ചിത്രലേഖ എന്തിനാണ് സിപിഎം വിരുദ്ധത പറയുന്നത് ?

ചിത്രലേഖ എന്തിനാണ് സി.പി.എം വിരുദ്ധത പറയുന്നത് എന്ന് പ്രചരിപ്പിക്കുന്നവരോട്, പാർട്ടി ഗ്രാമമായ പയ്യന്നൂർ എടാട്ട് എന്ന സ്ഥലത്ത് ഞാൻ ഓട്ടോ ഓടിക്കാൻ തുടങ്ങിയതാണ് പുരോഗമന പ്രസ്ഥാനത്തെ ചൊടിപ്പിച്ചത്. “ഓ പുലച്ചി ഔട്ടോയുമായി” വന്നല്ലോ എന്നാണ് CITU സവർണ തൊഴിലാളികൾ പറഞ്ഞത്. ഞാൻ സി.പി.എം പാർട്ടിയോട് ചെയ്ത ഏറ്റവും വലിയ നെറികേടാണ് ഇത്. അല്ലാതെ ഞാൻ അവരുടെ കൊടി കീറാനോ പാർട്ടി ഓഫീസ് ആക്രമിക്കാനോ പോയിട്ടില്ല.

പുലയസ്ത്രീ ഓട്ടോ ഓടിച്ചതിന്‍റെ പേരിൽ നിരവധി അക്രമങ്ങൾ, വണ്ടി കത്തിക്കൽ നശിപ്പിക്കൽ, വീട്ടിൽക്കയറി അക്രമങ്ങൾ, കൊലപാതക ശ്രമങ്ങൾ, കള്ളക്കേസ്, ജയിൽവാസം, മകളെയും പ്രായമുള്ള അമ്മമ്മയെ അക്രമിക്കൽ, പോലീസിന്റെ ദേഹോപദ്രവങ്ങൾ. എനിക്കെതിരെ പൊതുയോഗങ്ങളുടെ ഘോഷയാത്ര, പോലീസ് സ്റ്റേഷൻ മാർച്ചുകൾ, ഹർത്താലുകൾ, നാടുക്കടത്തണമെന്നു പറഞ്ഞു ബഹുജന പ്രകടനങ്ങൾ, വേശ്യ എന്ന് പോസ്റ്റർ എഴുതി നാടുനീളെ ഒട്ടിക്കൽ, ഇതൊക്കെ നടന്നത് 2002 മുതൽ.

ഇപ്പൊ 2020 ആയിട്ടും ജനിച്ച നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വന്നു. പുനരധിവസിക്കാനെത്തിയ സ്ഥലത്തു വീട് വയ്ക്കാൻ പോലും സമ്മതിച്ചില്ല. ഈ 18 വർഷത്തെ കാലയളവിൽ എനിക്ക് എന്തെല്ലാം നഷ്ടമായി. എന്റെ മക്കളുടെ വിദ്യാഭ്യാസം, ജോലി, അവരെ നല്ല നിലയിൽ കല്യാണം കഴിപ്പിക്കാമെന്ന എല്ലാ അമ്മമാരുടേയും പോലുള്ള എന്റെ ആഗ്രഹം, ഇതൊക്കെ പാർട്ടി നശിപ്പിച്ചു.

കേസുകളുമായി ഈ ജീവിതം കോടതി മുറികളിലും പോലീസ് സ്റ്റേഷനിലുമായി തീർന്നു കിട്ടി. അന്ന് മുതലിന്നുവരെ പാർട്ടിയുടെ ഏതെങ്കിലും സഖാവ് ചിത്രലേഖയ്ക്കു എന്താണ് പ്രശ്നം എന്ന് അനേഷിച്ചു വന്നോ ? ഇല്ല എന്ന് മാത്രമല്ല, കൂടുതൽ വൈരാഗ്യ ബുദ്ധിയോടെ എന്നെ ഉപദ്രവിച്ചു കൊണ്ടേയിരിക്കുന്നു.

ഒന്നോർക്കണം, ഇതെല്ലാം സംഭവിച്ചത് സവർണരുടെ ഇടയിൽ ഒരു ഓട്ടോ ഓടിച്ചു കുടുംബം പോറ്റാൻ പോയത് കൊണ്ടാണ്. അല്ലാതെ AKG ഭവനോ EMS വായനശാലയോ അക്രമിച്ചിട്ടല്ല. ഇനി നിങ്ങൾ പറയൂ, സി.പി.എം വിരുദ്ധയാണ്‌ എന്ന് ഞാൻ, ഒരു പ്രസ്ഥാനമല്ല ഒറ്റയ്ക്കാണ്.
_ ചിത്രലേഖ, ദലിത് ഓട്ടോ ഡ്രൈവര്‍, ആക്ടിവിസ്റ്റ്

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail