സ്വത്വം തെളിയിക്കാൻ ഈ ഭരണകൂടത്തോട് എത്രകാലം മല്ലിടേണ്ടിവരും ?
തീർത്തും അസ്വസ്ഥ തോന്നുന്നു. ഒരു സുപ്രഭാതത്തിൽ ജനിച്ച മണ്ണും ഒരായുസ്സു മുഴുവൻ വിയർപ്പൊഴുക്കി ഉണ്ടാക്കിയ സമ്പാദ്യവും നഷ്ടപ്പെട്ട ഒരുപറ്റം മനുഷ്യരുടെ ആവലാതികൾ ചുറ്റിലും ചൂഴ്ന്നു നിൽക്കുന്ന പോലെ. ഇത്രയും മനുഷ്യർ ഇനി എന്ത് ചെയ്യപ്പെടും എന്നതിന് ഒരു വ്യക്തതയുമില്ല ! കൃത്യമായി പറഞ്ഞാൽ പത്തൊൻപത് ലക്ഷത്തി ആറായിരത്തി അറുനൂറ്റി അമ്പത്തി ഏഴാളുകൾ, ഇന്നലെവരെ അസ്സമികൾ ആയിരുന്നവർ, വോട്ടുചെയ്യാൻ പോലും അവകാശം ഉണ്ടായിരുന്നവർ.
അൻപതു വർഷം മുമ്പിലത്തെ, 1971ൽ ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി രൂപപ്പെടുന്നതിനും മുമ്പിലത്തെ കണക്കുകളാണ്. പലരും മരിച്ചുപോയിട്ടുണ്ടാവും, പലതും ചിതൽ തിന്നിട്ടുണ്ടാവും. തികഞ്ഞ രാഷ്ട്രീയമാണ്. 32 മില്യൻ വരുന്ന അസമിലെ മുസ്‌ലിം എതിനിക് മൈനോരിറ്റിയെ ഇല്ലായ്‌മ ചെയ്യാനുള്ള പ്ലാൻഡ് അജണ്ടയാണ്.
അല്ലെങ്കിലേ കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് കേസുകൾ കൊണ്ട് നട്ടംതിരിയുന്ന ഇന്ത്യൻ കോടതികളാണ് ഇനി ഇത്രയും പേരുടെ ആശ്രയം. ഒരു നേരത്തെ അന്നത്തിനുവേണ്ടി തെരുവിലും ഓടകളിലും അണച്ച് പണിയെടുക്കുന്നവരാണ്. സ്വന്തം പേരു പോലും കൂട്ടിയെഴുതാനറിയാത്തവരാണ്. എത്രകാലം സ്വന്തം സ്വത്വം തെളിയിക്കാൻ യാതൊരു വ്യവസ്ഥയുമില്ലാത്ത ഈ ഭരണകൂടത്തോട് മല്ലിടേണ്ടിവരും. എത്രകാലം അനിശ്ചിതാവസ്ഥയിൽ ഏതു നിമിഷവും ഇല്ലാതാക്കപ്പെട്ടേക്കാമെന്ന ആശങ്കയിൽ ജീവിക്കേണ്ടി വരും.
നാലു മില്യൺ ജനങ്ങളാണ് ബി.ജെ.പി ഹാർഡ് ലൈൻ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി പുറത്താക്കപ്പെടാൻ പോകുന്നത്. അറിഞ്ഞിടത്തോളം അസമിൽ ദൊമുനിയിലടക്കം പലയിടങ്ങളിലും കോൺസെൻട്രേഷൻ ക്യാമ്പ് മാതൃകയിൽ ഭീമൻ തടവറകൾ പണിയപ്പെടുകയാണ്. പലതിലും ഇതിനോടകം തന്നെ ആളുകളെ പാർപ്പിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെയും മത സഹിഷ്ണതയുടെയും മുഖം നഷ്ടപ്പെട്ട ഒരു ഫാസിസ്റ്റ് ഭരണകൂടം എത്രത്തോളം പോകുമെന്നതിന്റെ അവശേഷിപ്പുകൾ ഇവിടെ ജർമ്മനിയുടെ മുക്കിലും മൂലയിലും കണ്ടിട്ടുണ്ട്. ഗ്യാസ് ചേമ്പറുകളുടെയും ഇലക്ട്രിക് റൂമുകളുടെയുമൊന്നും കാലം ഇന്ത്യയിൽ അകലെയാണെന്ന് കരുതാനാവില്ല. ഇതിനോടകം തന്നെ പത്തിൽ കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുകയുണ്ടായെന്ന് പറഞ്ഞു കേട്ടു.
