ശ്രീലങ്ക; ചാവേർ ആക്രമണത്തിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ് ?

ഇന്ത്യന്‍ മാധ്യമങ്ങളും അന്തര്‍ദേശീയ മാധ്യമങ്ങളും അവഗണിച്ച ഒരു വാര്‍ത്താ സമ്മേളനം ഏപ്രില്‍ 30ന് നടന്നിരുന്നു. ശ്രീലങ്കയിലെ ആരോഗ്യമന്ത്രിയും ക്യാബിനറ്റ് വക്താവുമായ രജിത സേനരത്‌നെ നടത്തിയ വാര്‍ത്താ സമ്മേളനമാണത്. അതിലദ്ദേഹം പറയുന്നത്, നാഷണല്‍ തൗഹീദ് ജമാഅത്തിന് ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ സഹോദരനും ശ്രീലങ്കന്‍ പ്രതിരോധ വകുപ്പ് മുന്‍ സെക്രട്ടറിയും മുന്‍ ലഫ്റ്റനന്റ് കേണലുമായ നന്ദസേന ഗോത്തബായ രജപക്‌സെയുമായി ബന്ധമുണ്ടെന്നാണ്…
_  എസ് എ അജിംസ്

”ഭീകരാക്രമണങ്ങള്‍ നടത്തുന്നത് ആരായാലും അതിന് പിന്നില്‍ ജിയോ പൊളിറ്റിക്കലായുള്ള കാരണങ്ങളും പ്രചോദനവുമെല്ലാമുണ്ട്. അതിന് ഗുണഭോക്താക്കളുമുണ്ട്.” ശ്രീലങ്കന്‍ ഭീകരാക്രമണത്തെ കുറിച്ച് കഴിഞ്ഞ ദിവസത്തെ പോസ്റ്റിലെ അവസാന ഖണ്ഡിക ഇങ്ങനെയായിരുന്നു.

ശ്രീലങ്കന്‍ ഭീകരാക്രമണം നടത്തിയ നാഷണല്‍ തൗഹീദ് ജമാഅത്തിന് ഒറ്റക്ക് സാധിക്കുന്നതല്ല ആ ആക്രമണമെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാണ്. അവര്‍ക്കതിന് വളരെ വലിയ ആസൂത്രണവും സാമ്പത്തികസഹായവും ലോജിസ്റ്റിക്‌സും വേണ്ടിവരും.

ഇത്രയും വലിയ ഒരു ഭീകരാക്രമണം ഐ.എസ് പോലെ ഒരു വലിയ ഭീകരസംഘടനയുടെ സഹായമില്ലാതെ നടത്താനാകില്ല. ഐ.എസ് രണ്ട് ദിവസത്തിനകം ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും അവരുടെ സഹായമാണ് നാഷണല്‍ തൗഹീദ് ജമാഅത്തിന് ലഭിച്ചത് എന്ന കാര്യം ഇനിയും തീര്‍ച്ചയില്ല. കാരണം, ഐ.എസ് ഇന്ന് ഡിസ്ഇന്റഗ്രേറ്റ് ചെയ്യപ്പെട്ട ഒരു സംവിധാനമാണ്. ഇന്നവര്‍ക്ക് ഒരു ബേസ് ക്യാംപില്ല. സിറിയയിലെ അവസാന ഇടത്ത് നിന്ന് പോലും അവര്‍ തുരത്തിയോടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഒറ്റ ദിവസം എട്ടിടങ്ങളില്‍, ഒരു നഗരത്തില്‍ ആക്രമണം നടത്താന്‍ നിലവിലെ സാഹചര്യത്തില്‍ അവര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ശ്രീലങ്കയിലെ ഭീകരന്മാര്‍ക്ക് ആരാണ് സഹായം നല്‍കിയത് ?

ഇന്ത്യന്‍ മാധ്യമങ്ങളും അന്തര്‍ദേശീയ മാധ്യമങ്ങളും അവഗണിച്ച ഒരു വാര്‍ത്താ സമ്മേളനം ഏപ്രില്‍ 30ന് നടന്നിരുന്നു. ശ്രീലങ്കയിലെ ആരോഗ്യമന്ത്രിയും ക്യാബിനറ്റ് വക്താവുമായ രജിത സേനരത്‌നെ നടത്തിയ വാര്‍ത്താ സമ്മേളനമാണത്. അതിലദ്ദേഹം പറയുന്നത്, നാഷണല്‍ തൗഹീദ് ജമാഅത്തിന് ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ സഹോദരനും ശ്രീലങ്കന്‍ പ്രതിരോധ വകുപ്പ് മുന്‍ സെക്രട്ടറിയും മുന്‍ ലഫ്റ്റനന്റ് കേണലുമായ നന്ദസേന ഗോത്തബായ രജപക്‌സെയുമായി ബന്ധമുണ്ടെന്നാണ്. ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഗോത്തബായയെ പിന്തുണക്കുന്ന വിഭാഗത്തിന്റെ പേറോളിലുള്ളവരാണ് നാഷണല്‍ തൗഹീദ് ജമാഅത്തിലെ 26 പേരെങ്കിലുമെന്ന് രജിത സേനരത്‌നെ ആരോപിക്കുന്നു.

