ഡൽഹിയിലും ഹാഥ്റസിന് സമാനമായ കൊലപാതകം

ഡൽഹി ഗുർമണ്ഡിയില്‍ പതിനേഴുകാരിയായ ദലിത് പെൺകുട്ടിയെ സവര്‍ണര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടി ജോലിക്ക് നിന്നിരുന്ന ഠാക്കൂർ വിഭാഗത്തിലെ വീട്ടുടമസ്ഥന്‍റെ മകനും ഡ്രൈവറും ചേർന്നാണ് കുറ്റകൃത്യം നടത്തിയത്. ഉത്തര്‍പ്രദേശിലെ ഹാഥ്റസ് സംഭവത്തിന് സമാനമായി പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹി പൊലീസ് ബലംപ്രയോഗിച്ച് സംസ്കരിച്ചു. ഒക്ടോബർ 4നായിരുന്നു സംഭവം. ബിഹാര്‍ സ്വദേശിയായ പെൺകുട്ടി സെപ്റ്റംബർ 26 മുതൽ സംഭവം നടന്ന വീട്ടിൽ ജോലിക്ക് നിന്നിരുന്നു. ഡ്രൈവറുടെ മുറിയിൽ ഉറങ്ങാൻ പെണ്‍കുട്ടിയെ നിർബന്ധിക്കുകയും പല തവണ മാനസിക-ശാരീരികോപദ്രവങ്ങൾ ഏൽപ്പിച്ചതായും കുടുംബം പരാതിപ്പെട്ടു.

കൊലപാതകത്തിന് ഒരു മണിക്കൂർ മുന്‍പ് പെൺകുട്ടി അമ്മയുടെ സഹോദരിയെ ഫോണിൽ ബന്ധപ്പെട്ട് തന്‍റെ അവസ്ഥ അറിയിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ വീട്ടുടമയായ സ്ത്രീ അത് തടഞ്ഞു. വീട്ടുടമയുടെ മകനും ഡ്രൈവറും ചേർന്ന് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും ഡ്രൈവറുടെ മുറിയില്‍ കെട്ടിത്തൂക്കുകയുമായിരുന്നുവെന്ന് പറയുന്നു. പോസ്റ്റ്മോർട്ടത്തിന് മുന്‍പ് മൃതദേഹം കാണാന്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ അനുവദിക്കാതിരുന്ന പൊലീസ് അവര്‍ക്ക് യാതൊരു വിവരവും നൽകിയില്ല. ഇതില്‍ പ്രതിഷേധിച്ച കുടുംബാംഗങ്ങളെ പൊലീസ് മർദ്ദിച്ചു. അടുത്ത ദിവസം അഞ്ച് മിനിട്ട് നേരം മൃതദേഹം കാണാന്‍ കുടുംബാഗങ്ങളെ അനുവദിച്ചു. വൈകുന്നേരത്തോടെ പൊലീസ് ബലം പ്രയോഗിച്ച് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.

പെൺകുട്ടിയുടെ കുടുംബം പരാതി നല്‍കിയെങ്കിലും എഫ്.ഐ.ആർ രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. ഇത്തരമൊരു നടപടിക്കെതിരെയും ഭരണഘടനാ വിരുദ്ധമായി ബലം പ്രയോഗിച്ചുകൊണ്ട് പൊലീസ് മൃതദേഹം സംസ്കരിച്ചതിനെതിരെയും കുംടുംബാംഗങ്ങൾ പ്രതിഷേധമാരംഭിച്ചു. മോഡൽ ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ പെണ്‍കുട്ടിയുടെ കുംടുംബവും ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ബി.എസ്.സി.ഇ.എം, ഡി.എസ്.യു(ഡി.യു), ദിശ, എസ്.എഫ്.ഐ എന്നീ വിദ്യാർത്ഥി സംഘടനകളും നടത്തിയ പ്രതിഷേധത്തിൽ, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെയും സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ കാരവാനിലെ റിപ്പോർട്ടറെയും പൊലീസ് ക്രൂരമായി മർദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്തു സംഭവിച്ചാലും നീതി ലഭിക്കും വരെ പോരാടുമെന്ന് കുടുംബാംഗങ്ങളും വിദ്യാർത്ഥി സംഘടനകളും അറിയിച്ചു.

Like This Page Click Here

Telegram
Twitter