ഒരുവൻ നക്സലൈറ്റായാൽ അവനെ വെടിവെച്ചു കൊല്ലും

പണ്ട് ‘കബനീനദി ചുവന്നപ്പോൾ’ എന്ന സിനിമയ്ക്ക് സംസ്ഥാന അവാർഡ് കൊടുത്തപ്പോൾ എന്തുകൊണ്ടാണ് ഒരു നക്സലൈറ്റ് സിനിമയ്ക്ക് അവാർഡ് നൽകിയതെന്ന് പത്രക്കാർ കെ കരുണാകരനോട് ചോദിച്ചു.
“ഒരുവൻ നക്സലൈറ്റായാൽ അവനെ വെടിവെച്ചു കൊല്ലും എന്നൊരു ഗുണപാഠം ഈ സിനിമയിൽ ഉണ്ട്” ചിരിച്ചുകൊണ്ട് കരുണാകരൻ പറഞ്ഞ മറുപടി ചരിത്രമാണ്.

കരുണാകരൻ മരിച്ചതിന് ശേഷം സോമശേഖരൻ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നൊരു കാര്യമുണ്ട്. ഒരു നക്സലൈറ്റ് അല്ലാതിരുന്നിട്ടും രാജനെ കൊന്നുകളഞ്ഞല്ലോ എന്നതായിരുന്നു മലയാളികളുടെ രോഷത്തിന്റെ അടിസ്ഥാനമെന്ന് സോമശേഖരൻ സൂചിപ്പിക്കുന്നു. രാജൻ നക്സലൈറ്റ് ആയിരുന്നെങ്കിൽ കൊല്ലപ്പെടാൻ അർഹനായേനെ. അങ്ങനെയെങ്കിൽ അക്കാലത്ത് കരുണാകരനോട് അപ്രകാരമൊരു ബഹുജന രോഷവും ഉയരാനിടയുമില്ലായിരുന്നു. പക്ഷെ നക്സലൈറ്റായാൽ ഒരാളെ പിന്നെ എന്തും ചെയ്യാം

അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ പിന്നെ അവർക്കെതിരായ യു.എ.പി.എക്ക് വരെ ന്യായീകരണമാകുകയാണ്. സി.പി.എം യു.എ.പി.എക്ക് എതിരാണെന്നാണ് പറയപ്പെടുന്നതെങ്കിലും മാവോയിസ്റ്റുകൾക്കെതിരെ അത് ചുമത്തുന്നതിന് തടസ്സമില്ല. മാവോയിസ്റ്റുകൾ വെടിയേറ്റ് മരിക്കാൻ വരെ അർഹരാണ്. കെ കരുണാകരനിൽ നിന്ന് പിണറായി വിജയനിലേക്കുള്ള ദൂരം എന്താണ് ?
_ ജെയ്സണ്‍ സി കൂപ്പര്‍

Leave a Reply