പായിപ്പാട് പ്രതിഷേധം യാഥാര്‍ത്ഥ്യം ഇതാണ്, ഭരണകൂടം പ്രചരിപ്പിക്കുന്നത് നുണകള്‍ !

വിശന്നു പൊരിഞ്ഞ പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി സംഘടിച്ചതിന് പിന്നിൽ സംഘ് പരിവാറോ മാവോയിസ്റ്റുകളോ എന്ന് സിപിഎമ്മുകാർ സംശയം പ്രകടിപ്പിക്കുമ്പോൾ വിശ്വഹിന്ദു പരിഷത് നേതാവ് പ്രതീഷ് വിശ്വനാഥനും ഇത് സങ്കീർണമായ വിഷയമാണെന്നും ബംഗ്ലാദേശികളായ അവർ സംഘടിച്ചതിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാകാനാണ് സാധ്യതയെന്നും പറഞ്ഞു ഗൂഡാലോചന സിദ്ധാന്തം കൊഴുപ്പിക്കുകയാണ്. പക്ഷെ വിശപ്പിന്റെ വിളിയാണ് ഏറ്റവും വലിയ വിളിയെന്ന് അംഗീകരിക്കുന്നവരുടെ അറിവിലേക്കായി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം അംഗവും തിരുവല്ല സ്വദേശിയുമായ ബാബു ജോസഫ് പ്രതിഷേധം നടന്ന പായിപ്പാട് സന്ദര്‍ശിച്ചു നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നു.

പായിപ്പാട് പ്രതിഷേധം; ജില്ലാഭരണകൂടവും പഞ്ചായത്തും കുറ്റക്കാർ

ഇതര സംസ്‌ഥാന തൊഴിലാളികൾ ഇന്ന് പായിപ്പാട് നടത്തിയ പ്രതിഷേധത്തിൽ ആരാണു കുറ്റക്കാർ?
ഏതു സാഹചര്യത്തിലാണ് അവർക്ക് അങ്ങനെയൊരു സമരം ചെയ്യേണ്ടിവന്നത് ? കാര്യങ്ങൾ കൃത്യമായി അന്വേഷിച്ചപ്പോൾ മനസിലായത്, ലോക്ഡൌൺ തുടങ്ങുന്ന അന്നുതന്നെ പായിപ്പാട് താമസിക്കുന്ന ഇതര സംസ്‌ഥാന തൊഴിലാളികളുടെ വിഷയങ്ങളിൽ നിന്നും ജില്ലാ ഭരണകൂടവും, പഞ്ചായത്തും കയ്യൊഴിയുകയാണ് ചെയ്തത്. അവർക്ക് ഭക്ഷണവും കുടിവെള്ളവും നൽകാൻ സാധ്യമല്ലെന്നും അത് അതാതു വീട്ടുടമകൾ ചെയ്തുകൊടുക്കണം എന്ന നിലപാടാണ് ജില്ലാ ഭരണകൂടവും പഞ്ചായത്തും തീരുമാനിച്ചത്. അതിന്റെ അടിസ്‌ഥാനത്തിൽ തഹസിൽദാർ വീട്ടുടമകളെ വിളിച്ചുകൂട്ടി ഓരോരുത്തരുടെയും വീടുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണം വീട്ടുടമ തന്നെ നൽകണം എന്ന് നിർദ്ദേശിക്കുകയും ചെറിയ എതിർപ്പുകളോടെ അവരത് സമ്മതിക്കുകയും ചെയ്തതായാണ് അറിവ്. ഇപ്പറഞ്ഞത് നൂറു ശതമാനം ശരിയാണെന്നു ആ നാട്ടുകാർക്കു ഈ തൊഴിലാളികൾക്കും അറിവുള്ളതാണ്. വീട്ടുടമകൾ ഏറ്റെടുത്ത കാര്യങ്ങൾ ശരിയായ രീതിയിൽ കിട്ടാതെ വരികയും, ആയിരകണക്കിന് തൊഴിലാളികൾക്കു ഭക്ഷണം നൽകുകയെന്നത് പൂർണ്ണമായ രീതിയിൽ ചെയ്യാൻ അവർക്ക് കഴിയാതെ വരികയും, ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം.

