്കിടയിൽ ഇത്തരമൊരു കടുത്ത വംശീയ ബോധം രൂപപ്പെടുത്തിയതിൽ ഇന്ത്യൻ ഭരണകൂടത്തിനും ഇന്ത്യൻ ജനതയ്ക്കും ചരിത്രപരമായും സാമൂഹികമായും പങ്കുണ്ടെന്നതും നിഷേധിക്കാവുന്നതല്ല.
പക്ഷേ യഥാർത്ഥത്തിൽ സംഘ്പരിവാർ ശ്രമിക്കുന്നത് മുസ്‌ലിങ്ങളെ പുറത്ത് നിർത്തിക്കൊണ്ട് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെ ഒരു ഹോമോജീനസ് ഹിന്ദു മേഖലയാക്കി മാറ്റുക എന്നുള്ളതാണല്ലോ. ആ അർത്ഥത്തിൽ നോർത്ത് ഈസ്റ്റിലെ സമരത്തെ നമുക്ക് പിന്തുണക്കാമെങ്കിലും വാസ്തവത്തിൽ ബില്ലിനെതിരെ ഇന്ത്യയിലെ മറ്റ് ഇടങ്ങളിൽ നടക്കുന്ന സമരങ്ങളും നോർത്ത് ഈസ്റ്റിൽ നടക്കുന്ന സമരവും രണ്ടു വിരുദ്ധ ആശയത്തെയാണ് അടിസ്ഥാനപരമായി ഉൾക്കൊള്ളുന്നത്.
അതായത് നിലവിൽ ലോകസഭാ പാസാക്കിയ ബില്ലിൽ രാജ്യവ്യാപകമായ പ്രതിഷേധം മാനിച്ച് ഭേദഗതി വരുത്തി മുസ്‌ലിങ്ങളെ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറായാൽ ചിലപ്പോൾ നമ്മുടെ പ്രതിഷേധങ്ങൾ താത്കാലികമായെങ്കിലും ശമിച്ചെന്ന് വരാം. എന്നാൽ നോർത്ത് ഈസ്റ്റ് മേഖല അപ്പോഴും കത്തിയെരിഞ്ഞ് കൊണ്ട് തന്നെയിരിക്കും. ഇപ്പോൾ ബില്ലിനെതിരെ നടന്നു കൊണ്ടിരിക്കുന്ന സമരങ്ങളിലെ ഈ വൈരുദ്ധ്യം നോർത്ത് ഈസ്റ്റ് ജനതയെ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, അധികാര മണ്ഡലങ്ങളിൽ നിന്ന് കൂടുതൽ Exclude ചെയ്തു കൊണ്ട് Docile Bodies മാത്രമായി മെരുക്കിയെടുക്കാനും ഒപ്പം മുസ്‌ലിം അപരവത്കരണം ‘ഔദ്യോഗിക’മായി സാധ്യമാക്കിക്കൊണ്ട് ഹിന്ദു രാഷ്ട്രത്തിലേക്ക് കൂടുതൽ അടുക്കാനും സംഘ്പരിവാറിന് വഴിയൊരുക്കും.
#OpposeCAB #RejectNRC
_ ശ്രുതീഷ് കണ്ണാടി