2018 നവംബര്‍ 30ന് ശ്രീലങ്കയിലെ വാവുനത്തീവിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പോലീസുകാരുടെ കൈവശമുണ്ടായിരുന്ന തോക്കുകളും കാണാതായിരുന്നു. ഈ ഭീകരാക്രമണത്തിന്റെ പേരില്‍ രണ്ട് മുന്‍ എല്‍.ടി.ടി.ഇക്കാരെ അറസ്റ്റും ചെയ്തു. അവര്‍ നിരപരാധികളാണെന്ന് അന്ന് തമിഴ് രാഷ്ട്രീയക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഭീകരാക്രമണം നടത്തിയത് ശ്രീലങ്കന്‍ സൈന്യത്തിലെ രജപക്‌സെ അനുകൂലികളായ നാല് ഓഫീസര്‍മാരുടെ നിര്‍ദേശപ്രകാരം നാഷണല്‍ തൗഹീദ് ജമാഅത്ത് തന്നെയാണെന്ന് രജിത സേനരത്‌നെ ആരോപിക്കുന്നു. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിനിടെ പോലീസിന് നേരെ വെടിവെയ്പുണ്ടായി ചില പോലീസുകാര്‍ മരിച്ചിരുന്നു. റെയ്ഡ് നടത്തിയയിടത്ത് നിന്ന് കണ്ടെത്തിയ തോക്കുകള്‍ വാവുനത്തീവില്‍ പോലീസുകാരില്‍ നിന്ന് കാണാതായവയായിരുന്നുവെന്നും രജിത പറയുന്നു. ബദറൂദ്ദീന്‍ മുഹമ്മദ് മുഹിയുദ്ദീന്‍ എന്ന് പേരുള്ള മുന്‍ സൈനികനാണ് ചാവേറേുകള്‍ക്ക് പരിശീലനം നല്‍കിയതെന്നാണ് ശ്രീലങ്കന്‍ പോലീസ് പറയുന്നത്.

മൈത്രിപാല സിരിസേന മഹീന്ദ രജപക്‌സെയെ പോലെ ചൈനീസ് അനുകൂലി ആയിരുന്നില്ല. അദ്ദേഹം പ്രസിഡന്റായ ശേഷം ആദ്യം സന്ദര്‍ശിച്ച രാജ്യം ഇന്ത്യയാണ്. എന്നാല്‍, ഇതേ സിരിസേന 2018 ഓക്ടോബറില്‍ റോ തന്നെ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ഇതെ തുടര്‍ന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ പുറത്താക്കി മഹീന്ദ രജപക്‌സെയെ പ്രധാനമന്ത്രിയാക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ സുപ്രീം കോടതി ഈ നീക്കം തടഞ്ഞിരുന്നു.

ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണ സാധ്യത സംബന്ധിച്ച് ഇന്ത്യയാണ് ശ്രീലങ്കക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യന്‍ മാധ്യമങ്ങളാണ് ചാവേറുകളുടെ പേരുകള്‍ ആദ്യം പുറത്ത് വിട്ടത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇത് സംബന്ധിച്ച് ലഭിച്ച അറിവ് മുന്‍കൂട്ടി നല്‍കിയിട്ടും ശ്രീലങ്കക്ക് ഈ ഭീകരാക്രമണം തടയാന്‍ കഴിഞ്ഞില്ല. അതിന് കാരണം, ഈ വിവരം മൈത്രിപാല സിരിസേന അറിഞ്ഞിരുന്നില്ല. അത് രഹസ്യമാക്കി വെച്ചു. അങ്ങനെയെങ്കില്‍ ഈ ഭീകരാക്രമണത്തിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ് ? 1. മഹീന്ദ രജപക്‌സെ, 2. ചൈന. പാളിപ്പോയ ഒരു അട്ടിമറി നീക്കമാകാനാണ് സാധ്യത.

രഹസ്യാന്വേഷണ വിഭാഗത്തെയും സൈന്യത്തെയും സര്‍വ തന്ത്ര സ്വതന്ത്രരാക്കി വിടുന്ന രാജ്യങ്ങള്‍ക്ക് വരുന്ന ദുര്യോഗമാണിത്. സുരക്ഷാ ഏജന്‍സികളെ പാര്‍ലമെന്റിന്റെ നിരീക്ഷണത്തില്‍ കൊണ്ടുവരണമെന്ന കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം വീണ്ടും പ്രസക്തമാകുന്നത് ഇങ്ങനെയാണ്. അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയി സിറിയന്‍ സൈന്യത്തിന്റെ തടവിലായി പിന്നീട് ഇന്ത്യ ഇടപെട്ട് മടങ്ങി വന്ന ഇവരെ കുറിച്ച് പിന്നീട് ഒരു അന്വേഷണമോ വാര്‍ത്തയോ ഉണ്ടാവാത്തതെന്താണ് ?

Ref_  https://tinyurl.com/y4ujs59z , https://tinyurl.com/y3zu88lp, https://tinyurl.com/yxr6szke, https://tinyurl.com/y4y93let

Leave a Reply