സ്ത്രീ അവകാശങ്ങളും സോവിയറ്റ് യൂണിയനും

സോവിയറ്റ് യൂണിയൻ സ്ഥാപിതമായ 100ാം വർഷത്തിൽ The International മാഗസിനിൽ പ്രസിദ്ധീകരിച്ച “Glory of Soviet Union” എന്ന ലേഖനം…
പരിഭാഷ:

നിഹാരിക പ്രദോഷ്

സമ്പൂർണ സാക്ഷരതയുള്ള ജനങ്ങളോട് കൂടിയ ആദ്യത്തെ രാഷ്ട്രമായിരുന്നു സോവിയറ്റ് യൂണിയൻ. പൊതു (Public), സാർവത്രിക (Universal), സൗജന്യ (Free), നിർബന്ധിത കൂട്ടായ്‌മ (Compulsory Collectivism) എന്നിവ സോവിയറ്റ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറയായിരുന്നു. പതിറ്റാണ്ടുകൾ കൊണ്ട് മികച്ച വിദ്യാഭ്യാസം നേടിയ സോവിയറ്റ് യൂണിയന്റെ സാക്ഷരതാ നിരക്ക് 1980കളിൽ തന്നെ 99.7% ആയിരുന്നു. അധ്വാനിക്കുന്ന ആളുകൾക്ക് ക്ലാസുകളിൽ പങ്കെടുക്കാനുള്ള സാധ്യതകൾ തുറന്നുകൊണ്ട് സായാഹ്ന സർവ്വകലാശാല സ്ഥാപിച്ച ആദ്യത്തെ രാജ്യമാണ് സോവിയറ്റ് യൂണിയൻ. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ പുസ്തകങ്ങൾ വിറ്റഴിഞ്ഞ രാജ്യമായി സോവിയറ്റ് യൂണിയൻ അന്ന് മാറിയത് ഒരു യാദൃശ്ചികതയല്ല.

സാർവത്രികവും സൗജന്യവുമായ പൊതുജനാരോഗ്യ സംവിധാനം നടപ്പിലാക്കുന്നതോടൊപ്പം, അവിടുത്തെ സോഷ്യലിസ്റ്റ് സംവിധാനം ലോകത്തിലെ ഏറ്റവും വലിയ ആയുർദൈർഘ്യ നിരക്കുകൾ സോവിയറ്റ് യൂണിയനിലാണെന്ന് ഉറപ്പാക്കി. സ്ത്രീകൾക്ക് സൗജന്യ സുഖപ്രസവത്തിനും അവകാശം നൽകിയ ആദ്യത്തെ രാഷ്ട്രമാണ് സോവിയറ്റ് യൂണിയൻ. ചരിത്രത്തിലാദ്യമായി, സോവിയറ്റ് യൂണിയനിൽ സ്ത്രീകൾക്ക് പുരുഷന്മാർക്ക് തതുല്യമായ അവകാശങ്ങൾ: തുല്യമായ വേതനം (Wage Fairness), സ്കൂളിലേക്കും ജോലിയിലേക്കും പ്രവേശനം, രാഷ്ട്രീയ പങ്കാളിത്തം എന്നിവ ഉൾപ്പടെ ലഭിച്ചു. ഈ അവകാശങ്ങൾ ഇപ്പോഴും മുതലാളിത്ത രാഷ്ട്രങ്ങളിൽ ലഭ്യമല്ല.

ഒക്‌ടോബർ വിപ്ലവത്തിന്റെ വിജയത്തിന് തൊട്ടുപിന്നാലെ, വിപ്ലവത്തെ പിന്തുണച്ച് ജീവൻ ബലിയർപ്പിച്ച തൊഴിലാളികൾക്കും വിരമിച്ചവർക്കും പരിക്കേറ്റവർക്കും പെൻഷൻ നൽകുന്നതിനായി സോവിയറ്റ് സർക്കാർ 100-ലധികം നിയമങ്ങളും ഉത്തരവുകളും പാസാക്കി. ഇത് മറ്റൊരു സുപ്രധാന സംഭവവികാസമായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇംഗ്ലണ്ട്, ഫ്രാൻസ്, നാസി ജർമ്മനി തുടങ്ങിയ ശക്തമായ സാമ്രാജ്യത്വ സൈന്യങ്ങളെ തോൽപ്പിക്കാൻ കെൽപ്പുള്ള ജനകീയ സൈന്യം സോവിയറ്റ് യൂണിയന് അടിത്തറയിൽ നിന്ന് കെട്ടിപ്പടുക്കാൻ കഴിഞ്ഞു. സോവിയറ്റ് യൂണിയന് ഒരു സുപ്രധാന ശാസ്ത്ര-വ്യാവസായിക ശക്തിയായും വികസിക്കാൻ കഴിഞ്ഞു. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ വ്യക്തിയും അവിടെയുള്ള ബഹിരാകാശ വ്യവസായത്തിന്റെ തുടക്കക്കാരനായി മുന്നോട്ടുവന്ന ഒരാളായിരുന്നു പ്രശസ്തനായ യൂറി ഗഗാറിൻ.

കമ്മ്യൂണിസത്തിന് കീഴിൽ, സോവിയറ്റ് യൂണിയനിലെ സ്ത്രീകളുടെ അവകാശങ്ങൾ വലിയതോതിൽ മെച്ചപ്പെട്ടു. സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു. 1920-ൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ ആദ്യ രാഷ്ട്രമാണ് സോവിയറ്റ് യൂണിയൻ. സോവിയറ്റ് യൂണിയനിൽ വൈവാഹിക ബലാത്സംഗം 1922-ൽ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി ഡേ-കെയർ സൗകര്യങ്ങളുടെ ഒരു ശൃംഖല സൃഷ്ടിക്കുകയും ഉദാരമായ പ്രസവാവധി (Maternity Leave) നിയമപരമായി നിർബന്ധമാക്കുകയും ചെയ്തു. രാഷ്ട്രത്തിന്റെ ആദ്യ ഭരണഘടന സ്ത്രീകൾക്ക് തുല്യാവകാശമുണ്ടെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

Follow us on | Facebook | Instagram Telegram | Twitter