ധാരവി മോഡല്‍ പ്രതിരോധം ജനസാന്ദ്രതയുള്ള മേഖലകളില്‍ എങ്ങനെ സാധ്യമാക്കാം

കോവിഡ്-19നെ നേരിടാന്‍ ജനസാന്ദ്രതയുള്ള മേഖലകളില്‍ പ്രായോഗികമായ ചെയ്യേണ്ട നടപടികള്‍ എന്തെന്ന് പരിശോധിക്കുന്നു…
തയ്യാറാക്കിയത്_ ജ്യോതിബസു, ജോൺസൺ ജെമന്‍റ്, വിപിൻ‌ദാസ് തോട്ടത്തിൽ,
കോസ്റ്റൽ സ്റ്റുഡന്‍റ്സ് കൾച്ചറൽ ഫോറം

കോവിഡ് നേരിടാൻ പൊലീസ് കമാൻഡോകളെ ഇറക്കിയതിനെ ന്യായീകരിക്കുന്നവരും ജനസാന്ദ്രതയുള്ള തീരദേശമേഖലയിൽ എങ്ങനെ ഫലപ്രദമായ കോവിഡ് പ്രതിരോധം തീർക്കാനാകും എന്ന് തലപുകയ്ക്കുന്നവരും മനസ്സിലാക്കാനായി ചില വസ്തുതകൾ ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മഹാരാഷ്ട്രയിലെ ധാരാവിയെ ചൂണ്ടിക്കാണിച്ചു പറയാൻ ആഗ്രഹിക്കുന്നു.

ധാരാവിയിൽ 100 സ്ക്വയർ ഫീറ്റിൽ താമസിക്കുന്നത് ശരാശരി 10 പേരാണ്. തിരുവനന്തപുരം തീരപ്രദേശത്തെ ഏറ്റവും കൂടിയ ജനസാന്ദ്രത വച്ച് നോക്കിയാൽ ജില്ലയിലെ തീരദേശമേഖലയിൽ 400 square feet-ലാണ് 10 പേർ താമസിക്കുന്നത്. ധാരാവിയിൽ 2.4 സ്ക്വയർ കിലോമീറ്ററിൽ 8 ലക്ഷത്തിൽ കൂടുതൽ ആളുകളാണ് താമസിക്കുന്നതെങ്കിൽ തിരുവനന്തപുരം തീരദേശത്ത് അതേ വിസ്തൃതിയിൽ ഏറ്റവും കൂടിയ ജനസാന്ദ്രത 2 ലക്ഷത്തിൽ താഴെ മാത്രമാണ്. ധാരാവിയിൽ കോവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞു എന്ന വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്.

അവിടെ ഏപ്രിൽ മാസത്തിൽ 491 കേസുകളും മേയിൽ അത് കുത്തനെ കൂടി 1216 കേസുകളും ആവുകയുണ്ടായി. എന്നാൽ അവർ ഫലപ്രദമായി മാനേജ് ചെയ്തതിനുശേഷം ജൂണിൽ ധാരാവിയിലെ 274 കേസുകളായി കുറയുകയാണുണ്ടായത് എന്നാണ് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പുറത്തുവിടുന്ന കണക്കുകളിൽ പറയുന്നത്‌.

ചേരികൾതോറും പെട്ടെന്ന് പടർന്നുപിടിച്ച കോവിഡിനെ പ്രതിരോധിക്കുന്നതിനു മുൻപ് ധാരാവിയിൽ അവർ തിരിച്ചറിഞ്ഞ പ്രധാനപ്പെട്ട കാര്യം Social distancing ഉം lockdown ഉം അവിടെ work ചെയ്യില്ല എന്നതാണ്. ഇനി എന്താണ് അവിടെ നടന്നതെന്നും കോവിഡിനെ പ്രതിരോധിക്കുന്നതിനായി എന്താണ് അവിടെ ലോക്കൽ അതോറിറ്റി ചെയ്തതെന്നും താഴെ വിശദീകരിക്കാം. ജനസാന്ദ്രതയുള്ള ഇടങ്ങളിൽ കമ്മാൻഡോകളെയല്ല ഇറക്കേണ്ടതെന്നും പ്രായോഗികമായ മറ്റു കാര്യങ്ങളെന്തൊക്കെയാണെന്ന് പരിശോധിക്കുകയാണ് വേണ്ടതെന്നും അടിവരയിട്ടു പറയുകയാണിതിലൂടെ ഞങ്ങൾ ചെയ്യുന്നത്.