ആശങ്ക അതിലില്ല. ഇത്തരം വിഷയങ്ങളിലുള്ള രാജ്യത്തിന്റെ മൗനത്തെ ഓർത്താണ്. കരുത്തുറ്റ പ്രതികരണങ്ങൾ ഉണ്ടായിരുന്ന ഒരു സാംസ്കാരിക നിരതന്നെ ഉണ്ടായിരുന്ന നാടാണ്. ഒരു ചെറിയ വിരലനക്കം പോലും കാണുന്നില്ല. അന്യനാട്ടുകാർക്ക് ഇതിനേക്കാൾ ആശങ്കയുണ്ടെന്ന് തോന്നിയിട്ടുണ്ട്.
ഇവിടെ ഒരു ദിവസം ചുരുങ്ങിയത് ഒരു പത്തു രാജ്യങ്ങളിൽ നിന്നുള്ളവരെ കാണാറുണ്ട്. മിക്കവരും ഏതെങ്കിലുമൊക്കെ വഴിയിൽ സംസാരിച്ചു വന്ന് ഇന്ത്യയെ കുറിച്ച് ഏതെങ്കിലുമൊക്കെ വിഷയത്തിൽ അവരുടെ ആശങ്കകൾ പറയും. ചിലപ്പേ ലിഞ്ചിങ്, ചിലപ്പോ കശ്മീർ, ചിലപ്പോ റേപ്പ്… നല്ലത് പറയുന്നത് അധികമൊന്നും കേട്ടിട്ടില്ല, അതായത് കാര്യമായി അഭിമാനിക്കാൻ ഒരു കോപ്പും ലോക രാജ്യങ്ങളുടെ ഇടക്ക് ഇല്ലാ എന്ന്.
കഴിഞ്ഞയാഴ്ച സ്വീഡനിൽ വച്ച് നോർത്ത് ഇന്ത്യക്കാരിയായ ഒരു സ്ത്രീയെ പരിചയപ്പെട്ടു. നാട്ടുകാരിയെ കിട്ടിയ സന്തോഷത്തിൽ വൈകിട്ട് ഞാനവരെ നടക്കാൻ ക്ഷണിച്ചു. ഒരു പാർക്കിൽ കൂടിയിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുറെ അറബ് സ്ത്രീകളെയും കുട്ടികളെയും കാണിച്ച് അസ്വസ്ഥതയോടെ ‘ഈ സ്വീഡിഷുകാർക്ക് പ്രാന്താണെന്നും അഭയാര്‍ത്ഥികളായ നാണംകെട്ട ഈ മുസ്‌ലിങ്ങൾ ഈ നാട് നശിപ്പിച്ചു,’ എന്നുമൊക്കെ അവർ സംസാരിച്ചുകൊണ്ടിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് ഞാൻ ഒരു മുസ്‌ലിമാണെന്നും നമ്മളും ഒരുകണക്കിന് ഇവിടെ അഭയാർത്ഥികളല്ലേ എന്നും പറഞ്ഞു.
അന്നുരാത്രി എനിക്ക് റൂട്ടർ ഇല്ലാത്തതുകൊണ്ട് അവർ ഓപ്പൺ ആക്കിത്തന്ന അവളുടെ വൈഫൈ പാസ്വേർഡ് അവര് എന്നെന്നേക്കുമായി മാറ്റി. തൊട്ടടുത്ത് താമസിച്ചിട്ടും പിന്നെ ഇതുവരെ ആ സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. ഇത്രയ്ക്ക് വിചിത്രമാണ് കാര്യങ്ങൾ. അല്ലെങ്കിൽ ഇത്രത്തോളം ഭീകരമായിക്കൊണ്ടിരിക്കുന്നു കാര്യങ്ങൾ. ഞാൻ അസ്വസ്ഥയാണ്, രാജ്യത്തെ ഈ കനത്ത മൗനത്തെ ഓർത്ത്.
_ ജലിഷ ഉസ്മാൻ, സെപ്തംബര്‍ 2019