കോൾ ‍കോറിഡോറിനെതിരെ ഗോവൻ‍ ജനത

“ഗോയന്ത് കോൾസോ നാകാ എന്ന ബാനറിന് കീഴിൽ‍ ആയിരക്കണക്കായ ജനങ്ങൾ ‍ കോൾ‍ ഹബ്ബിനെതിരായ പ്രതിഷേധത്തിൽ ‍ അണിനിരന്നിരിക്കുകയാണ്…”

കെ സഹദേവൻ

ഫാസിസത്തിനെതിരായ സമരം അവയുടെ സാമ്പത്തിക സ്രോതസ്സുകൾക്കെതിരായ സമരം കൂടിയാണെന്ന് തിരിച്ചറിയുന്നത് രാജ്യത്തെ ദേശീയ രാഷ്ട്രീയ പാർട്ടികളോ വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളോ അല്ലെന്നത് നിഷേധിക്കാൻ‍ കഴിയാത്ത യാഥാർത്ഥ്യമാണ്. വലതു തീവ്രവാദ രാഷ്ട്രീയത്തിന്റെ സാമ്പത്തിക ശക്തികളായ കോർ‍പ്പറേറ്റുകൾക്കെതിരായി അതിശക്തമായ പ്രക്ഷോഭം നടത്തുന്നത് ഇന്ത്യയിലെ കർഷക വിഭാഗങ്ങളും ആദിവാസി-ദളിത് വിഭാഗങ്ങളുമാണെന്ന് വർത്തമാന ഇന്ത്യയിലെ ജനകീയ പ്രക്ഷോഭങ്ങളെ നിരീക്ഷിച്ചാൽ‍ മനസ്സിലാകും. മോദി സർക്കാർ‍ പാസാക്കിയ കർഷക മാരണ നിയമങ്ങൾക്കെതിരായി കർഷകർ‍ നടത്തിയ ഐതിഹാസികമായ പ്രക്ഷോഭത്തിന്റെ കുന്തമുന അദാനി – അംബാനിമാരിലേക്ക് കൂടി തിരിഞ്ഞത് ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്.

ഇന്ത്യയുടെ കാടകങ്ങളിലും ഗ്രാമീണ മേഖലയിലും തീരപ്രദേശങ്ങളിലും ഒക്കെയായി നടന്നുകൊണ്ടിരിക്കുന്ന നിരവധി ജനകീയ പ്രക്ഷോഭങ്ങൾ‍ കോർപ്പറേറ്റ് നിയന്ത്രിത വികസന പ്രവർത്തനങ്ങൾ‍ക്കെതിരായ രാഷ്ട്രീയ സമരങ്ങളാണ്. വേദാന്ത, പോസ്‌കോ, അംബാനി, ജിൻഡാൽ‍, എസ്സാർ‍, ടാറ്റ എന്നിവയോടൊപ്പം ഇന്ത്യയിൽ‍ ഏറ്റവും കൂടുതൽ‍ ജനകീയ പ്രതിഷേധത്തെ നേരിടേണ്ടി വരുന്ന കോർപ്പറേറ്റുകളിൽ‍ മുമ്പനാണ് അദാനി എന്റർ‍പ്രൈസസ്.

അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയാകട്ടെ, താപവൈദ്യുതി നിലയമാകട്ടെ, കൽക്കരി ഖനന പദ്ധതിയാകട്ടെ, തുറമുഖ പദ്ധതികളാകട്ടെ, ഒക്കെയും പ്രാദേശിക ജനങ്ങളുടെ ഉപജീവനത്തെയും പൊതു ഖജനാവിന്റെ സുരക്ഷിതത്വത്തെയും, പാരിസ്ഥിതിക സുസ്ഥിരതയെയും അട്ടിമറിച്ചുകൊണ്ടാണ് നടപ്പിലാക്കുന്നത്. ഇന്ത്യയിലെമ്പാടുമായി അദാനിയുടെ വിവിധ പദ്ധതികൾ‍ക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ മുഴുവൻ‍ കോർത്തിണക്കിയാൽ‍ അത് രാജ്യത്തെ ഏറ്റവും വലിയ കോർ‍പ്പറേറ്റ് വിരുദ്ധ പ്രക്ഷോഭങ്ങളായി പരിണമിക്കുന്നത് കാണാം.

ഗോവ: ഇന്ത്യയുടെ കോൾ‍ കോറിഡോർ‍!

ഇന്ത്യാ ഗവണ്‍മെന്റ് വിഭാവനം ചെയ്യുന്ന, 8.5 ട്രില്യൺ‍ രൂപ നിക്ഷേപ സാധ്യത കണക്കാക്കുന്ന, സാഗർമാല പദ്ധതിയുടെ ഭാഗമായി മർമുഗോവ തുറമുഖത്തെ രാജ്യത്തിന്റെ കൽക്കരി ഇടനാഴിയായി വികസിപ്പിക്കാനുള്ള പദ്ധതി പൂർത്തിയായിക്കഴിഞ്ഞാൽ ‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഗൗതം അദാനിയായിരിക്കുമെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. ഇന്തോനേഷ്യ, ആസ്‌ത്രേലിയ എന്നിവിടങ്ങളിൽ നിന്നും അദാനി ഗ്രൂപ്പ് കയറ്റുമതി ചെയ്യുന്ന കൽക്കരി ഇന്ത്യയിലെ വിവിധ താപനിലയങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള പ്രധാന തുറമുഖമായിട്ടാണ് മർമുഗോവയെ പരിഗണിക്കുന്നത്. 2020ൽ‍ ലോകസഭയിൽ ‍ബിൽ ‍രൂപത്തിൽ‍ അവതരിപ്പിക്കുകയും 2021 ഫെബ്രുവരി 17ന് രാഷ്ട്രപതി ഒപ്പിട്ടതോടു കൂടി നിലവിൽ വരികയും ചെയ്ത ”The Major Port Authorities Act-2021” രാജ്യത്തെ വിവിധങ്ങളായ തുറമുഖങ്ങളുടെ പ്രവർത്തനങ്ങളിൽ സ്വകാര്യ കമ്പനികളുടെ ഇടപെടൽ‍ കൂടുതൽ ‍സുഗമമാക്കുകയുണ്ടായി.