തീർച്ചയായും ഈ വിഷയത്തിനുപിന്നിൽ കുടിവെള്ളവും ഭക്ഷണവും തന്നെയാണ്. അവരിൽ നിന്നും സംസാരിച്ചതിൽ നിന്നും മനസിലാകുന്നത് നാട്ടിലേക്കു പോകാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ലെന്ന് അവര്‍ക്ക് അറിയാം എന്ന് തന്നെയാണ്. ഭക്ഷണവും കുടിവെള്ളവും ഇല്ലങ്കിൽ— ഞങ്ങളെ നാട്ടിൽ വിടു………. എന്നാണവർ പറയുന്നത്. ഇവിടെ മാധ്യമങ്ങളും മറ്റുചിലരും പ്രചരിപ്പിക്കുന്നതുപോലെ നാട്ടിൽ പോകാനാണ് അവർ പ്രശ്നം ഉണ്ടാക്കിയത് എന്നുപറയുന്നത് കളവാണ്. ഭക്ഷണം തന്നെയാണ് പ്രശ്നം, വിശപ്പുതന്നെയാണ് പ്രശ്നം. അതുകൊണ്ട് തന്നെയാണ് ഭക്ഷണം സ്വയം പാകം ചെയ്‌തു കഴിക്കാനുള്ള സാഹചര്യം ലഭ്യമാക്കാം എന്ന് ഉറപ്പു നൽകിയപ്പോൾ സമരം അവസാനിച്ചതും. ഭരണകൂടം കൃത്യമായി കുടിവെള്ളവും ഭക്ഷണവും ഇവർക്ക് നല്കാമെന്നു ഉറപ്പുനൽകുകയും അവർക്ക് അത് എത്തിച്ചു നൽകുകയും ചെയ്തിരുന്നെങ്കിൽ ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമായിരുന്നില്ല. ആ പാവപ്പെട്ട തൊഴിലാളികൾക്കു പോലീസ് മർദ്ദനം ഏൽക്കേണ്ടിവരില്ലായിരുന്നു.

ജില്ലാ കളക്ടർ, മന്ത്രി പി തിലോത്തമൻ, സി എഫ് തോമസ് എം.എല്‍.എ എന്നിവർ പറയുന്നത് ശുദ്ധനുണയാണ്. ഈ തൊഴിലാളികൾക്ക് താമസ സൗകര്യം, ഭക്ഷണം ഇവയൊക്കെ നേരത്തെ ഏർപ്പാടാക്കിയിരുന്നു എന്നാണവർ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ ആ നാട്ടിലെ ജനങ്ങൾക്കറിയാം. ഇപ്പോൾ ഈ തൊഴിലാളികൾ പ്രതിഷേധവുമായി വന്നപ്പോൾ മാത്രമാണ് ഈ ഉറപ്പുകൾ പുറപ്പെടുവിക്കുന്നത്.

രോഗവ്യാപന ഭീഷണിയിൽ ലോക്ഡൌൺ ആയി എല്ലാവരും വീട്ടിലിരിക്കുന്ന ഈ സമയത്ത് ആയിരക്കണക്കിന് മനുഷ്യർ അവിടെ ഒത്തുകൂടി പ്രതിഷേധിക്കാൻ അവസരമുണ്ടാക്കികൊടുത്തവർ ഭരണകൂടവും ബദ്ധപ്പെട്ട ഉദ്യോഗസ്ഥ സംവിധാനങ്ങളുമാണ്. അതി ഗുരുതരമായ രോഗഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, അവരിലാർക്കെങ്കിലും രോഗമുള്ളവരുണ്ടങ്കിൽ അത് ഭീകരമായി വ്യാപിക്കാനും, പത്തനംതിട്ട, കോട്ടയം ജില്ലകളിലേ ജനങ്ങളെ അത് ഗുരുതരമായി ബാധിക്കുകയും ചെയ്യും.

പിന്നെ ഈ തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ അങ്ങേയറ്റം പരിതാപകരമായ അവസ്‌ഥയിൽ ഉള്ളതാണ്. ഒരു മുറിയിൽ 8, 10, ആൾക്കാരാണ് താമസിക്കുന്നത്, ഏതാണ്ട് നൂറ്റമ്പതോളം പേർക്കു രണ്ടു കക്കൂസുകൾ വച്ചാണുള്ളത്. പൊട്ടിയൊലിക്കുന്ന സെപ്റ്റി ടാങ്കുകൾ, ക്ലോസറ്റുകൾ, ദുർഗന്ധവും മാലിന്യ പ്രശ്നവും രൂക്ഷമാണ്, ബന്ധപ്പെട്ട അധികാരികൾ അവിടെ എത്തി പരിശോധന നടത്തി ഈ തൊഴിലാളികൾക്കു വേണ്ട ഒരു സുരക്ഷയും ഒരുക്കുന്നില്ല. ആരോഗ്യ വകുപ്പിന്റെ കുറ്റകരമായ അനാസ്‌ഥ ഇവിടെ പ്രകടമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും, മുഴുവൻ ഭരണവർഗ രാഷ്രീയ നേതാക്കൾക്കും കൃത്യമായി മാസപ്പടി കൊടുത്താണ് പായിപ്പാട് പഞ്ചായത്തിൽ ഇത്‌ നടക്കുന്നത്. രോഗ വ്യാപനം ഇത്രത്തോള ഭീഷണമായ സ്ഥിതിയിൽ നിൽകുമ്പോൾ ഇനിയെങ്കിലും ആരോഗ്യവകുപ്പ് അടിയന്തിരമായി അവിടെ ഇടപെടേണ്ടതാണ്.

എല്ലാ വൈകുന്നേരങ്ങളിലും വാഗ്ദാനങ്ങളുടെ പെരുമഴ ഉണ്ടാകാറുണ്ട്. വാഗ്ദാനങ്ങളല്ല, അത് പ്രയോഗവത്കരിക്കാനുള്ള നടപടികളാണാവശ്യം. അല്ലെങ്കിൽ ഇത്തരം പായിപ്പാടുകൾ കേരളത്തിൽ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ട്.

Click Here