ധാരാവിയിൽ അവർ ചെയ്തത് അവിടുത്തെ സമൂഹത്തിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും, പ്രാദേശികമായി അവിടെയുള്ള പല സംവിധാനങ്ങളുമായി ചേർന്ന് അവിടുത്തെ സമൂഹത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കുകയുമാണ് ആദ്യം ചെയ്തത്. അവർ ചെയ്ത ചില കാര്യങ്ങൾ ;

1) ആൾക്കാരിൽ ആത്മവിശ്വാസം ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾ നടത്തി.

2) സാമൂഹ്യ പ്രവർത്തകൻ, സന്നദ്ധ സംഘടനകൾ, കമ്മ്യൂണിറ്റി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കി

3) ക്വാറന്റൈൻ ചെയ്യുവാനുള്ള സൗകര്യങ്ങൾ റെഡി ആക്കി.

4) ഏറ്റവും പെട്ടെന്ന് തന്നെ സ്ക്രീനിങ് (വീടുകൾ തോറും പോയി ), ഐസൊലേഷൻ, ടെസ്റ്റിംഗ് തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ചെയ്യുവാൻ തുടങ്ങി.

4) തെറ്റായ വിവരങ്ങൾ പുറത്തു വിടുന്നത് തടയുവാനുള്ള ശ്രമങ്ങൾ തുടങ്ങി, ഇത് മൂലം ആൾക്കാർക്കിടയിൽ തെറ്റിദ്ധാരണ കുറയ്ക്കാനും ആത്മവിശ്വാസം വർധിക്കാനും ഇടയായി.

5) അവരുടെ പ്രയാസങ്ങൾ കുറയ്ക്കാനായി പോലീസ്, സന്നദ്ധപ്രവർത്തകർ, സന്നദ്ധസംഘടനകൾ തുടങ്ങിയവയെ ഏകോപിപ്പിച്ചുകൊണ്ട് അവർക്കു വേണ്ട ഭക്ഷണം, മരുന്നുകൾ പലവ്യഞ്ജന സാധങ്ങൾ ഉൾപ്പെടെയുള്ളവ നൽകാൻ തുടങ്ങി.

6) അവിടുത്തെ പ്രൈവറ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ റെഗുലർ ഹെൽത്ത് ചെക്ക് അപ്പ് നടത്താനും അതിനുവേണ്ടുന്ന മരുന്നുകൾ കുറിച്ച് കൊടുക്കാനും തുടങ്ങി.

7) കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കുവാനുള്ള മരുന്നുകളും കൊടുത്തു തുടങ്ങി.

8) ആൾക്കാരെ കൂടുതൽ ബോധവാന്മാരാക്കാൻ ലോക്കൽ വോളന്റീർസ് ഉൾപ്പെടെയുള്ള ആൾക്കാരുടെ സഹായത്തോടെ അനൗൺസ്‌മെന്റ് നടത്താൻ തുടങ്ങി.

9) ഫീവർ ക്യാമ്പുകൾ സംഘടിപ്പിച്ചു (പ്രധാനമായും പനി, ചുമ മറ്റു ശ്വാസകോശ രോഗങ്ങൾ ഉള്ളവരെ കണ്ടെത്താനായിരുന്നു ഇത് )

10) ആൾക്കാരുടെ ബോഡി temperature, ശരീരത്തിലെ ഓക്സിജന്റെ അളവ് തുടങ്ങിയ പരിശോധിക്കുവാൻ വേണ്ട സൗകര്യങ്ങൾ അവിടെ തന്നെ ഒരുക്കി.

ഇതിൽ ഏറ്റവും പ്രധാനമായും അവർ ചെയ്തത്, വീടുകൾ തോറും ചെന്ന് പറ്റുന്നത്ര ആൾക്കാരെ ഏരിയ തിരിച്ചു പരിശോധനയ്ക്കു വിധേയരാക്കുകയും, തെറ്റായ വിവരങ്ങൾ തടഞ്ഞു കൊണ്ട് ആളുകളിൽ സമ്മർദ്ദം വർധിക്കുന്നത് കുറയ്ക്കുകയും ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്തു എന്നതാണ്. അതോടൊപ്പംതന്നെ സമീപത്തെ സ്കൂളുകൾ സ്പോർട്സ് കോംപ്ലക്സ് തുടങ്ങിയവയെ ക്വാറന്‍റൈന്‍, ഐസൊലേഷൻ സെന്‍ററുകളാക്കി മാറ്റുകയുണ്ടായി. അതുകൊണ്ടുതന്നെ രോഗലക്ഷണമുള്ളവർ സ്വയമേ പരിശോധനക്കായി മുന്നോട്ടു വന്ന കാഴ്ച അവിടെയുണ്ടായി.

