ജയിലിൽ ഗുരുതരാവസ്ഥയിൽ! ഇബ്രാഹിമിനെ മോചിപ്പിക്കണം

“പ്രമേഹവും ഹൃദ്രോഗവുമുള്ള ഇബ്രാഹിമിന് കൊറോണ ബാധയെ അതിജീവിക്കാന്‍ കഴിഞ്ഞെന്നു വരില്ല, അദ്ദേഹത്തെ തടവിൽ നിന്നും മോചിപ്പിക്കണം…” മാവോയിസ്റ്റ് കേസിൽ യു.എ.പി.എ ചുമത്തി 6 വര്‍ഷമായി വിയ്യൂര്‍ ജയിലില്‍ വിചാരണ തടവുകാരനായി ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇബ്രാഹിമിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഭാര്യ ജമീല മുഖ്യമന്ത്രിക്ക് നൽകിയ കത്ത്:

1-05-2021
മേപ്പാടി
From,
Jameela.K,
W/O Ibrahim ,
Kadiya parambil House,
Mukkilpeedika,
Meppadi (Po),Wayanad,Pin 653777
Mob : 9526293465

To,
The Director General Of Prisons and Correctional Services
Prisons Head Quarters, Poojappura
Thiruvananthapuram,Pin : 695012

വിഷയം : തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞ 6 വര്‍ഷമായി തടവില്‍ കഴിഞ്ഞു വരുന്ന ഇബ്രാഹിം എന്ന വിചാരണ തടവുകാരന് കൊറോണ മഹാമാരിയുടെ സാഹചര്യത്തില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ മാനുഷിക പരിഗണന നൽകി ഇടക്കാല ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച്:

സര്‍,
കഴിഞ്ഞ 6 വര്‍ഷമായി എറണാകുളം എൻ.ഐ.എ കോടതി മുന്പാകെയുള്ള SC 3/2016 കേസിൽ 8 ആം പ്രതിയായി എന്റെ ഭര്‍ത്താവ് ഇബ്രാഹിം (ഇബ്രാഹിം @ ബാബു, 67 വയസ്സ്), വിയ്യൂര്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞു വരികയാണ്. ഇത്രയും വര്‍ഷങ്ങളായിട്ടും അദ്ദേഹത്തിന്റെ കേസില്‍ വിചാരണ ആരംഭിക്കുകയോ ജാമ്യം നല്‍കുകയോ ഉണ്ടായിട്ടില്ല. ഒരു കടുത്ത പ്രമേഹ രോഗിയായ അദ്ദേഹത്തിന് ഹൃദ്രോഗവുമുണ്ട്. മാത്രമല്ല തടവിലാക്കപ്പെടുന്നതിനു മുമ്പ് തന്നെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ചികിത്സാര്‍ത്ഥം അദ്ദേഹം ദിവസം തോറും 22 ഗുളികകള്‍ വീതം കഴിക്കുന്നുണ്ട്. എന്നിട്ടും പ്രമേഹത്തിന്റെ തോത് നിയന്ത്രണ വിധേയമായിട്ടില്ല. ഇതിനാല്‍ പല്ലുകള്‍ മിക്കവാറും കൊഴിഞ്ഞു പോകുകയും ബാക്കിയുള്ളവ കേടു വരികയും ചെയ്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ എല്ലാ പല്ലുകളും എടുത്തു കളഞ്ഞു. പകരം വെപ്പു പല്ലുകള്‍ വെയ്ക്കാന്‍ താമസം നേരിടുന്നതിനാല്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇതുമൂലം പല്ലുകള്‍ എടുത്ത് പത്തു ദിവസത്തിനകം തന്നെ തൂക്കം 7 കിലോ കുറഞ്ഞ് അവശ നിലയിലാണ്.

അദ്ദേഹത്തിന്റെ പേരില്‍ രണ്ടു കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നത്. മേൽപ്പറഞ്ഞ എൻ.ഐ.എ കേസ്സു കൂടാതെ കോഴിക്കോട് സെഷൻസ് കോടതി മുൻപാകെ ഉണ്ടായിരുന്ന SC 548/2016 എന്ന കേസിലും അദ്ദേഹം പ്രതിയായിരുന്നു.എന്നാൽ കോഴിക്കോട് സെഷൻസ് കോടതി 21.10.2021 ലെ ഉത്തരവ് പ്രകാരം എന്റെ ഭർത്താവ് ഉൾപ്പടെയുള്ള മുഴുവൻ പ്രതികളെയും ഡിസ്ചാർജ്ജ് ചെയ്തതിനാൽ നിലവിൽ എന്റെ ഭർത്താവിനെതിരെ മേൽപ്പറഞ്ഞ എൻ.ഐ.എ കേസ്സു മാത്രമേ നില നിൽക്കുന്നുള്ളൂ. ആ കേസില്‍ ജാമ്യം ലഭിക്കാത്തതിനാലാണ് ഇത്രയും നീണ്ട കാലം തടവില്‍ കഴിയുന്നത്.

