ഈ സമരവും കുടിയൊഴിപ്പിക്കലിനെതിരെയാണ്

ഏപ്രിൽ 27ന് എറണാകുളം കേരള ബാങ്കിന്റെ മുന്നിൽ നിന്നും കലക്ടറുടെ ഓഫീസിലേയ്ക്ക് ഒരു ജപ്തി വിരുദ്ധ മാർച്ച് നടത്തുകയുണ്ടായി. ഏകദേശം എൺപത് ആളുകൾ പങ്കെടുത്തു. കൂടുതലും പെണ്ണുങ്ങളും കുട്ടികളും പ്രായമായവരുമായിരുന്നു മാർച്ചിൽ പങ്കെടുത്തിരുന്നത്. സാമൂഹ്യമായി ഏറ്റവും അടിത്തട്ടിൽ കഴിയുന്ന അടിസ്ഥാന ജനത.


സി എ അജിതൻ

ഇത് ഇങ്ങനെ അവതരിപ്പിക്കാൻ കാരണമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അനീതിക്കെതിരെ പോരാടുന്ന ഒരു വനിതാ നേതാവിൻ്റെ ചിത്രം കേരളത്തിലെ/ഇന്ത്യയിലെ പത്ര ദൃശ്യ സൈബർ പോരാളികളുടെ ചുവരുകളിൽ വലിയ ആവേശത്തോടെ പതിച്ചു വെയ്ക്കുകയുണ്ടായി. അവർ കുടിയൊഴിപ്പിക്കുന്ന ജനതകളുടെ അവകാശം സംരക്ഷിക്കാനാണ് ഒറ്റയ്ക്ക് തെരുവിൽ ഇറങ്ങിയത്, നല്ലകാര്യം. എറണാകുളത്ത് നടന്ന ജപ്തി വിരുദ്ധ മാർച്ചും കുടിയൊഴിപ്പിക്കലിനെതിരെയാണ്.

സർഫാസി നിയമത്തിനെതിരെയായിരുന്നു സമരം. ഈ നിയമം രണ്ടായിരത്തി രണ്ടിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി വാജ്പേയി (ബിജെപി)സർക്കാരിന്റെ കാലത്താണ് പാർലമെന്റിൽ നിർമ്മിച്ചെടുത്തത്. ബാങ്കുകളുടെ നിലനിൽപ്പ് ഉറപ്പു വരുത്തുന്നതിനുവേണ്ടിയാണ് ഇത്തരമൊരു നിയമം നിർമ്മിച്ചത്. ഈ നിയമം ഏറ്റവും കൂടുതൽ ഉപയോഗിച്ച് നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നത് സാധാരണ ജനതകൾക്ക് നേരെയാണ്. ലളിതമായി പറഞ്ഞാൽ അഞ്ചു ലക്ഷത്തിനു താഴെ വായ്പ എടുത്തിട്ടുള്ള സാധാരണ മനുഷ്യർക്ക് നേരെയാണ് സർഫാസി നിയമം ഉന്നം പിടിച്ചിട്ടുള്ളതെന്ന് ചുരുക്കം. അഞ്ചു ലക്ഷത്തിനു താഴെ വായ്പ എടുത്തിട്ടുള്ളതിന്റെ കാര്യകാരണങ്ങൾ ഇവിടെ വിശദീകരിക്കാതെതന്നെ ഏവർക്കും അറിയാമല്ലോ?

പറഞ്ഞു വന്നത് വേറൊന്നുമല്ല, കേരള ബാങ്കിന് മുന്നിൽ നിന്നും തുടങ്ങിയ കലക്ടറുടെ ഓഫീസിലേയ്ക്കുള്ള ജപ്തി വിരുദ്ധ മാർച്ച് തടയാൻ ഏകദേശം ഇരുനൂറോളം പോലീസും, രണ്ട് ജലപീരങ്കി, രണ്ടു വലിയ നമ്മളൊക്കെ പറയുന്ന ഇടിവണ്ടി, അതുക്കുംമേലെ കാക്കനാട് കോഫി ഹൗസ് കഴിഞ്ഞ് കലക്ടറുടെ ഓഫീസിലേയ്ക്കുള്ള വഴി കൊട്ടിയടച്ചുകൊണ്ട് പത്ത് പതിനഞ്ച് അടി ഉയരത്തിൽ മുള്ള് വേലികൊണ്ടുള്ള മതിൽ എന്താ പറയാ ബാരിക്കേഡ്!

നിയമാനുസൃതമായ അപേക്ഷ നൽകി നടത്താൻ തീരുമാനിച്ച സമരത്തിന് അനുമതി നിഷേധിക്കുക മാത്രമല്ല, എന്തൊ ഒരു അതിക്രമം നടക്കാൻ പോകുന്നുവെന്ന് വരുത്തി തീർക്കാനുള്ള പോലീസിന്റെ ഇത്തരം ഭീകരത സൃഷ്ടിക്കുന്ന നടപടി അതൊരു നല്ല ലക്ഷണമല്ല.

രണ്ടാം വരവിന്റെ അഹങ്കാരത്തിൽ കേന്ദ്രത്തിൽ മോദിയും, ഉത്തർപ്രദേശിൽ യോഗിയും കേരളത്തിൽ പിണറായി വിജയനും ഏകദേശം ഒരു പോലെയുള്ള പോലീസ് നയം തന്നെയാണോ നടത്തി കൊണ്ടിരിക്കുന്നതെന്ന് തോന്നിയാൽ അത് വെറുതെ ആകുമോ? എന്തിന്റെ പേരിലായാലും കുടിയൊഴിപ്പിക്കപ്പെട്ടവരും കുടിയൊഴിക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും മണ്ണിൽ പണിയെടുക്കുന്ന അടിസ്ഥാന ജനതകളാണ്.

ഒന്നോർക്കുക, അവരുടെ കുടിലുകളിൽ അവർ നൽകിയ അത്താഴം മുളക് ചുട്ട ചമ്മന്തിയും കൂട്ടി കഴിച്ചു, കരിന്തിരി കത്തി തീരുവോളം നിങ്ങൾ നടത്തിയ ചർച്ചാ സമയങ്ങളിൽ സംരക്ഷണവലയം തീർത്ത്, എല്ലാം സഹിച്ച് സംരക്ഷിച്ച ഒരു ജനതാണ് ഇപ്പോഴും കിടപ്പാടത്തിൽ നിന്നും കുടിയിറക്കപ്പെടുന്നത്. അത് എവിടെയായാലും നമ്പർ വൺ കേരളത്തിൽ ആയാലും അന്യായമാണ്.

Related Articles Click Here

Follow | Facebook | Instagram Telegram | Twitter