ഇനി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ആളുകൾ തിങ്ങിഞ്ഞെരുങ്ങി താമസിക്കുന്ന ധാരാവിയിൽ സ്വീകരിച്ച നടപടികളുടെയും പ്രവർത്തനങ്ങളുടെയും വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, ഇപ്പോൾ തീരദേശ മേഖലയിൽ പ്രായോഗികമായി നടപ്പിലാക്കാൻ പറ്റുന്ന ചില കാര്യങ്ങൾ താഴെ പറയുന്നു ;

1. ക്വാറന്റൈൻ സെന്ററുകളും അതിനോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന കെയർ & മോണിറ്ററിങ് സെന്ററുകളും ആരംഭിക്കുക.

2. ടെസ്റ്റിന്റെ എണ്ണം വർധിപ്പിച്ചുകൊണ്ട് അതിലൂടെ Contact tracing, tracking, isolation and treatment എന്നിവ കൃത്യമായി പിന്തുടർരുക.

3. പോലീസ്, പഞ്ചായത്ത്, മതസ്ഥാപങ്ങൾ, സംഘടനകൾ, കമ്മ്യൂണിറ്റി ലീഡേഴ്‌സ്, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

4. മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട തെറ്റായ വിവരങ്ങൾ മാനേജ് ചെയ്യുന്നതിനും ശരിയായ വിവരങ്ങൾ നല്കുന്നതിനുമുള്ള സംവിധാനങ്ങൾ ഒരുക്കുക.

5. ആരോഗ്യ പരിശോധന ക്യാമ്പുകൾ (പ്രധാനമായും പനി, ചുമ, ശ്വാസം മുട്ട് തുടങ്ങിയവ കണ്ടെത്താനുള്ള ക്യാമ്പുകൾ), പ്രത്യേകിച്ച് fever ward കൾ രൂപപ്പെടുത്തി നടപ്പിലാക്കുക.

6. സന്നദ്ധസേവനം ചെയ്യാൻ താല്പര്യമുള്ള പ്രൈവറ്റ് ഡോക്ടർമാർ നഴ്‌സുമാർ തുടങ്ങിയവരുടെ ലിസ്റ്റ് തയ്യാറാക്കി അവരുടെ സേവനം ഉറപ്പു വരുത്തുക.

7. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാനുള്ള മരുന്നുകൾ ലഭ്യമാക്കുക.

8. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലോക്കൽ ഏരിയ ബേസ്ഡ് മെഡിക്കൽ ടീം സർവീസ് ഉറപ്പാക്കുക.

9. മാസ്ക്, ഗ്ലോവ്സ്, sanitizer, എന്നിവ ഉപയോഗിക്കുന്നതും കൈ കഴുകുന്നത് ശീലമാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകുവാനും അത് ഉറപ്പുവരുത്തുവാനുമുള്ള സംവിധാനങ്ങൾ ആളുകളുടെ സഹകരണത്തോടെ സജ്ജമാക്കുക.

10. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ, അതുപോലെ സമീപത്തെ പ്രൈവറ്റ് ക്ലിനിക്കുകൾ തുടങ്ങിയവ ഏകോപിപ്പിക്കുവാനും അവയുടെ സേവനങ്ങൾ ലഭ്യമാക്കാനുമുള്ള നടപടികൾ സ്വീകരിക്കുക.

11. 24 മണിക്കൂറും പ്രവർത്തന സജ്ജമായ മൊബൈൽ വാൻ അല്ലെങ്കിൽ ആംബുലൻസ് തുടങ്ങിയവയുടെ സേവനം ഉറപ്പാക്കുക.

