സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് പകരം കുത്തക മുതലാളിമാരുടെ പണം പിടിച്ചെടുക്കുക

ഈ അസാധാരണ സമയത്ത് അൾട്രാ റിച്ചിനെ ടാക്‌സ് ചെയ്യുന്നതിന് പകരം മാസ ശമ്പളക്കാരെ ടാക്‌സ് ചെയ്യാനുള്ള ശ്രമം എന്തിനാണ്? കേന്ദ്രസർക്കാരിനോട് അൾട്രാ റിച്ചിനെ ടാക്‌സ് ചെയ്യണം എന്നുള്ള മുദ്രാവാക്യമല്ലേ മുന്നോട്ട് വെക്കേണ്ടത്? അതിനായല്ലേ രാജ്യത്ത് സമരം നടക്കേണ്ടത്?

സർക്കാർ ശമ്പളം ലഭിക്കുന്നവർക്കെതിരെ *സാമൂഹ്യ മാധ്യമങ്ങളിൽ പൊതുബോധം നിർമ്മിക്കപ്പെട്ടിട്ടുണ്ട്*. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ് ഇത്തരം അഭിപ്രായ പ്രകടനം നടത്തുന്നതിൽ ഭൂരിപക്ഷവും.

സർക്കാർ/പൊതുമേഖലാ ജീവനക്കാരുടെ സാലറി കട്ട് ചെയ്യുമ്പോൾ ആ ജീവനക്കാർ സ്വകാര്യ മേഖലയിൽ ശമ്പളം വാങ്ങുന്ന തൊഴിലാളികളുടെ വരുമാനത്തിൽ നിന്നും ഓരോഹരി സർക്കാർ വാങ്ങേണ്ടതല്ലേയെന്നു ചോദിച്ചാൽ സർക്കാർ എന്ത് ചെയ്യും? സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വരുമാനം കുറയുമ്പോൾ അവർ പറയും പ്രവാസികളുടെ വരുമാനത്തിൽ നിന്നും ടാക്‌സ് പിടിക്കണമെന്നു! ഇത്തരം ചോദ്യങ്ങളിൽ ഏതാണ് തെറ്റ്, ഏതാണ് ശരി? ആരാണിത് നിശ്ചയിക്കേണ്ടത്?

രാജ്യത്ത് കേവലം 953 എണ്ണമുള്ള അൾട്രാ റിച്ചിനെ (953 പേർ ആരെന്ന് രാജ്യത്തിനു അറിയാം) വെറും 4% ടാക്‌സ് ചെയ്താൽ തന്നെ രാജ്യത്തിനു അതിന്റെ മൊത്തം ജി.ഡി.പിയുടെ 1% പണം ലഭിക്കും എന്നിരിക്കെ സർക്കാർ ജീവനക്കാരെയും, പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും പ്രതികളാക്കുന്ന പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ഈ കുത്തകൾ കൈവശം വെച്ചിരിക്കുന്ന പണത്തെ സംരക്ഷിക്കാൻ വേണ്ടിയല്ലേ. അൾട്രാ റിച്ചിനെ 4% ടാക്‌സ് ചെയ്താൽ ലഭിക്കുന്ന വെൽത്ത് ടാക്സിൽ നിന്നും കോവിഡ്‌19 എന്ന മഹാമാരിയെ നേരിടാനുള്ള പ്രവർത്തന മൂലധനം ലഭിക്കുമെന്നിരിക്കെ അതിലേക്ക് ശ്രദ്ധയൂന്നാത്തത് എന്തുകൊണ്ടായിരിക്കും? എത്ര “സ്വതന്ത്ര” മാധ്യമങ്ങൾ അൾട്രാ റിച്ചിനെ ടാക്‌സ് ചെയ്യണം എന്നു വിളിച്ചു പറയും? ഇന്ത്യയിലെ എത്ര രാഷ്ട്രീയ പാർട്ടികൾ വെൽത്ത് ടാക്‌സ് നടപ്പിലാക്കണം എന്നിപ്പോൾ ആവശ്യപ്പെട്ടുകൊണ്ടു കാമ്പയിൻ ശക്തിപ്പെടുത്തിയിട്ടുണ്ട്?

In last union budget central govt. has reduced the corporate tax. Wealth tax must be applied to the ultra rich during the COVID 19 time.

സാധാരണ മനുഷ്യരോട് ഒരു മാസത്തെ ശബളം കൊടുക്കണം എന്നു പറയുന്നതിനേക്കാൾ എഫ്ഫക്റ്റീവ് ആയി ബിഗ് കോർപ്പറേറ്റുകളെ കൊറോണ വിഷയത്തിൽ ടാക്‌സ് ചെയ്താൽ ഫണ്ട് ലഭ്യമാകും.