പ്രതിവർഷം 137 ദശലക്ഷം ടൺ‍ കൽക്കരി ഇറക്കുമതി ചെയ്യാനുള്ള കോൾ‍ ഹബ്ബ് ആയി ഗോവയിലെ മർമു ഗോവ തീരത്തെ വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരായി അതിശക്തമായ ചെറുത്തുനിൽപ്പിനാണ് ഗോവൻ‍ ജനത മുന്നിട്ടിറങ്ങിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ‍ 2030ഓടെ അദാനി ഗ്രൂപ്പ്, ജെഎസ്ഡബ്ല്യൂ, വേദാന്ത എന്നീ കമ്പനികൾ‍ ഏകദേശം 51 ദശലക്ഷം ടൺ കൽക്കരി ഈ തുറമുഖം വഴി ഇറക്കുമതി ചെയ്യുമെന്നാണ് പോർട്ട് ട്രസ്റ്റ് അധികൃതർ‍ പറയുന്നത്. ഗോവ വഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൽക്കരി എത്തിക്കാനാവശ്യമായ റെയിൽ‍, റോഡ് നെറ്റ് വർക്കുകൾ‍ ഒരുക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതർ‍. റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ‍, പുതിയ ഫ്‌ളൈ ഓവറുകൾ‍, മൻഡോവി, സുവാരി എന്നീ നദികളിൽ‍ പുതിയ ജെട്ടി നിർമ്മാണം, ദേശീയപാത 4എയിൽ‍ നാല് വരി പാതകളുടെ നിർ‍മ്മാണം എന്നിവ തകൃതിയായി നടക്കുകയാണ്.

ഈ വിപുലീകരണ പദ്ധതികളിൽ‍ പ്രതിഷേധിച്ച് പ്രദേശത്തെ 60-ലധികം ഗ്രാമങ്ങൾ‍ പ്രചരണപ്രവർ‍ത്തനങ്ങൾ‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഒരു പബ്ലിക് ഹിയറിംഗ് പോലുമില്ലാതെ വിവിധ പദ്ധതികൾ‍ ഗോവയിൽ‍ നടപ്പിലാക്കാൻ‍ ശ്രമിച്ചത് അവർ‍ മറന്നിട്ടില്ല. നിർ‍ദ്ദിഷ്ട തുറമുഖ മേഖലയിൽ‍ ഡ്രഡ്ജിങ് പ്രവർ‍ത്തനങ്ങൾ‍ നടക്കുന്നത് ശ്രദ്ധയിൽ‍പ്പെട്ട മത്സ്യത്തൊഴിലാളികൾ‍ ജാഗ്രതാ നിർ‍ദ്ദേശം നൽ‍കിയതിനെ തുടർ‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. പബ്ലിക് ഹിയറിംഗ് പ്രക്രിയ മറികടന്നുകൊണ്ട് പദ്ധതിക്ക് അനുമതി നൽ‍കാൻ‍ കഴിയില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ‍ വിധിക്കുകയുണ്ടായി.

വളരെ ചെറിയ സംസ്ഥാനമായ ഗോവയിൽ‍ ഇത്രയും വിപുലമായ കൽ‍ക്കരി ഹബ്ബ് സ്ഥാപിക്കുന്നത് മോളം നാഷണൽ‍ പാർ‍ക്ക്, മഹാവീർ ‍ വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവയെ സാരമായി ബാധിക്കുമെന്ന് കേന്ദ്ര ഗവൺ‍മെന്റിന്റെ കീഴിൽ‍ സെന്‍ട്രൽ‍ എംപവേർഡ് കമ്മിറ്റി (CEC)യും 50ഓളം ശാസ്ത്രജ്ഞരും അക്കാദമിക്കുകളും അടങ്ങുന്ന സംഘവും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗോയന്ത് കോൾസോ നാകാ എന്ന ബാനറിന് കീഴിൽ‍ ആയിരക്കണക്കായ ജനങ്ങൾ ‍ കോൾ‍ ഹബ്ബിനെതിരായ പ്രതിഷേധത്തിൽ ‍ അണിനിരന്നിരിക്കുകയാണ്. ഗോവയിൽ ജയിക്കുന്നത് അദാനിയോ ഗോവൻ‍ ജനതയോ എന്നതിനെ ആശ്രയിച്ചിരിക്കും ഗോവൻ ‍ പരിസ്ഥിതിയുടെ ഭാവി.
(തുടരും)

ഈ ലേഖനത്തിന്റെ ആദ്യഭാഗങ്ങൾ

Follow us on | Facebook | Instagram Telegram | Twitter