12. ആശാ വർക്കേഴ്സ്, ഹെൽത്ത് വർക്കേഴ്സ്, മെഡിക്കൽ ടീം, വോളന്റീർസ് തുടങ്ങിയവരുടെ ഒരു ടീം രൂപപ്പെടുത്തുകയും അവരുടെ സേവനം കമ്മ്യൂണിറ്റിക്കു ലഭ്യമാക്കുകയും ചെയ്യുക.

13. മുതിർന്ന പൗരന്മാർ, ശ്വാസകോശ സംബന്ധിയായ അസുഖമുള്ളവർ, ഹൃദ്രോഗികൾ, മറ്റു വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയവരുടെ വിവര ശേഖരണവും, അവർക്കു പ്രത്യേക സംരക്ഷണം, മെഡിക്കൽ സഹായം എന്നിവ ലഭിക്കുവാനുള്ള ഒരുക്കങ്ങൾ ചെയ്തു കൊടുക്കുക( Isolation ward കൾ ഉണ്ടാക്കി).

14. വൃത്തിയുള്ള ശുചിമുറികൾ (കമ്മ്യൂണിറ്റി ടോയ്ലറ്റുകൾ ) ശുചിത്വപ്രവർത്തകരെ ഉപയോഗിച്ച് ഉറപ്പുവരുത്തുക.

15. PPE കിറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള, വീടുകൾ തോറും പോയി മെഡിക്കൽ ടീമിന്റെ കോവിഡ് സ്ക്രീനിംഗ് പരിശോധന നടത്തുക.

16. സ്ക്രീനിംഗ് നടത്തുന്നതിനായി ഡോക്ടർസ്, നഴ്‌സുമാർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കി (ഈ ടീം ഇൻഫ്രാറെഡ് തെർമോമീറ്റർ, പൾസ് ഓക്സിമീറ്റർ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും ആവശ്യമുള്ളവർക്ക് temperature, രക്തത്തിലെ ഓക്സിജന്റെ അളവ് തുടങ്ങിയവ ദിവസവും പരിശോധിക്കുവാനുള്ള സൗകര്യം ഉണ്ടാക്കുകയും ചെയ്തു കൊടുക്കുക.

17. വെള്ളത്തിന്റെ ലഭ്യത, മാസ്ക്, ഗ്ലൗസ്, അവശ്യ മരുന്നുകൾ എന്നിവ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വിതരണം ചെയ്യുക.

18. ഭക്ഷണം, പലചരക്കു സാധനങ്ങൾ, മറ്റു അവശ്യ വസ്തുക്കൾ സർക്കാർ വഴിയോ മറ്റു സന്നദ്ധ സംവിധാനങ്ങൾ വഴിയോ കുടുംബങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള സൗകര്യം ലഭ്യമാക്കുക.

19. തെറ്റായ വിവരങ്ങൾ തടയുവാനും, ആളുകളിൽ സമ്മർദ്ദം വർധിക്കുന്നത് കുറയ്ക്കുവാനും ആളുകളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പരിസരവാസികളായ സന്നദ്ധ പ്രവർത്തകരുൾപ്പെടെയുള്ള ആളുകളുടെ സേവനം ഉറപ്പുവരുത്തി മുന്നോട്ട് പോകുക.

20. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ സഹായിക്കുവാനായി പല ഗ്രൂപ്പുകൾ അടങ്ങുന്ന വോളന്‍റീര്‍ ടീം സജ്ജമാക്കുക.

ഇപ്പോൾ നടക്കുന്നതെന്താണെന്ന് കൂടി ചേർത്തു വായിക്കുക,
തിരുവനന്തപുരം തീരദേശത്തുനിന്ന് ആന്‍റിജന്‍ ടെസ്റ്റ് നടത്തി കൊണ്ടുപോയ ആളുകളെ പാർപ്പിക്കുന്നത് ഒറ്റ ഹാളിലാണ്. അവിടെ ഒന്നോ രണ്ടോ ടോയ്‌ലറ്റ് ഫെസിലിറ്റിയാണുള്ളത്. വളരെ ഗുരുതരമായ അനാസ്ഥയാണ് ഇവരോട് കാണിക്കുന്നത്. പലർക്കും മരുന്നുകൊടുക്കുന്നില്ലെന്നും അവരെ ശ്രദ്ധിക്കുന്നില്ലെന്നും ആരും നോക്കാനില്ലെന്നുമൊക്കെയുള്ള പരാതികൾ പലയിടത്തുനിന്നും ഉണ്ടാകുന്നുണ്ട്.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail