ഏറ്റുമുട്ടല്‍ കൊലകളുടെയും തീവ്രവാദ കേസുകളുടെയും പിന്നിലെ ഒത്തുകളികള്‍ തേച്ചുമായ്ച്ച് കളയാന്‍ ശ്രമം
ജമ്മു കശ്മീര്‍ മുന്‍ ഡി.എസ്.പി ദേവീന്ദര്‍ സിംഗിന് ഡല്‍ഹി ഹൈകോടതി ജാമ്യം നല്‍കിയതോടെ
ഏറ്റുമുട്ടല്‍ കൊലകളുടെയും തീവ്രവാദ കേസുകളുടെയും പിന്നിലെ ഒത്തുകളികള്‍ തേച്ചുമായ്ച്ച് കളയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പറഞ്ഞു. കശ്മീരിലെ ഹിസ്ബുല്‍ മുജാഹിദ് പ്രവര്‍ത്തകര്‍ക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന് ദേവീന്ദര്‍ സിംഗിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ ജാമ്യം ലഭിച്ചിരിക്കുകയാണ്. അറസ്റ്റിലായപ്പോള്‍ തന്നെ ദേവീന്ദറിന്റെ സംഘ്പരിവാര്‍ ബന്ധം ചര്‍ച്ചയായിരുന്നു. പല തീവ്രവാദകേസുകളിലും ഇന്‍ഫോര്‍മര്‍മാരെയുണ്ടാക്കി, അവരെ ഉപയോഗിച്ച് സര്‍ക്കാറിന് ആവശ്യമുള്ളവരെ കുടുക്കാനും തീവ്രവാദ കഥകള്‍ മെനയാനും ദേവീന്ദര്‍ വലിയ സഹായമാണ് സര്‍ക്കാറിന് ചെയ്തിരുന്നത്, സോളിഡാരിറ്റി പത്രപ്രസ്താവനയില്‍ പറയുന്നു.
അഫ്സല് ഗുരു കേസില്‍ ദേവീന്ദറിന്റെ ബന്ധം ജയിലില്‍ നിന്ന് അദ്ദേഹമെഴുതിയ കത്തില്‍ കൃത്യമായി വന്നിരുന്നു. എന്നാല്‍ സംഘ് സര്‍ക്കാര്‍ അദ്ദേഹത്തിന് പ്രസിഡന്റിന്റെ പ്രത്യേക മെഡല്‍ നല്കി ആദരിക്കുകയാണ് ചെയ്തത്. അതിന് ശേഷമാണ് ഹിസ്ബുല്‍ പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം അറസ്റ്റിലാകുന്നത്. എന്നാല്‍ കേസില്‍ കാര്യക്ഷമമായി അന്വേഷണം നടത്താതെയും കുറ്റപത്രം സമര്‍പ്പിക്കാതെയും വീഴ്ചവരുത്തിയ പ്രോസിക്യൂഷന് ദേവീന്ദറിന് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പ്രതിയെ രക്ഷിക്കാന്‍ സര്‍ക്കാറും ഏജന്‍സികളും ശ്രമിക്കുന്നതിന്റെ വ്യക്തമായ തെളിവാണിത്. രാജ്യത്തെ ഏറ്റുമുട്ടല്‍ കൊലകളുടെയും തീവ്രവാദ കേസുകളുടെയും പിന്നിലുള്ള ഒത്തുകളികള്‍ പുറത്ത് കൊണ്ടുവരാവുന്ന ഈ കേസ് തേച്ചുമായ്ച്ച് കളയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സോളിഡാരിറ്റി പ്രസ്താവനയില്‍ പറഞ്ഞു.