ഈ പ്രത്യേക സാമൂഹികാവസ്ഥയെ അതിജീവിക്കാൻ ദലിത് സ്ത്രീക്ക് സൂപ്പർവുമൺ ആയേ പറ്റൂ
പലതരത്തിൽ പെട്ട മൂലധനമില്ലായ്മയും വിഭവങ്ങളുടെ ലഭ്യതക്കുറവും കാരണം ഞങ്ങൾക്ക് മാത്രം ഉള്ള ഈ പ്രത്യേക സാമൂഹിക യാഥാർത്ഥ്യത്തിൽ അതിജീവിക്കാൻ സൂപ്പർ വുമൺ ആയേ പറ്റൂ. ഞങ്ങൾ അറിഞ്ഞോണ്ട് സൂപ്പർ വുമൺ ആകുന്നതല്ല, അത് ഞങ്ങളുടെ ഗതികേടാണ്…
_ അലീന ആകാശമിഠായി
ദലിത് സ്ത്രീയെന്നാൽ ഒന്നിനും കൊള്ളാത്ത, പോക്കായ ,അഴിഞ്ഞാട്ടക്കാരി, അല്ലെങ്കിൽ എല്ലാം കഴിയുന്ന അപാര ധൈര്യം ഉള്ള സൂപ്പർവുമൺ. ഇതിന്റെ എടക്ക് ഒന്നും ഇല്ലേ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ആദ്യത്തെ സ്റ്റീരിയോടൈപ്പിനെ മറികടക്കാൻ നിർമ്മിച്ച രണ്ടാമത്തെ സ്വത്വം ഇപ്പോൾ, പ്രത്യേകിച്ചും പുരോഗമനവൃത്തങ്ങളിൽ ഒരു സ്റ്റീരിയോടൈപ്പായി വളർന്നിട്ടുണ്ട് എന്ന് എനിക്ക് ഒരു സംശയവുമില്ല.
തീർച്ചയായും സൂപ്പർ വുമൺ ആകുക ഞങ്ങളുടെ അതിജീവന മാർഗ്ഗം ആണ്. പല തരത്തിൽ പെട്ട മൂലധനമില്ലായ്മയും വിഭവങ്ങളുടെ ലഭ്യതക്കുറവും കാരണം ഞങ്ങൾക്ക് മാത്രം ഉള്ള ഈ പ്രത്യേക സാമൂഹിക യാഥാർത്ഥ്യത്തിൽ അതിജീവിക്കാൻ സൂപ്പർ വുമൺ ആയേ പറ്റൂ. ഞങ്ങൾ അറിഞ്ഞോണ്ട് സൂപ്പർ വുമൺ ആകുന്നതല്ല, അത് ഞങ്ങളുടെ ഗതികേടാണ്. ഇത്തരത്തിലുള്ള സാമൂഹിക അവസ്ഥകളെ ഇല്ലാതാക്കാൻ ഞങ്ങളോടൊപ്പം കൂടുന്നതിന് പകരം ഞങ്ങളുടെ ഗതികേടിനെ പുകഴ്ത്തിയതുകൊണ്ട് വല്യ മാറ്റം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. സൂപ്പർ വുമൺ ഇമേജ് ഞങ്ങൾക്ക് ഒരേ സമയം ഒരു അസെറ്റും വൾനെറബിലിറ്റിയുമാണ്.
അതിൽ ഒന്നാണ് ഞങ്ങളുടെ മേൽ തികച്ചും അൺറിയലിസ്റ്റിക് ആയ നിർബന്ധങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നത്. എപ്പോഴും ധൈര്യവും ശക്തിയും കാണിച്ചോണ്ടിരിക്കാനും “ഇമോഷണൽ” ആവാതിരിക്കാനും മറ്റുള്ളവർക്ക് എന്നെന്നേക്കും സഹായഹസ്തം നീട്ടിക്കൊണ്ടിരിക്കാനും സൂപ്പർവുമൺ സ്റ്റീരിയോടൈപ്പ് ആവശ്യപ്പെടുന്നുണ്ട്. നിലവിലെ അവസ്ഥകളെ ഒട്ടും പരാതിപ്പെടാതെ, തളർന്നുപോകുമ്പോഴും ധൈര്യം അഭിനയിച്ച് മറികടക്കും എന്ന് പ്രതീക്ഷിക്കുന്നുണ്ട് (എന്റെ വ്യക്തിജീവിതത്തിൽ ഇത്തരം ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്). നമ്മൾ അങ്ങനെ പെരുമാറിയില്ലെങ്കിൽ പലപ്പോഴും അതൊരു സ്വഭാവ പ്രശ്നം ആയാണ് കണക്കാക്കപ്പെടുക.
സമൂഹം, ദലിത് സ്ത്രീ ആത്യന്തികമായി പരാജയപ്പെടും എന്ന് പ്രതീക്ഷിക്കുന്നു, അതേ സമൂഹം തന്നെ അമിതമായി കഠിനാധ്വാനം ചെയ്ത് വിജയിക്കണമെന്നും പ്രതീക്ഷിക്കുന്നു. ജാതീയതയും പാട്രിയാർക്കിയും കൂട്ടിമുട്ടുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്. ഇത്തരത്തിലുള്ള മുൻവിധികൾ ദലിത് സ്ത്രീകളുടെ മേൽ ഏൽപ്പിക്കുന്ന സമ്മർദ്ദങ്ങൾ ചെറുതല്ല.
ആയിരക്കണക്കിന് വർഷങ്ങളുടെ തുടർച്ചയായുള്ള വ്യവസ്ഥാപിത ചൂഷണങ്ങളുടേയും അടിച്ചമർത്തലുകളുടെയും മുൻവിധികളുടെയും ഇങ്ങേയറ്റത്ത് ഒരു സാംസ്കാരിക ഐക്കൺ ആയി നിൽക്കുന്ന ദലിത് സ്ത്രീകളുടെ സ്ത്രീത്വത്തെ നിർവചിക്കേണ്ടത് എന്ത് വേദനയും സഹിക്കാനുള്ള ശക്തിയുടെ പുറത്തല്ല എന്ന് എനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണ് ഇത്രയും പറഞ്ഞത്.