രാജ്യത്തെ പ്രകൃതി വിഭവങ്ങളും, മനുഷ്യ അധ്വാനവും ചൂഷണം ചെയ്തു കുമിഞ്ഞു കൂടിയ ലാഭത്തിലെ ഓരോഹരി കേന്ദ്ര സർക്കാർ തിരികെ വാങ്ങിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ല. കൊറോണ വൈദ്യചികിത്സക്കായും, മറ്റ് സാമ്പത്തിക ഇടപാടുമായി ടി നികുതിപ്പണം ഉപയോഗിക്കണം. ഇതിനാൽ, ചില്വാനും വ്യക്തികൾക്കിടയിൽ കുമിഞ്ഞു കൂടിയ പണം തിരികെ മാർക്കറ്റിൽ ഫ്‌ളോട്ട് ചെയ്യുകയെ ഉള്ളൂ.

മാസ ശമ്പളക്കാരുടെ കയ്യിൽ നിന്നും തിരികെ വാങ്ങിയാൽ അത്രയും പണം മാർക്കറ്റിൽ ഫ്‌ളോട്ട് ചെയ്യാനുള്ള സാധ്യത കുറയും. കാരണം പിന്നീടുള്ള 3 മുതൽ 6 മാസം വരെയെങ്കിലും ചെലവ് ചുരുക്കി ജീവിച്ചാലെ അവർക്ക് പൂർവ്വ സ്ഥിതിയിലാകാൻ പറ്റൂ. സത്യസന്ധരായ മനുഷ്യർ തങ്ങളുടെ ശമ്പളം നൽകിയെന്ന് വരും. എന്നാൽ സർക്കാരിന് ആ പണം മാത്രം പോരാതെ വരും. മറ്റൊന്നു സമൂഹത്തിലെ മിഡിൽ ക്ലാസ് ചിലവ് ചുരുക്കിയാൽ അത് മാർക്കറ്റ് ആക്റ്റിവിറ്റിയെ തന്നെയാണ് വീണ്ടും ബാധിക്കുക. അൾട്രാ റിച്ചിന്റെ കയ്യിലുള്ള ചിലവാകാ പണത്തിന് ചുങ്കം ചുമത്തി അതെടുത്ത് ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയാണ് വേണ്ടത്.

കുത്തക മുതലാളിമാരുടെ കൈയ്യിലുള്ള പണം പിടിച്ചെടുക്കാതിരിക്കുകയും സർക്കാർ/പൊതുമേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ മാസ വരുമാനത്തിൽ നിന്നും *മാത്രം* നിശ്ചിത തുക പിടിച്ചെടുക്കുകയും ചെയ്യുന്ന പ്രവൃത്തി ആർക്ക് വേണ്ടിയാണ്?

ചെയ്യുന്ന തൊഴിലിന് മാസ ശമ്പളം വാങ്ങുന്ന ജീവനക്കാർക്കെതിരെ നടക്കുന്ന കാമ്പയിന്റെ 100ൽ ഒരംശം പോലും കുത്തകകളെ ടാക്‌സ് ചെയ്യണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള *കൗണ്ടർ കാമ്പയിൻ* ഉണ്ടാകാത്തതിന്റെ ‘അടിത്തറ’ എന്തായിരിക്കും?

ചോദ്യമിതാണ്, കോവിഡ്‌ പ്രതിസന്ധിയെ നേരിടാൻ സർക്കാരിന് പണം ആവശ്യമാണെന്നിരിക്കെ കോർപ്പറേറ്റുകളെ ടാക്‌സ് ചെയ്യണം എന്നൊരു കാമ്പയിൻ ഉയർന്നു വരുന്നില്ല? അത്തരമൊരു കാമ്പയിൻ ഉണ്ടാകാത്തത് ആ രാഷ്ട്രീയം അറിയാത്തത് കൊണ്ടോ, പറയാത്തത് കൊണ്ടോ?

സോ കാൾഡ് സോഷ്യൽ മീഡിയ എലീറ്റുകൾ കോർപ്പറേറ്റുകളെ ടാക്‌സ് ചെയ്യണം എന്നവശ്യം ഉന്നയിക്കുന്നില്ല എന്നതും ശ്രദ്ധേയം. എല്ലാവരും മാസവരുമാനക്കാരുടെ മെക്കിട്ടാണു. ഈ ഹേറ്റ് കാമ്പയിനിൽ സിവിൽ സൊസൈറ്റിയുടെ തൊഴിലാളി വിരുദ്ധ നിലപാട് ഒളിഞ്ഞു കിടപ്പുണ്ട്. അത് ശരിയല്ല.

അടിയന്തിര സാഹചര്യത്തിൽ പ്രാദേശികമായി വിഭവ സമാഹാരണം നടത്തുകയും, സമാന്തരമായി കേന്ദ്ര സർക്കാരിനെതിരെ ശക്തമായ കാമ്പയിൻ ഉണ്ടായി വരികയും വേണം. രണ്ടും സമാന്തരമായി നടക്കക്കേണ്ട സമരമാണ്. ഭരണം മാത്രമല്ല, സമരവും ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്.


_ ദിനിൽ സി എ

Click Here