കൊറോണയുടെ രണ്ടാം തരംഗം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുകയും ഇനി ഒരു മൂന്നാം തരംഗം കൂടി ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ ആശങ്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ കേസിന്റെ വിചാരണ തടസ്സപ്പെടാനും അദ്ദേഹത്തിന്റെ വിചാരണ ത്തടവ് നീണ്ടു പോകാനുമുള്ള എല്ലാ സാധ്യതയുമുണ്ട്. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജയിലില്‍ കഴിയുന്നത് അദ്ദേഹത്തിന്റെ ജീവനെക്കുറിച്ചു തന്നെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തികളില്‍ അദ്ദേഹം മുമ്പ് ഏര്‍പ്പെടുകയോ അദ്ദേഹത്തിനെതിരായി ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ മുഴുവന്‍ ആരോഗ്യ സംവിധാനങ്ങളും കൊറോണാ പ്രതിരോധത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ സ്ഥിരം ചികിത്സ ആവശ്യമുള്ള അദ്ദേഹം കാര്യക്ഷമമായ ചികിത്സ ലഭിക്കാത്തതിനാലും വാര്‍ധക്യ സഹജമായ അവശതകളാലും തടവറയില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്താകമാനം കൊറോണ വൈറസ് രോഗവും മരണവും വിതച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ജയിലുകളെ പോലെയുള്ള, ആളുകള്‍ തിങ്ങി നിറഞ്ഞ അടഞ്ഞ സ്ഥലങ്ങളില്‍ ഇത് അതിവേഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ തടവുകാരെ ജയിലില്‍ നിന്നും മോചിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

കൊറോണയുടെ ആദ്യ തരംഗത്തില്‍ ചെയ്തതു പോലെ ഈ തരംഗത്തിലും കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ തടവുകാര്‍ക്ക് പരോളും ഇടക്കാല ജാമ്യവുമനുവദിക്കുകയുണ്ടായി. എന്നാല്‍ യു.എ.പി.എ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള തടവുകാരെ ഈ ആനുകൂല്യത്തില്‍ നിന്നും ഒഴിവാക്കിയതിനാല്‍ അദ്ദേഹത്തിന് പുറത്തു വരാന്‍ സാധിച്ചില്ല. പ്രമേഹവും ഹൃദ്രോഗവുമുള്ള അദ്ദേഹത്തിന് ഒരു കൊറോണ ബാധയെ അതിജീവിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ആയതിനാല്‍ ആരോഗ്യ നിലയും പ്രായാധിക്യവും കണക്കിലെടുത്ത് യുഎപിഎ തടവുകാർക്ക് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇടക്കാല ജാമ്യം അനുവദിക്കേണ്ടെന്ന നയത്തിൽ ഇളവ് നൽകികൊണ്ടും, മാനുഷിക പരിഗണന നൽകിയും എന്റെ ഭര്‍ത്താവ് ഇബ്രാഹിമിനെ തടവില്‍ നിന്ന് മോചിപ്പിക്കാന്‍ വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.
എന്ന്,
ജമീല.കെ
-05-2021

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇബ്രാഹിമിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു…

ഇബ്രാഹിമിന്റെ മോചനം ആവശ്യപ്പെട്ട് സച്ചിദാനന്ദൻ, ബി ആർ പി ഭാസ്ക്കർ, സക്കറിയ, കല്പറ്റ നാരായണൻ, സുനിൽ പി ഇളയിടം, അൻവർ അലി, രാജീവ് രവി, മീനാ കന്ദസ്വാമി, സണ്ണി കപിക്കാട്, റഫീഖ് അഹമ്മദ്, ജെ ദേവിക, ടി ടി ശ്രീകുമാർ, കെ ടി റാംമോഹൻ, എം എം ഖാൻ ആർ അജയൻ, അബിക പി, ജെ രഘു, അഡ്വ ഷാനവാസ്‌, ശ്രീജ നെയ്യാറ്റിൻകര എന്നിവർ നൽകിയ കത്ത്;

To
Chief Minister of Kerala,
Pinarayi Vijayan,
3rd Floor, North Block,
Government Secretariat,
Thiruvananthapuram – 695001

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മുൻപാകെ

വിഷയം: ഇബ്രാംഹിം എന്ന തടവുകാരന് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ അനാരോഗ്യം കണക്കിലെടുത്ത് ജയിൽ മോചിതനാക്കുന്നത് സംബന്ധിച്ച് .

