കൊറോണക്കാലത്തെ ഇന്ത്യയെ കശ്മീരുമായി താരതമ്യം ചെയ്യരുത് !

കൊറോണക്കാലത്തു ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയും കാലങ്ങളായി ബന്ദിയാക്കപ്പെട്ട കശ്മീരും വ്യത്യസ്തമാണ്. രണ്ടും ഒരുപോലെ താരതമ്യം ചെയ്യരുത്. പകര്‍ച്ചവ്യാധിയുള്ളപ്പോള്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് കൊണ്ടുവരുന്ന നിയന്ത്രണങ്ങളും കഴിഞ്ഞ എഴുപതു വര്‍ഷമായി സൈനിക നിയന്ത്രണങ്ങള്‍ നേരിടുന്ന കശ്മീരും, രണ്ടും രണ്ടാണ്. ഇന്ത്യയിലെ മര്‍ദ്ദിത വിഭാഗങ്ങള്‍ നേരിടുന്ന അടിച്ചമര്‍ത്തലും ഒരു കശ്മീരിയുടെതിനെക്കാള്‍ അന്തരമുണ്ട്. മറ്റൊന്നു, ഒരു കശ്മീരിക്ക് പ്രിവിലേജ് ഉള്ള ഇന്ത്യക്കാരെ പോലെ ലോക്ഡൗൺ കാലം വീട്ടിലിരുന്ന് പുസ്തകം വായിച്ചും സിനിമകണ്ടും ‘ആന്ദകരമാക്കാൻ’ കഴിയില്ല. കശ്മീരികളുടെ മക്കളും സഹോദരങ്ങളും ജയിലിലാണ്. അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന അവരുടെ നേതാക്കളും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഡോക്ടര്‍മാരും തടങ്കലിലാണ്. അവരുടെ വീട്ടില്‍ നിന്നും പൊലീസും സൈന്യവും പിടിച്ചു കൊണ്ടുപോയ യുവാക്കള്‍ ജീവനോടെയോ മരിച്ചോ തിരിച്ചെത്തിയട്ടില്ല.

കൊറോണ ബാധിതര്‍ക്കു ലഭിക്കേണ്ട ശുശ്രൂഷയും പരിഗണനയും കശ്മീരിക്ക് ഉറപ്പുവരുത്തുമോ ? അവഗണിക്കപ്പെട്ടാല്‍ അതാണ് ഏറ്റവും ഗുരുതരമായ കാര്യം. വൈറസ് ബാധിതരുടെ എണ്ണമോ മരണമോ പോലും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് കരുതാനാവില്ല. ദുരന്തത്തെ നിവര്‍ന്നു നിന്നു നേരിടാനുള്ള അവരുടെ ഉറവിടമെല്ലാം ഭരണകൂടം തകര്‍ത്തിരിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് 370 റദ്ദ് ചെയ്തതോടെ അവരുടെ കൃഷി, വ്യവസായം, കച്ചവടം എല്ലാം തകര്‍ന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഓരോ കശ്മീരിയും. അത്രയും മാനസികമായ പിരിമുറുക്കത്തിലും.

കൊറോണ അടങ്ങുകയാണെങ്കില്‍ ഇരുപത്തൊന്ന് ദിവസം കഴിഞ്ഞാൽ ഇന്ത്യക്കാര്‍ക്ക് പഴയപ്പോലെ ഇഷ്ടമുള്ളിടത്തേക്ക് സഞ്ചരിക്കാം. കോവിഡ്-19 പടരും മുന്‍പെ തന്നെ കശ്മീരികള്‍ നേരിടുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14നു ശേഷവും തുടരും. കശ്മീരിയുടെ അത്രയും തടവിലാകുന്ന ഭീകരവാസ്ഥ എന്തെന്ന് ഇന്ത്യക്കാര്‍ക്ക് അറിയില്ല. കശ്മീരിലെ ലോക്ഡൗണിനെ യഥാര്‍ത്ഥ്യത്തില്‍ പറയുക ആ ജനതക്കുമേലുള്ള പൂര്‍ണ്ണ അധിനിവേശമെന്നാണ്.
_ ഹാറൂണ്‍ കാവനൂര്‍

Click Here