ദലിതരെ ആക്രമിച്ചു വീട് കത്തിച്ചു DYFI വിപ്ലവം
യാതൊരുവിധ പ്രകോപനവുമില്ലാതെ ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ദലിത് യുവാവിനെയും മാതാപിതാക്കളെയും ക്രൂരമായി മർദ്ദിക്കുകയും അവര്‍ താമസിച്ചിരുന്ന കുടിലും വസ്ത്രങ്ങളും കത്തിക്കുകയും ചെയ്തു…
ഹരി
കേരളത്തിൽ അധികാരത്തിലിരിക്കുന്ന സി.പി.എമ്മും പോഷക സംഘടനകളും ആദിവാസി, ദലിത് വിഭാഗങ്ങള്‍ക്കും വിദ്യാർത്ഥികൾക്കും എതിരെ നടത്തുന്ന അക്രമണങ്ങള്‍ പതിവായിരിക്കുന്നു. ഇവരുടെ ഏകാധിപത്യ ഫാഷിസ്റ്റ് ആക്രമണത്തിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിവേഴ്സിറ്റി കോളജില്‍ കഴിഞ്ഞ ദിവസം നടന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിനെ നെഞ്ചിൽ കുത്തി വധിക്കാന്‍ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു.
യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അക്രമണം നടക്കുന്നതിന് ഒരാഴ്ച മുൻപാണ് കിളിമാനൂരില്‍ ദലിത് യുവാവിനെയും മാതാപിതാക്കളെയും ഡി.വൈ.എഫ്.ഐ ആക്രമിച്ചത്. കാട്ടുപുറം മൂർത്തിക്കാവിലെ തംബുരു എന്ന മാനസിക രോഗിയായ ദരിദ്ര ദലിത് യുവാവിനെയും മാതാപിതാക്കളെയും ഡി.വൈ.എഫ്.ഐ ഗുണ്ടകളായ സുബിൻ, നന്ദു, രാജിൻ, രവീന്ദ്രൻ, ഉണ്ണിക്കുട്ടൻ, അപ്പു എന്നിവർ ചേർന്ന് യാതൊരുവിധ പ്രകോപനവുമില്ലാതെ ക്രൂരമായി മർദ്ദിക്കുകയും തംബുരു താമസിച്ചിരുന്ന കുടിലും വസ്ത്രങ്ങളും കത്തിക്കുകയും ചെയ്തു. ജൂലൈ 7നായിരുന്നു സംഭവം.
തംബുരു അമ്മയുടെ പേരിലുള്ള 14 സെന്‍റ് സ്ഥലത്തു പച്ചക്കറി കൃഷി നടത്തുകയും ഇടവേളകളില്‍ കെട്ടിടപണിക്ക് പോവുകയും ചെയ്യുന്ന ചെറുപ്പക്കാരനാണ്. കൃഷി ചെയ്യുന്ന സ്ഥലത്തിനടുത്ത് ഓലകൊണ്ടുള്ള കൂര പണിത് അതിലായിരുന്നു താമസം. ആരോടും വഴക്കുണ്ടാക്കാത്ത പ്രകൃതമാണ് തംബുരുവിനുള്ളത് എന്നു അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ പറയുന്നു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തംബുരു അക്രമികളില്‍ ഒരാളുടെ പിതാവിന്‍റെ കടയിലേക്ക് ഓടികയറുകയും ആക്രമത്തെ കുറിച്ചു പറയുകയും ചെയ്തു. എന്നാല്‍ അവിടെയുണ്ടായിരുന്ന അക്രമികളുടെ ബന്ധുക്കളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തംബുരുവിനെ തുടര്‍ന്നും മര്‍ദ്ദിക്കുകയായിരുന്നു. കടയിൽവെച്ച് നടന്ന മർദ്ദനത്തിൽ തംബുരുവിന്റെ അച്ഛന്‍ പ്രകാശനും പരിക്കേറ്റു. ഈ മര്‍ദ്ദനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ തംബുരു അമ്മ താമസിക്കുന്ന വീട്ടിലേക്കു ഓടികയറിയപ്പോൾ പിന്നാലെ വന്ന് സുബിൻ, നന്ദു, രാജിൻ, രവീന്ദ്രൻ, ഉണ്ണിക്കുട്ടൻ, അപ്പു എന്നിവർ വീട്ടിൽ കയറി തംബുരുവിനെയും അമ്മ സരസ്വതിയെയും സഹോദരിയുടെ മക്കളുടെ മുൻപിൽ വെച്ചും മര്‍ദ്ദിച്ചു. അവര്‍ അച്ഛനെയും മര്‍ദ്ദിച്ചവശനാക്കി.
തന്നെയും വീട്ടുകാരെയും വീട് കയറി ആക്രമിച്ച ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ക്കെതിരെ തംബുരുവിന്‍റെ അമ്മ സരസ്വതി കിളിമാനൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. എന്നാല്‍, പരാതിക്കു രസീത് പോലും പൊലീസ് നല്‍കിയില്ല. വിവരാവകാശം പ്രകാരം രസീത് വാങ്ങാനാണ് പൊലീസ് പറയുന്നത്. “അവൻ സ്വരുക്കൂട്ടി വച്ചിരുന്ന 2300 രൂപ വരെ ഗുണ്ടകളായ ഡി.വൈ.എഫ്.ഐക്കാർ മോഷ്ടിച്ചു കൊണ്ടുപോയി” എന്നു തംബുരുവിന്‍റെ അമ്മ സരസ്വതി പറയുന്നു.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ തംബുരുവും മാതാപിതാക്കളും കിളിമാനൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം പാര്‍ട്ടി സ്വധീനം ഉപയോഗിച്ച്, ഇവരുടെ ചികിത്സ മുടക്കാന്‍ ഡി.വൈ.എഫ്.ഐ ശ്രമിച്ചു. ശരീരത്തില്‍ സാരമായ ചതവുള്ള അമ്മ സരസ്വതിക്ക് ചികിത്സ നൽകാനോ അഡ്മിറ്റ് ചെയ്യാനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്നു ക്വാറിവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് അഡ്മിറ്റ് ചെയ്തത്. തംബുരുവിന്‍റെ വലതു കൈ അവര്‍ തല്ലി ഒടിച്ചിരുന്നു. തംബുരുവിനെ മാനസികപ്രശ്നം ചൂണ്ടിക്കാട്ടി ചിറയൻകീഴ് ആശുപത്രിയിൽ കൊണ്ടുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നു ചിറയൻകീഴ് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സിച്ചു. തംബുരുവിന്‍റെ അമ്മ സരസ്വതി ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്.
സംഭവത്തില്‍ കിളിമാനൂർ പൊലീസ് ഇതുവരെ പട്ടികജാതി-പീഡന നിരോധന നിയമപ്രകാരം കേസെടുത്തില്ല എന്നുമാത്രമല്ല, തംബുരുവിന്‍റെ പേരിൽ കള്ളക്കേസ് രജിസ്റ്റർ ചെയ്തിരിക്കുകയുമാണ്. അക്രമം നടന്നു ഒരാഴ്ച കഴിഞ്ഞിട്ടും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരാതിക്കാരിയായ സരസ്വതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല എന്നതും ഗൗരവമായി കാണേണ്ട ഒരു വിഷയമാണ്.