സർ,
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ ഇബ്രഹാമിന്റെ ആരോഗ്യസ്ഥിതി അങ്ങേയറ്റം
വ്യാകുലപ്പെടുത്തുന്നതും, ഉത്ക്കണ്ഠാജനകവുമാണ്. കടുത്ത പ്രമേഹരോഗിയായ ഈ 67-കാരന്‍ ഹൃദ്രോഗിയുമാണ്. തടവിലാക്കപ്പെടുന്നതിനു മുൻപ് അദ്ദേഹത്തിന് രണ്ടു തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. ജയില്‍ ജീവിതത്തില്‍ പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയാത്തതുമൂലം പല്ലുകള്‍ മിക്കവാറും കൊഴിഞ്ഞുപോവുകയും ബാക്കിയുള്ളവ നീക്കം ചെയ്യുകയും ചെയ്തതിനാല്‍ ശരിയായ രീതിയില്‍ ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലാണ് അദ്ദേഹം. തല്‍ഫലമായി അദ്ദേഹത്തിന്റെ ശരീരഭാരം ഏഴു കിലയോളം കുറഞ്ഞിരിക്കുന്നു.

ഒരു ദിവസം 22 ഓളം ഗുളികകൾ കഴിച്ചാണ് അദ്ദേഹം ജീവൻ നിലനിറുത്തി കൊണ്ടു പോകുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇബ്രാഹിമിന്റെ ജീവന്‍ പോലും അപകടത്തിലാണെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ജയിലുകളിലെ ജനസാന്ദ്രത കുറയ്ക്കാനായി തടവുകാർക്ക് ഇടക്കാല ജാമ്യം നൽകാൻ സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള ഹൈ പവർ കമ്മിറ്റി കേരള സംസ്ഥാനത്തും നിലവിലുണ്ട് എങ്കിലും യുഎപിഎ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട തടവുകാർക്ക് ഇടക്കാല ജാമ്യം നൽകേണ്ടെന്ന തീരുമാനമാണ് പൊതുവിൽ കേരള സർക്കാർ എടുത്തിട്ടുള്ളത്.

അതിനാൽ തന്നെ ഇബ്രാഹിമിനെ പോലുള്ള ഗുരുതരമായ രോഗങ്ങൾ അലട്ടുന്നവരും പ്രായാധിക്യമുള്ളവരുമായ തടവുകാർക്ക് ഈ കോവിഡ് വ്യാപന സാഹചര്യത്തിലും ഇടക്കാല ജാമ്യം ലഭ്യമല്ല എന്നത് ഖേദകരമാണ്. യുഎപിഎ തടവുകാർക്ക് ഇടക്കാല ജാമ്യത്തിന് അർഹതയില്ല എന്ന തീരുമാനത്തിൽ ഇളവ് നൽകി കൊണ്ട് പ്രായാധിക്യത്താലും രോഗ പീഡകളാലും വലയുന്ന ഇബ്രാഹിമിനെ മാനുഷിക പരിഗണന നൽകി ജയിൽ മോചിതനാക്കാൻ കേരള സർക്കാരിനോട് ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു.

ഉത്തര്‍ പ്രദേശിലും, മഹാരാഷ്ട്രയിലും തടവിലായ മലയാളികളായ സിദ്ദിക് കാപ്പന്റെയും, പ്രൊഫസര്‍ ഹനി ബാബുവിന്റെയും കാര്യത്തില്‍ താങ്കള്‍ നടത്തിയ സമയോചിതമായ ഇടപെടല്‍ ഇബ്രാഹിമിന്റെ കാര്യത്തിലും ഉണ്ടാവണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇബ്രാഹിമിന്റെ പേരിലുള്ള കേസ്സിന്റെ വിചാരണ സമീപഭാവിയിലൊന്നും അവസാനിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ പരിഗണന താങ്കളുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

1. സച്ചിദാനന്ദൻ
2. ബി ആർ പി ഭാസ്ക്കർ
3. സക്കറിയ
4. കല്പറ്റ നാരായണൻ
5. സുനിൽ പി ഇളയിടം
6. അൻവർ അലി
7. രാജീവ് രവി
8. മീനാ കന്ദസ്വാമി
9. സണ്ണി കപിക്കാട്
10. റഫീഖ് അഹമ്മദ്
11. ജെ ദേവിക
12. ടി ടി ശ്രീകുമാർ
13. കെ ടി റാംമോഹൻ
14. എം എം ഖാൻ
15. ആർ അജയൻ
16. അബിക പി
17. ജെ രഘു
18. അഡ്വ ഷാനവാസ്‌
19. ശ്രീജ നെയ്യാറ്റിൻകര

Follow | Facebook | Instagram Telegram | Twitter