മോദി സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നു, പ്രവാസികളെ ഇനി ആര് സഹായിക്കും?

ലേബര്‍ ക്യാമ്പുകളില്‍ ദുരിതപൂര്‍ണ്ണമായ സാഹചര്യത്തില്‍ കഴിയുന്ന തൊഴിലാളികള്‍, പലതരം രോഗങ്ങള്‍ നേരിടുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ ഇങ്ങിനെ മുന്‍ഗണനാ പ്രകാരം അടിയന്തിരമായി പിന്തുണ വേണ്ട പ്രവാസികളെ തിരിച്ചുവരാന്‍ സഹായിക്കുന്ന നടപടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഏതാണ്ട് പൂര്‍ണ്ണമായും ഒഴിഞ്ഞുമാറി കഴിഞ്ഞു. (കിടന്നിടത്തു കിടന്ന് സ്വയം അനുഭവിച്ചു തീര്‍ക്കുക (തീരുക) എന്ന മോഡി നയവും വ്യക്തമായി കഴിഞ്ഞു.)

ഇക്കാര്യത്തില്‍ ഇനി എന്തെങ്കിലും സഹായം പ്രതീക്ഷിക്കാന്‍ കഴിയുന്നത് പ്രവാസികളുടെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയന്ന സംസ്ഥാന സര്‍ക്കാരുകളുടെ പക്ഷത്തു നിന്നും മാത്രമാണ്. ഒരുപാട് പ്രവാസികള്‍ അത് പ്രതീക്ഷിക്കുന്നുണ്ട്.

അതുപോലെ തന്നെ രൂക്ഷമായി കൊണ്ടിരിക്കുന്ന വിഷയമാണ് ഫ്‌ളാറ്റുകളില്‍ താരതമേന്യേ സുരക്ഷിതരായി കഴിയുന്നവരുടെ അവസ്ഥ. അവരില്‍ കുടുംബമായി കഴിയുന്നവരുണ്ട്. ഷെയറിംഗില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സായവരുണ്ട്.

നല്ലൊരു ശതമാനത്തിനും ശമ്പളം ലഭിക്കുന്നില്ല. വലിയ കമ്പനികളടക്കം വേതനം വെട്ടികുറച്ചു. ചെറുകിട കച്ചവടങ്ങള്‍ – കാഫ്ടീരിയ, ബാര്‍ബര്‍ ഷാപ്പുകള്‍ മറ്റു ചെറുകിട സംരഭങ്ങള്‍ നടത്തി ഉപജീവനം നയിക്കുന്നവരുടെ എല്ലാ വരുമാനവും അടഞ്ഞു. ഇത് അവരുടെ കീഴില്‍ ജോലിചെയ്യുന്നവരെയും ദുരിതത്തിലേക്ക് തള്ളിയിരിക്കുന്നു. ഈ അവസ്ഥ അനുദിനം കൂടുതുല്‍ ആശങ്കയിലേക്ക് നീങ്ങുകയാണ്.

ഈ വിഭാഗം നേരിടുന്ന മറ്റൊരു ഭീക്ഷണിയാണ് വാടക. (ഒരുമാസം ഭക്ഷണത്തിന് ചിലവാക്കുന്നതിന്റെ മൂന്നും നാലും ഇരട്ടിയാണ് വാടകയായി കൊടുക്കുന്നത്) ഇത് ഭക്ഷണത്തോടൊപ്പം നിരവധി കുടുംബങ്ങളുടെ ആശങ്കയായി മാറികൊണ്ടിരിക്കുന്നു. ഒരുപക്ഷെ ഇവരെ സഹായിക്കാന്‍ – വാടകയ്ക്ക് എന്തെങ്കിലും ഇളവു കിട്ടിയാല്‍ വരുമാനം വഴിമുട്ടിയ ഇടത്തരം ജോലികള്‍ ചെയ്തു ജീവിക്കുന്നവര്‍ക്കും വളരെ ചെറിയ കച്ചവടം ചെയ്ത് ഇന്ന് വരുമാനം ഇല്ലാതെയായവര്‍ക്കും ചെറിയ ആശ്വാസമാകും. ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് നല്‍കിയവര്‍ക്ക് അത് കുറച്ചു മാസങ്ങള്‍ക്ക് ഒരു പകുതിയായെങ്കിലും കുറക്കുന്നത് ന്യായമായും ചെയ്യാന്‍ കഴിയുന്ന ഒന്നാണ്.

പക്ഷെ ഈ വിഷയത്തില്‍ ഗള്‍ഫ് അധികാരികളുടെ ഭാഗത്ത് നിന്നും ഒരു ഓര്‍ഡര്‍ ഉണ്ടാകണമെങ്കില്‍ അവരെ അത് ആരെങ്കിലും ബോധിപ്പിക്കേണ്ടതുണ്ട്. പക്ഷെ ആര് സഹായിക്കുമെന്ന് പ്രവാസികള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയും ? കൊറോണയെ നേരിടുന്നതില്‍ ഒരു മാതൃകയായി മാറിയ കേരള മുഖ്യമന്ത്രിക്ക് എന്തെങ്കിലും ചെയ്യാനാകുമോ. ലോക മലയാളി സംഘടന എന്തെങ്കിലും ചെയ്യുമോ ? കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്തെങ്കിലും ചെയ്യുമോ ?

ഇത് ലോക മലയാളി സംഘടനയുടെ വക്താക്കളടക്കമുള്ളവരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ എല്ലാവരും സഹായിക്കേണ്ടതും ശ്രമിക്കേണ്ടതുമുണ്ട്.
_ രാജീവ് ചടയമുറി

Click Here